ADVERTISEMENT

ഒരു പച്ചത്തുള്ളന്‍റെ ഭാഗ്യാന്വേഷണ പരീക്ഷണം (കഥ)

 

ശ്വാസം വിടാന്‍ പോലും നേരമില്ലാതെ ഞാന്‍ പറന്നു. ചിറകുകള്‍ക്കു ബലം ഇല്ലെങ്കിലും ആയുസ്സ് ഒരു കൊല്ലം മാത്രമേ ഉള്ളു എങ്കിലും ചാകുന്നത് എങ്ങനെയെന്ന് ഞാന്‍ തന്നെ തീരുമാനിക്കും. സാധാരണ തവളയുടെ നാവിന്‍റെ അറ്റത്തോ കിളിയുടെ ചുണ്ടിന്‍റെ തറ്റത്തോ ആകും ഞങ്ങളുടെ അവസാന നിമിഷങ്ങള്‍. ഇത് അങ്ങനെയാണോ.

 

ക്ഷമിക്കണം. ഓട്ടത്തിനിടയില്‍ പരിചയപ്പെടുത്താന്‍ മറന്നു. ഞാന്‍ പച്ചത്തുള്ളന്‍. ചിലര്‍ പച്ചവിട്ടില്‍ എന്നും പറയും. രണ്ടായാലും എനിക്ക് കുഴപ്പമില്ല.

 

ഞങ്ങളുടെ പൂര്‍വികര്‍ പലരും മനുഷ്യര്‍ക്ക് ഭാഗ്യം കൊണ്ടുവന്നിട്ടുള്ളതായി കേട്ടിട്ടുള്ളത് കൊണ്ടു വീടുകളില്‍ ചെന്നു പെട്ടാല്‍ തച്ചു കൊല്ലാറില്ല. മറിച്ചു ഭാഗ്യം കടാക്ഷിച്ചാല്‍ അവര്‍ എന്തെങ്കിലും തരുകയും ചെയ്യും .

 

കുറച്ചു മുന്‍പ് എന്‍റെ വര്‍ഗ്ഗക്കാരന്‍ ഒരുത്തനെ വഴിയില്‍ കണ്ടപ്പോള്‍ അവന്‍ ഒരു പൊന്നാട അണിഞ്ഞിരിക്കുന്നു. അവന്‍ പറഞ്ഞത് അവന്‍ ഒരു  വീട്ടിലെ ചുമരില്‍ ചെന്നിരുന്ന്  അറിയാതെ ഉറങ്ങി പോയത്രെ. കുറച്ചു നേരം കഴിഞ്ഞു ബഹളം കേട്ട്  എഴുന്നേറ്റപ്പോള്‍ വീട്ടുടമ സന്തോഷം കൊണ്ട് തുള്ളി ചാടുന്നു. അയാള്‍ക്ക്  ഒരു വന്‍ തുക ലോട്ടറി കിട്ടി അത്രേ. എല്ലാം ചുമരില്‍ ഒന്നുമറിയാതെ ഇരുന്ന അവന്‍ കൊണ്ട് വന്ന ഭാഗ്യം ആണ് എന്ന് അയാള്‍ വിളിച്ചു പറഞ്ഞത്രേ. അതിന്‍റെ സന്തോഷത്തിന് അണിയിച്ച പൊന്നാട ആണ് പോലും. പിന്നെ കുശാലായ ഒരു ശാപ്പാടും തരമായത്രേ.

ലേശം അസൂയ മൂത്ത ഞാന്‍ എന്‍റെ ഭാഗ്യവും ഒന്നും പരീക്ഷിച്ചു കളയാം എന്നു കരുതി ആ വീടിന്‍റെ തൊട്ടടുത്ത വീട്ടിലേക്കു പറന്നു. ഒരു പറമ്പു കടന്നു വേണം അവിടെ എത്താന്‍. കാടും പുല്ലും നിറഞ്ഞ പറമ്പിന്‍റെ  അവസാനം ആണ് ആ വീട്. ദൂരകൂടുതല്‍ ഉള്ളത് കൊണ്ട് ഒരു പുല്‍ച്ചെടിയുടെ മുകളില്‍ കയറി വിശ്രമിച്ചു.

 

എന്തൊരു കാടും പടര്‍പ്പും ആണിത്. ഇവര്‍ക്ക് ഒന്നു ചെത്തിച്ചു കൂടെ. പണിക്കാരന്‍ വേലായുധന്‍  ഇവിടം ചെത്തുന്നത് പലവട്ടം കണ്ടിട്ടിട്ടുണ്ട്. ഈ ഭാഗങ്ങള്‍ എല്ലാം അയാള്‍ ചെത്തുന്നുത് ഞാനും എന്‍റെ മുന്‍ തലമുറയും കണ്ടിട്ടുണ്ട്. വല്ലോ പുളവനും പതിയിരുന്നാല്‍ പോലും അറിയില്ല. ആയുസ്സ് കുറവാണെങ്കിലും ഉള്ളത് കളയാന്‍ പറ്റുമോ.

 

പറഞ്ഞു തീരും മുമ്പ് ഒരു പുളവനും പുളവത്തിയും പാഞ്ഞ് വരുന്നു. ഞാന്‍ ജീവനും കൊണ്ടു പറക്കാന്‍ പോകുമ്പോള്‍ അവര്‍ എന്നെ നോക്കാതെ നിലവിളിച്ചു പറഞ്ഞു  ‘തലവെട്ടി  വരുന്നുണ്ടെ ഓടിക്കോ’ എന്ന്. പിറകെ വരുന്ന ശബ്ദം അവര്‍ പറഞ്ഞത് വ്യക്തമാക്കിയില്ലെങ്കിലും അവരുടെ എന്നെ തിരിഞ്ഞു നോക്കാതെയുള്ള ആ ഓട്ടം കണ്ടു ഒന്നു മനസിലായി, എന്തോ ഒരു പന്തികേട്‌ ഉണ്ട്. കുറച്ചു ദൂരെ ഒന്നു നോക്കിയപ്പോള്‍ ആണ് കാര്യം തെളിഞ്ഞു വന്നത്.

 

വേലായുധന്‍ കാട് വൃത്തിയാക്കാന്‍ വന്നിരിക്കുന്നു. സ്വാഭാവികം. അതിനെന്തിനാണിവര്‍ തല തല്ലിയോടുന്നത്. അപ്പോള്‍ ആണ് വേലായുധന്‍റെ കയ്യില്‍ എന്‍റെ ശ്രദ്ധ പതിഞ്ഞത്. എപ്പോഴും കാണുന്ന തൂമ്പ ഇല്ല പകരം ഒരു നീളന്‍ കൈയന്ത്രം ആണ് ഉള്ളത്. പിടിയില്‍  അയാള്‍ അമര്‍ത്തുന്നതിന് അനുസരിച്ച്  അതിന്‍റെ അറ്റത്തെ ഇരുമ്പ് പാളികള്‍ ശക്തമായി കറങ്ങുന്നു. ആ കറക്കത്തില്‍ പുല്ലും, കാടും മാത്രമല്ല ചെറിയ മരങ്ങള്‍ വരെ രണ്ടു കഷ്ണം ആയി തെറിച്ചു പോകും.

 

സ്ഥിരം തെമ്മാടിയായ പാച്ചു തവളയുടെ തലയും ഞങ്ങളുടെ കുടുംബക്കാരെ എത്രയോ തവണ രുചിച്ച ആ നാവും ചീന്തിത്തെറിച്ചു ഞാനിരുന്ന കൊമ്പില്‍ വീണു. ചത്തു മലച്ച അവന്‍റെ ആ കണ്ണുകള്‍ നോക്കി നാലു ചീത്ത വിളിക്കണം എന്ന് എന്‍റെ നാവു തരിച്ചെങ്കിലും അതിനു നിന്നാല്‍ അധികം വൈകാതെ ഞാനും ഏതെങ്കിലും മരച്ചില്ലകളില്‍ രണ്ടു കഷ്ണം ആയി ചിതറി കിടക്കുന്നതും കിളികള്‍ കൊത്തുന്നതും സങ്കല്പിച്ചു നോക്കി.

ഭയാനകം.

 

എന്നാലും വേലായുധന്‍ എന്താണിങ്ങനെ ചെയ്തത്. പറമ്പില്‍ തൂമ്പ വെച്ചു ചെത്തി അയാള്‍ക്കു സാവകാശം പോയാല്‍ പോരെ. എന്‍റെ ഉള്‍ഗതി വായിച്ച പോലെ ഒരു മറുപടി ഞാനിരുന്ന കൊമ്പിന്‍റെ കീഴില്‍ നിന്നു വന്നു

‘അതിനു ചെത്താന്‍ കൂലി എണ്ണൂറ് റുപ്പികയും ചിലവും കൊടുക്കണം. കൃഷി ചെയ്യാതെ  കിടക്കുന്ന ഈ പറമ്പു ഒക്കെ രണ്ടും മൂന്നും ദിവസം പണവും മുടക്കി ചെത്തിച്ചിട്ടു എന്തു കാര്യം.’

 

ഞാന്‍ നോക്കുമ്പോള്‍ വേലായുധന്‍റെ വീടിന്‍റെ തൊടിയില്‍ താളുകളില്‍

താമസിക്കുന്ന  ചിമിടന്‍ചിലന്തിയാണ്. ചിലന്തി തുടര്‍ന്നു,

 

‘‘കുറെ നാളായി തൂമ്പാ പണിയില്ലാതെ പട്ടിണിയില്‍ ആയിരുന്നു വേലായുധനും പെമ്പരെന്നോരും കുട്ടിയോളും. താള്‍ കറി വെച്ചു വെച്ചു ഞാനിരുന്ന അവസാനത്തെ  താളും ഇന്നലെ വെട്ടി. ഇന്ന് അതിരാവിലെ പട്ടണത്തില്‍ പോകുന്നതും തിരിച്ചു ഇവനുമായിട്ടു വരുന്നതും കണ്ടു. വാടക കിഴിച്ചു പത്തന്‍പത് രൂപ കിട്ടും അരി വാങ്ങാന്‍. നാലില്‍ ഒന്നു കൂലി ഉള്ളത് കൊണ്ട് കൂടുതല്‍ പണി കിട്ടുകയും ചെയ്യും. ആദ്യത്തെ പണി ഈ പറമ്പിലാ.’’

 

വേലായുധന്‍റെ കദനകഥ കേട്ട് ഇരുന്ന ഞാന്‍ അയാളുടെ തലവെട്ടി അടുത്തെത്തിയപ്പോള്‍ ഞെട്ടി ഉണര്‍ന്നു.

 

ചിമിടന്‍ ചിലന്തി പറഞ്ഞു ‘‘ഞാന്‍ മണ്ണിന്‍റെ അടിയിലോട്ടു അങ്ങു പോകും. അതിന്‍റെ പാളികള്‍ മണ്ണില്‍ തൊടില്ല. നീ പോകുന്നില്ലേ.’’

അതു ശരി രക്ഷപെടുന്നതിനു വ്യക്തമായ പദ്ധതി തയ്യാറാക്കിയതിനു ശേഷം ആണ് 

അവന്‍ എന്‍റെ സമയവും കളഞ്ഞു വേലായുധന്‍റെ കദനകഥ പറഞ്ഞത്. ചിമിടന്‍ ചിലന്തിയെയും അവന്‍റെ വീട്ടില്‍ ഉള്ളവരെയും മനസ്സില്‍ പുലഭ്യം പറഞ്ഞു ഞാന്‍ പറന്ന പറക്കല്‍ ആണ് തുടക്കത്തില്‍ നിങ്ങള്‍ കണ്ടത്.

 

സര്‍വശക്തിയും എടുത്ത പറന്ന ഞാന്‍ വേലായുധന്‍റെ തലവെട്ടിയില്‍ നിന്നു രക്ഷപെട്ടു ലക്ഷ്യം വെച്ച വീട്ടിനകത്ത് പ്രവേശിച്ച് എല്ലാരും കാണുന്ന രീതിയില്‍ ഒന്ന് പറന്നു.

കുഞ്ഞേലി പറഞ്ഞു “ദേ ഒരു പച്ചത്തുള്ളന്‍. ഇന്ന് നിങ്ങളുടെ ഭാഗ്യ ദിവസം ആണ്.”

അത് കേട്ട് അഭിമാനപുരസരം ഞാന്‍ ചിറകുകള്‍ ഒന്ന് കുലുക്കി അകം ചുവരില്‍ എല്ലാവര്‍ക്കും ദൃശ്യമായ സ്ഥാനത്ത് പറന്നു ചെന്ന് ഇരുന്ന് ഉറക്കം അഭിനയിച്ചു. പൊന്നാടയും ഭക്ഷണവും സ്വപ്നം കണ്ടു അഭിനയം മറന്ന് ഉറങ്ങി പോയി.

 

വീട്ടുടമസ്ഥന്‍റെ ദേഷ്യത്തില്‍ ഉള്ള അലര്‍ച്ച കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.

‘‘നാശം ആ ലോട്ടറിയും പോയി. ഇപ്പോള്‍ പച്ചതുള്ളന്‍ ഭാഗ്യം ഒന്നും കൊണ്ട് വരുന്നില്ല. കഷ്ടകാലം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്‌  വെറുതെ ചുമരില്‍ ഇരിക്കാന്‍ വരുന്ന ഒരു വൃത്തികെട്ട ജീവി. കുഞ്ഞേലി ആ ചൂലെടുത്ത് അതിനെ ഒന്നു തച്ചേ.’’

തലമുറകളായി ഭാഗ്യം വീടുകളില്‍ എത്തിച്ചു കൊണ്ടിരുന്ന കുടുംബത്തിലെ ഇളം തലമുറക്കാരനും വളരെ വൃത്തിയില്‍ നടക്കുന്നവനുമായ ഞാന്‍ അയാളുടെ ആ വാക്കുകള്‍ അപമാന ഭാരത്തോടെ ഏറ്റുവാങ്ങി ചുമരില്‍ നിന്നു ക്ഷീണമൊന്നും നോക്കാതെ ചൂലുമായി കുഞ്ഞേലി വരുന്നതിനു മുമ്പ് ഒരുവട്ടം കൂടി ജീവനും കയ്യില്‍ പിടിച്ചു പുറത്തേക്കു പറന്നുകന്നു.

 

English Summary: Malayalam Short Story written by Rohan Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com