ADVERTISEMENT

കൃഷ്ണേന്ദുവിന്റെ റോക്കി (കഥ)

 

രാവിലെ തന്നെ അമ്മയുടെ വിളി കേട്ട് ആണ് കൃഷ്ണേന്ദു ഉറക്കം ഉണർന്നത്. എന്നെ അല്ല വിളിക്കുന്നത് അനിയത്തിയെ ആണ് വിളിക്കുന്നത്.

 

എന്താകും എന്ന് ചിന്തിച്ച് കൃഷ്ണേന്ദു വീടിന് ഉമ്മറത്തു പോയി നോക്കി. എന്തേ അമ്മേ രാവിലെ അവളെ വിളിക്കുന്നത് എന്താ കാര്യം?

 

ഇത് കേട്ട് അമ്മ കൃഷ്ണേന്ദുവിന്റെ മുഖത്തേക്ക് നോക്കിയിട്ട്

 

എടി പെണ്ണേ, നിന്നെയല്ലല്ലോ വിളിച്ചത്. നിന്റെ അനിയത്തി രാഗിയേ അല്ലേ വിളിച്ചത്. അവൾ എന്തേ? ദേ ഒരു കുഞ്ഞി പൂച്ച. അവൾക്ക് പൂച്ചയെ ഭയങ്കര ഇഷ്ട്ടമല്ലേ?

 

രാവിലെ ഇവിടെ മുറ്റത്ത് നിന്നതാ പാവം വിശന്ന് ആകും കരച്ചിലായിരുന്നു. കുറച്ച് പാല് കൊടുത്ത്.

നീ അവളെ ഒന്ന് വിളിച്ചേ. ഇത് കേട്ടതും ഇന്ദുവിന് ദേഷ്യം വന്നു.

 

പിന്നെ ഞാൻ വിളിക്കാൻ പോകുവ അവളെ അമ്മ തന്നെ വിളിക്ക്. കൂടെ പൂച്ചയെ കാണാൻ എന്ന് കൂടി പറയണം എന്നേ ഉള്ളു എങ്കിലേ വരു. ഇതും പറഞ്ഞ് ഇന്ദു മുറിയിലേക്ക് പോകുമ്പോൾ

അമ്മ പറഞ്ഞ വാക്കുകൾ വല്ലാതെ ഇന്ദുവിനെ വേദനിപ്പിച്ചു .

 

അവൾ കട്ടിലിൽ വന്ന് കിടന്നു വീണ്ടും. ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഇന്നലെ എഴുതാൻ എടുത്തു വെച്ച പേപ്പർ  കാറ്റിൽ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്ത് എഴുതി തുടങ്ങും എന്ന ചിന്ത ഇന്നലെ വരെ ഉണ്ടായിരുന്നു.

പക്ഷേ ഇന്ന് അമ്മ പറഞ്ഞ ആ വാക്കുകൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. ചെറിയ നൊമ്പരം പോലെ .

 

‘‘നിനക്ക് ഏതെങ്കിലും ജീവികളോട് സ്നേഹം ഉണ്ടോ? എന്തിനോടും ദേഷ്യം.’’

 

ശരിയാണ്, അമ്മ പറഞ്ഞത്. എനിക്ക് ഒന്നിനോടും സ്നേഹം ഇല്ല. എങ്ങനെ സ്നേഹിക്കും.

 

ആത്മാർത്ഥമായി സ്നേഹിച്ച് കൂടെ കൂട്ടി ഏതെങ്കിലും ഒരു നിമിഷത്തിൽ മനസ്സിൽ വലിയ മുറിപ്പാടുമായി അവർ പോകുമ്പോൾ എല്ലാ സ്നേഹവും ഒരു നിമിഷം ഉരുകി എവിടോ പോകുന്നതായി തോന്നും. അപ്പോൾ പിന്നെ വലിയ സ്നേഹം കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്.

 

ഈ അമ്മയോട് വല്ലതും പറയാൻ കഴിയുമോ ?

പറഞ്ഞാലോ ഉടൻ ബഹളം ആകും. ആരെയാടി സ്നേഹിച്ചത്, നിനക്ക് പ്രേമം ഉണ്ടോടി, പഠിക്കാൻ പോകുന്നത് ഇതിനാണോ എന്ന് എന്തിന് വെറുതേ പ്രശ്നം. കൃഷ്ണേന്ദു വീണ്ടും ചിന്തയിലാണ്ടു.

 

എനിക്ക് ജീവികളോട് സ്നേഹം ഇല്ല എന്ന് ഈ അമ്മയ്ക്ക് എങ്ങനെ പറയാൻ തോന്നി.

സ്കൂളിൽ പഠിക്കുന്ന സമയം എന്റെ കൂടെ എപ്പോഴും കൂട്ടിന് ഉണ്ടായിരുന്ന റോക്കി എന്ന പാവം പട്ടി കുഞ്ഞിനെ ആണ് ഓർമ്മ വരുന്നത്. ഈ അമ്മ എങ്ങനെ മറന്നു ?

 

നല്ല നാടൻ നായ് കുഞ്ഞ്. എന്ന് കൂടെ കൂടിയതാണ് എന്ന് ഓർമ്മയേ കിട്ടുന്നില്ല.

 

സ്കൂളിന് അടുത്ത് വരെ കൂടെ വരുന്നതും വീട്ടിലേക്ക് തിരികെ പോ എന്ന് ആംഗ്യം കാണിക്കുമ്പോഴും അവൻ മടിച്ച് മടിച്ച് തിരികെ പോകുന്നതും മറക്കാനേ സാധിക്കില്ല. സ്കൂൾ വിടുന്ന സമയം റോക്കിയ്ക്ക് ഇത്ര നിശ്ചയമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്ത് ഓട്ടമാ അവന്. എപ്പോഴും എന്റെ കൂടെ തന്നെ. അടുത്തുള്ള സ്കൂളിലെ പഠനം കഴിഞ്ഞ് ദൂരെ സ്കൂളിലേയ്ക്ക് മാറിയപ്പോൾ ബസ്സിൽ പോകാമല്ലോ എന്ന സന്തോഷം ആയിരുന്നു എനിക്ക്.

 

രാവിലെ സ്കൂളിൽ പോകാൻ ബസ് സ്റ്റേപ്പ് വരെ റോക്കി കൂടെ വരും ബസ്സിൽ കയറിയാൽ അവൻ ആ ബസ്സിന് പുറകെ ക്ഷീണിക്കുന്നത് വരെ ഓടും. തിരിച്ച് വരുമ്പോഴും ആ സ്റ്റോപ്പിൽ തന്നെ കാത്ത് നിൽക്കുന്ന പ്രിയപ്പെട്ട റോക്കി.

 

എന്നിട്ടും അമ്മ പറയുന്നത് എനിക്ക് ജീവികളോട് സ്നേഹം ഇല്ല എന്ന്. അമ്മ എന്നോട് അല്ല ശരിക്കും പറയേണ്ടത് അച്ഛനോടാണ്. കുടിച്ച് ലക്കുകെട്ട് വന്ന് ഞാനില്ലാത്ത സമയം എന്റെ പ്രിയപ്പെട്ട റോക്കിയെ വീടിന് മുകളിൽ നിന്ന് താഴെ ഇട്ട അച്ഛന് അല്ലേ ജീവികളോട് സ്നേഹം ഇല്ലാത്തത്.

 

പാവം ആ മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരത.

 

ഒരു ദിവസം സ്കൂളിൽ നിന്ന് തിരിച്ചു ബസ്സിറങ്ങിയപ്പോൾ റോക്കിയെ കാണാതെ വന്നപ്പോഴെ സംഭവം പന്തികേടാണെന്ന് അറിയാമായിരുന്നു.

 

വീട്ടിൽ എത്തിയപ്പോൾ റോക്കി കാല് ഒടിഞ്ഞ് ചോരയിൽ കുളിച്ച് ദയനിയമായി എന്നെ നോക്കി കിടക്കുന്നു. ഞാൻ ഓടി അടുത്ത് പോകാൻ ശ്രമിച്ചപ്പോൾ അമ്മ തടഞ്ഞു.

 

എന്നിട്ട് റോക്കിയോട് പറയുന്നത് ഞാൻ വിതുമ്പലിനിടയിലും കേട്ടു. ഇവളുടെ മുമ്പിൽ കിടന്ന് നീ മരിക്കാതെ ദൂരെ പോകാൻ. പിന്നെ റോക്കിയെ കണ്ടതെ ഇല്ല അമ്മ പിറ്റേ ദിവസം പറഞ്ഞത് അങ്ങ് തോട്ടത്തിൽ കിടക്കുന്നു അങ്ങോട്ട് നീ പോകണ്ട. തിരിച്ച് കിട്ടില്ല. മരണ വെപ്രാളത്തിലാണ്.

പിന്നെ പറഞ്ഞത് ഒന്നും കേൾക്കാനെ എനിക്ക് സാധിച്ചില്ല.

 

ജോലിക്കാരോട് അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. പാവത്തിനെ കുഴിച്ചിടാൻ ആകും.

അതോടെ ഒരു ജീവികളേയും ഞാൻ സ്നേഹിച്ചിട്ടില്ല.

ഇതെല്ലാം അറിയുന്ന അമ്മ തന്നെ എന്നോട് ഈ വാക്ക് പറയണം എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് അനിയത്തി ആ കുഞ്ഞു പൂച്ചയും എടുത്ത് കൊണ്ട് എന്റെ അടുത്ത് ഓടി എത്തിയത്.

എടി നോക്ക് എന്ത് ഭംഗിയാ ഇതിനെന്ന്. എന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയത് മറക്കാൻ പാടുപ്പെടുന്നത് ആ കുഞ്ഞു പൂച്ചയ്ക്കോ അനിയത്തിക്കോ മനസ്സിലാകുമോ എന്തിന് എന്ന് ?

 

ഞാൻ മൃഗസ്നേഹി അല്ലല്ലോ?

 

English Summary: Writers Blog - Krishnendhuvinte Rocky, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com