‘നിന്നെ ഒക്കെ കെട്ടിച്ച് വിടും, എന്ത് ഉപകാരമാ നിന്റെ വീട്ട്കാർക്ക് നിന്നെ കൊണ്ടുള്ളത്’

thinking-girl
Representative Image. Photo Credit : Paulik / Shutterstock.com
SHARE

മാധുഅമ്മയുടെ ആൺകുട്ടികൾ (കഥ)

നിമ കാറോടിച്ച് പോകുമ്പോൾ മനസ്സിൽ മുഴുവനും തന്റെ കുഞ്ഞമ്മയായ മാധു അമ്മയെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ് നിറഞ്ഞ് നിന്നത്. കുഞ്ഞമ്മയ്ക്ക്  നാല് ആൺകുട്ടികളാണ് ഉള്ളത്. പെൺകുട്ടികൾ ഇല്ലാത്തത് ഭാഗ്യമായി കരുതുന്ന ഒരാൾ കൂടിയാണ് കുഞ്ഞമ്മ.

എപ്പോഴും ബന്ധുക്കളോടും നാട്ടുകാരോടും തന്റെ മക്കളെക്കുറിച്ച് പുകഴ്ത്തി പറയാൻ മാത്രമേ താല്പര്യം ഉണ്ടായിരുന്നുള്ളു.

‘‘തനിക്ക് നാല് ആൺ മക്കളാണ് ഉള്ളത്. അവർ വളർന്ന് കഴിഞ്ഞാൽ ജോലിക്ക് പോകുകയും അത് വഴി  പ്രാരബ്ധങ്ങൾ മാറുകയും ചെയ്യും.’’ എന്ന പഴമൊഴി കേട്ട് ഒരിക്കൽ താൻ തന്നെ കുഞ്ഞമ്മയോട് ചോദിച്ചിട്ടുണ്ട്.

   

വേറെ ഒന്നും പറയാനില്ലേ കുഞ്ഞമ്മയ്ക്ക്, ഇത് തന്നെ കേട്ട് കേട്ട് മതിയായി. 

ഞാനൊന്ന് ചോദിച്ചോട്ടെ ? കുഞ്ഞമ്മയ്ക്ക് എന്ത ഇത്ര വിശ്വാസം അവർ ജോലിക്ക് പോയി  പൈസ കൊണ്ടു തരും എന്ന് ?

ഇങ്ങനെ പറഞ്ഞ് ആഗ്രഹിച്ചിട്ട് ഒരിക്കലും ഇതൊന്നും നടക്കാതെ വന്നാൽ കുഞ്ഞമ്മയ്ക്ക് ചിലപ്പോൾ താങ്ങാൻ പറ്റില്ല. ഇത് കേട്ടതും ദേഷ്യം കയറി കുഞ്ഞമ്മ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

‘‘എടി മോളെ, നിന്നെ ഒക്കെ കെട്ടിച്ച് വിടും എന്ത് ഉപകാരമാ നിന്റെ വീട്ട്കാർക്ക് നിന്നെ ഒക്കെ കൊണ്ടുള്ളത്. നീ കണ്ടോ എന്റെ നാല് പിള്ളാരിൽ ഒരാൾ എങ്കിലും എന്നെ നോക്കാതിരിക്കില്ല.’’

ഇത് കേട്ട് അന്ന് എന്ത് ദേഷ്യം വന്നതാ അപ്പോൾ തന്നെ അതിന് മറുപടിയും കൊടുത്തു, 

‘‘കാണാൻ ഒന്നും ഇല്ല കുഞ്ഞമ്മേ ഒരിക്കൽ പറയും എന്തിനാ ആൺപിള്ളാർ മാത്രം ഉള്ളതിന് സന്തോഷിക്കുന്നത് ? അതെല്ലാം സമൂഹത്തിന്റെ കണ്ടെത്തലുകൾ മാത്രം ആണെന്ന്.’’ അന്ന് ആ പറഞ്ഞ വാക്കുകൾ ഇഷ്ട്ടമാകാതെ  കുഞ്ഞമ്മ എഴുന്നേറ്റു പോയി.

പിന്നെ താൻ പഠനവും ജോലിത്തിരക്കിലുമായി. കാലങ്ങൾ കഴിഞ്ഞു.

നാട്ടിൽ ഇടയ്ക്ക് പോകുമ്പോഴാണ് കുഞ്ഞമ്മ പ്രശ്നങ്ങളുടെ കൊടുമുടിയിൽ ആണ് എന്നറിയുന്നത്. കുഞ്ഞമ്മ തന്റെ നാല് മക്കളെയും കഷ്ട്ടപ്പെട്ടാണ് പഠിപ്പിച്ചത്. അവർക്ക് തരക്കേടില്ലാത്ത വിദ്യാഭ്യാസം നൽകുകയും ചെയ്തു. കുഞ്ഞമ്മയുടെ മക്കളെല്ലാം വലുതായി എങ്കിലും അവർക്കുള്ള പണത്തിനായി കുഞ്ഞമ്മ  പണിക്ക് പോകുന്നുണ്ട് എന്ന് വീട്ടിൽ പറയുന്നത് കേൾക്കാം.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മൂത്ത മകനെ ഓർത്ത് എപ്പോഴും ദു:ഖം തന്നെ ആയിരുന്നു. എങ്കിലും മക്കൾ നോക്കും എന്ന വിശ്വാസത്തിൽ തന്നെ ഓരോ ദിവസവും കുഞ്ഞമ്മ തള്ളി നീക്കി. കാലങ്ങൾ കഴിഞ്ഞു മൂന്ന് മക്കളുടെ കല്യാണവും കഴിഞ്ഞു.

ഓരോ കല്യാണം കഴിയുമ്പോഴും കുഞ്ഞമ്മ പറയുന്ന വാക്കുകൾ ആണ്

‘‘ഇനി ഞാൻ കാലും നീട്ടി ഒരിരിപ്പാണ്, എല്ലാം എന്റെ മുൻപിൽ കിട്ടും.’’

എന്ത് ചെയ്യാൻ പാവത്തിന് അത് ഒക്കെ സ്വപ്നം കാണാനെ കഴിഞ്ഞുള്ളു. മക്കൾ ഓരോ ആൾക്കാരായി മാറിത്താമസിക്കാൻ തുടങ്ങി. ഏറ്റവും ഇളയ മോൻ ആണ് അമ്മയെ നോക്കേണ്ടത് എന്ന മൂത്ത മക്കളുടെ വാക്കുകൾ കുഞ്ഞമ്മയെ വല്ലാത്ത സങ്കടത്തിൽ ആഴ്ത്തി.

പതിയെ പതിയെ മൂന്നു മക്കളും സ്വന്തം അമ്മയെ അകറ്റി നിർത്തി, കുഞ്ഞമ്മയ്ക്ക് ഇത് ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇളയ മോനോട് എപ്പോഴും ചോദിക്കുന്ന ചോദ്യമായിരുന്നു, എടാ മോനെ, നീയും എന്നെ ഇട്ടിട്ട് പോകുമോ എന്ന്?

ആ മോൻ ‘ഇല്ല’ എന്ന് പോലും ഉത്തരം നൽകിയില്ല.

ഒരു ദിവസം അറിയാൻ കഴിഞ്ഞത് കുഞ്ഞമ്മയുടെ നാലാമത്തെ മകൻ  പ്രണയിച്ച പെണ്ണുമായി ഒളിച്ചോടി എന്നാണ്. ഇതെല്ലാം അറിഞ്ഞ് മക്കൾ ആരും ഇല്ലാതെ വീട്ടിൽ തനിച്ചായ കുഞ്ഞമ്മയെ കാണാൻ താനും അനിയത്തിയും പോയപ്പോൾ കുഞ്ഞമ്മയ്ക്ക് തന്നെ ആശ്ചര്യമായിരുന്നു ! 

‘‘നിങ്ങൾ എന്നെ കാണാൻ ഓടി വന്നത് എനിക്ക് വിശ്വസിക്കാൻ വയ്യ മക്കളെ.’’ 

എന്റെ സ്വന്തം മക്കൾ തൊട്ടടുത്ത് താമസിക്കുന്നു.

ഈ അമ്മ വെള്ളം കുടിച്ചോ എന്ന് പോലും ചോദിക്കാൻ അവൻമാർ വന്നിട്ടില്ല.

നിങ്ങൾ എന്നെ തിരക്കി വന്നില്ലേ !

അപ്പോഴും ഒരു കാര്യം മാത്രമേ കുഞ്ഞമ്മയോട് പറയാൻ ഉണ്ടായിരുന്നോള്ളു.

കുഞ്ഞമ്മേ, ആണ് എന്നോ പെണ്ണ് എന്നോ വേർതിരിവ് കാണിക്കരുത് ഇനി എങ്കിലും .

കുഞ്ഞമ്മ കേട്ടിട്ടില്ലേ, പണ്ട് കവികൾ പറഞ്ഞിട്ടുള്ളത് ‘‘മക്കളെ കണ്ടും മാമ്പു കണ്ടും കൊതിക്കരുത്.’’ 

ആണ് ആണെങ്കിലും പെണ്ണ് ആണെങ്കിലും അവർക്ക് സ്നേഹം നൽകി വളർത്തുക.

അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ നിൽക്കരുത്. അത് കേട്ടപ്പോൾ കുഞ്ഞമ്മ തലയിൽ തടവി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ തട്ടി പറയുന്നത് തന്നെ ആണെന്നറിയാൻ കഴിയും.

‘‘മോളെ, ശരിയാണ് ദൈവം എന്നെ വലിയ ഒരു പാഠം പഠിപ്പിച്ചു.’’

‘‘ആൺമക്കൾ നോക്കും എന്നല്ല പറയേണ്ടത് മക്കൾ നോക്കും എന്നാണ്.’’

‘‘ആൺ എന്നോ പെണ്ണ് എന്നോ വ്യത്യാസം ഇല്ലാതെ കാണാൻ പഠിക്കണം. എല്ലാം തെറ്റായാ ചിന്തകൾ ആയിരുന്നു.’’

ഇതെല്ലാം ആലോചിച്ച് ഒരു ദീർഘ നിശ്വാസത്തോടെ നിമ തന്റെ യാത്ര തുടർന്നു.

English Summary: Madhuammayude Aankuttikal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;