ADVERTISEMENT

ഒരു യാത്രയുടെ അവസാനം (കഥ)

ഞാൻ ഒരു തീവണ്ടി യാത്രയിലായിരുന്നു. എതിർ സീറ്റിൽ ഏതാണ്ട് എന്റെ പ്രായമുള്ള ഒരാൾ ഉണ്ടായിരുന്നു. അയാൾ എന്നോടെന്തോ സംസാരിക്കാൻ ഒരുമ്പെടുന്നതു പോലെ തോന്നി. അയാൾക്ക് മുഖം കൊടുക്കാതിരിക്കാനായി ഞാൻ പുറത്തെ കാഴ്ചകളിലേക്ക് തന്നെ നോക്കിയിരുന്നു. കണ്ടു മടുത്ത കഴ്ചകൾ തന്നെ, കുറെ വീടുകൾ, മരങ്ങൾ, ചെറിയ തോടുകൾ.

 

പുറം കാഴ്ച്ചകളുടെ ഒരിടവേളയിൽ ഞാൻ അകത്തേക്ക് നോക്കുമ്പോൾ അയാൾ ഇറങ്ങി പോയിരുന്നു. പകരം മധ്യവയസ്കയായ ഒരു സ്ത്രീ എനിക്കു മുന്നിൽ. അവൾ എനിക്കു നേരെ പുഞ്ചിരിച്ചത് പോലെ തോന്നി. വെറുതെ തോന്നിയതാകാം. ഞാൻ വീണ്ടും പുറത്തേക്കു  തന്നെ നോക്കി. അധിക നേരം എനിക്കങ്ങനെ തുടരാൻ കഴിഞ്ഞില്ല.

ഞാൻ അവർക്കു നേരെ തിരിഞ്ഞു. ഇപ്പോൾ എനിക്ക് ഉറപ്പായി അവർ എനിക്കു നേരെ പുഞ്ചിരിച്ചു.

 

‘‘തോമസ് മാഷല്ലേ’’ അവർ ചോദിച്ചു.

 

ഒരു സംഭാഷണത്തിന് തുടക്കമിടാനാണ് അവരുടെ ഭാവമെന്ന് എനിക്ക് മനസ്സിലായി. ഞാൻ തോമസ് മാഷല്ല. പക്ഷേ എന്ത് കൊണ്ടോ അങ്ങനെ പറയാൻ തോന്നിയില്ല. ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി.

 

‘‘എന്നെ ഓർമ്മയുണ്ടോ, മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.’’ അവർ പറഞ്ഞു.

 

ഞാൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. നഗരത്തിലെ പ്രശസ്തമായ കോളജിൽ ഞാനവരെ പഠിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. അന്നത്തെ ചില സഹപാഠികളെ കുറിച്ചും അവർ പറഞ്ഞു. എനിക്ക് അവരെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. ഞാൻ തോമസ് മാഷ് അല്ലല്ലോ. തലയാട്ടിയും ചിരിച്ചും ഞാനാ സംഭാഷണത്തിൽ പങ്കു ചേർന്നു.

 

‘‘മാഷ് റിട്ടയർ ആയിട്ട് ഇപ്പോൾ അഞ്ചാറു വർഷമായിക്കാണും അല്ലേ?’’ അവർ ചോദിച്ചു.

 

‘‘അതെ അഞ്ചാറു വർഷമായിക്കാണും’’ ഞാൻ പറഞ്ഞു.

 

‘‘മാഷ് എവിടേക്കാ?’’

 

ഞാൻ ഉത്തരം പറയുന്നതിനു മുൻപേ അവർ പറഞ്ഞു.

 

‘‘കോളേജിലേക്കായിരിക്കും.പഴയ സഹപ്രവർത്തകരെ കാണാല്ലോ അല്ലേ?’’

 

‘‘അതെ അതെ’’ ഞാൻ പറഞ്ഞു

 

ജോലിക്കൊന്നും പോകാതെ വിവാഹം കഴിച്ച് കുടുബിനിയായി കഴിയുകയാണെന്നും നഗരത്തിൽ വീടു വച്ചുവെന്നും ഇപ്പോൾ നാട്ടിൽ വന്ന് തിരിച്ച് പോവുകയാണെന്നും ഞാൻ ചോദിക്കാതെ തന്നെ അവർ പറഞ്ഞു.

 

‘‘മാഷിന്റെ കടുബമൊക്കെ സുഖമായിട്ടിരിക്കുന്നു അല്ല?’’ അവർ ചോദിച്ചു.

 

‘‘അതെ സുഖമായിട്ടിരിക്കുന്നു’’ ഞാൻ പറഞ്ഞു. 

 

തീവണ്ടി ഏതോ സ്റ്റേഷനിൽ നിർത്തി. അവർ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാരിലായിരുന്നു അവരുടെ ശ്രദ്ധ. തീവണ്ടി വീണ്ടും യാത്ര തുടങ്ങിയപ്പോൾ അവർ എനിക്കു നേരെ തിരിഞ്ഞ് വീണ്ടും ഒരു സംഭാഷണത്തിനു തുടക്കമിട്ടു:

 

‘‘ഇന്ന് നല്ല തിരക്കുള്ള ദിവസമാണെന്ന് തോന്നുന്നു’’

 

ഞാനാ സംഭാഷണത്തിൽ പങ്കു ചേർന്നില്ല. മറ്റാരുടെയോ മേൽവിലാസത്തിൽ അവരുടെ സൗഹാർദം പങ്കിടുന്നത് എനിക്ക് അരോചകമായി തോന്നി തുടങ്ങി. ഞാൻ തോമസ് മാഷ് അല്ലെന്നും നിങ്ങൾക്ക് ആളെ തെറ്റിയതാണന്നും വെളിപ്പെടുത്തിയാലോ എന്നും അലോചിച്ചു. അവർക്കു മുന്നിൽ താൻ ഏറെക്കുറെ തോമസ് മാഷായി കഴിഞ്ഞെന്നും ഇനി ഒരു തിരുത്തൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു.

 

തീവണ്ടി ഇപ്പോൾ വേഗത കുറഞ്ഞ് ഒരു സ്റ്റേഷനിലേക്ക് കടന്നു.

സീറ്റിൽ നിന്നെഴുന്നേറ്റുകൊണ്ട് അവർ പറഞ്ഞു:

 

‘‘സ്റ്റേഷൻ എത്തി മാഷ് ഇറങ്ങുന്നില്ലേ?’’

 

ഞാനും എഴുന്നേറ്റു. 

 

‘‘ഇനി എപ്പോഴങ്കിലും ഇതുപോലെ കാണാം മാഷേ’’ അവർ പറഞ്ഞു. 

 

‘‘വീട്ടിലേക്ക് എങ്ങനയാ’’ ഞാൻ ചോദിച്ചു.

 

‘‘അധികം ദൂരമില്ല ഒരു ഓട്ടോ പിടിക്കും മാഷോ ?’’

 

‘‘അധികം ദൂരമില്ല’’ ഞാൻ പറഞ്ഞു.

 

‘‘അതെ,കോളേജ് വളരെ അടുത്തല്ലേ‘‘ അവർ പറഞ്ഞു.

 

പ്ലാറ്റ്ഫോമിൽ ഞങ്ങൾ പിരിഞ്ഞു.

 

സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു. 

എനിക്കെങ്ങോട്ടാണ് പോകേണ്ടത്. സത്യത്തിൽ ഇപ്പോൾ എനിക്ക് എങ്ങോട്ടും പോകാനില്ലായിരുന്നു. യാത്ര തുടങ്ങുമ്പോൾ എവിടേക്കങ്കിലും പോകാനുണ്ടായിരിന്നിരിക്കാം. പക്ഷേ ഇപ്പോൾ ഇല്ല. ഒരു പക്ഷേ ഞാനറിയാത്ത തോമസ് മാഷിലേക്കുള്ള ഒരു യാത്രയായിരുന്നു ഇതെന്ന് എനിക്ക് തോന്നി. ഞാൻ തോമസ് മാഷ് അധ്യാപകനായിരുന്ന നഗരത്തിലെ പ്രശസ്തമായ കോളേജിലേക്ക് ഒരു ഓട്ടോപിടിച്ചു.

 

നഗരം എനിക്ക് പരിചിതമായിരുന്നു. കോളേജും പുറത്തുനിന്ന് പരിചതമായിരുന്നു. ഗേറ്റ് കടന്ന് ഓടിട്ട പഴയ ഇരുനിലകെട്ടിടങ്ങൾക്കിടയിലൂടെ നടന്നു. പെട്ടന്ന് ഒരാൾ എന്റെ തോളത്തു കൈ വച്ചു:

 

‘‘അല്ല മാഷെപ്പോ എത്തി, എത്രകാലമായി കണ്ടിട്ട്?’’

 

എനിക്കയാളെ അറിയില്ലായിരുന്നു. തോമസ് മാഷിന്റെ പരിചയക്കാരനായിരിക്കും. ഞാൻ വെറുതെചിരിച്ചു.

 

‘‘വരൂ’’ അയാൾ വിളിച്ചു.

 

ഞാൻ അയാളോടൊപ്പം നടന്നു. അയാൾ എന്നെ ഏതോ ഒരു ഡിപ്പാർട്ട്മെന്റിലേക്ക് കൂട്ടി കൊണ്ടു പോയി. അത് മുകളിലത്തെ നിലയിലായിരുന്നു. മരത്തിന്റെ കോണിപ്പടി താണ്ടി ഞങ്ങൾ മുകളിലെത്തി. അവിടെ ചിലരൊക്കെ എന്നെ കണ്ടു ചിരിച്ചു.

 

‘‘മാഷ് ഇരുന്ന കസേരയാ’’ അവിടത്തെ പ്രധാന കസരയിൽ ഇരുന്നു കൊണ്ട് അയാൾ പറഞ്ഞു.

 

അയാൾക്കെതിരെ ഞാനിരുന്നു. ആരെയോ വിട്ട് അയാളെനിക്ക് ചായ വരുത്തി. അതിനിടയിൽ ആരെല്ലാമോ എന്നോട് പരിചയം പുതുക്കി. ചിലരെയൊക്കെ അയാൾ പരിചയപെടുത്തി. ഞാൻ എല്ലാവരോടും പുഞ്ചിരിച്ചു.

 

‘‘പ്രിയദർശിനി ടീച്ചറാണ് പ്രിൻസിപ്പാൾ. മാഷ് കാണുന്നുണ്ടോ?’’

അയാൾ ചോദിച്ചു.

 

‘‘ഇല്ല’’ ഞാൻ പറഞ്ഞു

 

‘‘പെൻഷൻ ഒക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ?’’

 

‘ഉവ്വ്’

 

ഞങ്ങൾ തമ്മിലുള്ള സംഭാഷണം മുറിഞ്ഞു. പരസ്പരം ഒന്നു പറയാനില്ലാതെ കുറെ നിമിഷങ്ങൾ കടന്നു പോയി.

 

‘‘ഞാനിറങ്ങട്ടെ ഒരു സ്ഥലത്തു കൂടി പോവാനുണ്ട്’’ ഞാൻ പറഞ്ഞു.

അയാൾ എന്റെ കൂടെ താഴത്തേക്കിറങ്ങി വന്നു.

 

‘‘മാഷിനെന്തെങ്കിലും വിഷമമുണ്ടോ ? മാഷ് ഇങ്ങനെ ആയിരുന്നില്ലല്ലോ ധാരാളം സംസാരിക്കുമായിരുന്നല്ലോ?’’

 

താഴേക്കിറങ്ങുമ്പോൾ അയാൾ ചോദിച്ചു. ഞാനതിന് മറുപടി ഒന്നും പറഞ്ഞില്ല. ആദ്യമായി കാണുന്ന അയാളോട് എന്തു പറയാനാ.

പിരിയുമ്പോൾ അയാൾ പറഞ്ഞു:

 

‘‘ഇടക്കൊക്കെ ഇറങ്ങണം’’

 

ഞാൻ തലകുലുക്കി.

 

എങ്ങോട്ടു പോകണമെന്നറിയാതെ കോളേജിനു മുന്നിലെ റോഡിൽ ഞാൻ കുറച്ചു നേരം നിന്നു. മുന്നിൽ കണ്ട ഓട്ടോ കൈ കാണിച്ചു നിർത്തി. 

 

‘‘എങ്ങോട്ടാ?’’

 

പെട്ടെന്ന് മനസ്സിൽ വന്നത് റെയിൽവേ സ്റ്റേഷനാണ്. ഞാൻ പറഞ്ഞു:

 

‘‘റെയിൽവേ സ്റ്റേഷൻ’’

 

മയക്കം വിട്ടുണരുമ്പോൾ അത്ര തിരക്കില്ലാത്ത ഒരു റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം സന്ധ്യ കഴിഞ്ഞിരുന്നു.

 

‘‘മാഷെന്താ ഇവിടെ?’’

 

എന്റെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു.

 

‘‘ട്രെയ്നിറങ്ങിയതാ മയങ്ങിപ്പോയി’’

 

‘‘വരൂ, ഞാൻ ഒരുവണ്ടി പിടിച്ചു തരാം’’

 

ഞങ്ങൾ സ്റ്റേഷന്റെ മുന്നിലെത്തി. അയാൾ ഒരു ഓട്ടോ വിളിച്ചു.

 

‘‘മാഷെ, ഒന്ന് വീട്ടിൽ കൊണ്ട് വിടണം, മാഷിന്റെ വീടറിയാമല്ലോ അല്ലേ?’’

 

അയാൾ ഡ്രൈവറോട് പറഞ്ഞു.

 

‘‘അറിയാം’’ ഓട്ടോഡ്രൈവർ പറഞ്ഞു.

 

ഓട്ടോ ഇരുപത് മിനിറ്റോളം ഓടി. കുറെ മെയിൻ റോഡിലൂടെ പിന്നെ ഒരു ചെറിയ റോഡിലേക്കു തിരിഞ്ഞ് ഒരു വീടിന്റെ ഗേറ്റിനു മുന്നിൽ നിന്നു. കുറച്ചു പഴക്കമുള്ള ഒരു രണ്ടു നില വീടായിരുന്നു അത്.

വണ്ടി ഗേറ്റിലെത്തിയപ്പോൾ തന്നെ നീല സാരിയുടുത്ത 60 വയസ്സോളം പ്രായം തോന്നിയ ഒരു സ്ത്രീ ഗേറ്റ് തുറന്നു. മുറ്റത്ത് ചട്ടികളിൽ പലനിറത്തിലുള്ള ബോഗൻ വില്ല ചെടികൾ

 

‘‘എവിടെയായിരുന്നു ഞാനാകെ പേടിച്ചു പോയി’’

അവർ പറഞ്ഞു. 

 

ഒന്നും മിണ്ടാതെ ഞാൻ അവരോടൊപ്പം വീട്ടീലേക്കു കയറി .

 

‘‘ബാഗ് എവിടെ’’ അവർ ചോദിച്ചു 

 

‘‘ഏത് ബാഗ് ?’’

 

‘‘പോകുമ്പോൾ നിങ്ങടെ കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നല്ലോ എവിടെയെങ്കിലും മറന്നു വച്ചു കാണും’’

 

‘‘ങ്ങാ ഞാനത് മറന്നു’’

 

‘‘പോട്ടെ അത്യാവശ്യമുള്ളതൊന്നും അതിൽ ഉണ്ടായിരുന്നില്ലല്ലോ അല്ലേ,?’’

 

‘‘ഇല്ല’’ ഞാൻ പറഞ്ഞു.

 

വാസ്തവത്തിൽ അങ്ങനെയൊരു ബാഗ് എന്റെ കയ്യിൽ ഉണ്ടായിരുന്നതായി എനിക്കോർമ്മയില്ല.

 

‘‘മേൽ കഴുകി വരു ക്ഷീണം കാണും എവിടെയൊക്കെയോ അലഞ്ഞതല്ലേ’’ അവർ എന്നോടൊപ്പം നടന്നുകൊണ്ട് പറഞ്ഞു.‘‘ഞാൻ ആഹാരം എടുത്തു വയ്ക്കാം’’

 

അവർ അടുക്കളയിലേക്ക് പോയി. മുറി കണ്ടെത്താൻ അല്പം ബുദ്ധിമുട്ടി. താഴെ തന്നെയായിരുന്നു പ്രധാന കിടപ്പു മുറി. മുറിയിൽ ഒരു ഡബിൾ ബഡ്, ഒരലമാര, ഡ്രസിങ്ങ് ടേബിൾ എന്നിവയായിരുന്നു ഫർണിച്ചർ. ഞാൻ ബാത് റൂമിൽ കയറി. ബാത്റൂമിലെ കണ്ണാടിയിൽ  അപരിചിതമായ മുഖം കണ്ട് കണ്ണ് പിൻവലിച്ച് പെട്ടെന്ന് തന്നെ മേൽ കഴുകി പുറത്തേക്കിറങ്ങി. എനിക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ കിടക്കയിൽ മടക്കി വച്ചിരുന്നു.

 

ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയുമായിരുന്നു അത്താഴം. നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ട് ഞാൻ നന്നായി കഴിച്ചു. അവർ അടുത്തിരുന്ന് ഞാൻ കഴിക്കുന്നത് നോക്കി കൊണ്ടിരുന്നു. അവർ കഴിക്കുന്നില്ലേ  എന്ന് ചോദിക്കണമെന്നു വിചാരിച്ചു. പിന്നെ എന്തുകൊണ്ടോ വേണ്ടെന്നു വച്ചു.

 

‘‘കോളേജിൽ ആരെയൊക്കെ കണ്ടു’’ അവർ ചോദിച്ചു

 

‘‘എല്ലാവരേയും’’ ഞാൻ പറഞ്ഞു.

 

ആഹാരം കഴിച്ച ശേഷം കിടക്കാനായി ഞാൻ ബഡ് റൂമിലേക്ക് നടന്നു.

ഉറക്കം വരുന്നില്ല അപരിചിതമായ ഒരു വീട്ടിൽ അപരിചിതയായ സ്ത്രീയോടൊപ്പം കഴിയുന്നതിനെ പറ്റിയുള്ള വേവലാതിയായിരുന്നു മനസ്സുനിറയെ. കുറച്ചു കഴിഞ്ഞപ്പോൾ അവർ മുറിയിലേക്കു വന്നു. 

അലമാരയിൽ നിന്ന് നൈറ്റി എടുത്ത ശേഷം സാരി അഴിച്ചു മറ്റാൻ തുടങ്ങി.

 

‘‘നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നീങ്ങൾ കരുതും പോലെ ഞാൻ നിങ്ങളുടെ ഭർത്താവല്ല’’ ഞാൻ പറഞ്ഞു.

 

അവർ പെട്ടന്ന് ഞെട്ടി എന്റെ നേരേ നോക്കി ചോദിച്ചു:

 

‘‘പിന്നെ... പിന്നെ നിങ്ങൾ ആരാണ്?’’ 

 

ഞാനൊന്നും പറഞ്ഞില്ല എന്തു പറയാൻ ഞാൻ അവരുടെ ഭർത്താവ് തോമസ് മാഷല്ലന്ന് എനിക്കറിയാം പിന്നെയാരാണെന്ന ഈ ചോദ്യം എന്നോടു തന്നെ പല വട്ടം ചോദിച്ചു കഴിഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ മുകളിൽ സാവധാനം കറങ്ങുന്ന ഫാനിന്റെ ഇതളുകളിലേക്ക് നോക്കി കൊണ്ട് കിടന്നു. എന്റെ നേരെ ഒന്നു സൂക്ഷിച്ച് നോക്കി 

അവർ പുറത്തേക്കിറങ്ങിപ്പോയി. സങ്കടവും അനുതാപവും സമം ചേർന്നതായിരുന്നു അവരുടെ അപ്പോഴത്തെ മുഖഭാവം.

 

കുറെ നേരം കഴിഞ്ഞാണ് അവർ വീണ്ടും മുറിയിലേക്ക് വന്നത്. അപ്പോഴേക്കും ക്ഷീണം കൊണ്ട് ഞാനൊന്നു മയങ്ങിയിരുന്നു. അവരുടെ കാൽ പെരുമാറ്റം കേട്ട് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നെങ്കിലും കണ്ണു തുറന്നില്ല. അവർ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ ഇരുന്നു. 

മൊബൈൽ ഫോണെടുത്ത് ആർക്കോ ഫോൺ ചെയ്യാൻ തുടങ്ങി. 

അവരുടെ സംഭാഷണത്തിൽ നിന്ന് ദൂരെയെവിടെയോ ഉള്ള തന്റെ മകനാണ് അവർ ഫോൺ ചെയ്യുന്നത് എന്ന് എനിക്കു മനസ്സിലായി.

 

‘‘ഡാഡിക്ക് എന്തോ കുഴപ്പമുണ്ട് കാലത്തെ കൂട്ടുകാരെ കാണാൻ ഇറങ്ങിയതാ വന്നപ്പോൾ ഒരുപാട് വൈകി. ഇതാ ഇപ്പോൾ പറയുന്നു എന്റെ ഭർത്താവല്ലെന്ന്. എനിക്ക് വല്ലാതെ പേടിയാവുന്നു’’

അവർ പറഞ്ഞു.

 

മകന്റെ മറുപടി എനിക്കു കേൾക്കാമായിരുന്നു.

 

‘‘ഫോണൊന്ന് ഡാഡിക്ക് കൊടുക്കു’’

 

‘‘ഡാഡി ഉറങ്ങി നല്ല ക്ഷീണമുണ്ടായിരുന്നു.’’ അവർ പറഞ്ഞു

 

‘‘ഡാഡിയെ ഇനി ഒറ്റക്ക് പുറത്തൊന്നും വിടണ്ട. പ്രായമായി വരുകയല്ലേ? ഒർമ്മയ്ക്ക് എന്തെങ്കിലു പ്രശ്നം കാണും ഞാൻ വന്നതിനു ശേഷം ഏതെങ്കിലും നല്ല ഡോക്ടറെ കൺസൽട്ട് ചെയ്യാം’’

 

‘‘കാലത്ത് പോകുമ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലല്ലോ, നല്ല ഉത്സാഹത്തിലുമായിരുന്നു’’ അവർ വേവലാതിപ്പെട്ടു.

 

‘‘മമ്മി പേടിക്കാതിരിക്കു’’ അവൻ പറഞ്ഞു.

 

കുറച്ചു നേരം മറ്റെന്തെക്കെയോ സംസാരിച്ച ശേഷം അവർ ഉറങ്ങാൻ കിടന്നു. വൈകിയെപ്പോഴോ ഞാനുമുറങ്ങി.

 

പിറ്റേന്ന് വളരെ വൈകിയാണ് ഞാനുണർന്നത്. പ്രഭാത കർമ്മങ്ങൾക്ക് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ അവർ ചായയുമായി വന്നു.

 

‘‘ഒരു പാട് ഉറങ്ങിപ്പോയി’’ ഞാൻ പറഞ്ഞു.

 

അവർ ഞാൻ പറഞ്ഞത് കേട്ടതായി  ഭാവിച്ചില്ല. ഇന്നലത്തേതിൽ നിന്ന് വ്യത്യസ്ഥമായി ഒരപരിചിതത്വം ഞാൻ അവരുടെ മുഖത്ത് കണ്ടു.

 

ഞാൻ മുറ്റത്തേക്കിറങ്ങി. മുറ്റത്ത് ഇന്നലെ കണ്ട ബോഗൻ വില്ലകൾ കൂടാതെ കുറച്ചു റോസാച്ചെടികളുമുണ്ടായിരുന്നു.

പുല്ലു പടർന്ന ചെറിയ തൊടിയിൽ എതാനും ഫല

വൃക്ഷങ്ങൾ. വീടിന് ഇരു വശത്തും അധികം അകലെയല്ലാതെ വീടുകളുണ്ട്. മതിലിനപ്പുറത്ത് ഒരു മധ്യവയസ്ക്കൻ എന്നെ കണ്ട് കൈയുയർത്തി അഭിവദ്യം ചെയ്തു ഞാൻ തിരിച്ചും അഭിവാദ്യം ചെയ്തു.  

 

ഉമ്മറത്ത് പത്രം കിടക്കുന്നുണ്ട്. അതെടുത്ത് വെറുതെ മറിച്ചു നോക്കി.

ഒന്നും വായിക്കാൻ കഴിയുന്നില്ല. ഇന്നലത്തെ യാത്രയോടെ എന്തൊക്കെയാണ് എനിക്ക് സംഭവിച്ചത്, ഞാൻ ഒർക്കാൻ ശ്രമിച്ചു. എല്ലാത്തിന്റേയും തുടക്കം യാത്രയിൽ കണ്ടുമുട്ടിയ സുന്ദരിയായ ആ സ്ത്രീയുടെ പുഞ്ചിരിയിൽ നിന്നായിരുന്നു. ഇനി തോമസ് മാഷായി ജീവിക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല. പക്ഷേ അതത്ര എളുപ്പമല്ല. ഞാൻ ഏതോ ഒരു തോമസ് മാഷായി എന്നല്ലാതെ അയാളെ കുറിച്ച് എനിക്കൊന്നും അറിയില്ല. അയാളുടെ മുഴുവൻ പേരു പോലും എനിക്കറിയില്ല. അതൊരു പക്ഷേ തോമസ് എബ്രഹാം എന്നോ തോമസ് ജോസഫ് എന്നോ മറ്റെന്തെങ്കിലുമോ ആവാം.

 

എങ്ങനെയെങ്കിലും അതെല്ലാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്റെ മുന്നിൽ വേറേ വഴിയൊന്നുമില്ല. തത്ക്കാലം  ഈ സ്ത്രീയമായുള്ള അപരിചിതത്വം ഇല്ലാതാക്കണം. ഞാൻ അവരെ തിരക്കി.

അവർ അടുക്കളയിൽ പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടപ്പോൾ ചോദ്യഭാവത്തിൽ അവർ എനിക്കുനേരേ നോക്കി.

 

‘‘ഇന്നലെ എനിക്കെന്താണ് പറ്റിയതെന്നറിയില്ല ഒന്നും ഒർമ്മയില്ലാത്ത ഒരവസ്ഥ. ഞാൻ പറഞ്ഞത് കാര്യമാക്കണ്ട’’ ഞാൻ പറഞ്ഞു.

 

അവരതിനു മറുപടി പറഞ്ഞില്ല അവരുടെ മുഖം നിർവികാരമായിരുന്നു. കൂടുതൽ വിശദീകരണത്തിനു നിൽക്കാതെ ഞാൻ പുറത്തേക്കിറങ്ങി.

 

കുറച്ചു കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അവർ ഫോണിൽ സംസാരിക്കുകയാണ്. മകനോട് തന്നെയാണ് അവർ സംസാരിച്ചു കൊണ്ടിരുന്നത് എന്ന് ഞാൻ ഊഹിച്ചു. അവർ അവസാനം പറഞ്ഞത് ഞാൻ കേട്ടു.

 

‘‘നീ എപ്പോഴാണ് ഇങ്ങോട്ട് വരുന്നത് എനിക്ക് വല്ലാതെ ഭയം തോന്നുന്നു. അയാൾ ഇന്നലെ പറഞ്ഞത് സത്യമായിരിക്കാം

അയാൾ നമ്മുടെ ഡാഡിയല്ല.’’

 

പെട്ടെന്ന് എന്നെ മുന്നിൽ കണ്ട് അവർ ഒന്നു ഞെട്ടി.

 

‘‘ഞാൻ പിന്നെ വിളിക്കാം’’ അവർ ഫോണിൽ പറഞ്ഞു.

 

എന്തു ചെയ്യണമെന്നറിയാതെ എങ്ങോട്ട് ഓടി ഒളിക്കണമെന്നറിയാതെ കുറ്റം കണ്ടു പിടിക്കപ്പെട്ട ഒരു സ്കൂൾ കുട്ടിയെപ്പോലെ ഞാൻ നിന്നു.

അവർ ഒന്നും സംഭവിക്കാത്ത പോലെ ഡെയിനിങ്ങ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് ഒരുക്കി വയ്ക്കാൻ തുടങ്ങി. അപ്പോൾ ഞാൻ വീണ്ടുമൊരു യാത്രയ്ക്കായി മനസ്സു കൊണ്ട് തയ്യാറെടുക്കുകയായിരുന്നു.

 

English Summary: Writers Blog - Oru yathrayude avasanam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com