ADVERTISEMENT

വിധിയുടെ വിനോദം (കഥ)

മുകളിലേക്കു കണ്ണടിച്ച് കുറച്ചുനേരം കിടന്നു. എത്ര ദിവസമായി, അല്ല എത്ര ആഴ്ചയായി ഇങ്ങനെ കിടക്കുന്നു. കണ്ണ് വെട്ടിച്ച് ചുറ്റും നോക്കി സിസ്റ്റർ അടുത്തുണ്ടോ? 

നാവ് വരളുന്നു. ശബ്ദമുണ്ടാക്കുവാൻ ശ്രമിച്ചു. കഴിയുന്നില്ല... ശ്വാസനാളത്തിലും ട്യൂബ് ഇട്ടിരിക്കുകയല്ലേ. ആ ട്യൂബ് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ പണ്ടേ ഞാൻ യാത്ര പറഞ്ഞേനെ. കയ്യും കാലും അനക്കുവാൻ ശ്രമിച്ചു. കഴിയുന്നില്ല. ഈശ്വരൻ ബോധം മാത്രം തന്നു. എന്തിന്? എന്തിനെന്നെ ജീവച്ഛവമാക്കി ഇങ്ങനെ കിടത്തിയിരിക്കുന്നു? 

 

സിസ്റ്റർ അടുത്തു വരുന്ന ശബ്ദം കേൾക്കാം. അവർക്ക് എന്റെ മനസ്സ് കാണാം. ഞാൻ നാവു പുറത്തേയ്ക്കിട്ട് ചുണ്ടുകളിൽ മുട്ടിച്ചുകാണിച്ചു. മനസ്സിലായെന്നു തോന്നുന്നു. അവർ അഞ്ചാറു തുള്ളിവെള്ളം നാവിലിറ്റിച്ചുതന്നു.

 “അമ്മ പുറത്തു നിൽക്കുന്നുണ്ട്. ഞാൻ വിളിച്ചുകാണിയ്ക്കാം’’ സിസ്റ്റർ പറഞ്ഞു. അമ്മയെക്കാണുന്നതു തന്നെ എനിക്കിപ്പോൾ വേദനയായി തുടങ്ങി. പുഞ്ചിരിക്കുവാൻ ശ്രമിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറയുന്നത് എനിക്കു കാണാം.

‘മോൻ വിഷമിക്കേണ്ട. എല്ലാം വേഗം ശരിയാകും. ഉടനെതന്നെ നമുക്ക് വീട്ടിലേക്കു പോകാം’

 

അമ്മ അതുപറയുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞിരിക്കുന്ന നുണ എനിക്കു മനസ്സിലാകും. അമ്മ വരുമ്പോൾ മാത്രം ഞാൻ പുഞ്ചിരിക്കുവാൻ ശ്രമിക്കും. എന്റെ വേദന മാറിയതുകൊണ്ടല്ല. പാവം അമ്മ. വേദനിക്കരുതെന്ന് കരുതിയാണ്. ഈ കിടപ്പിലും അമ്മയുടെ സങ്കടം എന്നെ എത്രയാണ് വേദനിപ്പിക്കുന്നത്. ‘‘മോൻ എന്താ ആലോചിക്കുന്നത്?’’  അമ്മ ചോദിച്ചു.

എനിക്കു സംസാരിക്കുവാൻ കഴിയുകയില്ലെന്നമ്മക്കറിയാം. പക്ഷേ എന്റെ കണ്ണുകളുടെ അനക്കം അമ്മക്ക് മനസ്സിലാകും... കണ്ണുകളിലൂടെയാണ് ഞാനമ്മയ്ക്ക് ഉത്തരം നൽകുന്നത്. 

 

സിസ്റ്റർ കൊടുത്ത കസേരയിൽ അമ്മ ഇരുന്നു. എന്റെ മുഖംതടവി. ആ കൈകൾ എനിക്ക് ഈശ്വരന്റെ കൈകളായിരുന്നു. അമ്മയെ ഒന്നു കെട്ടിപ്പിടിക്കണമെന്ന് മനസ്സിലാഗ്രഹിച്ചു. പക്ഷേ ഞാൻ കയ്യും കാലും തളർന്നവനല്ലേ. ശ്വാസം വിടുന്നതുപോലും പലപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അമ്മേ... എനിക്കെങ്ങനെ അമ്മയെ കെട്ടിപ്പിടിക്കുവാൻ കഴിയും?. കുട്ടിക്കാലത്ത് അമ്മ ഭക്ഷണം വായിൽ വച്ചുതരുന്നത് ഓർമ്മവരുന്നു. അമ്മയ്ക്ക് എന്നോടായിരുന്നു കൂടുതൽ ഇഷ്ടം. ചേട്ടനത് എപ്പോഴും പറയാറുണ്ടായിരുന്നു. അമ്മ എന്നും എന്റെ കൂടെ നിൽക്കണമെന്നായിരുന്നു ആഗ്രഹം. നടക്കാത്ത ഒരു സ്വപനംകൂടി.

 

ഡോക്ടർ രോഗികളെ പരിശോധിക്കുവാൻ വരാറായി സിസ്റ്റർ അമ്മയാടുപറയുന്നത് കേട്ടു. എന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടായിരിക്കും അമ്മ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. ആ കണ്ണുനീരിന്റെ  ഉപ്പുരസം എന്റെ നാവിൻ തുമ്പിലെത്തി.

 

“ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞുവരാം” അമ്മ പറഞ്ഞു. വേദനയോടുകൂടി എന്നെ നോക്കി അമ്മ പുറത്തേക്കുപോയി.

“ഉണ്ണി വിഷമിക്കണ്ട... ഞാനുണ്ടല്ലോ ഇവിടെ’’.  നനഞ്ഞ തുണികൊണ്ട് എന്റെ മുഖവും ശരീരവും തുടക്കുന്നതിനിടയിൽ സിസ്റ്റർ പറഞ്ഞു. കൊച്ചു കുഞ്ഞിനോടെന്ന പോലെയാണവർ എന്നോടു പെരുമാറുന്നത്. കഥകൾ പറഞ്ഞുതരും... ഇടക്കെല്ലാം മധുരമുള്ള പ്രസാദത്തിന്റെ തരികൾ എന്റെ നാവിൽ വച്ചുതരും, പക്ഷേ. എനിക്കാ ചേച്ചിയുടെ പേരറിയില്ല. എന്തിനാണ് പേരറിയുന്നത്..? സിസ്റ്റർ എന്നുവിളിക്കുന്ന ഇവരെല്ലാം ചേച്ചിമാരല്ലേ? ഒരുപക്ഷേ അതിലും നല്ലത് മാലാഖമാരെന്നു വിളിക്കുന്നതായിരിക്കും,

 

‘‘ഉണ്ണീ ! അമ്മ പോയപ്പോഴേക്കും നീ ചിന്തിക്കുവാൻ തുടങ്ങിയോ? ഡോക്ടർ ഇപ്പോൾ കാണുവാൻ വരും, നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറോടുപറയണം’’, എല്ലാ രോഗികളോടും പറഞ്ഞ് സിസ്റ്ററിനത്  ശീലമായി.

 

‘‘ഹൗ ആർ യൂ ഉണ്ണീ’’ ഡോക്ടരുടെ എന്നത്തേയും ആദ്യത്തെ ചോദ്യമാണത്.

ഞാൻ കണ്ണ് നല്ലപോലെ തുറന്ന് ചിരിക്കുവാൻ ശ്രമിച്ചു. ഡോക്ടർ ഹാൻഡ് വാഷ് കൊണ്ട് കൈകഴുകി. രോഗികളെ തൊടുന്നതിനുമുൻപ് അങ്ങിനെ ചെയ്യണമത്രേ.. അല്ലെങ്കിൽ അണുബാധ ഉണ്ടാകും. ഒരു രോഗിയിൽനിന്ന് മറ്റ് രോഗികളിലേക്ക് അണുക്കൾ പരക്കും. 

 

ഡോക്ടർ എന്റെ ശരീരം മുഴുവൻ പരിശോധിച്ചു. “ഉണ്ണി നിന്റെ പനിയെല്ലാം കുറയുന്നുണ്ട്. ആന്റിബയോട്ടിക്ക് മാറ്റിയപ്പോൾ ശ്വാസകോശത്തിലെ അണുബാധയും മാറിത്തുടങ്ങി. ചിലപ്പോൾ മൂന്നു നാലു ദിവസത്തിനകം നിന്നെ വെന്റിലേറ്ററിൽനിന്ന് മാറ്റുവാൻ കഴിഞ്ഞേക്കും. എത്രനാളായി ഇതു കേൾക്കുവാൻ തുടങ്ങിയിട്ട്. ഡോക്ടർ എന്റെ രക്തത്തിലെ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഷുഗറിന്റെയുമെല്ലാം അളവുനോക്കി. അതെല്ലാം കൃത്യമായ രീതിയിൽ പരിഹരിക്കാനുള്ള നിർദ്ദേശവും കൊടുത്തു. ഇതെല്ലാം ശരിയാക്കിയില്ലെങ്കിൽ എന്റെ ഹൃദയം താളംതെറ്റിയടിക്കുമത്രേ. ഷുഗർ കുറഞ്ഞാൽ ഞാൻ കോമയിലേക്ക് പോകും.  ഇതെല്ലാം സിസ്റ്റർ പറഞ്ഞു തന്നതാണ്.  എനിക്കു ചിരിവന്നു.. മരണമെന്ന പരമമായ സത്യത്തെ തോൽപ്പിക്കുവാനുള്ള ചെയ്തികൾ എന്തൊക്കെയാണ്?  

പക്ഷേ എന്റെ ഈ ജീവിതം മരണത്തെക്കാൾ വേദനാജനകമാണെന്നിവർക്ക് മനസ്സിലാകുന്നില്ല.  ഇന്ന് എന്നെക്കാണാൻ വരുന്ന മൂന്നാമത്തെ ഡോക്ടറാണ്. പതിവു പോലെ ന്യൂറോസർജനു അനസ്തെറ്റിസ്റ്റും കണ്ടു. അതുകൂടാതെ ഇന്ന് മൂത്രം പോകുന്നത് കുറഞ്ഞതുകൊണ്ട്. നെഫ്രോളജിസ്റ്റും കണ്ടു. ഒരുപക്ഷേ എനിക്കിതിനേക്കാൾ എല്ലാം ആവശ്യം ഒരു മാനസിക രോഗവിദഗ്ധനെയല്ലെ? ഡോക്ടർ ചിരിച്ചു കൊണ്ട് കയ്യിൽ പിടിച്ചു. അടുത്ത രോഗിയുടെ അടുത്തേക്കു നീങ്ങി. അദ്ദേഹത്തിനറിയാം എന്നോടു കളവാണ് പറയുന്നതെന്ന്. അതുകൊണ്ട് ചിലപ്പോഴെല്ലാം എന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിക്കുന്നത്. ഒരു പക്ഷേ എന്റെ പ്രായത്തിലുള്ള ഒരു മകൻ അദ്ദേഹത്തിനും കാണാം.  

 

രാവിലത്തെ പരിശോധനകളെല്ലാം കഴിഞ്ഞ് സിസ്റ്റർ ദേഹമെല്ലാം ഒന്നുകൂടിത്തുടച്ചു വൃത്തിയാക്കി.  മൂക്കിൽ കൂടിയിട്ട ട്യൂബിലൂടെ പ്രഭാതഭക്ഷണവും കഴിച്ചു. അറിയാതെ കൺപോളകൾ മയക്കത്തിലേക്ക് ചാഞ്ഞടഞ്ഞു. ഒരു മധുര സ്വപ്നത്തിലേക്കു വഴുതി വീണു.

 

‘‘ഉണ്ണി നീ എന്നാ നാട്ടിലേക്ക് പോകുന്നത്? അച്ഛൻ ചോദിച്ചു. അടുത്ത മാസമാണ് പ്രവേശന പരീക്ഷ, ചേട്ടൻ എൻജിനിയറിങ് പഠിക്കുന്നതു കൊണ്ട് അനിയൻ മെഡിസിന് പഠിക്കണമെന്നാണ് അച്ഛന്റെയും അമ്മയുടേയുമാഗ്രഹം, എന്റെ ഇഷ്ടം ആരും ചോദിക്കുന്നില്ല. ഞാൻ പറഞ്ഞേനേ ചിത്രകല പഠിക്കുവാനാണെനിക്കിഷ്ടമെന്ന്... അച്ഛനോടൊന്നും എതിർത്ത് പറഞ്ഞു ശീലിച്ചിട്ടില്ല.

“അച്ഛൻ ടിക്കറ്റെടുത്തുകൊള്ളൂ.. എന്നായാലും എനിക്കു വിരോധമില്ല’’ ഉണ്ണി പറഞ്ഞു. “ഇന്നുതന്ന ടിക്കറ്റു ബുക്കുചെയ്യാം ഉണ്ണി അമ്മയുടെ കൂടെ നാട്ടിലേക്കു പൊയ്‌ക്കോളൂ. 

 

ജോലിയെല്ലാം തീർത്ത്, എനിക്കും കുറച്ചു വിശ്രമം വേണം. ചന്ദ്രൻ മനസ്സിൽ കരുതി. ഉണ്ണി പഠിക്കാൻ മിടുക്കനാണ്. അവന് മെഡിസിന് കിട്ടാതിരിക്കില്ല. മകൻ ഒരു ഡോക്ടറാകണമെന്ന ആഗ്രഹം സഫലീകരിക്കും. ചന്ദ്രൻ ഓർത്തു. കുറച്ചുനാൾ മുൻപാണ് ഉണ്ണിയുടെ ചിത്രകലാപാടവവും സംഗീതത്തിലുള്ള പാണ്ഡിത്യവും അറിഞ്ഞത്. അവൻ വരച്ച കുറേ ചിത്രങ്ങൾ അവന്റെ അമ്മ കാണിച്ചുതന്നു. മകൻ നന്നായി വരയ്ക്കും. കൂട്ടുകാർക്കെല്ലാം ഞാനത് കാണിച്ചുകൊടുത്തു. അവരുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അറിയാതെ മനസ്സിൽ ഉണ്ണിയെക്കുറിച്ചു അഹങ്കാരം ഉണ്ടായോ?

 

‘ഉണ്ണി, നിന്റെ ചേട്ടൻ ചെന്നയിൽ നിന്നുവന്നിട്ടുണ്ട്’... സിസ്റ്ററിന്റെ ശബ്ദം കേട്ട്‌ ഉണ്ണി മയക്കത്തിൽ നിന്നുണർന്നു. ഈശ്വരാ... ചേട്ടൻ.. ഞാനെങ്ങനെ കാണും... അമ്മ പറഞ്ഞിരുന്നു ചേട്ടൻ പരീക്ഷ കഴിഞ്ഞാലുടനെ വരുമെന്ന്. ചേട്ടന്റെ പരീക്ഷ എങ്ങിനെയുണ്ടായിരുന്നുവോ...?

“ഉണ്ണി .. ചേട്ടൻ മുൻപിൽ നിൽക്കുന്നതു നീ കണ്ടില്ലെ?’’  സിസ്റ്ററിന്റെ സ്വരം . കേട്ട് ഉണ്ണി കണ്ണുതുറന്ന് നോക്കി... ചേട്ടൻ മുൻപിൽ നിൽക്കുന്നു.  ചേട്ടന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകുന്നതു കാണാം.  കരച്ചിലടക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചേട്ടൻ വിതുമ്പുന്നതെനിക്കു കാണാം. ആ കൈകൾ എന്റെ നേരെ നീണ്ടുവരുന്നു. ‘ചേട്ടാ... എനിക്കു ചേട്ടനെ കെട്ടിപ്പിടിക്കണമെന്നും, ചേട്ടന്റെ കൂടെ കളിക്കണമെന്നുമെല്ലാം ആഗ്രഹമുണ്ട്.  പക്ഷേ... ഇനിയൊരിക്കലും എനിക്കതിനു കഴിയുകയില്ല...’ എന്നെ ആ രീതിയിൽ കാണുവാൻ കഴിയാത്തതുകൊണ്ടാ എന്തോ ചേട്ടൻ പെട്ടെന്നു തന്നെ കരഞ്ഞും കൊണ്ട് പുറത്തേക്കു പോയി.

 

“നിങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു അല്ലേ? ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കു തോന്നി’’.  സിസ്റ്റർ പറഞ്ഞതു ശരിയാണ്.  അമ്മയും അച്ഛനും പറയുമായിരുന്നു. എന്റെ മക്കൾ ഒരാത്മാവും രണ്ടും ശരീരവുമാണെന്ന്. ഈശ്വരൻ വിചാരിച്ചു കാണും... ഒരാത്മാവിന് ഒരു ശരീരം മതിയെന്ന്.  അതുകൊണ്ടായിരിക്കും ഈ ശരീരം ഇങ്ങിനെ വികൃതമാക്കിയത്. – ഉണ്ണി ആലോചിച്ചു.  

 

നാട്ടിലെത്തിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. അമ്മൂമ്മയും അപ്പൂപ്പനും വർഷത്തിലൊരിക്കൽ നാട്ടിലെത്തുമ്പോൾ തരുവാനായി എന്തെല്ലാമാണ് ഉണ്ടാക്കി വയ്ക്കുന്നത്.  ഇതൊന്നും ദുബായിൽ കിട്ടുകയില്ലെന്നാണ് അമ്മൂമ്മയുടെ വിചാരം.  പക്ഷേ അമ്മൂമ്മക്കൊരു കൈപ്പുണ്യമുണ്ട്.  അമ്മൂമ്മയുടെ പാചകം അതിവിശിഷ്ടമാണ്. എന്തുണ്ടാക്കിയാലും അതിനൊരു പത്യേക രുചിയാണ്. 

 

“ഉണ്ണി ചേട്ടൻ പോയതിനുശേഷം വളരെ വിഷമത്തിലാണല്ലോ” സിസ്റ്റർ വീണ്ടും ലോഹ്യം പറഞ്ഞുവന്നു. പാവം എന്തെല്ലാം ജോലിയാണിവർക്ക്... തന്റെ ഹൃദയമിടിപ്പും പ്രഷറും രക്തത്തിലെ ഓക്സിജന്റെ അളവും എല്ലാം നോക്കിക്കൊണ്ടിരിക്കണം. മണിക്കൂറിടവിട്ട് അതെഴുതി വയ്ക്കണം. ഓരോ മണിക്കൂറിലും വരുന്ന മൂത്രത്തിന്റെ അളവു നോക്കണം. മലം പോകുമ്പോൾ അതെടുത്തുകളഞ്ഞ് തന്നെ വൃത്തിയാക്കിക്കിടത്തണം.  ഇതെല്ലാം ചെയ്യുമ്പോൾ ഒരിയ്ക്കൽപ്പോലും അവരുടെ മുഖത്ത് ഭാവമാറ്റങ്ങൾ ഉണ്ടാകാറില്ല.  ഇവർ ശരിക്കും ഭൂമിയിലെ മാലാഖന്മാർ തന്നെ.  എന്നാലും ചിലപ്പോഴെല്ലാം ഇവർക്ക് ശകാരം കിട്ടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. ഉണ്ണി വീണ്ടും ഓർമ്മകളുടെ ലോകത്തേയ്ക്ക് തിരിച്ചുപോയി

 

ആ രാത്രിയിൽ എന്തിനെനിയ്ക്കങ്ങനെ തോന്നി?  ബൈക്ക് ഉണ്ണി നന്നായി ഓടിക്കുമെന്ന് എല്ലാവരും പറയുമായിരുന്നു.  ഞാൻ നിയമം പാലിയ്ക്കാതെ ഒരിയ്ക്കലും വണ്ടി ഓടിച്ചിട്ടില്ല.  പോകുന്നതിന് മുൻപ് ഒരു സിനിമ കാണണമെന്നു തോന്നി.  അപ്പുവും കൂടെ കൂടി.  തിയറ്ററിലേക്കു നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ. എന്തിനാണന്ന് വണ്ടിയെടുക്കുവാൻ തോന്നിയതെന്നിപ്പോഴുമറിയുന്നില്ല. തിയറ്ററിനടുത്തുള്ള വളവു തിരിഞ്ഞതോർമ്മയുണ്ട്. എങ്ങുനിന്നോ അതിവേഗത്തിൽ വന്ന കാർ ഞങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ദൂരെ തെറിച്ചു വീണ എനിയ്ക്ക് കയ്യും കാലും അനക്കുവാൻ പറ്റിയില്ല. അപ്പുവിനെന്തു സംഭവിച്ചു? അറിയില്ല. ഇതുവരെ എന്നോടാരും പറഞ്ഞിട്ടില്ല.  

 

പിന്നീടമ്മ പറഞ്ഞാണറിഞ്ഞത് കാറോടിച്ച പയ്യന് ലൈസൻസ് ഇല്ലായിരുന്നുവെന്നും, അവൻ മദ്യപിച്ചാണു വണ്ടി ഓടിച്ചതെന്നും. അവനെ ശിക്ഷിച്ചാൽ എനിക്കിനി എഴുന്നേറ്റു നടക്കുവാൻ പറ്റുമോ. ഇല്ല. എന്നെ ഈ നരകത്തിലേക്കു തള്ളിവിട്ട അവന്റെ അച്ഛനമ്മമാരെ ശിക്ഷിക്കണം.  എന്നാലേ, ഇനി എന്നെപ്പോലെ മരിച്ച ശരീരവും തണുത്തുറഞ്ഞ മനസ്സുമായി നരകയാതന അനുഭവിക്കുവാൻ വിധിക്കപ്പെട്ടവർ ഉണ്ടാകാതിരിക്കു..... 

 

കഴുത്തുതിരിക്കാൻ പറ്റുന്നില്ല. വളരെ വേദനയുണ്ട്.  ചിലപ്പോൾ സിസ്റ്റർ തലയ്ക്കു പിന്നിൽ തലയിണ വച്ചുതരും. കഴുത്തിനുതാഴെ വേദനയില്ലാത്തതു ഭാഗ്യം. ഡോക്ടർ വന്നപ്പോൾ പറയുന്നുണ്ടായിരുന്നു നടുവിലും ഇടപ്പിലുമെല്ലാം തൊലിപൊട്ടി വ്രണമായെന്ന്... അതിൽ പഴുപ്പുവന്നു. ആ പഴുപ്പെടുത്ത് അതിലുള്ള അണുക്കളേയും അതിനു പറ്റിയ ആന്റിബയോട്ടിക്കുകളേയും കണ്ടുപിടിക്കുവാനുള്ള പരിശോധന നടത്തി. വ്രണം വന്നാൽ അത് നഴ്സിങ്ങ് കെയറിന്റെ കുഴപ്പമാണ്. അതിനും കിട്ടി പാവം സിസ്റ്ററിനു പഴി...  ഇനിയിപ്പോൾ അടുത്തൊന്നും ഡിസ്ചാർജു ചെയ്യുമെന്നുതോന്നുന്നില്ല.  

 

ഡോക്ടർ വിശാൽ വരുന്നതെനിക്കിഷ്ടമാണ്. എല്ലാ ദിവസവും ഡോക്ടർ കുറച്ചുനേരം എന്റെ കൂടെ ചെലവഴിക്കും. ഡോക്ടറിന്റെ ലാപ്ടോപ്പിലെ സിനിമകൾ കാണിച്ചു തരും. എന്റെ രോഗം വളരെ നിസ്സാരമാണെന്ന രീതിയിലേ ഡോക്ടർ സംസാരിക്കു. ഒരനിയനോടെന്നപോലെയാണ് ഡോക്ടർ എന്നാടു പെരുമാറുന്നത്.  ഇന്ന് ഡോക്ടർ കുറച്ചു വ്യസനത്തോടു കൂടിയാണെന്നോടു സംസാരിച്ചത്. 

 

‘‘ഉണ്ണിയുടെ അച്ഛൻ നാളെ വരുന്നുണ്ട്. ഉണ്ണിയെ ബോംബെയിലേയ്ക്ക് കൊണ്ടു പോവുകയാണ്. അവിടെ തളർച്ച വന്ന രോഗികൾക്ക് റീഹാബിലിറ്റേഷനുള്ള സൗകര്യങ്ങൾ ഏറെ നല്ലതാണ്. കുറച്ചുനാൾ കഴിയുമ്പോൾ വീൽ ചെയറിലിരിക്കുവാനും, തനിയെ ഓടിക്കുവാനും കഴിയും’’  

ഡോക്ടർ വിശാലിനുള്ള ആത്മവിശ്വാസം എന്തായാലും എനിക്കില്ല. ഈ കിടപ്പിൽ നിന്നൊരു മോചനം എനിക്കുണ്ടാകുമോ? അറിയില്ല. നാളെ അച്ഛൻ വരും. അച്ഛനെക്കണ്ടിട്ട് കുറേനാളായി. അച്ഛൻ സമ്പാദിച്ചതെല്ലാം എന്റെ  ചികിത്സയ്ക്കായി ചെലവായിയെന്നാണ് തോന്നുന്നത്. വേദനയോടുകൂടി നെറ്റിയിൽ ഉമ്മവച്ചിട്ടാണ് അച്ഛൻ ദുബായിക്കുപോയത്. പോയില്ലെങ്കിൽ എനിക്കു ചികിത്സ ലഭിക്കുകയില്ലല്ലോ.

 

**********

 

തിരുനാവായയിൽ നാവാ മുകുന്ദനെ തൊഴുത് നിളാനദിയിലിറങ്ങി പ്രാർഥിക്കുമ്പോൾ ചന്ദൻ ആലോചിച്ചു. ഒന്നരവർഷം തന്റെ ജീവിതം എങ്ങിനെയെല്ലാം മാറി. മനസ്സിലുള്ള സ്നേഹം ഒരിക്കലും മക്കളെ അറിയിക്കുവാനെനിക്കു കഴിഞ്ഞില്ല. അപകടം പറ്റിയ മകന്റെ അടുത്തിരിക്കാൻ  ആഗ്രഹമുണ്ടെങ്കിലും അവന്റെ വേദനയും വിഷമവും കാണുന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. എങ്കിലും അവന്റെ അടുത്തിരിക്കുമ്പോൾ  അവനൊരാശ്വാസം ലഭിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒന്നര വർഷത്തോളം കിടന്ന കിടപ്പിൽ ഉണ്ണി ഒരുപാടു നരകയാതന അനുഭവിച്ചു.  നാവാമുകുന്ദന്റെ അനുഗ്രഹമായിരിയ്ക്കാം അവനെ അധികം വൈകാതെ തിരിച്ചുവിളിച്ചത്.

English Summary: Vidhiyude Vinodam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com