ADVERTISEMENT

തീപ്പെട്ടിക്കൂടുകൾ തുറക്കുമ്പോൾ... (കഥ)

ഇന്ന് ഫെബ്രുവരി ഇരുപത്തൊമ്പത്. നാല് വർഷം കൂടുമ്പോൾ മാത്രം ഒത്തുവരുന്ന അപൂർവ്വമായ ഒരു ദിവസം. 

പക്ഷേ! എനിക്കീ ദിവസം അതിലും അത്യപൂർവ്വമായൊരു ദിവസമാണ്. അതു കൊണ്ട് തന്നെ രാവിലെയുള്ള പതിവ് കുളി അൽപം വിസ്തരിച്ചാകാമെന്നു തീരുമാനിച്ചു. കുളിമുറിയിലേക്ക്

നടക്കുമ്പോൾ അടുക്കളയിൽ അമ്മയുടെ തട്ടലും മുട്ടലും അലുമിനിയം പാത്രങ്ങളുടെ കലപില ശബ്ദവും ഉയർന്നു കേൾക്കാം. 

എന്നാൽ ഞങ്ങൾ പെണ്ണുങ്ങൾക്ക്‌ ഇതൊന്നും അത്രയ്ക്ക് അരോചകമല്ല കേട്ടോ!. ഈ വക ശബ്ദങ്ങളാണ് സത്യത്തിൽ ഒരു വീടിന്റെ ഹൃദയമിടിപ്പ്. അതില്ലെങ്കിൽ പിന്നെ ഈ വീടാകെ ഉറങ്ങിപ്പോകും. അതില്ലാതെ ഞങ്ങളുടെ വീടിനെ കാത്ത് സൂക്ഷിക്കുന്നത് മറിയച്ചേടത്തിയാണ്.

അതായത് എന്റെ പുന്നാര അമ്മച്ചി. 

കുളിമുറിയിൽ അമ്മയെടുത്തു വച്ച ചുവന്ന ബക്കറ്റിലെ ചെറു ചൂടുവെള്ളം കപ്പ് കൊണ്ട് മെല്ലെ, ശരീത്തിലേക്കു കോരിയൊഴിക്കുമ്പോൾ, മേലാസകലം ഇക്കിളിയാവുന്നതു പോലെ തോന്നി. 

ചൂടുവെള്ളം തറയിൽ ഒഴുകി പരന്നപ്പോൾ ഒരു മൂലയ്ക്ക് ചുരുണ്ടു കൂടിക്കിടന്ന ചെങ്കല്ലിന്റെ നിറമുള്ള ഒരു തേരട്ട ഈർഷ്യയോടെ ചുമരിലേക്ക് വലിഞ്ഞു കയറാൻ ശ്രമം തുടങ്ങി. ഒരു കുഞ്ഞു തീവണ്ടി പോലെ അത് നേർരേഖയിൽ നടന്നു പോകുന്നത് കാണാൻ എന്തൊരു ശേലാണ്!.കുഞ്ഞായിരിക്കുമ്പോൾ അതിന്റെ കാലുകൾ എണ്ണി നോക്കാൻ താൻ എത്ര മാത്രം  പാടുപെട്ടിരിക്കുന്നു!. 

വാതിലിനു മുകളിൽ കിടന്ന തോർത്തു മുണ്ടെടുത്ത് നനഞ്ഞ ശരീരമെല്ലാം പതിയെ തുടച്ച് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ വീട്ടിലെ കിങ്ങിണിപ്പൂച്ച ശബ്ദമുണ്ടാക്കി കൊണ്ട് പുറകെ കൂടി. 

അമ്മയും ഞാനുമടങ്ങുന്ന വീട്ടിലെ മൂന്ന് പെണ്ണുങ്ങളിൽ ഇവളെ മാത്രം എന്റെ മുറിയിലേക്ക് ഞാൻ അടുപ്പിക്കാറില്ല. ഇത് എന്റെ മാത്രം സ്വകാര്യമുറിയാണ്. അതവൾക്കറിയാം. അത് കൊണ്ടാണ് അവൾ അകത്ത് കയറാതെ പുറത്തു കാത്തിരിക്കുന്നത്. 

ഇന്നാണ് സൈക്കാട്രിസ്റ്റായി ഞാൻ ചാർജെടുക്കുന്ന ദിവസം. 

കുളിച്ചു ഫ്രഷായി പള്ളിയിലേക്ക് നടക്കുമ്പോൾ പതിവില്ലാതെ ഒരു ഗമയൊക്കെ തോന്നി. 

ജീവിതത്തിലെ വലിയൊരാഗ്രഹം സാഫലമായതിന്റെ സന്തോഷവും പുതിയൊരു ജോലി തുടങ്ങാൻ പോകുന്നതിന്റെ അങ്കലാപ്പും എന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. 

കുർബാനയൊക്കെ കഴിഞ്ഞ് പള്ളിയിലെ അരണ്ട വെളിച്ചത്തിൽ മാതാവിനോട് പ്രാർത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും, എന്താണെന്നറിയില്ല! മനസ്സൊന്നു തണുത്തു. 

പുതുതായി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് മാതാവിനോട് പ്രാർത്ഥിക്കാൻ ആരാണ് എന്നെ പഠിപ്പിച്ചത് ? സ്വന്തം അമ്മ തന്നെ. അല്ലാതാരാ? അമ്മയുടെ നിശ്ചയദാർഢ്യം ഒന്നു കൊണ്ട് മാത്രമല്ലേ ഞാനിപ്പോൾ ഒരു കൊച്ചു ഡോക്ടറായി പരിശുദ്ധ അമ്മയുടെ മുൻപിൽ വന്നു നിൽക്കുന്നത്? 

പള്ളിയിൽ നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ നാട്ടുകാരുടെ കുശലാന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞു ഞാൻ മടുത്തു.ശ്യോ! ഈ അമ്മേടെ ഒരു കാര്യം! ഞാനിന്നു പ്രാന്തിന്റെ ഡോക്ടറായി ചാർജെടുക്കുവാണെന്ന് അറിയാത്തവരായി ഈ നാട്ടിൽ  ഇനിയാരുമുണ്ടെന്നു തോന്നുന്നില്ല!. 

മുറ്റത്തേക്ക് കയറുമ്പോഴേ കണ്ടു. ഒരു കയ്യിൽ ചൂട് ചായയും മറുകയ്യിൽ പ്രാതലുമായി എന്നെയും കാത്ത് അമ്മ ഉമ്മറത്തു തന്നെ നിൽക്കുന്നത്. 

ഞങ്ങൾ ഈ രണ്ടു പെണ്ണുങ്ങൾക്കുമിടയിൽ ഒരു പെണ്ണ് കൂടിയുണ്ടെന്നു ഞാൻ മുൻപ് പറഞ്ഞില്ലേ?.

അതാണ് നേരത്തെ നിങ്ങൾ കണ്ട കിങ്ങിണിപ്പൂച്ച. 

 

എന്നെ ഊട്ടിക്കഴിഞ്ഞാൽ ഇനി അവളുടെ ഊഴമാണ്. അതും കൂടി കഴിഞ്ഞാലേ അമ്മ ആഹാരം കഴിക്കൂ. 

 

കിങ്ങിണിക്ക് ആഹാരം കൊടുത്ത് അമ്മ അടുക്കളയിലേക്കു നടക്കുമ്പോൾ ഞാൻ മുറിയിൽ കയറി കണ്ണാടിയിൽ ഒന്നു കൂടി എന്റെ ചന്തം നോക്കി നിന്നു. 

 

‘‘മോളെ നേരം ഒത്തിരിയായി ഇറങ്ങുന്നില്ലേ?.’’

 

‘‘നീയെന്തെടുക്കുവാ അവിടെ?.’’ അമ്മയുടെ സ്വരം ഇങ്ങടുത്തെത്തികൊണ്ടിരിക്കുന്നു 

 

‘‘അമ്മേ  ഞാൻ ദാ വരുന്നു.’’

 

കയ്യിൽ ബാഗും തൂക്കി മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അമ്മയും കിങ്ങിണിയും എന്നെ യാത്രയാക്കാൻ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. 

 

കിങ്ങിണി അവൾക്കറിയാവുന്ന ഭാഷയിൽ കുശലം പറഞ്ഞ് ഞാനുടുത്ത പുതിയ മസ്റ്റാർഡ് യെല്ലോ സാരിയുടെ അരികു പറ്റി ചുറ്റിപ്പറ്റി നിന്നു. 

 

അമ്മയുടെ നോട്ടത്തിനു പിടികൊടുക്കാതെ ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കരച്ചിലടക്കാൻ ഞാൻ നന്നേ പാടുപെട്ടു. 

 

പുതിയ ഡോക്ടർക്കുള്ള സ്വീകരണവും പതിവുള്ള പരിചയപ്പെടുത്തലുകളും കഴിഞ്ഞ് ഡ്യൂട്ടി റൂമിലെ കസേരയിലി രിക്കുമ്പോൾ പുറത്ത് മഴ അതിന്റെ ലാസ്യനടനം തുടങ്ങിയിരുന്നു. 

 

നേർത്ത പിങ്ക് നിറമുള്ള ജാലകവിരിയിലൂടെ മഴയുടെ താളം ആസ്വദിച്ചിരിക്കുമ്പോൾ, ഞാനാ പഴയ പാവാടക്കാരിയായ് മാറിത്തുടങ്ങിയോ?. 

 

പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ ചെയ്യാറുള്ളത് പോലെ ഞാനെന്റെ ചെവികൾ പതിയെ അടയ്ക്കുകയും, തുറക്കുകയും ചെയ്തുനോക്കി. കാതുകൾ പതിയെ അടയ്ക്കുകയും, തുറക്കുകയും ചെയ്യുമ്പോൾ കേൾക്കുന്നതെന്താണ്?. 

 

അപ്പന്റെയും അമ്മയുടെയും ഉച്ചത്തിലുള്ള വഴക്കിടൽ അല്ലേ ആ കേൾക്കുന്നത്!. 

 

അപ്പനുമമ്മയ്ക്കും വഴക്കിടാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണമെന്നില്ല. നല്ല മഴയുള്ള ദിവസങ്ങളിൽ അവരുടെ കലഹത്തിനിടക്ക്, ഇരു ചെവികളും അടയ്ക്കുകയും തുറക്കുകയും ചെയ്തു കളിക്കുന്നത് എന്റെ ഒരു വിനോദമായിരുന്നു. 

 

അതിനിടക്ക് എനിക്കു പരിചയമില്ലാത്ത പലതരം  വാക്കുകളും, ഗോഷ്ടികളും അവർ തമ്മിൽ കാണിക്കുമായിരുന്നു. 

 

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു അമ്മയും അപ്പനും തമ്മിൽ വേർപിരിയുന്നത്. 

 

ഓർമ്മകളുടെ മഴച്ചാറ്റിൽ ഈറനണിഞ്ഞ മനസ്സിനെ കുടഞ്ഞുണക്കി വർത്തമാനകാലത്തിലേക്ക് തിരിച്ചു വരുമ്പോൾ, എന്റെ ആദ്യത്തെ പേഷ്യന്റ് വാതിൽ തുറന്നകത്തേക്ക് കടന്നു വരികയായിരുന്നു. 

 

ഏകദേശം 35/40 വയസ്സുള്ള ഒരു സ്ത്രീയും 10/11 വയസ്സ് പ്രായമുള്ള  ഒരു പെൺകുട്ടിയും. ദൈന്യതയും അങ്കലാപ്പും നിറഞ്ഞ ഒരു മുഖമായിരുന്നു അവരുടേത്. കണ്ണുകളിൽ അരക്ഷിതത്വം മുറ്റി നിൽക്കുന്നു. 

 

‘‘ഇരിക്കൂ ’’ 

 

അടുത്തുള്ള കസേര ചൂണ്ടി ഞാൻ പറഞ്ഞു. 

 

‘‘കൂടെയുള്ളതാരാണ്? മകളാണോ?’’ 

 

അവർ അതേയെന്ന അർഥത്തിൽ തലയാട്ടി കൊണ്ട് ദൈന്യഭാവത്തിൽ എന്റെ മുഖത്തേക്കു നോക്കി. കൈത്തണ്ടയിലെ മുറിവിൽ നിന്നും അപ്പോഴും രക്തം പൊടിയുന്നുണ്ടായിരുന്നു. 

 

‘‘ഡോക്ടറെ അത്...’’ 

 

പറയാൻ വന്ന വാക്കുകൾ പാതി വഴിയിൽ നിർത്തി ആ സ്ത്രീ എന്നേയും, നഴ്സിനെയും മാറി മാറി നോക്കി. 

 

അവരുടെ കണ്ണുകളിലെ കടലാഴങ്ങളിൽ ഞാനൊരു നിമിഷം  മുങ്ങി തപ്പി നോക്കി. പങ്കു വെയ്ക്കപ്പെടാത്ത വ്യഥകളും സങ്കടങ്ങളും  ആരോടൊക്കൊയോ പങ്കു വെക്കുവാൻ വെമ്പുന്ന ഒരു സ്ത്രീ ഹൃദയം ഞാനവിടെ കണ്ടു. 

 

വേറൊരാളുടെ സാന്നിധ്യമാണ് അവരുടെ മനസ്സ് ഇപ്പോഴും അടഞ്ഞു കിടക്കാൻ കാരണമെന്ന് മനസ്സിലാക്കിയ ഞാൻ കൂടെയുള്ള നഴ്സിനോട് പുറത്ത് കാത്ത് നിൽക്കാൻ  ആംഗ്യം കാണിച്ചു. 

 

നഴ്സ് പുറത്ത് പോയതിന് ശേഷം ഞാൻ അവരുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി കൊണ്ട്‌ ചോദിച്ചു. 

 

‘‘ഇപ്പോൾ ഞാനും ചേച്ചിയും മാത്രമേ ഇവിടെയുള്ളൂ മടിക്കണ്ട പറഞ്ഞോളൂ’’

 

അവരുടെ മനസിന്റെ വാതായനങ്ങൾ പതിയെ തുറന്ന് വരുന്നത് ഞാനവരുടെ കണ്ണിന്റെ കൃഷ്ണമണികളിൽ തെളിഞ്ഞു കണ്ടു. 

 

മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ അവർ ഒരു തീപ്പെട്ടിക്കൂട് തേടി. അതിൽ ആരും കാണാതെ സൂക്ഷിച്ചു വച്ച തീപ്പെട്ടിപടങ്ങൾ അവരെന്റെ മുൻപിലേക്ക് കുടഞ്ഞിട്ടു. 

 

സ്കൈലാബ്,

ക്‌ളാവർ,

മണി, 

 

തീപ്പെട്ടി പടങ്ങൾ ഓരോന്നായി എന്റെ മുന്നിലേക്ക് പാറി വീഴുകയാണ്. 

 

ഏറ്റവും ഒടുലായി വീണത് ഒരു കാളക്കൂറ്റന്റെ പടമായിരുന്നു . 

 

അത് ചൂണ്ടിക്കാണിച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു. 

 

‘‘ഇത് പോലെയായിരുന്നു എന്റെ ഭർത്താവും. മൂക്ക് കയർ പൊട്ടിച്ച്, മുക്കറയിട്ട് ഓടിയടുക്കുന്ന ഒരു കാളക്കൂറ്റനെപ്പോലെ.’’

 

ആ സ്ത്രീ പല്ലിറുമ്മി. 

 

‘‘അയാളുടെ ശരീരവും, മനസ്സും ആ ‘ഒരൊറ്റ കാര്യത്തിൽ’ മാത്രമാണ്’’

 

‘‘ഇന്ന് വരെ അയാളെന്റെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കിയിട്ടില്ല.’’ 

 

‘‘കുടിച്ച് കുന്തം മറിഞ്ഞു കിടപ്പറയിൽ കയറിവരുന്ന അയാൾക്ക് എന്റെ ഇഷ്ടങ്ങളോ,

അനിഷ്ടങ്ങളോ ഒരു പ്രശ്നമായിരുന്നില്ല.’’

 

ഒഴുകുന്ന നദി പോലെ അവർ സംസാരം തുടർന്നു. 

 

‘‘അയാളുടെ കൈക്കരുത്തിൽ അഴിയാൻ കൂട്ടാക്കാതെ എന്റെ അടിപ്പാവാടയുടെ കടും കെട്ടുകൾക്ക് എത്ര നാൾ ചെറുത്തു നിൽക്കാനാവും?’’ 

 

അവർ എന്റെ മുഖത്തേക്ക് ചോദ്യശരമെറിഞ്ഞു. 

 

‘‘മുഴുവനായി കീഴടങ്ങിയിതിനു ശേഷവും നടത്തപ്പെടുന്ന ബലാത്‌കാരങ്ങളായിരുന്നു എല്ലാം.’’ 

 

നിസ്സഹായായ ഒരു പെണ്ണിന്റെ മനസ്സോടെ അവർ വീണ്ടും പറഞ്ഞു തുടങ്ങി. 

 

‘‘സ്നേഹത്തോടെയുള്ള ഒരു നോക്ക്, ഒരു വാക്ക്...’’

 

ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവർ തുടർന്നു.

 

‘‘കൊതിച്ചു പോയിട്ടുണ്ട് ഡോക്ടറെ ഞാൻ’’

 

‘‘കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾക്ക്‌ തോന്നുമ്പോ ഇറങ്ങിപ്പോകാനും, ചെന്ന് കയറാനും സ്വന്തമായി ഒരു വീടുണ്ടോ?’’

 

‘‘എന്തൊക്കെയായാലും ഞാനുമൊരു പെണ്ണല്ലേ? എനിക്കുമില്ലേ സ്നേഹം കൊതിക്കുന്ന ഒരു മനസ്സ്?’’ 

 

ഒറ്റമരക്കൊമ്പിൽ ഒറ്റക്കിരിന്നു കരയുന്ന ഒരു കിളിയെപ്പോലെ അവർ കരഞ്ഞു തുടങ്ങി. 

 

‘‘ചുറ്റിനും ഇരുട്ട് വന്നു മൂടിയ ഒരു നിമിഷത്തിൽ ഞാനെന്റെ കൈത്തണ്ട മുറിച്ചു’’

 

അവരുടെ ആത്മരോഷം മഴയായ് പെയ്തിറങ്ങുമ്പോൾ, ഞാനെന്റെ കാതുകൾ പതിയെ അടക്കുകയും തുറക്കുകയും ചെയ്തു നോക്കി. 

 

അപ്പോൾ ഞാനവിടെ എന്റെ അമ്മയെ കണ്ടു. അവ്യക്തമായി അപ്പന്റെ രൂപവും.

 

English Summary: Writers Blog - Theeppettikkoodukal Thurakkumbol, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com