പ്രണയം എന്ന സ്വപ്നം നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി

-lover-looking-beautiful-sunset
Representative Image. Photo Credit : Yupgi / Shutterstock.com
SHARE

ഗുൽമോഹർ... (കഥ)

അകലെ നീലാകാശത്തിലേക്ക് നോക്കിയിരിക്കെ അവൾ പെടുന്നനെ അവന്റെ നേരെ മുഖം തിരിച്ചു.

‘‘അശോക ചക്രവർത്തി’’ എന്തൊരു അളിഞ്ഞ പേരാണെടാ നിന്റെ.....? 

‘‘ഗുൽമോഹർ ... നിന്റെ പേര് നല്ലതാണ് എന്ന് വച്ചു വലിയ ജാഡയൊന്നും വേണ്ടാ കേട്ടോ... ആ പേര് പെണ്ണിന്റെ തന്നെയാണോ എന്നൊരു സംശയമില്ലാതില്ല എനിക്ക്, പിന്നെ നിന്റെ സ്വഭാവം ആൺപിള്ളേരെ പോലെ അല്ലേടീ ?’’

അശോക് ഇടംകണ്ണിട്ട് അവളെ നോക്കികൊണ്ട്  അലസമായി പറഞ്ഞു,

‘‘ആണോ?? ഇങ്ങോട്ട് നോക്കെടാ ഞാൻ തെളിയിച്ചു തരാം എന്റെ സ്വഭാവം ആണിന്റെ ആണോ അതോ പെണ്ണിന്റെയാണോയെന്ന് ..!!’’

ഇരുകൈകളും നിവർത്തി അശോകിന്റെ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊണ്ട് ഗുൽമോഹർ അരിശത്തിൽ പറഞ്ഞു.

‘‘കൊല്ലെടീ എന്നെ അങ്ങ്, കണ്ടനാള് തൊട്ട് എന്നെ പിച്ചികീറി കൊല്ലുവല്ലേ ഈ യക്ഷി,, ഹോ എന്തൊരു അടക്കത്തിലും ഒതുക്കത്തിലും വളർന്ന ഒരു ചെറുക്കനായിരുന്നു ഈ ഞാൻ.. നിന്റെ കൂടെ കൂടി ഇപ്പോൾ നാട്ടിലും വീട്ടിലും അലമ്പനായി മാറി’’

അശോക് അവളുടെ കൈകൾ തന്റെ കഴുത്തിൽ നിന്നും വിടർത്തിമാറ്റിയിട്ട് ഗുൽമോഹറിനെ നോക്കി  പറഞ്ഞു. അവളുടെ മുഖം വാടിയിരുന്നു, അശോകിന്റെ അധരത്തിൽ ഒരു ചിരിമിന്നിമാഞ്ഞു. അവൻ തന്റെ വലത്തേ കയ്യ് അവളുടെ ഇടുപ്പിലൂടെ കടത്തി ചുറ്റിപിടിച്ചു ആ കലിപ്പത്തി പെണ്ണിനെ തന്റെ ദേഹത്തേക്ക് ചേർത്ത് വച്ചു അവളുടെ കാതോരം മൊഴിഞ്ഞു

‘‘പിണങ്ങിയോ എന്റെ അലസിപ്പൂമരം? ടീ പൊട്ടിക്കാളീ  വേനൽക്കാലത്ത്പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരുമരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. ആ പൂമരം പോലെയാണ് എനിക്ക് നീയും നിന്റെ ഈ കുറുമ്പ് നിറഞ്ഞ പ്രണയഭാവങ്ങളും.’’

അശോക് തന്റെ തല ഗുല്മോഹറിന്റെ തോളിലേക്ക് ചാരി വച്ചു.

‘‘ടീ കോളർ ബോൺസ് കാണിക്കുന്ന ഈ ടോപ് ഇടരുത് എന്ന് ഞാൻ നിന്നോടു എപ്പോഴും പറയാറില്ലേ, നോക്കിക്കേ നിന്റെ  ബ്രാ സ്ട്രാപ്പ് വരെ പുറത്ത് കാണുന്നുണ്ട്. എപ്പോഴും ഈ ക്രീമും വൈറ്റും മാത്രം ട്രൈ ചെയ്യാതെ വല്ലപ്പോഴും ബ്ലാക്കും പരീക്ഷിക്കണേ എനിക്കതാണ് ഇഷ്ടം..’’

‘‘പോടാ..... വായിനോക്കി....’’

അവൾ ജ്യാള്യതയോടെ പറഞ്ഞു,,

‘‘ഞാൻ ഈ ടൈപ്പ് കുർത്തയെപറ്റിയാണ് പറഞ്ഞത് നീ എന്ത്‌ കരുതി??’’

അവളുടെ മുഖം എന്തിനെന്നു അറിയാതെ നാണത്താൽ ചുവന്നു തുടുത്തു.

‘‘അപ്പോൾ നിനക്കും ഈ നാണമെന്ന വികാരം ഒക്കെയുണ്ട് അല്ലെടീ ചെങ്കീരി...’’

ഗുൽമോഹർ എന്ന ആ അലസിപ്പൂമരം ലജ്ജയാൽ തുടുത്തു പോയ തന്റെ മുഖം അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി വച്ചുകൊണ്ട് അശോകിനെ തന്റെ ഇരുകൈകളും നീട്ടി ചുറ്റി വരിഞ്ഞു പിടിച്ചു ഉറക്കെ ചിരിച്ചു, ആ ചിരി നോക്കിയിരിക്കെ അശോകിന് തനിക്ക് ചുറ്റും ഒരു ഗുൽമോഹർ മരം പൂവിട്ടു നിൽക്കുന്നതായി തോന്നി. 

ആദ്യമായി തന്റെ മനസിൽ പ്രണയം എന്ന വികാരം പൂവിട്ടു തളിർത്തത് ഇവളെ കണ്ടനാളിൽ ആയിരുന്നു, ബാംഗ്ലൂർ നഗരത്തിനു മീതെ മഴ പെയ്തു തകർക്കുന്ന ഒരുച്ചനേരം, പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഹൈടെക് കാമ്പസ് ആ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊസൂര്‍ റോഡിലെ ഇലക്ട്രോണിക് സിറ്റിയിലാണ് ഈ കാമ്പസ്. 81 ഏക്കറില്‍ പരന്നുകിടക്കുന്ന കാമ്പസിലെ പ്രധാന ആകര്‍ഷണം ഗ്ലാസ് പിരമിഡ് കെട്ടിടമാണ്. കെട്ടിടങ്ങളില്‍ക്കിടയില്‍ നിലനിര്‍ത്തിയിരിക്കുന്ന പച്ചപ്പ് നല്‍കുന്ന കുളിര്‍മ്മ അനുഭവിക്കേണ്ടതു തന്നെയാണ്. മൊത്തം ആറായിരത്തിലേറെ മരങ്ങളും ചെടികളുമുണ്ടിവിടെ.

കാമ്പസിൽ നിന്ന് തന്റെ ഷിഫ്റ്റ്‌ ടൈം കഴിഞ്ഞു പുറത്തേക്ക് പോകാനായി ഇറങ്ങവേ അശോക് പുറത്ത് തിമിർത്തു പെയ്യുന്ന മഴ കണ്ട് അറിയാതെ അവിടെ തന്നെ നിന്നുപോയി, നാട്ടിലെ പച്ചപ്പും കുളിർമയും ഒരുപോലെ മനസിലേക്ക് കടന്നു വന്നു എന്നയാൾക്ക് തോന്നി, മഴ പെയ്തു തോർന്നതും അവൻ പാർക്കിങ്ങിലേക്ക് ഇറങ്ങി ഓടി, ഓടിച്ചെന്ന് പാർക്കിങ്ങിലേക്ക് കയറാൻ ഒരുങ്ങവെ അതുവഴി അതിവേഗം പാഞ്ഞു വന്ന ഒരു അവെഞ്ചർ ബൈക്ക് അശോകിന്റെ മേലേക്ക് വെള്ളം ചീറ്റി തെറിപ്പിച്ചു മുന്നോട്ട്കടന്നു പോയി, മുഖം തുടച്ചു കൊണ്ട് അവൻ ഉറക്കെ വിളിച്ചു ചോദിച്ചു..

‘‘നിമഗേ കണ്ണുകളില്ല? (നിനക്കൊന്നും കണ്ണില്ലേടാ ??)‘‘

ബൈക്ക് പോയ വേഗത്തിൽ കറങ്ങി തിരിഞ്ഞ് അവന്റെ മുന്നിൽ  ബ്രേക്ക്‌ ഇട്ടു നിന്നു, അശോക് ദേഷ്യപ്പെടാൻ ഒരുങ്ങിയതും ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ്‌ തലയിൽ നിന്നെടുത്തു മാറ്റി, അതൊരു പെൺകുട്ടിയായിരുന്നു,അശോക് അവളെ കണ്ടു ഒരു നൊടി നിശബ്ദനായി നിന്നുപോയി, ഹെൽമെറ്റ്‌ പെട്രോൾ ടാങ്കിനു മുകളിൽ വച്ചു അതിനുമേൽ കയ്യൂന്നി തലകുടഞ്ഞു അവന് നേരെ അവൾ തന്റെ മുഖം തിരിച്ചു. 

‘‘അത് തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്, കണ്ണില്ലെടോ തനിക്ക്, ഞാൻ ബൈക്ക് സൈഡിലേക്ക് മാറ്റിയില്ലായിരുന്നു എങ്കിലേ ഇപ്പോൾ ചേട്ടൻ ഭിത്തിയിൽ പടമായേനെ..’’

‘‘ഹെലോ... ഇങ്ങോട്ട്..’’

അവൾ  അയാൾക്ക് നേരെ വിരൽ ഞൊടിച്ചു. അശോക് അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി അവൻ ഒരു നിമിഷം നിന്നു..

‘‘ഇതിന്റെ ഫിലമെന്റ് അടിച്ചു പോയോ കർത്താവെ??,, ഹെലോ ചേട്ടാ?? ഇല്ലി നോടി’’

‘‘എന്റെ കാർ സ്റ്റാർട്ട്‌ ആകുന്നില്ല, യൂബർ വിളിക്കാമെന്ന് വച്ചാൽ,, ഫോൺ ഡെഡ് ആണ്, if you dont മൈൻഡ് അടുത്ത ബസ്‌സ്റ്റോപ്പിൽ എന്നെ ഡ്രോപ്പ് ചെയ്യാമോ ??’’

അശോക് സ്വപ്നത്തിലെന്നവണ്ണം അവളോട് മെല്ലെ ചോദിച്ചു,,

‘‘ങേ.... മലയാളി ആയിരുന്നോ...ആ.. വന്നു കയറിക്കോ’’

അവൾ അലസമായി പറഞ്ഞു കൊണ്ട് പെട്രോൾ ടാങ്കിനു മുകളിൽ ഇരുന്ന ഹെൽമെറ്റ്‌ എടുത്തു ധരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, അശോക് അവൾക്ക് പിന്നിലേക്ക് വന്നു കയറി ഇരിക്കാൻ തുടങ്ങവേ അവൾ അവനെ തന്നെ ആപാദചൂഡം ഒന്ന് വീക്ഷിച്ചു..

‘‘നിങ്ങൾ എന്റെ ഭാര്യ ഒന്നുമല്ലലോ?? മര്യാദയ്ക്ക് നേരെ കയറി ഇരിക്ക്,,

അശോക് ചിരി കടിച്ചമർത്തി അവൾക്ക് പിന്നിലായി ബൈക്കിൽ കയറി ഇരുന്നു,

‘‘പിടിച്ചിരുന്നോണം പിന്നെ താഴെ വീണു, ഞാൻ തള്ളിയിട്ടു എന്നൊന്നും പറയരുത്’’

‘‘ഇല്ല...’’

അവൻ ചിരിയോടെ പറഞ്ഞു. ബൈക്ക് കാമ്പസ്സ് ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് തിരിഞ്ഞു, ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു, നല്ല തണുപ്പും, എന്തോ അശോകിന് ആ യാത്രയും.. കൂടെയുള്ള സഹയാത്രികയെയും പെട്ടന്ന് തന്നെ ഒരുപാട് ഇഷ്ടമായി, പെടുന്നനെ അവൾ ഒന്ന് ബ്രേക്ക്‌ ചവിട്ടി, ഓർക്കാപ്പുറത്ത് ആയതിനാൽ നിയന്ത്രണം നഷ്ടപെട്ട അശോക് അവളുടെ തോളിലേക്ക് തന്റെ മുഖം ചേർത്ത് വച്ചു, അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ വലയം ചെയ്തു. അശോകിന്റെ തണുത്ത മൂക്കിൻ തുമ്പ് അവളുടെ ചെവിയോട് ചേർന്നു, അവളുടെ മുടിയിൽ നിന്നും ദേഹത്തു നിന്നും ഉയരുന്ന സൗരഭ്യം അവന്റെ നിശ്വാസവുമായി കൂടിക്കലർന്നു, ബൈക്കിന്റെ വേഗത കുറഞ്ഞു..

‘‘സോറി.... അറിഞ്ഞുകൊണ്ടല്ല പെങ്ങളെ, ഇയാൾ പെട്ടന്ന് ബ്രേക്ക്‌ ചവിട്ടിയപ്പോൾ..’’

അവളുടെ ഇടുപ്പിൽ നിന്നും തന്റെ കൈകൾ പിൻവലിച്ചു അവൻ തിടുക്കത്തിൽ പറഞ്ഞു...

‘‘ഡോ മ.,,, മ... അലെൽ വേണ്ടാ ഡോ മത്തങ്ങ തലയാ കേറി ഇരിക്കുന്നതിനു മുൻപേ ഞാൻ തന്നോട് ഒരു നൂറു വട്ടം പിടിച്ചിരിക്കാൻ പറഞ്ഞിരുന്നോ? ആങ്ങള എവിടെ നോക്കിയാണ് ഇരിക്കുന്നെ,, ദേ എനിക്കൊരുപാട് കുമ്പിട്ടു പറയാൻ ഒന്നും അറിയില്ല,,. ഞഹ്.’’

അവൾ ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും അശോക് ഉറക്കെ പൊട്ടിച്ചിരിച്ചു, ആ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നു പിടിച്ചു, അവന്റെ ചിരി ഇടംകണ്ണാലെ വീക്ഷിച്ചു കൊണ്ട് അവൾ ബൈക്ക് വീണ്ടും സ്റ്റാർട്ട്‌ ചെയ്തു, കുറച്ചു ദൂരം മുന്നോട്ട് പോയി 

അടുത്ത് കണ്ട ബസ്റ്റ്പ്പിനോട്‌ ചേർത്ത് അവൾ തന്റെ ബൈക്ക് ഒതുക്കി നിർത്തി, അശോകിന് നേരെ തിരിഞ്ഞു ഇറങ്ങാൻ ആംഗ്യം കാണിച്ചു, അശോക് മനസില്ലാമനസോടെ ബൈക്കിൽ നിന്നിറങ്ങി.. 

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പോകുന്നതിനു മുൻപ് അവൾ അവന് നേരെ നോക്കി പറഞ്ഞു.

‘‘ഗുൽമോഹർ...’’

അശോക് ഒന്നും മനസിലാകാതെ അവളെ മിഴിച്ചു നോക്കി..

‘‘ഗുൽമോഹർ... എന്റെ പേര്..’’ 

ഗുൽമോഹർ... അശോക് പതിയെ ഉരുവിട്ടു..

‘‘അതെന്റെ പേര്ചേട്ടന്റെയോ.??’’ അവൾ മിഴികൾ അവന് നേരെ ഉയർത്തി ..

‘‘അശോക്...’’

‘‘ഓക്കേ..അപ്പോൾ നമ്മുക്ക്പിന്നെ കാണാം അക്കോസേട്ടാ...’’

ബൈക്ക് അതിവേഗം അകന്ന് പോയി.... അവളുടെ ശബ്ദം തനിക്ക് ചുറ്റും ഇപ്പോഴും അലയടിക്കുന്നതായി അശോകിന് തോന്നി..

‘‘അക്കോസേട്ടൻ...’’

അശോക് പുഞ്ചിരിയോടെ റോഡ് ക്രോസ്സ് ചെയ്തു ബസ് സ്റ്റാൻഡിനു അരികിലായി പാർക്ക്‌ ‌ ചെയ്തിരുന്ന ഒരു ടാക്സിയുടെ അരികിലേക്കു നടന്നു ചെന്നു കയറിയിരുന്നു, തിരികെ കാമ്പസിലെ തന്റെ പാർക്കിംഗ് ലോട്ടിൽ എത്തി കാർ എടുത്തു ഫ്ലാറ്റിലേക്ക്ഡ്രൈവ് ചെയ്തപ്പോഴും അവന്റെ ചുണ്ടിൽ ആ പേര് തങ്ങി നിന്നിരുന്നു, ഗുൽമോഹർ,,,

അശോക് ചക്രവർത്തി പേരുപോലെ തന്നെ വ്യത്യസ്തനായ ഒരു ചെറുപ്പക്കാരൻ, മിക്കവാറുമുള്ള എല്ലാ എൻജിനീയറിംഗ് ബിരുദധാരികളെ പോലെ ബാംഗ്ലൂർ എന്ന ഐ ടി നഗരത്തിന്റെ ഒഴുക്കിൽ വന്ന് അലിഞ്ഞു ചേർന്നിട്ട് വർഷങ്ങൾ ആയി, കോട്ടയത്ത് ഏറ്റുമാനൂർ ശിവ ക്ഷേത്രത്തിനരുകിൽ ആണ് അശോകിന്റെ വീട്, അച്ഛനും അമ്മയും റിട്ടയർ അധ്യാപകർ, ഒറ്റമകൻ, അധ്യാപകരുടെ മകനായത് കൊണ്ടാകാം ഒരു പക്ഷേ അശോക് തന്റെ ജീവിതം എന്നും ഒരു നിയന്ത്രണരേഖയ്ക്കുള്ളിൽ ഒതുക്കി വച്ചിരുന്നു,, മറ്റുള്ളവരെ പ്രീതിപെടുത്താൻ ആയിരുന്നോ അത് എന്ന് ചോദിച്ചാൽ ചിലപ്പോൾ അവന് ഉത്തരം ഒന്നുമില്ലായിരുന്നു തന്നോട് തന്നെ, ബാംഗ്ലൂർ എന്ന ഈ സ്വപ്നനഗരത്തിൽ എത്തിച്ചേർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അശോകിൽ സ്ഥായിയായ മാറ്റങ്ങൾ  ഒന്നും കടന്നു വന്നിരുന്നില്ല, അവന്റെ ജീവിതത്തിൽ സ്ത്രീകൾ എന്ന് പറയാൻ ആണെങ്കിൽ അമ്മയും ഒപ്പം പഠിച്ച കുറച്ച് സഹപാഠികളും മാത്രം, ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആണെങ്കിലോ അവനിലെ ഒതുങ്ങി കൂടി നടക്കുന്ന പുരുഷനെ ഇഷ്ടപ്പെടാൻ കഴിഞ്ഞിരുന്ന പെൺകുട്ടികൾ കുറവായിരുന്നു , തിരിച്ചവനും അതെ അവസ്ഥ ആയിരുന്നു.

അശോകിന് വേണ്ടിയിരുന്നത് ഒരു വായാടി പെണ്ണിനെ ആയിരുന്നു, ഒരിക്കൽ താൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ആരെയും ഭയക്കാതെ അനുവാദം ചോദിക്കാതെ മറുത്തൊന്നും ആലോചിക്കാതെ ചെയ്യാൻ തനിക്ക് കൂട്ടു നിൽക്കുന്ന ഒരു പങ്കാളി അതായിരുന്നു അവന്റെ മനസിലെ സ്ത്രീ സങ്കല്പം, ഇന്നും കുട്ടിത്തം വിട്ടുമാറാത്ത മനസ്സിനെ മനസിലാക്കുന്ന ഒരു വട്ട് പെണ്ണ്, അമ്മയുടെയും കൂട്ടുകാരിയുടെയും പ്രണയിനിയുടെയും സ്നേഹം ഒരുപോലെ തനിക്ക് തനിക്ക് പകർന്നു തരാൻ കഴിയുന്ന ഒരു അരപ്പിരി. ആ പെണ്ണിനെയാണ് താൻ ഇന്ന് കണ്ട് മുട്ടിയതെന്ന് കാർ ഫ്ലാറ്റിന്റെ പാർക്കിംഗ് ലോട്ടിൽ പാർക്ക്‌ ചെയ്തു പുറത്തേക്കിറങ്ങവേ അവൻ ഓർത്തു, അശോകിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു, ആദ്യമായി ഒരു പെണ്ണിനെ ഓർത്ത് അശോക് ചിരിച്ചു തുടങ്ങി , ആ രാത്രി അവന്റെ ചിന്തകൾ യാന്ത്രികമായിരുന്നു, ‘‘അക്കോസേട്ടാ’’ എന്ന അവളുടെ ആ വിളി അവന്റെ ഉറക്കം കളഞ്ഞിരുന്നു,..

പിറ്റേന്ന് രാവിലെ കാമ്പസ്സിൽ എത്തിയ അശോകിന്റെ മിഴികൾ തേടിയത് ആ പെണ്ണിനെ മാത്രം ആയിരുന്നു, ഗുൽമോഹറിനെ, പക്ഷേ അവിടെ എങ്ങും ആ ഗുൽമോഹർ പൂവിനെ അവൻ കണ്ടുമുട്ടിയില്ല ,,, ദിവസങ്ങൾ കടന്നു പോയി, അശോകിന്റെ കണ്ണുകൾ ആ കാമ്പസിനുള്ളിൽ എല്ലായിടത്തും അവളെ തേടി അലഞ്ഞു. പക്ഷേ ഒരു പെയ്തൊഴിഞ്ഞ മഴപോലെ അവളെങ്ങോ മറഞ്ഞു നിന്നിരുന്നു. അവനെ വീക്ഷിച്ചു കൊണ്ട്, വീണ്ടും അവനിലേക്ക് മാത്രമായി പെയ്തു തോരനായി ....

ഒപ്പം ഉണ്ടായിരുന്ന കുറച്ചു സമയം കൊണ്ട് തന്നെ തന്റെ മനസിനുള്ളിൽ കുടിയേറിയ ആ അലസിപ്പൂമരത്തെ തേടി അശോക് രാവും പകലും ഒന്നാക്കി ആ ബാംഗ്ലൂർ സിറ്റി മുഴുവൻ അരിച്ചു പെറുക്കി നടന്നു, കാമ്പസ്സിൽ ബൈക്കിൽ വരുന്ന പെൺകുട്ടികളുടെ ലിസ്റ്റ് വരെ ലീവ് എടുത്ത് ഇരുന്നു ആശാൻ എണ്ണിനോക്കി, ‘‘പക്ഷേ നോ രെക്ഷ’’ എന്നവന്റെ മനസു മന്ത്രിച്ചു, , അവളുടെ ദേഹത്ത് നിന്നു പടർന്ന ponds പൗഡറിന്റെ മണം ഇന്നും തന്റെ ദേഹത്തു നിറഞ്ഞു നിൽക്കുന്നുവെന്ന് പലപ്പോളും അവന് തോന്നി , ‘‘എവിടെ മറഞ്ഞു നീ എന്റെ ഗുൽമോഹർ’’ അവന്റെ മനസു കേണു, ആദ്യമായി കണ്ട നാളിൽ തന്നെ അവൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയി, എന്ന സത്യം അശോക് തിരിച്ചറിഞ്ഞു, അശോകൻ എന്നാൽ ശോകമിലാത്തവൻ എന്നാണ് അർത്ഥം എന്നാൽ അവളെ കണ്ട അന്ന് മുതൽ അവൻ ശോകമൂകനായി മാറി പോയി... 

ഒരു നോട്ടം കൊണ്ട് അവനെ ഭ്രാന്ത്‌ പിടിപ്പിച്ചിരുന്നു ആ പെണ്ണ്, അവന്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി, അവൾക്ക് വേണ്ടി,, വിശപ്പും ദാഹവും അവനിൽ നിന്നും അകന്ന് മാറി. അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ അവൻ അതിയായി ആഗ്രഹിച്ചു... ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞാൽ ഈ കണ്ടുമുട്ടൽ ആണെന്ന് അവന് തോന്നി,, ജീവിതത്തിൽ അത്ര വിലപ്പെട്ട എന്തോ കൈവിട്ട് പോയ അവസ്ഥയിൽ ആയിരുന്നു ആ നാളുകൾ എല്ലാം അവൻ താണ്ടിയത്, ആദ്യ പ്രണയം മധുരതരമാണ്,, മറ്റെന്തിനേക്കാളും,, അതവന് മനസിലായി .

മൂന്ന് മാസം കടന്നു പോയി, ഗുൽമോഹറിന്റെ ഓർമയിൽ അശോക് ആകെ പരവശനായിരുന്നു, ഫെബ്രുവരി പതിനാല് ഇന്ന് ‘‘വാലെന്റൈൻസ് ഡേ’’ ആണല്ലോ മനസ്സിലോർത്തു കൊണ്ട്. അശോക് ഫ്ലാറ്റ് പൂട്ടിയെടുത്തു ഓഫീസിൽ പോകാനായി ഇറങ്ങി, പാർക്കിങ്ങിൽ എത്തിയതും പുറത്ത്മഴ പെയ്തു തുടങ്ങി, മഴയുടെ ഭംഗി നോക്കി അവൻ അവിടെ തന്നെ നിന്നു. പെട്ടന്ന് അവന്റെ മുഖത്തിന്‌ നേരെ ആരോ മഴവെള്ളം തട്ടി തെറിപ്പിച്ചു , കോപത്തോടെ മുഖം തുടച്ചു കൊണ്ട് അശോക് തിരിഞ്ഞു നോക്കി,, അവന് മുൻപിലായി ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,, അവളുടെ കണ്ണുകളുമായി അവന്റെ കണ്ണുകൾ ഇടഞ്ഞ , അവന്റെ മിഴികൾ നിറഞ്ഞിരുന്നു, തന്റെ നീണ്ടു വിടർന്ന മിഴികളാൽ അശോക് തന്റെ പരിഭവം അവളോട്‌ പറഞ്ഞു തുടങ്ങി. ഗുൽമോഹറിന് ഒന്നും മനസ്സിലായില്ല 

‘‘എന്താ അക്കോസേട്ടാ ഇന്നും ലിഫ്റ്റ് വേണോ?? ’’

രണ്ടും കൽപ്പിച്ച് അവൾ അവന് നേരെ ഒരു കുസൃതി ചോദ്യമെറിഞ്ഞു, എന്നാൽ മറുപടിയായി  അശോക് അവൾക്ക് അരികിലേക്ക് ചെന്നു അവളെ കൈനീട്ടി ബലമായി തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു..

‘‘ഐ ലവ് യൂ...... ഐ ലവ് യൂ.... എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല, എവിടെ ആയിരുന്നു നീ ഇത് വരെ...?? നിന്നെ തേടി ഞാൻ ഈ ബാംഗ്ലൂർ മുഴുവനും നടന്നു,, ഒന്നുകിൽ നീ എന്നെ കൊല്ലണം അല്ലെങ്കിൽ സ്നേഹിക്കണം, പറയൂ എന്നെ സ്നേഹിച്ചുകൂടെ നിനക്ക്.. നിന്റെ  മറുപടിയിൽ ആണ് എന്റെ ജീവനും ജീവിതവും നിലനിൽക്കാൻ പോകുന്നത് , ഞാൻ ഒരു ഭ്രാന്തൻ ഒന്നുമല്ല, പക്ഷെ നിനക്ക് വേണ്ടി ഭ്രാന്തനാകാനും തയ്യാറാണ്’’

ഗുൽമോഹർ അവന്റെ ആ പ്രവർത്തിയിൽ അത്ഭുതപെട്ടു, അശോകിന്റെ കണ്ണിൽ അവൾ തന്നോടുള്ള പ്രണയം കത്തി ജ്വലിക്കുന്നത് നോക്കി നിന്നു. ഇതു വരെ ഒരുപുരുഷനും തന്നെ ഒരു പെണ്ണായി കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്, അതെ ഇവൻ തന്നെ എന്റെ കാലൻ, ഉറപ്പിച്ചേക്കാം എന്നവളും അശോകിനോട്ചേർന്നു നിന്നാലോചിച്ചു.

‘‘വിസ്കി ഓർ ബിയർ!’’

‘‘എന്ത്‌??’’

അവൻ അവളുടെ മേൽ നിന്ന് തന്റെ കൈകൾ അടർത്തി മാറ്റി...

‘‘അക്കോസേട്ടാ പുറത്തു നല്ല മഴയല്ലേ ഇവിടെ അടുത്തൊരു ബാർ ഉണ്ട് പക്ഷേ ഞാൻ പോയാൽ ശരിയാകില്ല, അവസാനം അവിടെ അടി നടത്തെണ്ടി വരും , നമ്മുക്ക് ഒരുമിച്ചു പോയാലോ,?? അല്ല എങ്ങനെ അടിക്കുന്ന കൂട്ടത്തിൽ ആണോ? ഞാൻ നല്ല ഒന്നാതരം പാലക്കാരിയാണ്, അല്പം വീശും നമ്മളോ??’’

അശോകിനോട് ചേർന്നു നിന്നവൾ പറഞ്ഞു,, അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവളേ ചേർത്ത് പിടിച്ചു പറഞ്ഞു.

‘‘ഞാൻ നിനക്കൊരു ഉമ്മ തരട്ടെ??’’

‘‘എന്തിനാ??’’

‘‘ചുമ്മാ പുറത്ത് തണുപ്പല്ലേ മോളെ....’’

‘‘ഓഹ് ഓഹോ മനസിലായി മോനെ,,’’ 

അശോക് അവളെ മാറോട് ചേർത്ത് നെറുകയിൽ തന്റെ അധരങ്ങൾ ചേർത്ത് വച്ചു ചുംബിച്ചു, ആദ്യ ചുംബനം അതും തന്റെ ജീവിതത്തിലേ ആദ്യത്തെ പെണ്ണിന്,

‘‘അപ്പോൾ എങ്ങനെ പോയാലോ???’’ 

‘‘പോകാം’’

അവൻ അവളുടെ കയ്യും പിടിച്ചു ആ മഴയിലേക്ക്‌ ഇറങ്ങി നടന്നു.

പ്രണയത്തിന് ആരംഭം കുറിക്കാൻ ഒരു നൊടിയിട മാത്രം മതി, അവളെ തനിക്ക് യുഗങ്ങളായി അറിയാമെന്നു ദിനങ്ങൾ കൊഴിഞ്ഞു വീഴും തോറും അശോകിന് തോന്നി, അവൾക്ക് ഒപ്പം തന്റെ എല്ലാ ആഗ്രഹങ്ങളും ചിറകു മുളച്ചുപറക്കാൻ തുടങ്ങുന്നു എന്നവൻ അറിഞ്ഞു, അവളൊരു തീപ്പൊരി തന്നെയായിരുന്നു. അടി, ഇടി, എന്ന് വേണ്ടാ അവളൊരു കൊട്ടേഷൻ ടീം ഓണർ തന്നെ ആയിരുന്നു. അവന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ അവൾ എന്നേ ഏറ്റെടുത്തു കഴിഞ്ഞിരുന്നു അവൻ പോലുമറിയാതെ, അവൾ പറപ്പിച്ചു വിടുന്ന പട്ടംപോലെ അവൻ എങ്ങും പാറി പറന്നു നടന്നു.

വളരെ ചെറുപ്പത്തിൽ അച്ഛനുമമ്മയും മരിച്ച ഗുൽമോഹർ അശോകിന് ഓരോ നൊടിയിലും അമ്മയായും മകളായും കൂട്ടുകാരിയായും മാറി. പെട്ടന്ന് തന്നെ അവന്റെ സ്വന്തമായും.. ചില നേരം അവളൊരു ബ്രേക്കില്ലാത്ത ബൈക്ക്പോലെ ആണെന്നു അവന് തോന്നുമായിരുന്നു, കുളിരൂറുന്ന തണുപ്പിൽ ബാംഗ്ലൂർ നഗരം ഉറങ്ങുമ്പോൾ ബൈക്കിൽ അവളെ ചുറ്റിപിടിച്ചിരുന്നു വിറച്ചു കൊണ്ട് അശോക് അവൾക്കൊപ്പം ദൂരയാത്രകൾ ‌ പോകുമായിരുന്നു, ഒരിക്കലും അവസാനിക്കരുത് എന്നാഗ്രഹിച്ച യാത്രകൾ. അവളൊരു കിലുക്കാംപെട്ടി തന്നെയായിരുന്നു അവളോടൊപ്പമുള്ള യാത്രകൾ... 

അവനിൽ ഉറങ്ങികിടന്നിരുന്ന മറ്റൊരു അശോകിനെ ഗുൽമോഹർ തട്ടിയുണർത്തി, പലപ്പോഴും അശോക്ആലോചിക്കും പ്രണയം എന്ന ഭാവം എത്ര പെട്ടന്നാണ് അവളെ തനിക്ക് സ്വന്തമാക്കി തന്നതെന്ന്, അവൾക്ക് വേണ്ടി അവൻ സ്വയം മാറിയെങ്കിലും ഒരിക്കൽ പോലും അശോകിനെ പ്രീതിപ്പെടുത്താൻ അവൾ മാറിയിരുന്നില്ല, അശോക്ആഗ്രഹിച്ചിരുന്നുമില്ല അവളുടെ മാറ്റം, അവന്ഇഷ്ടം  ആദ്യ ദർശനത്തിൽ തന്നെ അവനിലെ പുരുഷനെ ക്ലീൻ ബൗൾഡ് ആക്കിയ ഗുൽമോഹർ എന്ന അലസിപ്പൂമരത്തെ ആയിരുന്നു....

‘‘അക്കോസേട്ടാ’’

അവളുടെ സ്വരം അശോകിനെ ഓർമകളിൽ നിന്നുണർത്തി ,,

‘‘എന്താടീ..’’

അവളോട് ചേർന്നിരുന്നു അവൻ ചോദിച്ചു..

‘‘ഒരുമ്മയെങ്കിലും താ മനുഷ്യ .. ഒന്നുമില്ലേലും നിങ്ങളുടെ ഭാര്യ അല്ലേ ഞാൻ ഇപ്പോ ..., ഇപ്പോളും നിങ്ങൾക്ക് നാട്ടുകാരെ പേടിയാണോ, എന്റെ കർത്താവേ ഞാൻ എന്തോ കണ്ടോണ്ട് ഈ മണ്ടന്റെ കൂടെ ഹണിമൂണിന് വന്നതാ, അശോക് അവളുടെ വാക്കുകൾ കേട്ട്പൊട്ടിവന്ന ചിരിയടക്കി കൊണ്ട് തന്റെ അലസിപ്പൂമരത്തെ ഇറുകെ  മാറോട് ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു,... പ്രേമപൂർവം

‘‘എന്റെ ഗുൽമോഹർ.... നീ എന്നും എന്റെ അരികിൽ തന്നെ വേണം നീയില്ലാത്ത ഓരോ നിമിഷവും എനിക്ക് മരണതുല്യമാണ്,,.’’

‘‘ഇത് ഏത് ഫിലിമിലെ ഡയലോഗ് ആണ് മോനെ???’’

അവൾ തന്റെ കൈവിരലുകൾ ചേർത്ത് അവന്റെ കവിളിൽ നുള്ളി ചോദിച്ചു. മറുപടിയായി അശോക് പറഞ്ഞു

‘‘സ്വന്തമാക്കാൻ ഞാൻ കൊതിച്ചത് കൊണ്ടാണ് ഇന്ന് നീ എന്റെ അരികിൽ ഉള്ളത്.. അതുപോരെ എന്റെ വാക്കുകൾ സത്യമാണ് എന്ന് മനസിലാക്കാൻ... നിന്റെ മനസിനെ പെണ്ണേ ഞാൻ എന്നേ സ്വന്തമാക്കിയിരുന്നു, നീ എന്റെ സ്വന്തം തന്നെയാണ്,, ആളുകൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ഉള്ളതല്ല എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം, അത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ പോരെ...?? ഇനി നിനക്ക് നിർബന്ധം ആണേൽ ഞാൻ റെഡിയാണ്  പിന്നെ കൂടിപ്പോയി എന്ന് എന്നെ കുറ്റം പറയരുത് നീ’’

ഗുൽമോഹറിന്റെ മിഴികൾ നിറഞ്ഞിരുന്നു,, അശോക് മുഖം താഴ്ത്തി ചുണ്ടുകൾ കൊണ്ട് ആ മിഴിനീർ തുടച്ചെടുത്തു,

‘‘അപ്പോൾ എങ്ങനെ സ്നേഹിക്കണ്ടേ,,?? ഇവിടെ വച്ചു വേണോ, അതോ..??

അശോകിന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ ഗുൽമോഹർ എന്ന അലസിപ്പൂമരം അവന്റെ അധരങ്ങൾ തന്റെ അധരങ്ങളാൽ കോർത്തെടുത്തു ദീർഘമായി ചുംബിച്ചു... സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു, അവർക്ക് മേലേക്ക് ഇരുട്ടു വീണു തുടങ്ങി,, അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു അകലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കൊണ്ട് ഗുൽമോഹർ പറഞ്ഞു...

‘‘അക്കോസേട്ടാ.... നീ എന്റെ ജീവനാണു , എനിക്കുള്ളിൽ ഒരു പെണ്ണിന്റെ മനസുണ്ടെന്ന് ദർശിച്ചു തിരഞ്ഞു പിടിച്ചെന്നെ സ്നേഹിച്ചു സ്വന്തമാക്കിയ മാന്ത്രികൻ,,... ഒരിക്കൽ എന്നോട് നിങ്ങൾ ചോദിച്ച ഒരു ചോദ്യത്തിന് ഞാൻ ഇതുവരെയും മറുപടി പറഞ്ഞിരുന്നില്ല. എന്നിരുന്നാലും പറയാതെ തന്നേ നിങ്ങൾ എന്നെ മനസിലാക്കിയിരുന്നു,, പക്ഷേ ഇപ്പോൾ അതിനുള്ള സമയമായി.. നിങ്ങളുടെ ആ ചോദ്യത്തിനുള്ള എന്റെ മറുപടി പറയാൻ....’’

അശോക് അവളെ തന്റെ ദേഹത്തു നിന്ന് വിടർത്തി മാറ്റി മുഖം കൂർപ്പിച്ചു എന്ത്‌ എന്ന ഭാവത്തിൽ അവളെ നോക്കി..

‘‘ഐ ലവ് യൂ റ്റൂ.... ത്രീ...... ഫോർ.... ഫൈവ്...സിക്സ്’’

ഹ് ഹ് ഹ...

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു,, 

അശോക് അവളെ ആ മണൽപ്പരപ്പിലേക്ക് തള്ളിയിട്ടു,... എഴുന്നേറ്റു ഓടാൻ പോയ അശോകിനെ അവൾ തന്റെ അരികിലേക്ക് കൈനീട്ടി പിടിച്ചു വലിച്ചിട്ടു,, 

ഇരുവരും ആകാശത്തേക്ക് നോക്കി കിടന്നു... 

ആ ചന്ദ്രബിംബത്തിനും അവൾക്കും ഒരേ നാണമെന്ന് അശോകിന് തോന്നി..

പ്രണയം എന്ന സ്വപ്നം  നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി, ഇവൾ എന്റെ സ്വന്തം ഗുൽമോഹർ, എനിക്കായി കാലം കാത്തു വച്ച എന്റെ അലസിപ്പൂമരം,, എന്നെ തേടി വന്നു എന്റെ ജീവന്റെ പാതിയായവൾ,, എന്നും ഇവൾക്ക് അരികിൽ ഇരുന്നു സ്വപ്നം കാണാൻ ഞാൻ ആഗ്രഹിക്കുന്നു,,

അവന്റെ ചിന്തകൾക്ക്. വിരാമം നൽകികൊണ്ട് ഗുൽമോഹറിന്റെ കൈകൾ അശോകിനെ ആലിംഗനം ചെയ്തു,, അകലെ ആകാശത്ത് തിളങ്ങി നിന്നിരുന്ന ചന്ദ്രബിംബം ആ കാഴ്ച കണ്ടു പുഞ്ചിരി തൂകി...

English Summary: Gulmohar, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;