ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവഗണന, പിന്നെ പ്രണയമില്ലാത്ത പത്തൊമ്പതു വർഷങ്ങൾ!

broken-heart
Representative Image. Photo Credit : David Ryo / Shutterstock.com
SHARE

നനുത്ത കാറ്റിന്റെ അലയൊലികൾ ഒരിക്കൽക്കൂടി എന്നെ തൊട്ടുതലോടിക്കൊണ്ട് കടന്നുപോയി. ഹൈസ്കൂൾ മുറ്റത്ത് എല്ലാവർക്കും മുൻപേ ഞാനെത്തിച്ചേർന്നിരുന്നു. ഇവിടം മുതലാണ് എന്റെ സ്നേഹം ഉത്ഭവിക്കുന്നത്. ഇനി മുതലിങ്ങോട്ട് സ്നേഹത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. 

വാക്കോടൻ മലയ്ക്കും പൊമ്പ്ര മലയ്ക്കും ഇടയിൽക്കിടന്ന് ഇളംകാറ്റുകൾ പലതവണ കളിയാടി. ഒമ്പതര മണിയായപ്പോൾ മൂന്ന്‌ പെൺകുട്ടികൾ ഗേറ്റു കടന്നുവരുന്നത് ഞാൻ കണ്ടു. ആ നിമിഷം ഞാനെന്റെ പ്രണയത്തെ കണ്ടു, അന്നാദ്യമായി. സ്നേഹസാന്ദ്രമായ സംഗീതമോ ഹൃദയത്തെ കുളിരണിയിക്കുന്ന പ്രാവിൻകുറുകലുകളോ ഉണ്ടായെങ്കിൽ എന്നാശിച്ച് ഞാനങ്ങനേ നിന്നു. 

ഇനിയാണ് കഥ ആരംഭിക്കുന്നത്. കണക്ക് പിരീഡുകളിൽ ടീച്ചർ പഠിപ്പിച്ച ചരത്തിന് ജീവിതവുമായി എന്താണ് ബന്ധമെന്ന് ഞാനൊരായിരം തവണ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും എനിക്കതിന് ഉത്തരം കിട്ടിയില്ല. ഇന്ന് ചരങ്ങൾ ഉപയോഗിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അവളുടെ പേര് പരാമർശിക്കുന്നത് അവൾക്കിഷ്ടമാകണമെന്നില്ല. രണ്ട് ഞാൻ പ്രണയിച്ചവളുടെ പേര് എന്റെ സഹപാഠികളിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേർക്കുമറിയില്ല, ഇനി അറിയുകയുമരുത്. 

തല്ക്കാലം നമുക്കവളെ Y എന്നു വിളിക്കാം. രാവിലെ എട്ടേ കാലിന് സ്കൂളിൽ എത്തുകയും ഓഫീസിൽ പോയി പത്രം വാങ്ങി അരിച്ചുപെറുക്കി വായിക്കുകയുമായിരുന്നു എന്റെ പ്രധാന ഹോബി. പക്ഷേ ഒമ്പതാം ക്ലാസ്സിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് ജയിച്ചതോടെ ആ ശീലത്തിൽ നിന്നും ഞാൻ പതിയെ പുറകിലാകാൻ തുടങ്ങി. Y പഠിച്ചിരുന്നത് ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലായിരുന്നു. ഞാനാകട്ടെ മലയാളം മീഡിയത്തിലും. എട്ടിലും ഒമ്പതിലും അവളുടെയും എന്റെയും ക്ലാസുകൾ വ്യത്യസ്ത കെട്ടിടങ്ങളിലായിരുന്നു. 

വാനം സുന്ദരമയിക്കണ്ട ഡിസംബറിലെ ഒരു പ്രഭാതം. ജൂണിൽ സ്കൂൾ തുറന്നതു മുതൽ അവളറിയാതെ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. സ്നേഹത്തിന്റെ രാഗങ്ങൾ മൗനമായി ഒരായിരം തവണ പാടി. അന്നുച്ച സമയത്ത് ഭക്ഷണം കഴിച്ച് ചോറ്റുപാത്രം കഴുകാൻ വേണ്ടി മൂന്നാം നിലയിൽ നിന്ന് അവൾ ഇറങ്ങിവരുമ്പോൾ സ്റ്റെപ്പ് തുടങ്ങുന്നിടത്ത് അവളെയും കാത്ത് ഞാൻ നിന്നു. ഇളംതെന്നലിൽ ഒന്നനങ്ങാൻ വെമ്പൽകൊണ്ട അവളുടെ നെറ്റിയിലെ മൂന്നുമുടികൾ എന്റെ ചുണ്ടുകളിൽ മന്ദഹാസം വിരിയിച്ചു. ആ നിമിഷം അവളോട് പറയാൻ കരുതിയ കാര്യങ്ങളെല്ലാം ഞാൻ മറന്നു. അവളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ നോക്കി നീ പുഞ്ചിരിച്ചത് എന്റെ മുന്നിലെത്തിയപ്പോഴായിരുന്നു.

Y  എങ്ങനെയായിരുന്നെന്ന് പറയാൻ ഞാൻ മറന്നു. ചുവന്ന ചുണ്ടുകളും മനോഹരമായ കണ്ണുകളും പിന്നെ അവയെല്ലാം കൊത്തിവെച്ച വട്ടമുഖവും…

ഡിസംബറിലെ ആ മധ്യാഹ്നത്തിനു ശേഷം അവളോടുള്ള എന്റെ ഇഷ്ടം അനുനിമിഷം വർധിക്കുകയായിരുന്നു.അത്രയും കാലം പെൺകുട്ടികളോട് സംസാരിക്കാൻ ഭയമായിരുന്നതുകൊണ്ടും പൊതുവേ അന്തർമുഖനായിരുന്നതു കൊണ്ടും അവളോടുള്ള ഇഷ്ടം തുറന്നുപറയാനാകാത്തതിൽ ഞാൻ വളരെയധികം സങ്കടപ്പെട്ടു. എന്നിട്ടും ഞാനവളെ സ്നേഹിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ പത്താം ക്ലാസ് സെന്റ് ഓഫ് ഡേയിൽ ഞാൻ സ്വയം കുറച്ചു ധൈര്യം ഒക്കെ സംഭരിച്ച് പറയാം എന്ന് തീരുമാനിച്ചുറപ്പിച്ചു. നീലയും പച്ചയും കലർന്ന ചുരിദാറിൽ വന്ന അവളെ കണ്ട് ഞാൻ അസ്തപ്രജ്ഞനായി. എന്തോ ഭാഗ്യം കൊണ്ട് അന്നുച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ വിധിക്കപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. ‘പെൺകുട്ടികൾക്ക് നീ വിളമ്പിക്കൊടുക്ക്’ എന്ന് അനുമോൾ ടീച്ചർ പറഞ്ഞതെന്റെ നിഷ്കളങ്കത കണ്ടിട്ടു തന്നെയായിരിക്കണം. കളങ്കിതനാകാൻ പരസ്യമായി അവസരം കിട്ടാത്തതുകൊണ്ട് ഞാനിപ്പോഴും നിഷ്കളങ്കനാണ്. 

വിശിഷ്ട ഭക്ഷണമായതുകൊണ്ട് മീഡിയം ഭേദമന്യേ എല്ലാവരും വരി നിന്നു. ഞാൻ പെൺകുട്ടികൾക്കോരോരുത്തർക്കായി ഭക്ഷണം വിളമ്പാൻ ആരംഭിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഞാൻ വരിയുടെ പുറകിലേക്കൊന്ന് നോക്കി. ‘ദേ അവൾ നിക്ക്‌ണു’ എന്റെ മനസ്സ് ഉച്ചത്തിലെന്നോട് പറഞ്ഞു. 

Y എന്റെ മുന്നിലെത്തി. അവളുടെ പ്ലേറ്റിൽ പിടിക്കാൻ വിരലുകൾ നീട്ടിയ എനിക്കൊരു അമളി പറ്റി. അവളുടെ പ്ലേറ്റിൽ പിടിക്കുന്നതിനു പകരം ഞാൻ പിടിച്ചത് അവളുടെ വിരലുകളിലായിരുന്നു. ലോലമായ അവളുടെ വിരലുകളിൽ നിന്നും ഞാൻ കൈ പുറകോട്ടു വലിച്ചു. പറയാനുറപ്പിച്ച ‘ഐ ലവ് യൂ’  കൂടി പുറകോട്ടു വലിഞ്ഞ നിമിഷം എന്റെ മനസ്സിൽ വ്രണങ്ങളുണ്ടായി. അമ്പരപ്പോടെയുള്ള അവളുടെ നോട്ടം എന്റെ ധൈര്യത്തെ പലകഷ്ണങ്ങളായി മുറിച്ചു. 

ദിവസങ്ങൾ കടന്നുപോയി. പരീക്ഷയും ഫലവുമെല്ലാം കഴിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ദിവസം ഞാനവളെ ഒരിക്കൽക്കൂടി കണ്ടു. വിസരിച്ചുപോകുന്ന സ്നേഹം ഞാൻ ഒരേ ദിശയിലേക്ക് ചരിച്ചു വെച്ചിട്ടും അന്ന് അവൾക്കത് കാണാൻ കഴിഞ്ഞില്ല. 

അന്തർലീനമായ ഭയം മൂലമോ മറ്റോ എനിക്കവളെ പിന്തുടരാൻ കഴിഞ്ഞില്ല. എന്നിരുന്നാലും എനിക്കുവേണ്ടി അമൃതേഷ് (A) അവളുടെ വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരുന്നു. അവൾ പാലായിലേക്ക് പഠിക്കാൻ പോയതടക്കം കുറച്ചു കാര്യങ്ങൾ അവനെന്നെ അറിയിച്ചു. 

അമൃതേഷിനെ A എന്ന ചരംകൊണ്ട് വിശേഷിപ്പിക്കാൻ കാരണം ഞാനെന്ന അക്ഷരമാലയിലെ ആദ്യാക്ഷരം അവനാണ്. അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നുനീങ്ങവേ അമൃതേഷിന്റെ ഒരു സന്ദേശം എന്നെ തേടിയെത്തി.‘ഡാ ഓള് ഫേസ്‍ബുക്കില് അക്കൗണ്ട് തൊടങ്ങീട്ട്ണ്ട്’. സന്തോഷത്തിന്റെ പാരമ്യത്തിൽ ഞാൻ മുഖപുസ്തകത്തിലെ മറ്റെല്ലാവരേയും കുതറി മറിച്ച് അവളെ തിരഞ്ഞുനടന്നു. ഒടുവിൽ കണ്ടെത്തുകയും ചെയ്തു. മഴക്കാലത്ത് ഇറയത്തുനിന്ന് എടുത്ത ഒരു ഫോട്ടോ അവൾ പ്രൊഫൈൽ പിക്ചറായി വച്ചിരുന്നു. 

ഇനിയാണ് ഞാൻ ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത എന്നെ പിടികൂടാൻ കാരണമായ സംഭവങ്ങൾ അരങ്ങേറുന്നത്. അവളുടെ ഫേസ്‌ബുക്ക് മെസഞ്ചർ എന്റെ പ്രണയകവിതകൾ കാരണം ‘ഒന്ന് പോയിത്തരോ മാത്താന്ന്’ പല തവണ പറഞ്ഞു. ഒടുവിൽ അവൾ എന്നെ ബ്ലോക്കാക്കി പിന്നെയവൾ തന്റെ അക്കൗണ്ട് ഡീആക്ടിവേറ്റാക്കി. 

Y ഇപ്പോൾ ഫേസ്ബുക്കിലില്ല ഇൻസ്റ്റഗ്രാമിലുണ്ട്‌. ഇനിയവിടേക്കൊന്നും ഇല്ലെന്ന് പറഞ്ഞ് ഇരിക്കുന്നതിനിടയിലാണ് വാലന്റൈൻസ് ഡേ കടന്നുവരുന്നത്. കൂടാതെ കമിതാക്കളുടെ ദിനം Yയുടെ കൂടെ ദിനമാണ്. കാരണം ഇതേ ദിവസം തന്നെയാണ് അവൾ ഭൂമിയിലേക്ക് ജനിച്ചുവീണതും. 

നിന്റെ അവഗണനകൾ ഏറ്റുവാങ്ങി വെണ്ണീറായൊരു മനസ്സ് അകത്തുണ്ട്. എന്നിട്ടും ഞാൻ നിനക്കു വേണ്ടി കവിതകൾ എഴുതി, നിനക്കു വേണ്ടിമാത്രം. കഥകൾ എഴുതിയതത്രയും എനിക്കു വേണ്ടിയായിരുന്നു പക്ഷേ ഞാനെഴുതിയ കവിതകളത്രയും നിനക്കു വേണ്ടിയായിരുന്നു. 

തപസ്സിരുന്ന് കിട്ടിയ പ്രാണനായ് 

ജനുസ്സിലെഴുതിയ രാഗമായ് 

ഉഷസ്സ് പോലൊരു ദേവത 

മിഴികണ്ടു വീണു ഞാൻ 

മൊഴികേട്ടു വീണുഞാൻ 

മൂഴിയിലലിയാൻ കൊതിച്ചുഞാൻ

എന്നെങ്കിലും നീയിത് വായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു പത്തിരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ മുറ്റത്ത് നമുക്കൊരുമിച്ചു കൂടണം. അന്ന് നിന്റെ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും ഇടയിൽ സന്തോഷവതിയായി നീ നിൽക്കുന്നത് എനിക്കു കാണണം. 

നിന്റെ അവഗണനകൾ എന്നെ മുറിവേൽപ്പിച്ചിട്ടുണ്ട്. പക്ഷേ ജീവിതത്തിന്റെ തീക്ഷ്ണതയിൽ അതുണങ്ങും. ഒന്നിനെക്കുറിച്ചും ആലോചിക്കാനില്ലാത്ത സമയത്ത് ഉണങ്ങിയ ആ മുറിവുകൾ ഞാൻ മാന്തിപ്പൊട്ടിക്കും. അന്നേരം നിന്റെ ഓർമ്മകൾ അതിൽനിന്നു പുറത്തേക്കൊഴുകും. എനിക്ക് ഓർമ്മിക്കാൻ അതുതന്നെ ധാരാളം. 

പറയാൻ മറന്ന സ്നേഹവും പറഞ്ഞപ്പോഴേക്കും നഷ്ടപ്പെട്ടുപോയ പ്രണയവും ഓർത്ത് എനിക്കിനിയും ഒറ്റയ്ക്കിരിക്കണം. ആരും കടന്നുവരാത്ത തേയിലത്തോട്ടത്തിന്റെ മധ്യത്തിലെ ഇരുമ്പുബെഞ്ചിൽ സർവ്വതും മറന്ന് മുന്നോട്ടു നോക്കിയിരിക്കണം. പിന്നിൽ നിന്നും ആരുടേയും വിളികേൾക്കാതെ, പ്രതീക്ഷിക്കാത്ത ആരുടേയും സ്വപ്നങ്ങളിൽ തലയിടാനില്ലാതെ. 

ഏകാന്തത ഉന്മാദിയാക്കിത്തീർത്ത കുറേ വർഷങ്ങൾ. കൃത്യമായിപ്പറഞ്ഞാൽ പ്രണയമില്ലാത്ത പത്തൊമ്പതു വർഷങ്ങൾ. 

English Summary: Writers Blog - Memoir written by Shahi P

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;