ADVERTISEMENT

സ്വർഗ്ഗത്തിലേക്ക്‌ ഒരു കത്ത്‌..! (കഥ)

സ്നേഹമുള്ള മീമു ,

 

നീ ഓർക്കുന്നുണ്ടോ ആ ദിവസം? മഴ പെയ്തു കൊണ്ടിരിക്കുന്ന ആ സായന്തനത്തിൽ കോളേജിന്റെ വരാന്തയിൽമിണ്ടിയും ചിരിച്ചും കളിപറഞ്ഞിരിക്കെ നിന്റെ മനസ്സിനുള്ളിലെ പ്രണയമഴയുടെ കുസൃതിയാൽ കുറുമ്പനായ്‌ നീയെന്നെ ആദ്യം തൊട്ടപ്പോൾ പരിഭവിച്ചന്നു ഞാൻ ആദ്യമായി നിന്നോട്‌‌ പിണങ്ങിയത്‌. ആ തൊടൽ എനിക്കിഷ്ടമായിരുന്നുവെങ്കിലും എന്തോ അന്ന് ഞാൻ നിന്നെ വല്ലാതെ സങ്കടപ്പെടുത്തി. 

 

ആ സങ്കടം മറന്നു ഇനിയൊരിക്കലും ഇത്‌ ആവർത്തിക്കില്ലെന്നെന്റെ പിറകെ നടന്ന് ഒരായിരം വട്ടം നീ പറഞ്ഞിട്ടും ഞാൻ അതു കേൾക്കാത്തതിനാൽ പെട്ടെന്നൊരു ദിവസം നീയെന്റെ കൈ പിടിച്ചിട്ട്‌ കൈവെള്ളയിൽ തൊട്ട്‌ സത്യം ചെയ്‌തെന്റെ പിണക്കത്തെ ഇണക്കിയെടുത്തു. എനിക്കായ്‌ നീ ഭംഗിയുള്ള ചിത്രങ്ങൾ വരച്ച്‌ എന്റെ ജന്മദിനങ്ങളിൽ പിറന്നാൾ സമ്മാനങ്ങളായി നൽകി.   

ആ സമ്മാനങ്ങൾക്ക്‌ പകരമായ്‌ നിനക്കു ഞാൻ സ്നേഹം കൊണ്ട്‌എഴുതിയ കത്തുകളും കവിതകളും നൽകി നിന്റെ മനസ്സ്‌ നിറച്ചു. ആരും കാണാതെ നമ്മൾ കണ്ടിരുന്ന ആആഡിറ്റോറിയത്തിന്റെ ഇടവഴിയിൽ നീ എനിക്കു വേണ്ടി എത്രയോ തവണ കാത്തുനിന്നു. നീ എന്നോട്‌ അന്നന്നത്തെ വിശേഷങ്ങൾ പറയുമ്പോൾ ഒളിഞ്ഞും പതുങ്ങിയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി പേടിയോടെനിൽക്കുന്ന എന്നെ ‘‘പേടിപ്പെണ്ണേ’’ എന്നും വിളിച്ച്‌  നീ കളിയാക്കുന്നത്‌ കേൾക്കാൻഎനിക്കെന്തിഷ്ടമായിരുന്നുവെന്നോ. പ്രണയം തുളുമ്പുന്ന നിന്റെ ആ സുന്ദരമായ വിളി ശരിക്കും ഇന്ന് ഞാൻ മിസ്സ്‌ ചെയ്യുന്നു. 

ആ ഓർമ്മകൾ എന്നെ ഇടയ്ക്കിടെ വന്നു വല്ലാതെ സങ്കടപ്പെടുത്തുന്നു. കാരണങ്ങൾ ഉണ്ടാക്കി എനിക്കു മാത്രം കേൾക്കാനായി നീ നമ്മുടെ സ്ഥിരം ഇരിപ്പിടമായ വാകച്ചോട്ടിലിരുന്ന് കൂട്ടുകാർക്കൊപ്പം പാട്ടുകൾപാടി. എന്റെ മനസ്സിനെ കീഴടക്കാനായി കോളേജ്‌ ഉത്സവങ്ങളിൽ എനിക്കിഷ്ടമുള്ള പാട്ടിനു ചുവടുകൾ വച്ചു. എന്റെ മിഴികളിൽ നോക്കിയിരിക്കാനായ്‌ മാത്രം ഒരായിരം കള്ളങ്ങൾ പരസ്പരബന്ധമില്ലാതെ നീ എന്നോട്‌ പറഞ്ഞു.. മറ്റ്‌ ആൺകുട്ടികൾ എന്നോടു വല്ലാതെ അടുക്കുന്നതും മിണ്ടുന്നതും കണ്ട്‌ പലപ്പോഴും നിന്റെ മുഖംതൊട്ടാവാടിയെപ്പോലെ വാടി.. ആ പരിഭവത്തിൽ നീയെന്നോടു എത്രയോ തവണ മിണ്ടാതെ നടന്നു. നിന്റെ ആ മൗനം എന്നെ എത്ര മാത്രം ഒറ്റപ്പെടുത്തിയിരുന്നെന്നോ. 

 

വാചാലമായിരുന്ന നമ്മുടെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ നീ തീർത്ത ആ അതിരുകളിൽ എത്ര പ്രാവശ്യം ഞാൻ തളർന്നു വീണു. മിണ്ടില്ല എന്ന വാശിയിൽനിൽക്കുന്ന നിന്റെയടുത്തേക്ക്‌ പക്ഷേ, മൗനം മുറിച്ച്‌ ഞാൻ പലപ്പോഴും വന്നു. നിന്നെ ശുണ്ഠി പിടിപ്പിച്ചു.. എന്നെ ഇഷ്ടമാണെന്ന് നീ പലതവണ അറിയിച്ചിട്ടും, ഇഷ്ടമില്ലാത്തതായ്‌ അഭിനയിച്ചും അവഗണിച്ചും പലപ്പോഴും ഞാൻ  മനപ്പൂർവ്വം നിന്നിൽ നിന്നും ഒഴിഞ്ഞുമാറി. അപ്പോഴത്തെ നിന്റെ ആ വെപ്രാളം കാണാൻ വേണ്ടി ചെയ്തതാണെങ്കിലും അതൊക്കെ നിന്നോടുള്ള അമിതമായ ഇഷ്ടം കൊണ്ടായിരുന്നു എന്ന് ഞാൻ പറയാതെ തന്നെ നിനക്കും അറിയാം. അപ്പോളൊക്കെ നിന്നെ കാണിക്കാതെ നിനക്ക്‌ മാത്രമായി ഞാൻ എന്റെ കരളിന്റെ കോണിൽ കുറെ കവിതകൾ കുറിച്ചു. 

 

ആ കവിതകളിലൂടെ, എന്റെ ഹൃദയത്തിൽ നിന്നും ഡയറികളിലേക്ക്‌ പകർത്തിയെഴുതിയ ആ വരികളിലൂടെ ഞാൻ എന്റെ മോഹങ്ങൾക്ക്‌ ചിറകു കൊടുത്തു. പല രാത്രികളിലും ആ മോഹങ്ങളെ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങി. പുസ്തകത്താളുകളിലൊളിപ്പിച്ച മയിൽപ്പീലി തുണ്ടുകളിൽ പ്രസവിക്കാത്ത നമ്മുടെകുറേ കുഞ്ഞുങ്ങളെ സ്വപ്നം കണ്ടു. നിന്നെ കെട്ടിപ്പിടിച്ചു ഇഷ്ടമാണെന്ന് എല്ലാരും കേൾക്കെ വിളിച്ചു കൂവി പറയണം എന്നു കരുതി നിന്നരികെ വന്നപ്പോളൊക്കെ മനസ്സിനുള്ളിൽ കുറെ വേണ്ടാത്ത ചോദ്യങ്ങളും വീട്ടുകാരുടെ മുഖങ്ങളും തെളിഞ്ഞ്‌ വന്നു എന്നതാണു സത്യം. 

ആ ഒരു നിമിഷത്തിൽ എന്റെ പ്രണയത്തിന്റെ നാമ്പുകളെ ‌ഞാൻ തന്നെ എന്റെ ഹൃദയത്തിലെ നാലറകളിലെ കല്ലറകൾക്കുള്ളിലായ്‌ അടക്കം ചെയ്തു. 

 

നിന്നെ എന്നിലേക്ക്‌ ചേർത്ത്‌ വയ്ക്കാൻ ആഗ്രഹമേറെ ഉണ്ടായിരുന്നെങ്കിലും നിന്നോടുള്ള ഇഷ്ടം മനസ്സിലും കണ്ണുകളിലും ഒളിപ്പിച്ച്‌ ഒടുവിൽ ആ കോളേജിലെ അവസാനദിവസം നമുക്ക്‌ പിരിയാം എന്ന കള്ളം മനസ്സ്‌ നീറി ഞാൻ നിന്നോട്‌ പറയുമ്പോഴും എന്റെ വാക്കുകൾ ഇടറിയിരുന്നതും എന്റെ ഹൃദയം വിതുമ്പിക്കരഞ്ഞതും നിനക്കു കാണാൻ കഴിഞ്ഞില്ലേ മീമൂ. ഞാൻ നൽകിയ ആ ഹൃദയവേദനയുടെ കാഠിന്യത്താൽ നിന്റെ മനസ്സ്‌ അപ്പോൾ മരവിച്ചിരുന്നുവല്ലേ. അതിനു ശേഷമുള്ള എത്രയോ രാത്രികളിൽ കരഞ്ഞ്‌ കരഞ്ഞ്‌ ഞാൻ ആ കണ്ണീർ മൂടലിലൂടെ നിന്നെ മറക്കാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ അതെന്നെ നിന്നിലേക്ക്‌ കൂടുതൽ കൂടുതൽ അടുപ്പിക്കുകയായിരുന്നു. 

 

പ്രണയം കൊണ്ട്‌ മുറിവേറ്റ്‌ തടവിലാക്കപ്പെട്ട ബന്ധങ്ങളുടെ, ബന്ധനങ്ങളുടെ കൂട്ടിൽ നിന്നും പറന്ന് പറന്ന് നിന്നരികിലെത്താൻ പ്രണയം എന്ന വികാരം എന്നെ മോഹിപ്പിച്ചപ്പോഴൊക്കെ, ഞാൻ ഭീരുവിനെപ്പോലെ എന്നിലേക്ക്‌ തന്നെ

ഒതുങ്ങിക്കൂടി. എന്റെ തെറ്റ്‌ ഞാൻ ഇന്നു മനസ്സിലാക്കുന്നു. പക്ഷേ, നീയും ഞാനും വളരെ ദൂരംതാണ്ടിപ്പോയിരിക്കുന്നു. നിന്നോടുള്ള പ്രണയത്തിന്റെ ആഴം ഇന്നും എന്നെ വല്ലാതെ അലട്ടുന്നുവെങ്കിൽ നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്നു ഹൃദയമിടിപ്പുകൾ എന്നെ ഓർമ്മപ്പെടുത്തുന്നു. അന്ന് എല്ലാം വിധി എന്നും പറഞ്ഞ്‌ ഒഴിഞ്ഞുമാറുമ്പോഴും ഇന്ന് ഞാൻ അറിയുന്നു ഇതൊന്നും വിധിയല്ല. ഇതൊക്കെ ഞാനും നീയും മന:പ്പൂർവ്വം സൃഷ്ടിച്ച ഒഴിഞ്ഞുമാറൽ മൂലം നഷ്ടമാക്കിയതാണ്. 

 

അന്ന് അങ്ങനെസംഭവിച്ചു പോയി.. മീമൂ, നീ എന്നോട്‌ ക്ഷമിക്ക്‌.. ഞാൻ എന്റെ ജീവനെപ്പോലെ നിന്നെ സ്നേഹിച്ചിരുന്നു. അന്നുമിന്നും എന്നും ആ സ്നേഹത്തിന്റെ ആഴം അനിർവ്വചനീയമാണ്. ഇതു ഈ ഡയറിക്കുള്ളിലെ ഇതു വരെ ആരും കാണാത്ത, നീമാത്രം കണ്ട എന്റെ ഹൃദയമാണ്. നീ ഈ എഴുത്ത്‌ ഇനി ഒരിക്കലും കാണില്ലയെങ്കിലും ഇത്രയെങ്കിലും എഴുതി എനിക്കെന്റെ ഹൃദയഭാരമിറക്കി വയ്ക്കണം മീമു. ഭൂമിയിൽ നീയും ഞാനും തീർക്കാതെ പോയ ആ സ്വർഗ്ഗം ഞാൻ ആകാശസീമയിലെത്തുമ്പോൾ തീർക്കാം. നിന്റെ നുണക്കുഴി കവിളിൽ നൽകാതെ പോയ ഒരായിരം ചുംബനങ്ങൾ ഇന്ന് ഞാൻ മറ്റാർക്കോ പങ്ക്‌ വെയ്ക്കുമ്പോൾ എന്റെ ചുണ്ടുകൾ ചുട്ട്‌ പൊള്ളുന്നു. 

 

എന്റെ ശരീരം കീഴടക്കി, അതിൽ വസന്തങ്ങൾ വിരിയിച്ച്‌, ശരീരത്തിലിഴഞ്ഞു നീങ്ങുന്ന കൈവിരലുകൾക്കുള്ളിൽ ഞാൻ ബന്ധിക്കപ്പെടുമ്പോൾ അന്ന് ഞാൻ പറയാതെ പോയ പ്രണയവും, ജനിക്കാതെ പോയ നമ്മുടെ മയിൽപ്പീലിക്കുഞ്ഞുങ്ങളും ചുടുനീർക്കണങ്ങളായ്‌ എന്റെ ആത്മാവിൽ പെയ്തിറങ്ങുന്നു.. മീമൂ, ശരിക്കും നിന്നെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഒരു തുള്ളി കണ്ണീരു കൊണ്ടു പോലും നിന്നെ അവസാനമായി യാത്രയാക്കാൻ എനിക്കാവുന്നില്ലല്ലോ.. പ്രണയം കൊണ്ട്‌ കുറുകുന്ന ഇണക്കിളികളായ്‌ ഇനിയെന്നാ നമ്മൾ....!

 

English Summary: Swargathilekku oru kathu, Malayalam Short Story

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com