‘എല്ലാത്തിനുമൊടുവിൽ തനിക്ക് മാത്രമായി ഒരുരാത്രി’

love-lives-forever-senior-couple
Representative Image. Photo Credit : 4 PM production / Shutterstock.com
SHARE

ജലശംഖുകൾ (കഥ)

ഹോട്ടൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ ഭദ്ര ചുമരിലെ ക്ലോക്കിലേക്ക് നോക്കി. രാത്രി രണ്ടുമണി. ഉറക്കം വരാതെ വെറുതെയിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ പലതായി. അല്ലെങ്കിലും ഈ രാത്രി ഉറങ്ങണമെന്ന് താൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ലല്ലോ എന്നവളോർത്തു. പുറത്ത് ചെറുതായി മഴ പൊടിയുന്നുണ്ടെന്ന് തോന്നി.

ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തന്റെ മാറിൽ പറ്റിച്ചേർന്ന് കിടന്നിരുന്ന അയാളെ പതുക്കെ അടർത്തിമാറ്റി അവൾ കിടക്കവിട്ടെഴുന്നേറ്റു. ജാലകവിരിപ്പ് വകഞ്ഞുമാറ്റി ജനൽപ്പാളി ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്നു. അങ്ങ് ദൂരെ അലയൊടുങ്ങിയ കടൽ... തണുത്തകാറ്റിന്റെ കൈകൾ അവളെ ശാന്തമായി തലോടി, അഴിഞ്ഞുലഞ്ഞമുടിയിഴകളിൽ ആവേശത്തോടെ ചുണ്ടുകളമർത്തി.

കന്യാകുമാരി... എന്താവും ഇവിടെ തന്നെ ഇത്രയധികം മോഹിപ്പിക്കുന്നത്. വീണ്ടും വീണ്ടും ഓടിവരുവാൻ പ്രേരിപ്പിക്കുന്നത്. ഇതേ ചോദ്യം അയാളും പലപ്പോഴായി അവളോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവൾ ഉത്തരം ഒരുചിരിയിൽ ഒതുക്കും. തിരക്കുകൾക്കിടയിൽ മാത്രം ജീവിക്കാൻ 

ശീലിച്ച അയാൾക്ക് അവളുടെ മറുപടി ഒരിക്കലും അനിവാര്യമായിരുന്നുമില്ല.

കടൽക്കാറ്റുകൊണ്ട് മരവിച്ച ജനലഴികളിൽ മുഖം ചേർത്ത്, അങ്ങ് ദൂരേക്ക് നോക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു, ഒരിക്കലും മതിവരാതെ കരയെ പുണരുന്ന തിരമാലകളെ... നിലാവിൽ കുളിച്ചുനിൽക്കുന്ന കൽമണ്ഡപങ്ങളെ... കടലിനെ നോക്കി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ...

ആ നിൽപ്പിൽ അവൾ ഒന്നുകൂടി ഓർത്തുനോക്കി... ചെയ്തുതീർക്കാൻ ഇനിയെന്തെങ്കിലും ബാക്കിവച്ചിട്ടുണ്ടോ. കൈവിട്ടുപോകാതെ അടക്കിവച്ചതെന്തെങ്കിലും ഇനിയുമുള്ള ജീവിതത്തിന് കാരണമാകുന്നുണ്ടോ... വേദനകളുടെ ചില്ലകളിൽ കൊന്നമരംപോലെ ഇനിയും പൂക്കേണ്ടതുണ്ടോ...

ഒരമ്മയാവാൻ പോകുന്നു എന്ന് താൻ ആദ്യമറിഞ്ഞത് ഇവിടെവച്ചാണ്. ഒരുകണക്കിന് പറഞ്ഞാൽ ആത്മാവുകൊണ്ട് താനവളെ ഉള്ളിലേക്ക് ആവാഹിക്കുകയായിരുന്നു എന്നുവേണം പറയാൻ. കലഹങ്ങൾ ഇടിവെട്ടിപ്പെയ്ത പതിവുരാവുകളുടെ ഇടവേളയിലെപ്പോളോ തന്നിലേക്ക് ഉരുകിയൊലിച്ചിറങ്ങിയവൾ. നോവിന്റെ ഇരുൾച്ചെപ്പ് തുറന്നിട്ട വഴികളിൽ പ്രത്യാശയുടെ വെളിച്ചമായവൾ. 

മകൾ എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ പോരാ. പിന്നീടങ്ങോട്ട് ജീവനും ജീവിതവും അവളായിരുന്നു. സ്വപ്നങ്ങളെല്ലാം അവളെ ചുറ്റിയായിരുന്നു. എന്നിട്ടുമവളെ പിരിയേണ്ടിവന്നു. രണ്ട് വയസ്സുള്ള കുഞ്ഞിനെ തന്റെ അമ്മയെ ഏൽപ്പിച്ച് ദൂരെ ഒരിടത്തേക്ക് ജോലിക്കായി പോകേണ്ടിവന്ന ഗതികേട്. മുന്നോട്ടുള്ള ജീവിതത്തിന് വേറെ വഴിയില്ലായിരുന്നു. 

ഹോസ്റ്റൽ മുറിയിലെ രാത്രികളിൽ, എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അവളുടെ കളിചിരികളുടെ ഓർമ്മകളിൽ നെഞ്ചകം പൊള്ളിവിറക്കുമായിരുന്നു. പാല് തിങ്ങി മാറിടം വിങ്ങിവേദനിക്കുമ്പോൾ, വാഷ്ബേസിനിലെ ടാപ്പിലെ വെള്ളത്തോടൊപ്പം ഒഴുക്കിക്കളഞ്ഞ മാതൃത്വത്തിന്റെ ഇളംചൂടിന്റെ ഓർമ്മകൾ വീണ്ടും തന്റെ കവിളുകളെ പൊള്ളിക്കുന്നത് അവൾ അറിഞ്ഞു. 

ഇടക്ക് വിരുന്നുകാരിയെപ്പോലെ വീട്ടിലെത്തുമ്പോൾ കുഞ്ഞിന് പൊക്കം വച്ചുകാണും, പല്ല് മുളച്ചിട്ടുണ്ടാകും, ഉച്ചരിക്കുന്ന വാക്കുകൾക്ക് വ്യക്തത വന്നിട്ടുണ്ടാകും. സ്വന്തം മകളുടെ വളർച്ച കൂടെനിന്ന് കാണാൻ ഭാഗ്യമില്ലാതെ പോയ ഒരമ്മയുടെ ഹൃദയത്തിന്റെ തേങ്ങൽ വർഷങ്ങൾക്കിപ്പുറവും അവളുടെ കാതുകളിൽ അലയടിച്ചു. കാറ്റുലച്ചിട്ട പൂവിതളുകൾ പോലെ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ദിനങ്ങൾ. ലോകത്ത് വേറൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത നോവ്.

ജീവിതം കെട്ടിപ്പടുത്തെടുക്കേണ്ടത് തന്റെ മാത്രം ആവശ്യമാണെന്നുള്ള ബോധ്യമാണ് പിന്നീടങ്ങോട്ട് നയിച്ചത്. വർഷങ്ങൾക്ക് എന്തുവേഗമാണ്. കാറ്റിലുലഞ്ഞു മണ്ണിൽ തൊടുന്ന മരച്ചില്ലകൾ പോലെ ഇടക്കൊക്കെ തളർന്നെങ്കിലും പിന്നെയും പുതുനാമ്പുകളുമായി ആകാശത്തേക്ക് തലയുയർത്തി. 

വീട്, മകളുടെ പഠിപ്പ്, അവളുടെ വിവാഹം എല്ലാം ഒരു തിരശീലക്ക് പിന്നിലൂടെ ഇന്നിപ്പോൾ ഒരിക്കൽകൂടി കണ്ടു. എല്ലാം കഴിഞ്ഞു, ഈ ജന്മത്തിലെ കടമകളെല്ലാം തീർത്തു. ഇനിയെന്ത്...? അതൊരു ചോദ്യമാണെങ്കിൽ ഉത്തരം തേടേണ്ടതുണ്ടായിരുന്നു. ഒരുദിവസമെങ്കിലും തനിക്കുവേണ്ടി ജീവിക്കണം. നെഞ്ചിലെരിഞ്ഞുകൊണ്ടിരുന്ന നോവുകളുടെ നെരിപ്പോടുകളുമായി, അവയുടെ ഓർമ്മപ്പെടുത്തലുകളുമായി, കഴിഞ്ഞുപോയ ഓരോ രാത്രികളുടേയും കടം വീട്ടാനായി ഒരുരാത്രി.

ഭദ്രേ..... നീ ഉറങ്ങിയില്ലേ.

ഉറക്കച്ചടവുള്ള ശബ്ദമാണ് ചിന്തകളിൽനിന്ന് ഉണർത്തിയത്. ജനാല പതുക്കെ ചേർത്തടച്ചു. തിരികെ നടന്നുചെന്ന് കിടക്കയിൽ ഇരുന്നു. വെള്ളനിറത്തിൽ ചുവന്ന നേർത്ത പൂക്കളോട് കൂടിയ ഡിസൈനുള്ള കിടക്കവിരിയിൽ പതുക്കെ വിരലുകളോടിച്ചു. 

നേർത്ത കൂർക്കംവലി കേട്ട്മുഖം തിരിച്ചുനോക്കി. അയാൾ വീണ്ടും ഉറങ്ങിക്കഴിഞ്ഞിരുന്നു. പാവം... ഉറങ്ങട്ടെ. തന്നെപ്പോലെതന്നെ ജീവിതത്തിൽ കുറേദൂരം ഓടിത്തളർന്ന മനുഷ്യനാണ്. ഇടക്ക് തണൽമരമായവനാണ്. കുളിർമഴയായി പെയ്തവനാണ്. ഹൃദയത്തിൽ എപ്പോഴൊക്കെയോ സ്നേഹത്താൽ നേർത്ത സംഗീതം നിറച്ചവനാണ്, ബാധ്യതകളുടെ മാറാപ്പുകളെല്ലാം അഴിച്ചുവച്ച് ഒരുരാത്രി നമുക്ക് മാത്രമായെന്ന് പറഞ്ഞപ്പോൾ  ചേർന്നുനിന്നവനാണ്. ഈ രാത്രിക്കപ്പുറം അയാൾക്ക് തിരികെ പോകേണ്ടതുണ്ട്. അയാളുടേതായ തിരക്കുകളുടെ ലോകത്തിലേക്ക്. ശേഷവും ഒരുദിവസം കൂടി ഒറ്റക്ക് എനിക്കിവിടെ കഴിയണം. 

വാശിക്കാരിയെന്ന പേര് പണ്ടേ ചാർത്തിവാങ്ങിയതുകൊണ്ട് അയാൾ എതിർത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിലും എതിർത്തുപറയാൻ തന്റെ ആരാണയാൾ. ആരുമല്ല. സത്യമായും ആരുമല്ല. ആരൊക്കയോ ആണെന്ന് പലപ്പോഴായി തന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടവളാണ് താൻ. ഇനിയും ആരുമാവുകയും വേണ്ട. എല്ലാത്തിനുമൊടുവിൽ തനിക്ക് മാത്രമായി ഈ ദിവസം മാറ്റിവച്ചല്ലോ അതുമതി.... അതുമാത്രം മതി.

ഓർമ്മകൾ കനംവച്ച കൺപോളകളും താങ്ങി പിന്നേയുമവളിരുന്നു. 5 മണിക്ക് അയാളുണർന്നു. തിരിച്ചുപോകാനുള്ള തിടുക്കം. തന്റെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ അയാൾ അസ്വദിച്ചിരുന്നുവോ എന്നവൾ അപ്പോൾ ഓർത്തില്ല. ജീവിതത്തിലെ ലാഭങ്ങളുടെ കണക്കിലേക്ക് ചേർത്തുവക്കാൻ പാകത്തിന് ഒരു ദിവസം സമ്മാനിച്ച അയാളോട് ഹൃദയം നിറയെ സ്നേഹംതോന്നി. തലേന്ന് രാത്രി തന്റെ മാറോട് പറ്റിച്ചേർന്നുകിടന്ന അയാളോട് അടങ്ങാത്ത വാത്സല്യം തോന്നി. പിന്നീട് വളരെ ശാന്തമായി അയാളുടെ തയ്യാറെടുപ്പുകൾ എല്ലാം നോക്കിയിരുന്നു. ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങുംമുൻപ്  നെഞ്ചിൽ ചേർത്തണച്ച് നെറ്റിയിൽ നൽകിയ ചുംബനം വീണ്ടും അവളുടെ കണ്ണുകളെ ഈറനണിയിച്ചു.

ഇനിയെല്ലാം ഓർമ്മകൾ മാത്രമാണ്. പക്ഷേ... ഓർമ്മകൾ പേറുന്നത് ജീവനുള്ള മനസ്സുകളല്ലേ. അങ്ങനെയെങ്കിൽ... അറിയില്ല... എന്നാലും ഇരുളിലേക്ക് യാത്രചെയ്യുന്ന ഈ പകലിന്റെ ഒടുക്കം അവയെല്ലാം അവസാനമായൊന്നൊളിപ്പിച്ചു വയ്ക്കുന്നുണ്ട്. കന്യാകുമാരിയിലെ അലയൊടുങ്ങാത്ത കടൽത്തിരകളെ മാത്രം സാക്ഷിയാക്കി...

English Summary: Jalasankukal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA
;