ഉന്മാദത്തിന് താരാട്ട് തീര്‍ത്ത രാവിൽ അവൾ ചോദിച്ചു ‘യൂ നീഡ് എ സ്റ്റിഫ് വണ്‍...’

aadhi-dravidam-malayalam-short-story-by-k-pradeep
Representative Image. Photo Credit : AndreyCherkasov / Shutterstock.com
SHARE

ജന്നിഫര്‍ എന്നും എന്നെ അതിശയിപ്പിച്ചിട്ടേയുള്ളൂ. അക്ഷരങ്ങളിലൂടെ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ ഗാഢമായി പ്രണയിക്കാമെന്ന് അവളെനിക്കു കാണിച്ചു തന്നു. ഇമെയില്‍ സന്ദേശങ്ങള്‍ കാപ്പിറ്റലിസത്തിന്റെ വിസർജ്യമാണെന്ന എന്റെ സങ്കല്‍പം അവള്‍ തിരുത്തി. മാര്‍ക്‌സിന്റെ നാട്ടുകാരി എന്നതിലുപരി ഹെസ്സെയുടെയും ഗുണ്ടര്‍ട്ടിന്റെയും നാട്ടുകാരി എന്നറിയപ്പെടാനാണ് അവള്‍ക്ക് താല്‍പര്യം. സൃഷ്ടിയുടെ ഉഷ്ണ മേഖലകളില്‍ നിന്നും എന്നെ കുടജാദ്രിയുടെ ഊഷ്മളതയിലേക്കെത്തിച്ചത് അവളുടെ മറ്റൊരു അദ്ഭുത പ്രവൃത്തി.

പൊടിപടലങ്ങള്‍ അണിയലുകള്‍ തീര്‍ത്ത എന്റെ പണിശാലയില്‍ അവള്‍ കടന്നുവന്ന നേരവും കാലവും എനിക്കോര്‍മയില്ല. അച്ഛന്‍ തെയ്യക്കോപ്പുകള്‍ സൂക്ഷിച്ച പുരയുടെ ഒരു ഭാഗത്തായിരുന്നു എന്റെയും പണിപ്പുര. പുരുഷപ്രതിമയുടെ പണിയിലായിരുന്നു മാസങ്ങളായി ഞാന്‍. കരിങ്കല്ലില്‍ തുടര്‍ച്ചയായി പതിയുന്ന കല്ലുള്ളിയുടെ നാദം എന്റെ മനസ്സിലെ ഉന്മാദത്തിന് താരാട്ട് തീര്‍ത്തു. 

‘‘വേണു... ഡു യു ഗോട്ട് മീ’’ – കയ്യിലുണ്ടായിരുന്ന ബാഗ് ഒരുഭാഗത്ത് ഒതുക്കിവെച്ച് ജെനിഫര്‍ ചോദിച്ചു. 

അവളെ എനിക്ക് അപരിചിതയായി തോന്നിയില്ല. 

എനിക്ക് നിന്നെ കാണണമെന്ന് തോന്നി. ഞാനിങ്ങു വന്നു.

പാതിരൂപമായി കിടക്കുന്ന പ്രതിമയെ തൊട്ടും തലോടിയും ഇരിക്കവേ അവള്‍ പറഞ്ഞു. ശേഷം അവളുടെ വിരലുകള്‍ എന്നിലൂടെ ചലിച്ചു. കുളി വല്ലപ്പോഴുമായതിനാല്‍ കരിങ്കല്‍പ്പൊടിയും വിയര്‍പ്പും ചേര്‍ന്ന് എന്റെ ശരീരം ചതുപ്പുനിലത്തെ അനുസ്മരിപ്പിച്ചു.  

ഇതിന്റെ അഗ്രഭാഗം നന്നായിട്ടില്ല. അത് വൃഷണത്തില്‍നിന്ന് അല്‍പം വിട്ടുനില്‍ക്കണം - പ്രതിമയുടെ ലിംഗത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ജെന്നിഫര്‍ പറഞ്ഞു.

അത് ശരിയാണെന്ന് എനിക്കും തോന്നി. പുരുഷ നഗ്നത ഞാനത്ര സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ലായിരുന്നു. ജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ജെന്നിക്ക് ലിംഗത്തോടുള്ള കൗതുകം സാധാരണ പെണ്ണുങ്ങളില്‍നിന്നു വ്യത്യസ്തമായിരിക്കാം. 

കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഞാന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. വെട്ടിയൊതുക്കിയ സ്വര്‍ണ്ണ തലമുടിയും നീലകണ്ണുകളും അവളെ സുന്ദരിയാക്കി. നീളമുള്ള കൈവിരലുകള്‍. പക്ഷേ ഉയര്‍ന്ന ചുമലുകള്‍, അത് അവളുടെ അംഗനച്ചേലിന് പൊരുത്തപ്പെടാത്തതായി എനിക്ക് തോന്നി. അവള്‍ കൊച്ചുകുഞ്ഞിനെപ്പോലെ എല്ലാം നോക്കി കാണുകയും നിര്‍ത്താതെ സംസാരിക്കുകയും ചെയ്തു. 

അങ്ങകലെ പൈന്‍മരങ്ങളുടെ താഴ്‌വരയിലെ വീടിനെ കുറിച്ചും ചരിത്രം പഠിപ്പിക്കുന്ന അധ്യാപകരായ ജെന്നിയുടെ മാതാപിതാക്കളെക്കുറിച്ചും ഞാനോര്‍ത്തു. അവള്‍ക്ക് ജനിതക ശാസ്ത്രത്തിന് പുറമേ ചിത്രരചനയിലും സിനിമയിലും കമ്പമുണ്ട്. 

‘‘യൂ നീഡ് എ സ്റ്റിഫ് വണ്‍’’- ഞങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഒരു മരക്കൊമ്പില്‍ കൊളുത്തി വെയ്ക്കുകയായിരുന്നു അവള്‍. 

‘‘നിനക്ക് മനഃശാസ്ത്രവും വശമുണ്ട്. ശരിക്കും ജീനിയസ്’’- ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

അവളെനിക്കായി കൊണ്ടുവന്ന മെക്സിക്കന്‍ റം ഗ്ലാസിലേക്കൊഴിച്ച് ഞാന്‍ അത് ഒറ്റവലിക്ക് കുടിച്ചു. മൂന്നാമ്മത്തെ പെഗില്‍ അവള്‍ എന്റെ സുരപാനത്തിന് തടയിട്ടു. 

നിന്റെ ആര്യന്‍ കോംപ്ലക്‌സ് തികട്ടിവരുന്നുണ്ടോ? 

പക്ഷേ, തെയ്യം ഞാനതിന്റെ വിഡിയോ ടേപ്പ് കണ്ടിട്ടുണ്ട്. 

മനുഷ്യര്‍ ദൈവത്തിന്റെ വേഷമണിയുക, ആളുകള്‍ അതിനെ വണങ്ങുക. കമ്യൂണിസം പറയുന്ന നിങ്ങളെല്ലാം അതിനെ അംഗീകരിക്കുക- ജെന്നി സന്ദേഹം മറച്ചുവെച്ചില്ല. 

എന്റെ ഗ്രാമത്തില്‍ പാര്‍ട്ടിയുടെ ലോക്കല്‍സെക്രട്ടറി തെയ്യക്കോലമണിയും. വെളിപാടുകള്‍ വിളിച്ചുപറയും: പൈതങ്ങള്‍ക്ക് കൊണംവരുത്തണേ. കോലമഴിച്ച് വെച്ച് പിറ്റേദിവസം അയാള്‍ വിലക്കയറ്റത്തിനെതിരെ കലക്‌ടറേറ്റ് ഉപരോധിക്കാന്‍ പോകും. സോഷ്യലിസത്തിലേക്കുള്ള വ്യത്യസ്ത പാതകള്‍ നിഷ്‌കളങ്കനായ ദ്രാവിഡന്റെ വിചാരങ്ങള്‍. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതൊക്കെ തമാശയായി കാണണം. അതൊക്കെ അങ്ങനെ നടന്നോട്ടെ. 

ജെന്നി ചിരിച്ചു. നെറുകയില്‍നിന്നു മൂക്കിന്‍ തുമ്പത്തൂടെ ഒലിച്ചിറങ്ങുകയായിരുന്ന വിയര്‍പ്പുമണികള്‍ പൊട്ടിച്ചിതറി. 

സന്ധ്യ. നേര്‍ത്ത കാറ്റ്. അതിനെക്കാള്‍ നേര്‍ത്ത പ്രകാശം. കുടജാദ്രിയിലെ പാറപ്പരപ്പുകള്‍ വിജനമായി.

‘‘വേണു....’’ – അവള്‍ എന്റെ ചുമലുകളില്‍ കൈവെച്ചു. 

മ്യൂണിക്കിലെ എന്റെ പരീക്ഷണശാലയിലെ രാസനാളികളില്‍ ഒന്നില്‍ പുരുഷബീജങ്ങള്‍ പരല്‍മീനിനെ പോലെ നീന്തിതുടിക്കുന്നത് ഞാന്‍ കണ്ടു. 

ശീതം ഉറഞ്ഞുകൂടിയ എന്റെ ഗര്‍ഭാശയം അന്നേരം നിനക്കായി മിടിച്ചു. ഞാന്‍ വന്നത് അതിനാണ്. 

‘‘ജെന്നി....’’ - ദുര്‍ബലമായ എന്റെ ശരീരം വിറച്ചു.

അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു. മുലകള്‍ എഴുന്നുവന്നു. കാറ്റിന് വേഗമേറി. പച്ചക്കുരുത്തോലയുടെ ഗന്ധം. അതോടൊപ്പം ചിലമ്പൊലി മുഴങ്ങി. ചെണ്ടയുടെ രൗദ്രതാളം. ഉവ്വേ ഉവ്വേ... ആര്‍പ്പുവിളികള്‍. പിണഞ്ഞുചേര്‍ന്ന ശരീരങ്ങള്‍ പാറപ്പരപ്പില്‍ ഞെരിഞ്ഞമര്‍ന്നു. 

മഞ്ഞള്‍ക്കുറിപോലെ പൊടിപടലങ്ങള്‍ ഉയര്‍ന്നു... ചെണ്ടയുടെ മുറുക്കം അയഞ്ഞുവന്നു. ആര്‍പ്പുവിളികള്‍ നിലച്ചു. കാറ്റ് നേര്‍ത്തു. പ്രകാശം അതിലേറെ നേര്‍ത്തു. 

പാറപ്പരപ്പില്‍ കാലുകളകറ്റി വച്ച് മലര്‍ന്ന് കിടന്നുറങ്ങുന്ന ജെന്നി. ഞാനവളുടെ അടിവയറ്റിലേക്ക് നോക്കി. വെളുപ്പും ചുവപ്പും കലര്‍ന്ന നിറം. അതില്‍പ്പറ്റിപിടിച്ച് എന്റെ ശരീരത്തിലെ കരിങ്കല്‍പൊടികളും മുറിഞ്ഞുപോയ അവളുടെ മേനിയിലെ ചോരയും ചേര്‍ന്ന് വരച്ചുവെച്ചൊരു രൂപം. അത് ഗ്രിഗര്‍മെന്‍ഡലിന്റെ പിരിയന്‍ഗോവണിയായി എനിക്ക് തോന്നി. 

English Summary : Aadhi Dravidam - Malayalam Short Story by K. Pradeep

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;