ADVERTISEMENT

ഒരിക്കൽക്കൂടി (ചെറുകഥ)

ഏറ്റവും ഭീകരമായ പരീക്ഷണത്തിനായാണ് പ്രഫസർ ചിൻ പാങ് തയാറെടുക്കുന്നത്. നിലവിൽ ലോകത്തിലെ ഒരു യൂണിവേഴ്സിറ്റി പോലും ഇത്തരത്തിലൊരു പരീക്ഷണത്തിന് അനുമതി കൊടുത്തിട്ടില്ല. ഇതുപോലൊരു പരീക്ഷണം നടത്താൻ ആരും ധൈര്യപ്പെട്ടിട്ടില്ല എന്നു പറയുന്നതാവും ശരി. ഒരിക്കൽ രാജ്യത്തെ ഏറ്റവും നല്ല ശാസ്ത്രജ്ഞനുള്ള പ്രസിഡന്റിന്റെ അവാർഡ് നേടിയിട്ടുളളയാളാണ് പ്രഫ. ചിൻ പാങ്. എന്തുകൊണ്ടായിരുന്നു അയാൾക്ക് ഇങ്ങനെയൊരു മാറ്റം വന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരിക്കൽ ചില ഭ്രാന്തൻ പരീക്ഷണങ്ങൾ നടത്തിയതിന് രാജ്യത്തിന്റെ ശാസ്ത്രലോകത്തിൽ നിന്നുതന്നെ പുറത്താക്കിയിരുന്നു. എങ്കിലും അയാൾ മതിയാക്കിയില്ല, വല്ലാത്ത ആവേശത്തോടെ തുടർന്നുകൊണ്ടേയിരുന്നു. ഒരു മനുഷ്യന്റെ ചിന്തകളിൽ പോലുമില്ലാത്ത ചില ആശയങ്ങൾ. ഭൂമിയെ തന്നെ ഇല്ലാതാക്കുന്ന ചില പരീക്ഷണങ്ങൾ. അങ്ങനെ ഒരു കിറുക്കനെ പോലെ അയാൾ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. സഹപ്രവർത്തകരെല്ലാം മതിഭ്രമം ബാധിച്ച മനുഷ്യനായിട്ടാണ് അയാളെ കാണുന്നത്. അങ്ങനെ രാജ്യത്തെ തന്നെ കുപ്രസിദ്ധനായ ഭ്രാന്തൻ ശാസ്ത്രജ്ഞനായി അയാൾ മാറി. അയാളുടെ മാനസികാവസ്ഥ, പരീക്ഷണ ശാലയിൽ ഭ്രാന്തനെപ്പോലെയാക്കി മാറ്റി.

അയാൾക്ക് സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരും ഉണ്ടായിരുന്നില്ല. പട്ടണത്തിൽ നിന്നകന്ന് വർഷങ്ങളായി താമസമില്ലാതെ കിടന്ന പഴയൊരു ബംഗ്ലാവ് വാങ്ങി, പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഏകനായി ചിന്തകളിൽ മുഴുകി, തുടർന്നുള്ള പരീക്ഷണങ്ങൾ രഹസ്യമായി അയാൾ അവിടെ ആരംഭിച്ചു. കുള്ളനായ ഒരു സഹായിയും അയാൾക്കൊപ്പമുണ്ടായിരുന്നു. കണ്ണുകൾക്കും കാതുകൾക്കും തകരാറുള്ള കുള്ളനായ ഒരു സഹായി. വാനനിരീക്ഷണവും അന്യഗ്രഹജീവികളെ പറ്റിയുള്ള പഠനങ്ങളിലുമായിരുന്നു പ്രഫസർ ചിൻ പാങ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രാജ്യത്തെ ശാസ്ത്രസമൂഹം കാണാത്ത ചില വിചിത്ര ഗ്രഹങ്ങൾ അയാൾ കണ്ടെത്തിയിരിക്കുന്നു. ഒരിക്കൽ ബഹിരാകാശ ഗവേഷണങ്ങളിൽ രാജ്യത്തുതന്നെ മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ. പക്ഷേ ഇന്നയാൾക്ക് മാറ്റങ്ങൾ വന്നിരിക്കുന്നു. രാജ്യത്തിന്റെ അനുമതി ഇല്ലാതെ പരീക്ഷണം നടത്തുകയാണയാൾ. അല്ലെങ്കിലും അയാളെപ്പോലൊരാൾക്ക് എന്തിനാണ് അവരുടെ അനുമതി.

സൗരയൂഥത്തിൽ വിരിഞ്ഞ കല്യാണസൗഗന്ധിക പുഷ്പമായിരുന്നു ഭൂമി. മറ്റു ഗ്രഹങ്ങളെല്ലാം കൊതിക്കുന്ന വശ്യസൗന്ദര്യമുള്ള പുഷ്പം. ഓരോ ജീവജാലത്തിനും ഭൂമിയിൽ ആവാസസ്ഥലം നൽകി, അവയുടെ എല്ലാം അധിപനായി ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചു. ഭൂമിയിലുള്ള സകലതിനെയും മനുഷ്യൻ അനുഭവിച്ചു. തൃപ്തി വരാതെ മനുഷ്യൻ പലതും തേടിപോയി. അങ്ങനെ ഭൂമിയുടെയും ആകാശഗംഗയുടെയും അതിരുകളെല്ലാം ഭേദിച്ച് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ചില കണ്ടുപിടിത്തങ്ങൾ മനുഷ്യനെ അവയുടെ അടിമകളാക്കി.

ഇരുപതാം നൂറ്റാണ്ടിൽ രാജ്യത്ത് വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിലായിരുന്നു അയാൾക്ക് ഭാര്യയെയും കുട്ടികളെയും നഷ്ടമായത്. യുദ്ധങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിൽ നിന്നാണ് അയാളിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. ചില അസാധാരണ ചിന്തകൾ ഉടലെടുത്തു. ഭൂമിയിലെ ഒരു മനുഷ്യൻ പോലും ചിന്തിക്കാത്ത, ഒരു പരീക്ഷണത്തിനു പോലും മുതിരാത്ത ചില ആശയങ്ങൾ അയാളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് സൗരയൂഥവും കടന്ന് ആയിരമായിരം പ്രകാശവർഷങ്ങൾക്കപ്പുറം കോടാനുകോടി ഗ്രഹങ്ങളിൽ നിന്നുള്ള ജീവികളുടെ പഠനത്തിലേക്ക് അയാൾ എത്തിയത്. അന്യഗ്രഹ ജീവികളുടെ പഠനം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാൾ തുടർന്നു. ഒരു ഭ്രാന്തനെ പോലെ… രാത്രിയുടെ നിശബ്ദയാമങ്ങളിൽ അയാളുടെ കൈവിരലുകൾ സംസാരിച്ചുകൊണ്ടിരുന്നു. ചില കോഡുകളായി, ചില സിഗ്നലുകളായി.... ആയിരമായിരം ഗ്രഹങ്ങൾക്കും തമോഗർത്തങ്ങൾക്കുമപ്പുറം മനുഷ്യർ ഇന്നേവരെ കണ്ടുപിടിക്കാത്ത നക്ഷത്ര സമൂഹങ്ങളിലേക്കും നിഗൂഢ ഗ്രഹങ്ങളിലേക്കും പ്രകാശത്തിനേക്കാൾ വേഗമേറിയ സിഗ്നലുകൾ അയച്ച് അവയിലെ ജീവസമൂഹത്തെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ദീർഘമായ പരീക്ഷണം. അതിനായി ചില കോഡുകളും സിഗ്നലുകളും അയച്ച് അവരുമായി സംഭാഷണം നടത്തുകയായിരുന്നു ലക്ഷ്യം. അതിലായിരുന്നു അയാൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.

orikkalkoodi-malayalam-short-story-by-cecil-mathew-article-two
Representative Image. Photo Credit : Shutter_o / Shutterstock.com

ചില ദിവസങ്ങളിൽ സൂക്ഷ്മ ജീവികളുമായി അയാൾ ദിനരാത്രങ്ങൾ വ്യത്യാസമില്ലാതെ ഭക്ഷണം പോലും ഉപേക്ഷിച്ച് ഏറെ നേരം സംസാരിക്കും. പ്രകാശത്തിൽ നിന്ന് വരുന്ന തരംഗങ്ങളിലൂടെ.... ഒരോ ചലനങ്ങളിലും അടിമയെ പോലെ അവയുടെ നിർദ്ദേശം കേൾക്കും. ഒരു മനുഷ്യരോട് പോലും സംസർഗ്ഗം ഇല്ലാതെ വർഷങ്ങളോളം ആ ഇരുണ്ട ബംഗ്ലാവിൽ, നക്ഷത്ര സമൂഹങ്ങളിലെയും തമോഗർത്തങ്ങളിലേയും ജീവികളെ പോലെ ആയിത്തീർന്നിരുന്നു. മഞ്ഞും മഴയും വെയിലും പ്രകൃതിയിൽ കോടാനുകോടി കണങ്ങളിൽ ഉത്ഭവിക്കുന്ന ജീവന്റെ തുടിപ്പുകളൊന്നും അയാൾ അറിഞ്ഞിരുന്നതേ ഇല്ല. അയാളുടെ ചിന്തകളും സംഭാഷണങ്ങളുമെല്ലാം മനുഷ്യരുടെതായ ഒരു സാദൃശവും ഇല്ലാതെ മറ്റേതോ ജീവികളെ പോലെയായി. ജീവൻ നിലനിർത്താനായി മാത്രം ഭക്ഷണവുമായി ആ വലിയ ബംഗ്ലാവിൽ താമസം തുടങ്ങിയിട്ട് ഇന്ന് അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അഞ്ച് വർഷത്തിനു ശേഷം പ്രഫസർ ചിൻ പാങ് കൂടുതൽ സന്തോഷത്തിലാണ്. ഇതുവരെ അന്യഗ്രഹങ്ങളിലെ സൂക്ഷ്മ ജീവികളുമായി സംസാരിക്കുക മാത്രമാണ് ചെയ്തത്. ഇന്നിപ്പോൾ ഭൂമിയിലേക്ക് കൊണ്ടുവരുവാനുള്ള തീവ്രശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. എതാണ്ട് അന്ത്യഘട്ടത്തിലായൊരു പരീക്ഷണം. പരീക്ഷണശാലയിൽ അതിനുള്ള തരംഗങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സൗരയുഥത്തിനപ്പുറം ഗ്രഹങ്ങളെല്ലാം ഗാഢനിദ്രയിലാണ്ടു പോകുന്ന ഒരു മാത്ര. നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം കൂരിരുട്ടിലാകുന്ന ഒരു നിമിഷം... ഭൂമിയിലുള്ള സകല മനുഷ്യരുടെയും ചിന്തകൾ നിമിഷത്തിന്റെ ഒരംശത്തിൽ ഒരേ ബിന്ദുവിൽ തന്നെ കേന്ദ്രീകരിക്കുന്ന ശൂന്യനേരം. വർഷത്തിലൊരു തവണ മാത്രം സംഭവിക്കുന്ന അശുഭമുഹൂർത്തമാണ് അവർക്ക് ഭൂമിയിലേക്ക് വരാനായി തിരഞ്ഞെടുത്തത്.

എന്തിനും സ്വാതന്ത്ര്യമുള്ള ഭൂമിയിലെ മനുഷ്യൻ, സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ച് നടന്നവർ. പുഴകളും സമുദ്രങ്ങളും പർവതങ്ങളും ആകാശവിതാനങ്ങളും ഭൂഖണ്ഡങ്ങളുമെല്ലാം മാറിമാറി സഞ്ചരിക്കുന്ന മനുഷ്യർ. ലോകത്തുള്ള എന്തിനെയും കീഴ്പ്പെടുത്തി നടക്കുന്ന മനുഷ്യൻ. അവന്റെ മുമ്പിലേക്കാണ് നേത്രങ്ങൾക്കു പോലും കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ എത്താൻ പോകുന്നത്. അവർ ഭൂമിയിലേക്ക് വന്നാൽ എന്തു സംഭവിക്കുമെന്ന് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്രാമീണ കർഷകർ കോർമോറന്റ് പക്ഷികളെയും കൊണ്ട് മീനുകളെ പിടിക്കാൻ ചെറുവള്ളങ്ങളിൽ കാത്തിരിക്കുന്ന പോലെ. ഒരു പക്ഷേ പല മാറ്റങ്ങളും സംഭവിക്കാം. പ്രവചനങ്ങൾക്ക് അതീതമാണ് അവയുടെ വരവ്. എന്ത് സംഭവിക്കുമെന്ന് ആ ഭ്രാന്തനായ ശാസ്ത്രജ്ഞനു മാത്രം അറിയാവുന്ന നിഗൂഢ രഹസ്യം.

അടുത്ത പ്രഭാതത്തിൽ ഭൂമിയിൽ വിരുന്നുവന്ന സൂക്ഷ്മജീവികൾ പരീക്ഷണ ശാലയിലേക്കായിരുന്നു ആദ്യമായി വന്നത്. അത്യന്തം ആനന്ദിച്ച പ്രഫസർ ചിൻ പാങ് അവർക്ക് കൂടുതൽ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. പരീക്ഷണശാലയിൽ നിന്ന് പുറത്തിറങ്ങിയ അവ രാജ്യത്തെങ്ങും പടർന്നു. അതൊരു ദുരന്ത കാലത്തിന് തുടക്കം കുറിക്കുകയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഭൂമിയുടെ ഉപരിതലത്തിൽ വിഹരിച്ച അവ പതിയെപ്പതിയെ മനുഷ്യ ശരീരത്തിനുള്ളിലേക്ക് കയറിത്തുടങ്ങി. മനുഷ്യരുടെ ശ്വാസാകോശങ്ങളിൽ കയറി, അവന്റെ ശബ്ദമില്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനുള്ള സന്ദേശങ്ങളായിരുന്നു പ്രഫസർ ചിൻ പാങ് അവർക്ക് നൽകിയത്. ഓരോ മനുഷ്യരെയും നിശ്ബദമാക്കുന്നതിലൂടെ ഭൂമിയിൽ സമാധാനം കൈവരുമെന്ന് അയാൾ വിശ്വസിച്ചു. പലവിധ രോഗങ്ങളാൽ സഹികെട്ട മനുഷ്യരിൽ ഈ ജീവികൾ ബാഹ്യമായ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.

ആ വലിയ രാജ്യത്തെ ആശുപത്രികളെല്ലാം ഒരേ രോഗ ലക്ഷണമുള്ളവരെ കൊണ്ടു നിറയാൻ തുടങ്ങി. ആദ്യമാദ്യം ഈ വിവരം അയൽ രാജ്യങ്ങളറിയാതെ വളരെ രഹസ്യമായി മറച്ചുവച്ചു. രാജ്യത്തെ ശാസ്ത്രജ്ഞരെല്ലാം തലപുകഞ്ഞാലോചിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചെന്ന് പറയാൻ ആർക്കും സാധിച്ചില്ല. മറ്റൊരിക്കൽ പോലും കാണാത്ത ഘടനയുള്ള വൈറസ്സുകളെ കണ്ടെത്തിയിരിക്കുന്നു. അസംഭാവ്യമായ എന്തോ ഒന്ന് എവിടെയോ നടന്നിരിക്കുന്നു. ഗവേഷകർ ഒരേ സ്വരത്തിൽ പറഞ്ഞു.വലിയ വെല്ലുവിളിയുയർത്തി ലോകം കടന്നുപോകുമ്പോഴും അതിസൂക്ഷ്മങ്ങളായ ഈ അന്യ ഗ്രഹജീവികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയായിരുന്നു നിഗൂഢ ബംഗ്ലാവിലിരുന്നയാൾ. ആദ്യമൊക്കെ നിയന്ത്രണത്തിലായിരുന്ന അവ, പലപ്പോഴും അയാൾ കൊടുത്ത സിഗ്നലുകൾക്ക് അതീതമായി പ്രവർത്തിച്ചു. 

പരീക്ഷണശാലയിലിരുന്ന് നിയന്ത്രിക്കാനാകാതെ, രാജ്യത്തിനു പുറത്തും, വൈറസ് എന്ന് മനുഷ്യൻ വിളിക്കുന്ന അന്യഗ്രഹ ജീവികൾ പടരാൻ തുടങ്ങി. അവയുടെ മേൽ പ്രഫസർ ചിൻ പാങ്ങിന്റെ നിയന്ത്രണങ്ങളെല്ലാം നഷ്ടമായിത്തുടങ്ങി. ഭൂമിയിലെ എല്ലാത്തരം മനുഷ്യരിലും ഈ സൂക്ഷ്മങ്ങളായ അന്യഗ്രഹജീവികൾ ആക്രമിച്ചുകൊണ്ടിരുന്നു. രാജ്യത്തെ ശാസ്ത്രസമൂഹത്തിന് ചില സംശയങ്ങൾ വന്നു തുടങ്ങി. ഒരിക്കൽ ശാസ്ത്ര സമൂഹത്തിൽ നിന്ന് പുറത്താക്കി ഇരുണ്ട ബംഗ്ലാവിൽ കാലങ്ങളായി താമസിക്കുന്ന ഭ്രാന്തൻ ശാസ്ത്രജ്ഞനായിരുന്നു എല്ലാവരുടെയും മനസ്സിൽ. ആ ഭ്രാന്തൻ ചിൻ പാങ് പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നാണ് രഹസ്യമായി അറിയുന്നത്. പലരും പറഞ്ഞു തുടങ്ങി. രാജ്യത്തെ ശാസ്ത്രജ്ഞന്മാർക്കെല്ലാം ഭയമായിരുന്നു പ്രഫസർ ചിൻ പാങ്ങിനെ. അയാളുടെ അടുത്ത് പോകാൻ പലപ്പോഴും വിമുഖത കാട്ടി. ദിവസവും രാജ്യത്തെ ആയിരക്കണക്കിനാളുകൾ മരിച്ചു വീണുകൊണ്ടിരുന്നു. ലോകം എങ്ങും നിശ്ചലമായ ദിനങ്ങൾ. ചുറ്റിനും മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് അയാൾ ദുഃഖിച്ചു. ലോകത്തിലെ ഭരണാധികാരികൾ ചെയ്യുന്ന തെറ്റിന് പാവങ്ങളായ സാധാരണ മനുഷ്യർ എന്തു പിഴച്ചു. അയാളുടെ ചിന്തകളിൽ ചില പരിണാമങ്ങൾ വന്നു തുടങ്ങി. അയാളിലെ മനുഷ്യമനസ്സുണർന്നു. എല്ലാ വികാരങ്ങളുമുള്ള സാധാരണ മനുഷ്യനായി അയാൾ മാറി.

വീണ്ടും പരീക്ഷണശാലയിൽ തയാറെടുത്തു, നീണ്ട പരീക്ഷണത്തിന്. തന്റെ നിയന്ത്രണത്തിൽ നിന്നു മാറിപ്പോയ അവയെ തിരികെ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം. ആയിരമായിരം പ്രകാശവർഷം അകലെയുള്ള ഗ്രഹങ്ങളിലേക്ക് തിരികെ വിടുക. അതിനുള്ള സിഗ്നലുകളും കോഡുകളും രഹസ്യമായി കണ്ടുപിടിച്ചു. അപ്പോഴേക്കും അതിവേഗം വളരുന്ന വൈറസ്സുകളായി രൂപാന്തരം പ്രാപിച്ച് ഭൂമിയുടെ എല്ലാ കോണുകളിലും പടർന്നിരുന്നു.

പ്രഫസർ ചിൻ പാങ് വീണ്ടും സിഗ്‌നലുകൾ അയച്ചു തുടങ്ങി. അതിസൂക്ഷ്മങ്ങളായ അന്യഗ്രഹ ജീവികളെ ഭൂമിയിൽ നിന്നും അവരുടെ ഗ്രഹങ്ങളിലേക്ക് തന്നെ തിരികെ അയക്കാനുള്ള സിഗ്നൽ. തന്റെ നിയന്ത്രണങ്ങൾക്കുമപ്പുറമായ അവയെ തിരികെ വിടുന്നതിൽ അയാൾ പൂർണ്ണമായി വിജയിച്ചില്ല. രാജ്യത്തിനകത്തുള്ള വൈറസിനെ മാത്രം നിയന്ത്രിക്കാനേ അയാൾക്ക് സാധിച്ചുള്ളു.

ദീർഘ നാളുകളുടെ പ്രയത്നഫലമായാണ് അന്യഗ്രഹ ജീവികളെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. പക്ഷേ ഇങ്ങനെ ഒരാപത്ത്  സംഭവിക്കുമെന്ന് ചിന്തകളിൽ പോലുമില്ലായിരുന്നു. പ്രഫസർ ചിൻ പാങ് അതീവ ദുഃഖിതനായിത്തീർന്നു. അയാൾ ചിന്തിച്ചു. എങ്ങനെയെങ്കിലും ഈ ഭൂമിയെ പഴയതു പോലെയാക്കണം. ഒരു തെറ്റും ചെയ്യാത്ത എത്രയോ മനുഷ്യർ ദുഃഖിക്കുന്നു. അവരുടെ വിലാപങ്ങൾ കാതുകളിൽ ഒരു തേങ്ങലായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം ആ രാജ്യത്തെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിലുള്ള ഒരു പരീക്ഷണശാലയിൽ നിന്ന് പുറത്തു വന്നതാണ് ഈ വൈറസ് എന്ന് ചില രാജ്യങ്ങൾ വിശ്വസിച്ചു. ചിലതരം മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന് മറ്റു ചിലർ. അങ്ങനെ ആ രാജ്യത്തു മാത്രം വൈറസിന്റെ സാന്നിധ്യം ഇല്ലാതെ മറ്റു രാജ്യങ്ങളിലെല്ലാം സംഹാരതാണ്ഡവമാടി. ഭൂമിയിൽ മനുഷ്യന്റെ ഉത്ഭവം മുതലേ ഇങ്ങനെയൊരു കഷ്ടതയിലൂടെ ലോകം കടന്നുപോയിട്ടില്ലെന്ന് ഏവരും പറഞ്ഞു. അമ്പതു വർഷങ്ങൾക്കു മുമ്പ് ചന്ദ്രനിൽ പോയവർ, ബഹിരാകാശത്തിന്റെ ശൂന്യതയിലൂടെ ഒഴുകി നടന്നവർ, കാറും കോളും നിറഞ്ഞ സമുദ്രങ്ങളിലൂടെ പായ് വഞ്ചിയിൽ രാവും പകലും വ്യത്യാസമില്ലാതെ ലോകം മുഴുവനും സഞ്ചരിച്ചവർ, അങ്ങനെ എന്തും സാധ്യമാകും എന്നു സ്വയം വിശ്വസിച്ച മനുഷ്യരാണ് നേത്ര ഗോളങ്ങൾക്കു പോലും ദർശിക്കാനാവാത്ത സൂക്ഷ്മ ജീവികളെ വരുതിയിലാക്കാൻ കഴിയാതെ പോകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ശാസ്ത്രജ്ഞൻമാർ പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. വാക്സിനിലൂടെ മനുഷ്യ ശരീരത്തിതൊരു കവചം രൂപപ്പെടുത്തിയെടുക്കാൻ...

വളരെ നാളുകളുടെ പരിശ്രമത്തിന് ശേഷം വന്ന വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയപ്പൊഴേക്കും ലക്ഷക്കണക്കിനാളുകൾ ലോകത്തിൽ നിന്ന് ഇല്ലാതായിരുന്നു. കേവലം കോഡുകൾ അല്ലെങ്കിൽ സിഗ്നലുകൾ കൊണ്ട് ഇല്ലാതാക്കാവുന്ന ഈ അന്യഗ്രഹ ജീവികളെ ദീർഘനാളുകളുടെ ശ്രമഫലമായി രൂപപ്പെടുത്തിയെടുത്ത വാക്സീനുകൾ കൊണ്ട് നശിപ്പിക്കേണ്ടി വന്നു. ഉദയാസ്തമയങ്ങൾ പലതു കഴിഞ്ഞു. പതിയെപ്പതിയെ ലോകം സാധാരണ നിലയിലായിത്തുടങ്ങി. പ്രഫസർ ചിൻ പാങ് പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരുന്നു. മനുഷ്യന് ഗുണകരമാകുന്ന പരീക്ഷണമേ ഇനി നടത്തു എന്നൊരു പ്രതിജ്ഞകൂടി എടുത്തു. ഈശ്വരനിലേക്ക് കൂടതൽ അടുക്കാൻ അയാൾ ധ്യാനനിരതനായി. പരീക്ഷണങ്ങളെല്ലാം അവസാനിപ്പിച്ച് കൂടുതൽ സമയവും ധ്യാനത്തിൽ തന്നെയായിരുന്നു. അതോടൊപ്പം തന്നെ മനുഷ്യർക്കിടയിൽ നടക്കുന്ന കാര്യങ്ങൾ അയാൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ നിശ്ചലമായ ലോകം, മനുഷ്യന്റെ ആഡംബരവും അഹംഭാവവും നിലച്ചുപോയ ദിനങ്ങൾ, വീടുകളിൽ നിന്ന് പുറത്തിറങ്ങാത്ത പകലുകൾ, ചിന്തകളിൽ പോലും പരിണാമമുണ്ടായ ഏകാന്തതയുടെ നിമിഷങ്ങൾ, വിരഹ വേദനയിലൂടെ കടന്നുപോയ വേളകൾ, നിലവിലെ ജീവിതചര്യകളിൽ നിന്നും വ്യത്യസ്തമായ ശൈലി രൂപപ്പെട്ടവർ… അങ്ങനെ എന്തെന്തു മാറ്റങ്ങളിലൂടെയാണ് ലോകം കടന്നു പോയത്. ഇന്നിപ്പോൾ വൈറസുകളെല്ലാം പൂർണമായി ഇല്ലാതായിരിക്കുന്നു. ഒരിക്കൽ ഒതുങ്ങി കൂടിയ മനുഷ്യൻ, അവനിൽ വീണ്ടും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ലോകത്ത് പലയിടത്തും യുദ്ധങ്ങളും കലാപങ്ങളും ആരംഭിച്ചു കഴിഞ്ഞു. എത്ര വിനാശം വന്നാലും അതിനെയെല്ലാം തരണം ചെയ്യാമെന്ന അമിതമായ ആത്മവിശ്വാസം മനുഷ്യമനസ്സുകളിൽ നിറഞ്ഞു.  എത്ര പഠിച്ചാലും മനസ്സിലാക്കാത്തവർ... പ്രഫസർ ചിൻ പാങ് ഓർത്തു.

orikkalkoodi-malayalam-short-story-by-cecil-mathew-article-three
Representative Image. Photo Credit : Sam Wordley / Shutterstock.com

പിന്നെയും വർഷങ്ങൾ ഏറെ പിന്നിട്ടു. ഈ സമയത്തെല്ലാം അയാൾ നീരീക്ഷിക്കുകയായിരുന്നു. തന്റെ ഇരുണ്ട ബംഗ്ലാവിലിരുന്നു കൊണ്ട്. രാത്രിയിലും പകലും അയാൾ ധ്യാനനിരതനായിരിക്കും. കടുത്ത ധ്യാനത്തിലൂടെ ഒരു മനുഷ്യൻ പോലും സ്വായത്തമാകാത്ത ഏകാഗ്രത നേടി കൂടുതൽ കരുത്തനായി. ഒരിക്കൽക്കൂടി ഗഗന വീഥിയിലെ കാണാകാഴ്ചകൾ അയാളുടെ മനസ്സിൽ മേഘങ്ങളായി പെയ്തിറങ്ങി...! അയാൾ വീണ്ടും തയാറെടുത്തു. പുതിയ പരീക്ഷണങ്ങൾക്കായി... പുതിയ കോഡുകളും സിഗ്നലുകളും രൂപപ്പെടുത്തിയെടുത്തിയിരിക്കുന്നു, വീണ്ടും പുതിയ അന്യഗഹ ജീവികൾക്ക് ഭൂമിയിലേക്കുള്ള വഴി തെളിക്കാൻ. ഭൂമിയുടെ മീതെ സകലതിനും അധികാരം, ദൈവം മനുഷ്യന് നൽകിയപ്പോൾ, ആ മനുഷ്യൻ തന്നെ മറ്റു ഗ്രഹജീവികൾക്കായ് വഴി തുറക്കുന്നു, അവന്റെ നാശത്തിനായി… എന്നന്നേക്കുമുള്ള അന്ത്യത്തിനായി… ഏറെ നാളുകൾ നിശ്ബദരായ മനുഷ്യർ വീണ്ടും ഉണർന്നു. അവരുടെ ശബ്ദങ്ങൾ ഭൂമിയിൽ പലപ്പോഴും കലാപങ്ങളായി രൂപപ്പെട്ടിരുന്നു. അവയൊക്കെ ഭൂമിക്കു പോലും താങ്ങാനാവാത്ത അവസ്ഥയിൽ അതിക്രമിച്ചു.

മനുഷ്യന്റെ നേത്ര ഗോളങ്ങൾക്കു പോലും കാണാനാവാത്ത സൂക്ഷ്മ ജീവികളെയായിരുന്നു ഭൂമിയിലേക്ക് വരാൻ ഒരിക്കലയാൾ തെരഞ്ഞെടുത്തത്. പക്ഷേ ഇന്നയാളുടെ മുന്നിൽ കാണുന്നത് ഭൂമിയിൽ കാണപ്പെട്ട ജീവ സമൂഹങ്ങൾക്കുമീതെയുള്ള ജീവികളെയാണ്. ഇത്തവണ ആയാൾ തിരഞ്ഞെടുത്തതും ഇങ്ങനെ ഉള്ളവയെയാണ്. മുൻപ് വന്ന സൂക്ഷ്മ ജീവികളെ പോലെ അവർ ഭൂമിയിൽ വന്നാൽ…? വന്നാൽ…? വന്നാൽ മനുഷ്യരിൽ ജീവന്റെ തുടിപ്പുകൾ എന്നേന്നേക്കുമായി നിലയ്ക്കും. സസ്യ ജന്തു ജാലങ്ങളും സൂക്ഷ്മ ജീവികളും മൃഗങ്ങളും മാത്രമുള്ള ഭൂമി. മനുഷ്യരില്ലാത്ത ഭൂമി. 

ഋതുഭേദങ്ങളിലൂടെ സഞ്ചരിക്കുന്ന സൗരയൂഥത്തിലെ നക്ഷത്രം. പഞ്ചഭൂതങ്ങളാൽ ഉത്ഭവിച്ച് ജീവന്റെ തുടിപ്പുകൾ ആവോളം ആസ്വദിച്ചിട്ടുള്ള നക്ഷത്രം. എല്ലാ ജീവ സമൂഹത്തിനും സുഗന്ധം പരത്തി കാലങ്ങളായി നിലനിൽക്കുന്ന നക്ഷത്രം. അങ്ങനെയുള്ള ഭൂമിയിലാണ് ഒരു മനുഷ്യരുടെയും നിന്ത്രണമില്ലാതെ... കാലങ്ങളോളം... അങ്ങനെ അനേകായിരം യുഗങ്ങൾക്കു ശേഷം വീണ്ടും... ഒരു മനുഷ്യ ജന്മം. നന്മ ആഗ്രഹിക്കുന്ന മനുഷ്യൻ എത്രയോ അധികമുണ്ട്. ഒന്നോ രണ്ടോ മനുഷ്യർ കാണിക്കുന്ന തിന്മയുടെ ഫലം എല്ലാവരും അനുഭവിക്കുക… ശരിക്കും ദുഃഖകരമായ അവസ്ഥ തന്നെ... ഈ അവസ്ഥയിൽ നിസ്സഹായരായ നമ്മുക്കെന്തു ചെയ്യാൻ പറ്റും…? 

English Summary : Orikkalkoodi -  Malayalam Short Story by Cecil Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com