ADVERTISEMENT

പുസ്തകശാലയിലെ സ്ത്രീ (അനുഭവക്കുറിപ്പ്)

ഞാൻ സ്ഥിരമായി ചെല്ലുന്ന ഒരു ബുക്സ്റ്റോറുണ്ട് ഈ നഗരത്തിൽ. കഴിഞ്ഞ എത്രയോ വർഷങ്ങളായി എല്ലാ വാരാന്ത്യങ്ങളിലും സന്ദർശിക്കുന്ന എന്റെ പുസ്തകശാല. തിരക്കു പിടിച്ച ഒരു റോഡിലാണ് അത്. നാലു വശവും മുഴു നീളത്തിൽ ചില്ലു ജനാലകൾ പിടിപ്പിച്ച അവിടുത്തെ ഷെൽഫിലിരിക്കുന്ന പുസ്തകങ്ങൾ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നത് റോഡിലൂടെ പോകുമ്പോഴും ശ്രദ്ധിച്ചു നോക്കിയാൽ കാണാം.

അകത്ത് നടുക്കായി ഒരു കോഫി ഷോപ്പുണ്ട്. ആളുകൾ പുസ്തകങ്ങളും ലാപ്ടോപ്പും ഒക്കെയായി കാപ്പിയും കുടിച്ചിരിപ്പുണ്ടാകും. വിദ്യാർഥികൾ, കഥയും കവിതയും എഴുതാൻ വെമ്പി നടക്കുന്ന ഒറ്റയാന്മാർ, കമ്പയിൻഡ് സ്റ്റഡിക്ക് വരുന്ന കമിതാക്കൾ, പഠന വൈകല്യമുളള മക്കളേയും കൊണ്ട് വരുന്ന അമ്മമാർ... 

പുസ്തകശാലയുടെ ചുമരിൽ ബെക്കറ്റും ഹെമിം‌ങ്‌വേയും പ്ലാത്തും വൂൾഫും ജോയ്സും ഒക്കെ ചിത്രമായുണ്ട്. എനിക്ക് ആ പുസ്തകശാലയുടെ അകത്ത് കയറിയാൽ എന്താണെന്നറിയില്ല, സന്തോഷവും ശാന്തതയും ഒക്കെ തോന്നും. വളരെ പ്രിയപ്പെട്ട ഒരു സ്ഥലത്ത് എത്തിയ പോലെ. ഞാൻ എല്ലായ്പ്പോഴും പുസ്തകങ്ങൾ വാങ്ങുകയൊന്നുമില്ല. ചിലപ്പോൾ പുതിയ പുസ്തകങ്ങൾ മറിച്ചു നോക്കും, മറ്റ് ചിലപ്പോൾ പുസ്തകങ്ങളെ തൊട്ടു കൊണ്ട് വെറുതെ നടക്കും. സ്പീക്കറിലൂടെ വരുന്ന പതിഞ്ഞ സംഗീതം കേട്ടു കൊണ്ട് ചുമരും ചാരിയിരിക്കും. പാട്ട് ഇഷ്ടപ്പെട്ടാൽ അത് ഏതു പാട്ടാണ് ആരു പാടിയതാണ് എന്നൊക്കെ ഫോണിൽ തിരയും. അവിടെ വരുന്ന ആളുകളെ വെറുതെ നിരീക്ഷിക്കും. ചില ദിവസങ്ങളിൽ മനസ്സിൽ ഒരു പുസ്തകവുമായി ആയിരിക്കും വരുന്നത്. ആ പുസ്തകം കിട്ടിയാൽ നിന്നോ ഇരുന്നോ ഒക്കെ കുറേ വായിക്കും. മറ്റ് ചിലപ്പോൾ ചില്ലു ജനാലക്ക് അടുത്ത് തറയിൽ ഇരുന്നു കാപ്പി കുടിച്ചു കൊണ്ട് പുറത്തെ കാഴ്ച്ചകൾ കാണും. ക്രിസ്മസ് ദിനങ്ങളിൽ മിക്കപ്പോഴും അവിടെ ഏതെങ്കിലും സ്കൂൾ ബാൻഡിന്റെ പാട്ടുണ്ടാകും. ചുമരിലും ഷെൽഫുകളിലും പച്ചയും ചുവപ്പും അലങ്കാരങ്ങളുമുണ്ടാകും. അപ്പോൾ ഞാനും അവധിക്കാലത്താകും. 

എന്റെ പ്രിയപ്പെട്ട ഒരു കഥ അച്ചടിച്ചു വന്ന വിവരം നാട്ടിൽ നിന്ന്  ഒരു സുഹൃത്ത് വിളിച്ചു പറയുമ്പോൾ ഞാൻ എന്റെ പുസ്തകശാലയിൽ ആയിരുന്നു. അവിടെ വച്ച് ആ കാര്യം കേട്ടത് അന്ന് എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. മറ്റൊരിക്കൽ, വേണ്ടപ്പെട്ട ഒരാളുടെ മരണം അറിഞ്ഞ ദിവസം ഞാൻ എന്റെ പുസ്തകശാലയുടെ ഒരു മൂലയ്ക്കിരുന്ന് കുറച്ചു നേരം, പുസ്തകം വായിക്കുകയാണെന്ന വ്യാജേന ആരും കാണാതെ സങ്കടപ്പെട്ടു. മുറയ്ക്ക് ദേവാലയങ്ങളിൽ പോകുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ചിലരെങ്കിലും ഒരു ആശ്വാസത്തിനായാണ് അവിടങ്ങളിൽ പോകുന്നത്. നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഈ ജീവിതത്തിൽ എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് കെട്ടിപ്പിടിക്കാൻ. അതു പോലെ എന്റെ പുസ്തകശാലയുടെ ഉളളിൽ ചെലവഴിക്കുന്ന സമയം മുഴുവൻ ഞാനും ഒരു സുരക്ഷാ കവചത്തിലാണെന്നു തോന്നും. അത് എത്ര അയഥാർത്ഥമാണെങ്കിലും. അച്ഛൻ ഏതിയസ്റ്റാണെന്ന് അദിത് പറയുമ്പോഴൊക്കെ ഞാൻ അവനോട് ‘അച്ഛൻ സ്ഥിരമായി പള്ളിയിൽ പോകാറുണ്ട്; നിനക്കറിയാഞ്ഞിട്ടാണ് ‘ എന്ന് പറയും! 

നഗരത്തിലെ എനിക്ക് പരിചയമുളള ഒരു പബ്ലിക്ക് ലൈബ്രറിയിൽ പോയി ഇതേ അനുഭവം പുനർസൃഷ്ടിക്കുവാൻ കഴിയുമോ എന്നു ഞാൻ ശ്രമിച്ചെങ്കിലും അവിടെ ഒരു സ്കൂൾ മുറിയെ ഓർമ്മിപ്പിക്കുന്ന തരം നിശബ്ദതയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ ആരോ കണ്ണുരുട്ടുന്ന സ്ഥലം. അച്ചടക്കം  എന്ന വാക്ക് ഒരു കാരണവുമില്ലാതെ മനസ്സിലേക്കു കടന്നുവന്ന് എന്നെ അലോസരപ്പെടുത്തി. എനിക്ക് അധികനേരം അവിടെ ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്റെ പുസ്തകവുമായി വേഗം പുറത്തു കടന്നു.

സാധനങ്ങൾ വാങ്ങാതെ കടയിൽ സ്ഥിരമായി സമയം ചെലവഴിച്ചാൽ ‘വാങ്ങാനാല്ലെങ്കിൽ സ്ഥലം കാലിയാക്കെടാ’ എന്നു കയർക്കുന്നവരെ പരിചയമുളളതു കൊണ്ട് ആദ്യ കാലങ്ങളിൽ എനിക്ക് പേടിയുണ്ടായിരുന്നു. അതു കൊണ്ട് അധിക നേരം പുസ്തകശാലയിൽ നിൽക്കില്ല. അല്ലെങ്കിൽ ആദ്യം തന്നെ പുസ്തകം വാങ്ങി കൈയിൽ പിടിക്കും. പക്ഷേ, അധികം വൈകാതെ ആ പേടിയൊക്കെ മാറി. പുസ്തകശാലയിൽ ജോലി ചെയ്യുന്ന ചിലർ കണ്ടാൽ പതിവു കാരനെന്ന് ചിരിക്കാൻ തുടങ്ങി. 

pusthakashalayile-sthree-malayalam-short-story-by-k-v-praveen-two
Representative Image. Photo Credit : Michaelheim / Shutterstock.com

ഒരു ദിവസം കാർലോസ് കാസ്റ്റനാഡയുടെ Teachings of Don Juan എന്ന പുസ്തകം അന്വേഷിച്ച് ഞാൻ ഫിലോസഫി സെക്‌ഷൻ മുഴുവൻ അരിച്ചു പെറുക്കി. പക്ഷേ കിട്ടിയില്ല. അവിടെ ജോലി ചെയ്യുന്ന പ്രായം ചെന്ന സ്ത്രീയോട് അന്വേഷിച്ചു. അവർ എന്നെ നേരെ ന്യൂ ഏയ്ജ് സെക്‌ഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി പുസ്തകം എടുത്തു തന്നു. കുറച്ചു നേരം ഞങ്ങൾ ആ പുസ്തകം എങ്ങനെയാണ് ന്യു എയ്ജ് പുസ്തകം ആവുന്നത് എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. കാസ്റ്റനാഡയുടെ മറ്റ് പുസ്തകങ്ങളെ കുറിച്ചും. പേര് മാർത്ത എന്നാണെന്നു പറഞ്ഞു.

എന്നെ കാണുമ്പോൾ, ജോലിത്തിരക്കില്ലാത്ത സമയമാണെങ്കിൽ, പുതിയതും പഴയതുമായ പുസ്തകങ്ങളെക്കുറിച്ച് ഒന്നു രണ്ട് വാക്ക് സംസാരിക്കുന്നത് മാർത്ത പതിവാക്കി. പുസ്തകശാലയിൽ ജോലി തുടങ്ങിയതിൽ പിന്നെ വായന കുറഞ്ഞതിനെ കുറിച്ച്  തമാശ പറഞ്ഞ് ചിരിച്ചു. ഒരു ദിവസം അവർ കോഫി സെക്‌ഷനിൽ കാപ്പി ഉണ്ടാക്കുന്നത് ഞാൻ കണ്ടു. മറ്റൊരിക്കൽ സ്റ്റെപ്പ് സ്റ്റൂളിൽ കയറി ചില്ലു ജനാല തുടക്കുകയായിരുന്നു. ‘എനിക്കിത് സ്വന്തം വീടു പോലെയാണ്. അതു കൊണ്ട് ഞാൻ എല്ലാ പണിയും ചെയ്യും’.  അവർ ചിരിച്ചു കൊണ്ട് വിശദീകരിച്ചു.

മാർത്തയ്ക്ക് ഉളളതു പോലെ വെള്ളി നിറമുളള മുടി ഞാൻ അധികം ആർക്കും കണ്ടിട്ടില്ല. ഒരിക്കലും അത് കറുപ്പായിരുന്നില്ലെന്ന മട്ടിൽ അവർ അത് വൃത്തിയായി തോളറ്റം വരെ വെട്ടി ഒതുക്കിയിരുന്നു. അവരുടെ മെലിഞ്ഞ് ഫ്രെയിമുളള കണ്ണടക്കുള്ളിൽ കണ്ണുകൾ എപ്പോഴും ചിരിക്കുന്നതു പോലെ തോന്നും. ഒരു സ്കൂൾ ടീച്ചറായിരുന്നു അവരെന്ന് ഞാൻ ഉറപ്പിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലേതു പോലെ അവരുടെ ക്ലാസ്സിൽ എല്ലാ വർഷവും പിഞ്ചു കുട്ടികൾ വന്നിരിക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. പക്ഷേ, അവർ ബാങ്ക് ജോലിയിൽ നിന്നാണ് റിട്ടയർ ചെയ്തതെന്ന് അറിഞ്ഞ ദിവസം എന്തു കൊണ്ടോ എന്നെ നിരാശനാക്കി.   

2020-ൽ ലോക്ഡൗൺ തുടങ്ങിയതോടെ കിൻ‌ഡിലിൽ വായന തുടർന്നെങ്കിലും വാരാന്ത്യങ്ങളിലെ പുസ്തകശാലാ സന്ദർശനം ഇല്ലാതെ ഒരു ശൂന്യത എന്നെ ബാധിച്ചു. ദൈവവിശ്വാസികൾക്ക് വീട്ടിലിരുന്നും ദൈവത്തോട് സംസാരിക്കാമായിരുന്നു. പക്ഷേ എന്റെ പുസ്തകശാല എനിക്ക് നഷ്ടപ്പെട്ടു. എങ്കിലും പല വിധം നഷ്ടങ്ങളുടെ കാലമായിരുന്നതിനാൽ പരാതിയിൽ കാര്യമില്ലായിരുന്നു. എല്ലാ അർഥത്തിലും തളച്ചിടപ്പെട്ടതു പോലെ തോന്നിയ മനുഷ്യർ ഓൺലൈൻ ജീവികളായി മാറിക്കഴിഞ്ഞിരുന്നു. ലോക്ഡൗണിൽ ചെറിയ അയവ് വന്ന നാളുകളിലൊന്നിൽ ഞാൻ എന്റെ പുസ്തകശാലയിലേക്ക് ചെന്നു. പുറത്ത് സംഭവിച്ച മാറ്റങ്ങൾ പുസ്തകശാലയുടെ അകത്തേക്കും വ്യാപിച്ചിരുന്നു. കോഫി ഷോപ്പ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ആളുകൾക്ക് ഇരുന്നു വായിക്കാനുളള കസേരകൾ കാണാനില്ല. ചുമരിലിലെ സ്പീക്കറുകളിൽ മൗനം. അപരിചിതത്വത്തിന് ആഴം കൂട്ടിക്കൊണ്ട് പുസ്തക ഷെൽഫുകളുടെ ക്രമീകരണം മുഴുവൻ മാറ്റിയിരുന്നു. ഫിക്‌ഷൻ സെക്‌ഷൻ കണ്ടു പിടിക്കാൻ തന്നെ സമയമെടുത്തു. 

pusthakashalayile-sthree-malayalam-short-story-by-k-v-praveen-article-image-three
Representative Image. Photo Credit : Troyan / Shutterstock.com

പുസ്തകശാലയുടെ അകത്തളം മ്ലാനമായിരുന്നു. ആകെ ഉണ്ടായിരുന്ന 3-4 കസ്റ്റ്മേഴ്സ് തന്നെ എത്രയും പെട്ടെന്ന് പുറത്തു കടക്കാൻ വെമ്പുന്നതു പോലെ. പുസ്തകങ്ങളുടെ എണ്ണം പക്ഷേ കൂടിയിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾക്കായി രണ്ട് ഷെൽഫുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഏകാന്തതയെ മറി കടക്കാൻ എഴുത്തുകാർ നിർത്താതെ എഴുതിക്കൊണ്ടിരിക്കുകയാവണം. ഞാൻ സാഡി സ്മിത്തിന്റെ വാക്കുകൾ ഓർത്തു: ‘നോവലുകൾ എഴുതുന്നതും ബ്രെഡ് ഉണ്ടാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും സമയം ചെലവാക്കാനുളള മാർഗങ്ങൾ മാത്രം. രണ്ടും സ്നേഹത്തിനു പകരം ആവുന്നില്ല.’ 

ഞാൻ മാർത്തയെ തിരഞ്ഞെങ്കിലും കണ്ടില്ല. മാർത്തയെ മാത്രമല്ല പരിചയമുളള ഒരു മുഖവും കാണാൻ കഴിഞ്ഞില്ല. പെട്ടെന്ന് എല്ലാ മുഖങ്ങളിലും പ്രത്യക്ഷപ്പെട്ട മാസ്കുകൾ മനുഷ്യരെ അപരിചിതരാക്കുന്നതാണോ എന്ന് ശങ്കിച്ചെങ്കിലും മാർത്ത അവിടെ എവിടെയും ഉണ്ടായിരുന്നില്ല. ബിൽ ചെയ്യുന്ന സമയത്ത് ഞാൻ മാർത്തയെ പറ്റി, പുതിയതായി പ്രത്യക്ഷപ്പെട്ട ചില്ലു കവചത്തിനപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരനോട് അന്വേഷിച്ചെങ്കിലും പുതിയ ആളായതു കൊണ്ട് അറിയില്ലെന്നും, പഴയ സ്റ്റാഫിൽപ്പെട്ട രണ്ടുമൂന്നു പേർ ഇനി വരില്ലെന്ന് കേട്ടെന്നും അയാൾ ധൃതിയിൽ പറഞ്ഞൊഴിഞ്ഞു.

ബില്ലു ചെയ്തശേഷം ഞാൻ തിരിച്ച് അകത്തേക്കു തന്നെ നടന്നു. ചില്ലു ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് നിലത്തിരുന്നു. തിരക്കൊഴിഞ്ഞ റോഡും പാർക്കിംഗ് ലോട്ടും. പുസ്തകശാലയ്ക്കുളളിൽ മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം ഒരു അസ്വസ്ഥതയും വീർപ്പുമുട്ടലും എന്ന ബാധിച്ചു.

മാർത്തക്ക് എന്തു പ്രായം ആയിക്കാണുമെന്ന് ഞാൻ വെറുതെ ആലോചിച്ചു നോക്കി. പ്രായത്തിന് പ്രത്യേകിച്ചെന്തെങ്കിലും സുരക്ഷിതത്വം പകർന്നു തരാൻ കഴിയുന്ന കാലമായിരുന്നില്ലെങ്കിലും. മാർത്തയുടെ കുടുംബത്തെക്കുറിച്ചും ഒരിക്കലും ചോദിച്ചില്ലല്ലോ എന്ന്  ഖേദിച്ചു. എങ്കിലും കൊച്ചു മക്കളും, മക്കളും ഒക്കെ സ്നേഹപൂർവ്വം നിർബന്ധിച്ചതു കാരണം ജോലിക്കു വരാതെ അവർ വീട്ടിൽ തന്നെ ഇരിക്കുകയായിരിക്കണേ എന്ന് മാത്രം ആശിച്ചു. 

കൗണ്ടറിൽ കണ്ട ചെറുപ്പക്കാരൻ എന്റെ പിന്നിൽ വന്നു നിന്നു: ‘സർ, എനിതിങ് ഐ കാൻ ഹെൽപ്പ് യു വിത്?’  ഞാൻ എഴുന്നേറ്റു നിന്നു. ഒന്നുമില്ലെന്ന് പറഞ്ഞു: ‘ഞങ്ങൾ ഒരു സമയം സ്റ്റോറിനകത്ത് ഉളള ആളുകളുടെ എണ്ണം നിയന്ത്രിക്കുകയാണ്.’ അയാൾ പറഞ്ഞു. അതിന് ആകെ മൂന്നു നാലു കസ്റ്റമേഴ്സ് അല്ലേ ആകെ ഉള്ളൂ എന്നു ഞാൻ തിരിച്ചു ചോദിച്ചില്ല. ലോകം മടങ്ങിപ്പോകാനാവാത്ത വിധം മാറിയിരിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. 

പുറത്തു കടക്കുമ്പോൾ ഞാൻ എന്റെ പുസ്തകശാലയെ തിരിഞ്ഞു നോക്കി. ബുക്ക് സെല്ലേഴ്സ് എന്ന് കുഞ്ഞു നിയോൺ വിളക്കുകൾ തിളങ്ങുന്ന ബോർഡിലെ പല ബൾബുകളും കെട്ടിരുന്നു. ഒറ്റ നോട്ടത്തിൽ അതൊരു പുസ്തകശാലയാണെന്നു പോലും തോന്നാത്ത വിധം.

English Summary : Pusthakashaliye Stree -  Malayalam Short Story by K. V. Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com