ADVERTISEMENT

ഹൃദയതാളം (കഥ)

തിരികെ പോകാനുള്ള വണ്ടി നിർത്തിയിട്ടിരിക്കുന്ന ഗേറ്റിലേക്ക് ഓഫീസ് കെട്ടിടത്തിന്റെ അടുത്തുനിന്നും കുറച്ചുദൂരം കൂടി നടന്നെത്തണം. സുരക്ഷാകാരണങ്ങൾ പറഞ് ഗേറ്റിലെ ജോലിക്കാർ വണ്ടി അകത്തേക്ക് കടത്തിയില്ല. രാവിലെ എത്തിയതാണ്. വിവിധ വകുപ്പുകളിൽ കയറിയിറങ്ങി എല്ലാം ശരിയാക്കിവന്നപ്പോഴേക്കും നേരം വൈകി. ഇനി അടുത്ത ദിവസം മറ്റു പേപ്പറുകളുമായി വീണ്ടും എത്തേണ്ടിവരും. എതിരെ കടന്നുപോയ അന്യനാട്ടുകാരൻ പയ്യൻ പരിചയഭാവത്തിൽ പുഞ്ചിരിച്ചു. മുഖം അല്പം താഴ്ത്തി കാറുകൾക്കായി ഒഴിച്ചിട്ടിരുന്ന മേൽക്കൂരയുടെ മറ പറ്റി അയാൾ പതിയെ നടന്നു. അൽപ ദൂരം കഴിഞ്ഞപ്പോൾ ആ തണൽ അവസാനിച്ചു. മുഖത്തേക്ക് വീശിയ ചൂടുകാറ്റിൽ അയാളുടെ കവിളുകൾ രക്തവർണമായി. സൂര്യൻ അതിന്റെ കാഠിന്യം താഴേക്ക് പതിപ്പിച്ചുകൊണ്ടിരുന്നു. വീശിയടിക്കുന്ന കാറ്റിന് കനലിന്റെ ചൂട്. അയാൾ ചുറ്റുമൊന്നു നോക്കി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യം. 

കാറ്റ് വിക്രിയ കാട്ടി അവിടിവിടെ മണൽക്കൂമ്പാരം നിർമിച്ചു വെച്ചിരിക്കുന്നു. പിന്നാലെ വരുന്ന കാറ്റ് ആ മണൽക്കൂനകൾക്ക് സ്ഥാനഭ്രംശം നൽകിയേക്കാം. അറേബിയൻ മരുഭൂമിയുടെ സുഹൃത്തായ കോണോകാർപ്സ് എന്നുപേരുള്ള മരങ്ങൾ ഓഫീസിൽ കെട്ടിടത്തോട് ചേർന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്. വേരുപിടിക്കുന്നതു വരെ മാത്രം ജലം ആവശ്യമുള്ള ചെടി. ഏത് കാലാവസ്ഥയിലും തളരില്ല. അതാവുമോ അതിനെ മരുഭൂമിയുടെ പ്രിയപ്പെട്ട വൃക്ഷമാക്കിയത്.

വെയിലിന്റെ കാഠിന്യം കൊണ്ട് തണൽ കെട്ടിടത്തിന്റെ പരിധി വിട്ടു വരാൻ മടി കാണിച്ചു. പൊള്ളുന്ന ചൂട്. എങ്കിലും ശരീരത്തിൽ വിയർപ്പിന്റെ ഒരു കണിക പോലും പൊടിയുന്നില്ല. വാഹനത്തിനുള്ളിലേക്ക് കയറിയപ്പോൾ അല്പം ആശ്വാസം. ഒപ്പം വന്ന ഡ്രൈവർ ആരോടോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയാണ്. തന്നെ കണ്ടപ്പോൾ ശബ്ദം അല്പം കുറച്ചു മറുതലക്കുള്ള ആളോട് എന്തോ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു. നടന്നെത്താൻ മിനിറ്റുകൾ മാത്രമേ എടുത്തുള്ളുവെങ്കിലും ധരിച്ചിരുന്ന വസ്ത്രത്തിൽപ്പോലും ചൂട് തങ്ങിനിൽക്കുന്നു. വണ്ടിയിലെ ശീതീകരണം പോരെന്നു തോന്നി. ശരീരത്തിനുള്ളിൽ കയറിക്കൂടിയ ചൂടിനെ തുരത്താൻ വാഹനത്തിലെ തണുപ്പിന് അല്പമൊന്നു പണിപ്പെടേണ്ടിവരും.

ഇനിയും ഒന്ന് രണ്ടു കമ്പിനികളിൽക്കൂടി പോയിട്ടുവേണം തന്റെ ഓഫീസിൽ തിരിച്ചെത്താൻ. ഓരോ മാസാവസാനവും പണമടച്ചു തീർക്കാത്ത ബില്ലുകളെക്കുറിച്ച് ഇടപാടുകാരായ കമ്പിനികളെ ഓർമ്മിപ്പിക്കാൻ മാനേജർ അയാളെയാണ് ഏൽപ്പിക്കാറ്. വിശ്വസ്തനായതുകൊണ്ടു തന്നെ കമ്പിനിയുടെ പലവകുപ്പുകളിലും അയാളുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകമായി എടുത്തുപറയാനുള്ള പദവി അയാളുടെ ജോലിക്കുണ്ടായിരുന്നില്ല. വേണ്ടയിടത്തെല്ലാം ഓടിയെത്തണം.

രണ്ടുവർഷത്തോളമായി ഇതാണ് പതിവ് ജോലി. ഒരു വലിയ പ്രോജക്ടിന്റെ ഭാഗമായി ഇവിടെയെത്തുമ്പോൾ ഇത്രയും വിജനമായ ഒരു പ്രദേശമായിരിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഒരു പുൽച്ചെടി പോലും കിളിർക്കാൻ ധൈര്യപ്പെടാത്ത മണ്ണ്. എങ്ങോട്ടു തിരിഞ്ഞാലും വരണ്ടുകിടക്കുന്ന പൂഴിമണ്ണിന്റെ ഇളം തവിട്ടു നിറം മാത്രം. അവിടിവിടെ മണൽത്തിട്ടകളും ചരിവുകളും. അതിനിടയിലൂടെ വളവുകളും തിരിവുകളുമുണ്ടെങ്കിലും വ്യക്തമായ ടാർ പൂശിയ റോഡ്. കൂറ്റൻ പൈപ്പുകളിൽ ഉയർന്നുനിൽക്കുന്ന വൈദ്യുത വിളക്കുകൾ റോഡിന്റെ ഇരുവശങ്ങളിലും കാവൽക്കാരെപ്പോലെ തോന്നിപ്പിച്ചു.

മറ്റു രണ്ടു കമ്പിനികളിൽക്കൂടി കയറി ജോലിക്കാരെ കണ്ടു. ഇനി  തിരികെ ഓഫീസിലേക്ക്. ഉച്ചഭക്ഷണത്തിനുള്ള സമയം കഴിയാൻ അധികനേരമില്ല. പത്തോ ഇരുപതോ മിനിറ്റുകൾക്കുള്ളിൽ എത്താം. ഡ്രൈവർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോൾ എന്നോട് അല്ലെങ്കിൽ ഫോണിൽ മറ്റാരോടെങ്കിലും. ഇടയ്ക്കിടെ തനിക്കുമുണ്ടായി പലരിൽ നിന്നും വിളികൾ. വണ്ടിയിലിരുന്ന നേരത്തു അത്യാവശ്യമുള്ള മൂന്ന് നാലു ഇ – മെയിലുൾക്ക് മറുപടി നൽകി. ഓഫീസിൽ എത്തിയാൽ മറ്റെന്തെങ്കിലും പണികൾ വരും. 

വിശപ്പിന്റെ ആധിക്യം കൊണ്ട് വയർ വല്ലാതെ ആളുന്നുണ്ട്. അതിരാവിലെ എന്തോ കഴിച്ചതാണ്. വിശപ്പുണ്ടെങ്കിലും ഭക്ഷണത്തിനു മുൻപിലിരിക്കുമ്പോഴേ ഓക്കാനം വരും. എന്താണ് ഉണ്ടാക്കിയതെന്ന് ഉണ്ടാക്കുന്നവനോ എന്താണ് കഴിക്കുന്നതെന്നു കഴിക്കുന്നവനോ അറിയാത്ത അവസ്ഥ. കമ്പിനിയുടെ കരാർ പ്രകാരം ഒരു മലയാളി ഹോട്ടൽ ആണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പരിതാപകരമായ അവസ്ഥയെപ്പറ്റി പലതവണ കമ്പിനിയോടും കരാറുകാരോടും പരാതി പറഞ്ഞിട്ടും ഞങ്ങളൊരുമാറ്റത്തിനും തയ്യാറല്ലെന്ന മട്ടിൽ ദിവസവും അവർ ഭക്ഷണമെത്തിക്കുന്നു. അടുത്തെങ്ങും വേറൊരു ഭക്ഷണശാല നിലവിലില്ല. സുരക്ഷകാരണങ്ങളാൽ സ്വയം പാകം ചെയ്തു കഴിക്കാൻ അനുവാദവുമില്ല. അപ്പോൾപ്പിന്നെ ജീവൻ നിലനിർത്താനായി കിട്ടുന്നത് കഴിക്കുകയല്ലാതെ വേറെന്തു വഴി.

ഞങ്ങൾ എത്തിയപ്പോഴേക്കും പകുതിയിലേറെപ്പേരും കഴിച്ചു തീർന്നിരുന്നു. സമയം ഏകദേശം ഒന്നര മണിയൈയ്. വേഗം കൈകഴുകി വന്നു. അടുക്കിവെച്ച ഭക്ഷണകിറ്റുകളിൽ ഒന്നെടുത്തു ഒഴിഞ്ഞുകിടന്ന മേശമേൽ വെച്ചു. തെർമോക്കോൾ കൊണ്ടുണ്ടാക്കിയ ഉപയോഗശേഷം വലിച്ചെറിയാവുന്ന അടപ്പോടുകൂടിയ ചെറിയ പെട്ടി കണക്കെയുള്ള ഒരു പാത്രം. അതിനു രണ്ട് അറകളുമുണ്ട്. നിറം കൊണ്ടോ രുചി കൊണ്ടോ തിരിച്ചറിയാനാവാത്ത ചില പദാർഥങ്ങൾ ആ അറകളിൽ നിറച്ചിട്ടുണ്ട്. ഒപ്പം ഞെക്കി നോക്കിയാൽപ്പോലും രൂപമാറ്റം സംഭവിക്കാത്ത മട്ടിൽ വേവിച്ചെടുത്ത വെള്ള അരിയുടെ ചോറ്. കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. സസ്യാഹാരമായിരുന്നു അയാൾക്ക്‌ പ്രിയം. സാമ്പാറും അവിയലും കൂട്ടുകറിയും ഒക്കെ കൂട്ടി ഊണുകഴിക്കുന്നതോർമ വന്നു. പണ്ടൊക്കെ പച്ചക്കറി തേടി എങ്ങും അലയണ്ടായിരുന്നു. അപ്രതീഷിതമായി വിരുന്നുകാരെത്തിയാൽ 'അമ്മ ഓടി തൊടിയിലേക്കിറങ്ങും. ഒരു വാഴക്കൂമ്പോ രണ്ട് പച്ചക്കായയോ ചേമ്പിൻ വിത്തോ ഒക്കെ ചേർത്ത് നല്ല രസികൻ കറികൾ ഉണ്ടാക്കും. അയാൾക്ക്‌ അമ്മയുണ്ടാക്കുന്ന പച്ചമുളകും തേങ്ങയും ചതച്ചിട്ട പച്ചക്കായതോരൻ വളരെ ഇഷ്ടമായിരുന്നു. മഞ്ഞയും പച്ചയും ഇടകലർന്ന ചെറിയ കഷണങ്ങൾക്കിടയിൽ ഒളിഞ്ഞൊളിഞ്ഞിരിക്കുന്ന കടുകുമണികൾ. താളിച്ച എണ്ണയുടെ മിനുമിനുപ്പിനൊപ്പം കടുക് ചേർത്ത് മൂപ്പിച്ച ഉണക്കമുളകിന്റെയും കറിവേപ്പിലയുടെയും മനം മയക്കുന്ന ഗന്ധം. വല്ലാത്ത കൊതി തോന്നി.

അമ്മയോട് അയാൾക്ക്‌ വല്ലാത്തൊരിഷ്ടമായിരുന്നു. എന്നും അമ്മയോട് പങ്കുവയ്ക്കാൻ ഒരുപാട് കാര്യങ്ങൾ. സ്കൂൾ വിശേഷങ്ങൾ, കൂട്ടുകാരെക്കുറിച്ച് അങ്ങനെ എല്ലാമെല്ലാം. അമ്മയുടെ പിന്നാലെ കുസൃതി കാട്ടി നടന്നകാലമോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. മുടി കുറവായിരുന്നു അമ്മക്ക്. ഉള്ളു കുറഞ്ഞമുടി ചീകിയൊതുക്കി ഒരു ചെറിയ പന്ത് പോലെ അമ്മ പിന്നിൽ കെട്ടി വെക്കും. കൊണ്ട കെട്ടുക എന്നായിരുന്നു അതിന് പറഞ്ഞിരുന്നത്. കുസൃതിയോടെ അയാൾ ആ മുടിക്കെട്ടിൽ വലിക്കും. ആകൃതി മാറുന്നതോടെ അമ്മ ചിരിച്ചുകൊണ്ട് കൈയ്യൊങ്ങും.

കാലംപോകെ അവസാന നാളുകളിൽ എന്തിനൊക്കെയോ അമ്മക്ക് നീരസങ്ങളുണ്ടായി പിണക്കങ്ങളുണ്ടായി. ജീവിതപ്രാരാബ്ധങ്ങൾക്ക് വഴിതേടി അലയുമ്പോൾ മുമ്പത്തെപ്പോലെ തന്നെ അടുത്തുകിട്ടാതിരുന്ന സങ്കടമാവാം. ആശുപത്രികിടക്കയിൽ അമ്മയെ കണ്ടപ്പോൾ സംസാരിക്കാനാവുന്ന അവസ്ഥയായിരുന്നില്ല. കേൾക്കുന്നുണ്ടെന്നുറപ്പിച്ച് ആ കിടക്കയുടെ ഓരത്തിരുന്ന് അമ്മയുടെ മുടിയിഴകളിൽ വിരലോടിച്ചു പഴയ കുട്ടിയെപ്പോലെ ഒരുപാടുകഥകൾ അയാൾ അമ്മയോട് പറഞ്ഞു. ഇരുമിഴികളും നിറഞ്ഞു കണ്ണുനീർ കിടക്കയെ നനയ്ക്കുന്നത് വിങ്ങലോടെ അയാളറിഞ്ഞു. അധികകാലം പിന്നീട് അമ്മയുണ്ടായില്ല. ശേഷക്രിയകൾക്കു ശേഷം ഭാര്യയുടെ ചുമലിൽവീണ് ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ പൊട്ടിക്കരഞ്ഞു. അമ്മ എന്ന വികാരത്തിന്റെ ആഴമെന്തെന്നു തിരിച്ചറിഞ്ഞ നിമിഷം. നാടു വിട്ടു മരുഭൂമിയിലെ നിലാവെളിച്ചം തേടാൻ അയാളെ പ്രേരിപ്പിച്ചത് എല്ലാ പ്രവാസികളെയും പോലെ ജീവിതവഴിയിലെ താളം തെറ്റലുകളായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നല്കാൻ സ്വയം ബലിയാടായപ്പോൾ വേദനയോടെ നഷ്ടപ്പെടുത്തിയത് അയാൾക്ക്‌ ഹൃദയതാളം പോലെ വിലപ്പെട്ട പലതുമായിരുന്നു.

English Summary : Hridhayathalam - Malayalam Short Story by Shaji Valavil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com