ADVERTISEMENT

23 വർഷങ്ങൾ (കഥ) 

ഡോക്ടറുടെ വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടേയിരുന്നു. കയ്യിലിരുന്ന മെഡിക്കൽ റിപ്പോര്‍ട്ടുകൾ കാറ്റിൽ കിലുകിലെ വിറച്ചു. ഭൂമിപിളർന്ന് താഴേക്ക് പോകും പോലെ തോന്നി. ശബ്ദം പുറത്തേക്ക് വരാതെ എവിടെയോ പോയി ഒളിച്ചു. സർവ്വതും ചുറ്റും തകർന്നു വീഴുന്നു. നെഞ്ചിൻകൂടിലേക്ക് ഒഴുകിവന്ന വേദന ഹൃദയത്തെ ചീന്തിയടുത്ത് ഭക്ഷിക്കാൻ തുടങ്ങി.‌

 

പുറത്തേക്ക് ഒഴുകാൻ നിറഞ്ഞ കണ്ണീർ പുഴ ഉൽഭവിച്ചടത്തുതന്നെ നീരാവിയായി മാറി. ഹൃദയ വേദന മന്ത് നീരായിപടർന്ന കാലുകൾ വേച്ചുവേച്ച് ഡോക്ടറുടെ മുറിവിട്ടിറങ്ങി. വീൽചെയറിൽ വാടിതളർന്നിരിക്കുന്ന അവളുടെ അടുത്തേക്ക് പതിയേ നീങ്ങി. ജീവനില്ലാത്ത തണുത്ത കണ്ണുകളാൽ അവൾ അവനെ നോക്കി. പണ്ടെങ്ങോ ഒത്തിരി സ്വപ്നങ്ങൾ പൂത്തു നിന്നതിന്റെ ഓർമ്മകൾ ഇപ്പോഴും ആ കണ്ണുകളിൽ മായാതെ നിന്നിരുന്നു.

 

ഉള്ളിൽ ഉരുകുന്ന ലാവ പുറത്തേക്ക് ഒഴുകാതിരിക്കാൻ പണിപ്പെട്ട് അവൻ അവളെ നോക്കി. പുറത്ത് മഴപെയ്യാൻ തുടങ്ങുകയായിരുന്നു. അവളുടെ ഒട്ടിയ കവിൾതടങ്ങളിൽചുംബിച്ചു കൊണ്ട് പറഞ്ഞു..

പോകമോ...

 

വിറയ്ക്കുന്ന കൈകൾകൊണ്ട് അവളെ കോരിയെടുത്ത് നെഞ്ചോടമർത്തി പതിയേ മഴയിലേക്കിറങ്ങി...

 

..................... .....................

 

ഏക്കറോളം പരന്നുകിടക്കുന്ന പൈനാപ്പിൾ തോട്ടം. പൂത്തതും പൂക്കൾ കായ്കളായതും ഒത്തിരി. അല്പം ഉയർന്നു നില്‍ക്കുന്ന പാറയുടെ മുകളിൽ മലർന്നുകിടന്നിരുന്ന അവന്റെ കണ്ണുകൾ കറുത്ത ആകാശത്തിലെ അങ്ങിങ്ങായി കണ്ട ഒന്ന് രണ്ടു നക്ഷത്രങ്ങളിലായിരുന്നു.

ഇരുകവിളിലും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. പാതി കുടിച്ചു തീർത്ത മദ്യകുപ്പി അരികിലായ് അശ്രദ്ധമായി കിടപ്പുണ്ട്.

 

23 വർഷങ്ങൾ, മായാതെ പൂത്തുനിന്ന ഓർമ്മകൾ ഒരായിരം കാലുകളൂന്നി തേരട്ടയേപോലെ മനസ്സിലൂടെ ഇഴഞ്ഞു നടക്കുകയായിരുന്നു..

 

ഒൻപതാം ക്ലാസ്സിലെ ജനാലയിലൂടെ ആദ്യമായി അവളെ കണ്ടപ്പോ മനസിൽ വീണ മിന്നൽ, സ്വപ്നം വിതറുന്ന നോട്ടം, കൊത്തിവലിക്കുന്ന കാന്തികത, പിന്നെ അത് വളർന്നു പ്രണയമാകുന്നതും, പ്രണയം വിടർന്നു പൂവിടുന്നതും, ഒരുമിച്ച് ജീവിതം തുടങ്ങുന്നതും, അപ്പോഴൊക്കേയും പ്രണയത്തിന്റെ ഒഴുക്കിന് വേഗത കൂടുതലായിരുന്നു. എന്തിലും സന്തോഷം മാത്രം നിറഞ്ഞു നില്‍ക്കുന്ന ദിനങ്ങൾ.

 

ഒരു കുഞ്ഞ് ജീവൻ ഉടലിൽ പൂവിടുന്നതറിഞ്ഞ് ചേർന്ന് നൃത്തം ചെയ്തതും, വരാൻ പോകുന്ന കുഞ്ഞ് മാലാഖയേ ഓർത്ത് ഒത്തിരി സ്വപ്നങ്ങൾ കണ്ടതും ഒക്കെ, പക്ഷേ അതിലെല്ലാം കറുത്ത പുക പടർന്നു കയറിയത് പെട്ടന്നായിരുന്നു. ഉള്ളിൽമൊട്ടിട്ട് വിടരാൻ കൊതിച്ചിരുന്ന ജീവന്റെ തുടിപ്പ് ചോരച്ചാലായ് പുറത്തേക്ക് ഒഴുകിപരന്നതും, ഇടക്കിടെ ഉണ്ടാകുന്ന കടുത്ത ശരീരവേദനയാൽ പുളഞ്ഞു തുടങ്ങിയതും ഒക്കെ പെട്ടന്നായിരുന്നു.

 

നൽകാനാവുന്നതിലധികം മരുന്നും മന്ത്രവുമൊക്കെ നല്‍കി. ഒടുവിലൊടുവിൽ അവളുടെ ചലനങ്ങൾ നിലച്ച് കട്ടിലിൽ മാത്രമായി ലോകം. പ്രതീക്ഷയുടെ എല്ലാ വാതിലുകളും അടഞ്ഞ് ഒടുവിലിപ്പോ ഈ ഭൂമിയേ കാണാൻ എണ്ണപ്പെട്ട ദിനങ്ങളുമായി..

 

കറുത്ത രാത്രി പോലെ തനിക്ക് ചുറ്റും പ്രതീക്ഷകൾ മരണമടഞ്ഞു നിരാശയുടെ ചായം ഒഴുകി നിറയുന്നത് അവനറിഞ്ഞു.

 

അടുത്തിരുന്ന കുപ്പി കൈയ്യത്തിയെടുത്ത് അതിലേക്ക് നോക്കി. ഓർമ്മകളെ മായ്ക്കാൻ ലഹരിക്ക് പോലുമാവില്ലന്നറിഞ്ഞ് ഇരുളിൽ അകലേക്ക് വലിച്ചെറിഞ്ഞു. അത് താഴെ എതോ കല്ലിൽവീണ് അവൻന്റെനൊമ്പരങ്ങൾക്കൊപ്പം പൊട്ടിച്ചിതറി.

 

ആടുന്ന കാലുകൾ അവനെ പുറത്തേക്ക് നയിച്ചു. അത് ഇഷ്ടപെടാതെയന്നവണ്ണം കൈതമുള്ളുകൾ വൃഥാ തടയാൻ ശ്രമിച്ചു. അവയ്ക്ക് കാലുകളിൽ ചുവന്ന പാടുണ്ടാക്കാനെ കഴിഞ്ഞുള്ളൂ. അവന്റെ വേദനയോടപ്പം ചേർന്ന് പ്രകൃതിയും മൗനമായിരുന്നു.

 

...........................................

 

മുറിതുറന്ന് അകത്തേക്ക് കയറിയപ്പോൾ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങൾ കൂടിചേർന്നാണ് അവനെ സ്വീകരിച്ചത്. ആ രൂക്ഷഗന്ധം പെടുന്നനെ ആ ഓർമ്മ തിരികെ കൊണ്ടുവന്നു.

രാവിലെ വെച്ച പാഡ് മാറ്റാൻ മറന്നു പോയി. തകർന്ന മനസിന് ചില കർത്തവ്യങ്ങൾ പിടിവിട്ടു പോകും. അതുപോലെ.

 

കട്ടിലിനു നേർക്ക് നടന്ന അവനെ കണ്ടതും കുറ്റബോധത്താൽ മുഖത്ത് നോക്കാൻകഴിയാതെ അവൾ മിഴികൾ ഇറുകെ അടച്ചു. ക്ഷമാപണം പോലെ കണ്ണുനീർ കവിളിലേക്ക് ഒഴുകി.

 

അവൻ കുനിഞ്ഞ് ആ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

‘‘പിടിച്ചു നിർത്താൻ കഴിഞ്ഞില്ല ’’

ചിലമ്പിച്ചവാക്കുകൾ പതിയേയായിരുന്നു അവളിൽനിന്നും പുറത്ത് വന്നത്. അപ്പോഴും കണ്ണുകൾ അവന്റെ മുഖത്ത് നിന്നും അകലങ്ങളിലെവിടെയോ ആയിരുന്നു.

 

അവളെ കോരിയെടുത്ത് ബാത്തുറൂമിലേക്ക് നടന്നു. ദുർഗന്ധം അവർക്കൊപ്പം അനുഗമിച്ചു. ഷവർനു കീഴിൽ ഇരുത്തി കഴുകി ശുചിയാക്കുമ്പോഴും അവരുടെ മനസുകൾ പരസ്പരം വിങ്ങുകയായിരുന്നു.

നിസ്സഹായതയുടെ വിങ്ങലുകൾ.

 

ശുഷ്കിച്ച നഗ്നശരീരം തുടച്ചുണക്കി വസ്ത്രം ധരിപ്പിച്ചു പുറത്തെ കസേരയിൽ കൊണ്ടിരുത്തി. അകത്തു നിന്നും മടക്ക് കട്ടിൽ പുറത്തേക്കിട്ടു. അവളിഷ്ടപെടുന്ന വെളുത്ത ചെമ്പകത്തിൻ ചുവട്ടിലായി. നിറയേ പൂവിട്ടുനില്ക്കുന്ന ചെമ്പകചുവട്ടിലിരിക്കുമ്പോ അവൾ എന്നും വാചാലമായി സംസാരിക്കുകയായിരുന്നു. മൂടൽമഞ്ഞ് കയറിവരുമ്പോലെ ആ വാചാലതയും ഇപ്പോ മൂടപ്പെട്ടിരിക്കുന്നു.

 

അവളെ ബഡിൽ കിടത്തിയതിനുശേഷം കുഴമ്പുരൂപത്തിലാക്കിയ ഭക്ഷണം എടുത്തു വന്ന് ശരീരത്തിൽ ചേർത്തിരുത്തി. പതിയെ സ്പൂണിൽ കോരിനല്കി. മൂന്നു നാല് സ്പൂൺ കഴിച്ചതിനുശേഷം മതി എന്നർത്ഥത്തിൽ അവൾ തലതിരിച്ചു. അവൻ തൂവാലയെടുത്ത് ചുണ്ടുകൾ അമർത്തി തുടച്ചുകൊടുത്തു.

പതിയേ അവന്റെ തോളിലേക്ക് അവൾ തലചായ്ച്ചു. പൂർണ്ണമായും നനവ് തോരാത്ത മുടിയിഴകളിലെ നനവ് അവനിലേക്കും പടർന്നിറങ്ങി. രണ്ടു ചെമ്പകപ്പൂക്കളടർന്ന് അവരിലേക്ക് വീണു.

 

‘‘മടുത്തു. എനിക്ക് മതിയായി ഗൗതം. ഇനിയും ഇത് അനുഭവിക്കാൻ എനിക്ക് വയ്യ. 23 വർഷങ്ങളായി നിന്റെസ്നേഹത്താലാണ് ഞാൻ മൊട്ടിട്ടതും പൂവായാതും പരിമളം പരത്തിയതും. പക്ഷേ ഈ അവസ്ഥയിൽ, ഈ വേദനയിൽ ഇനിയും എനിക്ക് താങ്ങാനാവുന്നില്ല. മരണം അത് ഒരു മാത്ര നേരത്തെ എന്നെ പുല്കിയിരുന്നങ്കിലെന്നു കൊതിച്ചു പോകുന്നു. ന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഇപ്പൊ ആ ഒരു നിറം മാത്രമേ ഉള്ളൂ.’’ അവളുടെ കണ്ണിൽ നിന്നും അവനിലേക്ക് പതിച്ച കണ്ണുനീരിനാൽ ആ മനസ്സും ചൂടേറ്റു പിടഞ്ഞു.

 

ഇടംകൈകൊണ്ട് മെതുവെ ആ മുടിയിൽ തഴുകി നിശബ്ദനായി അവനിരുന്നു. ഒടുവിൽ അവൾക്ക് മാത്രം കേൾക്കുന്ന സ്വരത്തിൽ മെല്ലെ പറഞ്ഞു.

നീ പണ്ട് പറഞ്ഞൊരു സ്വപ്നമുണ്ട്. നിലാവും നക്ഷത്രങ്ങളും ഉള്ള ഒരു രാത്രിയിൽ പിടിക്കുന്നിൻ മുകളിൽ നിന്നും ചന്ദ്രനോടും നക്ഷത്രങ്ങളോടും നിനക്ക് കഥപറയണമെന്ന്. നാളെ നമ്മൾ ആ സ്വപ്നത്തിലേക്ക് പോകും.

കേട്ട് നിന്ന ചെമ്പകപ്പൂക്കൾ വിഷാദം കൊണ്ട് അടർന്നു വീണുതുടങ്ങി..

 

.........................................

 

അവർ പിടിക്കുന്നിൻ താഴെ എത്തിയപ്പോ വൈകുന്നേരത്തോട് അടുത്തിരുന്നു. പൊടിപറത്തുന്ന മൺറോഡ് തീരുന്നിടത്തുനിന്നും നടപ്പാത തുടങ്ങുകയായി..

 

പിടിക്കുന്നിലേക്ക്. ഇടുങ്ങിയതും വശങ്ങളിൽ നീണ്ട പുല്ലുകൾ വളർന്നും നടപ്പാത മൂടിക്കിടന്നിരുന്നു. ഉദേശം ഒരു അറുന്നൂറ് മീറ്ററോളം ചെന്നാൽ പിന്നെ കാറ്റാടി കാട് തുടങ്ങുകയായി. കുത്തനെ ഇടതൂർന്നു വളർന്ന് പിടിക്കുന്നിലേ ആദ്യ പാറ തുടങ്ങുന്നതുവരെ അതങ്ങനെ നീണ്ടുകിടക്കുകയാണ്. ഒന്നിനുമേലെ ഒന്നായി അടുക്കിവെച്ചമാതിരി ദൂരക്കാഴ്ചയിൽതോന്നിക്കുന്നതാണ് ആ പാറക്കൂട്ടങ്ങൾ. ഒന്നാം പാറ കയറികഴിഞ്ഞാൽ പിന്നെ അയ്യപ്പൻ പാറയായി. അതിനുമുകളിലൊരു അയ്യപ്പൻ കോവിൽ ഉണ്ട്. എല്ലാ വൃശ്ചികത്തിനും മണ്ഡലവിളക്ക് നടക്കാറുണ്ട് അവിടെ. അവിടെനിന്ന് കുത്തനെ ആകാശത്തെ ചുംബിച്ചു നില്‍ക്കുന്നതാണ് പിടിക്കുന്ന്. അതിന് മുകളിലേക്ക് കയറാനുള്ള പാത തീർത്തും ദുർഘടം പിടിച്ചതായിരുന്നു. പൊതുവെ അതിനാരും മുതിരാറുമില്ല.

 

അല്പം ഭാരമുള്ള ബാഗ് പുറം ചുമലിലേറ്റിഅവളെ നെഞ്ചോട് ചേര്‍ത്ത് കോരിയെടുത്തു ഒതുക്കി പിടിച്ചുകൊണ്ട് നടവഴിയിലേക്ക് ഇറങ്ങി നടന്നു തുടങ്ങി. പിടിക്കുന്നിലേക്ക്. അവളുടെ ആ സ്വപ്നത്തിലേക്ക്.

നീണ്ടു വളർന്നു നില്‍ക്കുന്ന തൈലപ്പുല്ലിൻ തുമ്പ് കൊള്ളാതിരിക്കാൻ കരുതലോടെ അവളെ അവൻ ഒതുക്കി പിടിച്ചിരുന്നു. അരമുള്ള പുല്ലിൻ വായ്ത്തല കൊണ്ട് അവന്റെ കൈയ്യിൽ ചെറു മുറിപ്പാടുകൾ ഉണ്ടായി. അ നീറ്റലുകളൊന്നും ശരീരം കടന്ന് മനസ്സിലേക്ക് എത്തിയിരുന്നില്ല.

 

കാറ്റാടിക്കാട് പകുതി പിന്നിട്ടപ്പോഴേക്കും അവൻ കിതച്ചു തുടങ്ങി. മരം ചാരിയിരുന്ന് ദീർഘമായി കിതപ്പാറ്റി.

വിയർപ്പു മുത്ത് പൊടിഞ്ഞ അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.

മതി നമ്മുക്ക് തിരികെ പോകാം.

ആ കണ്ണുകൾ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ട് വീണ്ടും കുന്നു കയറാൻ തുടങ്ങി.

അയ്യപ്പൻ പാറയിലെത്തിയപ്പോഴേക്കും നന്നായി ക്ഷണിച്ചിരുന്നു.

പതിയേ പാറയിൽ മെല്ലെ അവളെ ചാരിയിരുത്തി. കൈയ്യിൽ കരുതിയ വെള്ളം ഒത്തിരി കുടിച്ചപ്പോൾ നനുത്തോരു ആശ്വാസം തോന്നി. അസ്തമന സൂര്യന്റെ ചുവപ്പ് കൊണ്ട് എകാന്തമായി നിന്നിരുന്ന അയ്യപ്പൻ കോവിൽ ചുവന്നിരുന്നു.

 

നിനക്ക് പ്രാർത്ഥിക്കണോ...

എന്തിന്... അത് പറയുമ്പോ താഴെ കാറ്റിലാടികളിക്കുന്ന കാറ്റാടി മരങ്ങളിലായിരുന്നു അവളുടെ കണ്ണുകൾ.

കുറച്ച് നേരത്തെ നിശബ്‌ദതക്ക് ശേഷം അവനെ നോക്കി ചോദിച്ചു.

ആരോട്..

ഉത്തരമില്ലാതെ അവന്റെ കണ്ണുകൾ അയ്യപ്പൻ കോവിലിലെ കരിഞ്ഞുണങ്ങിയ പൂക്കളിലേക്ക് ആഴ്ന്നുപോയി.

കൂർത്തതും വഴുവഴുപ്പുള്ളതുമായ ചെറുപാറകളിൽ സൂക്ഷ്മതയോടെ സാവധാനം ചുവടുകൾ വച്ചുകൊണ്ട് പിടിക്കുന്നിൻ മുകളിലേക്ക് യാത്രതുടങ്ങി. ചില കാൽവെപ്പുകൾ വഴുതി കാൽമുട്ടുകൾ പാറകളിലുരഞ്ഞ് ചെറുമുറിവുകളായങ്കിലും അവളെ വിടാതെ ചേർത്തു പിടിച്ചിരുന്നു.

ഒരു പോറൽ പോലും എല്ക്കാതെ.

 

ഒടുവിൽ മുകളിൽ എത്തിചേർന്നപ്പോഴെക്കും നിലാവ് പടർന്നു തുടങ്ങിയിരുന്നു. അതൊരു മനോഹരമായ കാഴ്ച തന്നെ ആയിരുന്നു. പിടിക്കുന്നിൻ മുകളിൽ എകാകിയായ ഒരു ഒറ്റ മരം. അതിനടുത്ത് ആഴമുള്ളൊരു നീരുറവ. ഒരു ഭാഗത്ത് കാറ്റാടി കാടിന്റെ ഇരുൾ.. മറുഭാഗത്ത് തൂവെള്ള മേഘങ്ങൾ മാറുമ്പോ കാണുന്ന അകലെ നഗരത്തിന്റെ മനോഹര രാത്രി കാഴ്ച. കെട്ടിടങ്ങളിലെ വൈദ്യുത വിളക്കുകൾ കുഞ്ഞ് നക്ഷത്രങ്ങൾ പോലെ കാണപ്പെട്ടു.

 

അവളുടെ കണ്ണുകളിലേക്ക് പുറപ്പെട്ടു പോയ സന്തോഷം തിരികെ വരുകയായിരുന്നു. നീരുറവയ്ക്ക് ചുവട്ടിലായി അവളെ ചാരിയിരുത്തി. പാദങ്ങളെടുത്തവൻ തണുത്ത ജലത്തിലേക്ക് പതിയെ വെച്ചു. പ്രതിഫലിച്ച ചന്ദ്രൻ ഓളങ്ങളാൽ പൊട്ടി ചിരിച്ചു. നനുത്ത തണുപ്പിൻ സുഖം അവളുടെ മനസിലേക്കും പടരാൻ തുടങ്ങി.

ഒറ്റമരത്തിൽ നിന്നും അല്പം അകലെയായി ടെൻറ് കെട്ടി, റബ്ബർ കിടക്ക ഊതിവീർപ്പിച്ച് വിരിച്ചു. ചുള്ളികൾ ശേഖരിച്ച് തീകൂട്ടി.

 

അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തിരുത്തി. ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞിരുന്നു. എങ്ങുനിന്നോ ഒത്തിരി മിന്നാമിന്നികൾ കൂട്ടമായി വന്ന് ഒറ്റമരത്തിൽ പടർന്നു മിന്നി. ഇളം മഞ്ഞ വെളിച്ചം അവരിലേക്ക് പടർന്നു.

വിറയ്ക്കുന്ന കൈകൾ ഉയര്‍ത്തി അവൻ്റെ മുഖം തന്നിലേക്കവൾ അടുപ്പിച്ചു.

‘‘എന്നെ ഒന്ന് ഇറുകെ പുണർന്നേ നീ.. എന്നെ ഒന്ന് അഗാധമായി ചുംബിക്കു.’’ മൃദുവായി ചേർത്തണച്ചുകൊണ്ട് അവളുടെ അധരങ്ങളിൽ അഗാധമായി ചുംബിച്ചു. ആ വെളുത്ത മുഖത്ത് നീല ഞരമ്പുകൾ തെളിഞ്ഞു വന്നു.

 

ഒറ്റമരത്തിൽ പറന്നു കളിക്കുന്ന മിന്നാമിന്നികളെ നോക്കി അവൾ പറഞ്ഞു.

‘‘എന്നിൽ നിന്നും ജീവൻ്റെ അവസാന തരിമ്പും പറന്നകലുമ്പോഴും നിന്റെ അധരങ്ങളിൽ തടവിലായിരിക്കാനാണ് ഞാനേറെ കൊതിക്കുന്നത്.’’

 

ഓരോ വാക്കും അവൻ്റെ ഉള്ളിൽ കൂർത്ത വേരുകളൂന്നി പടർന്നു കയറുകയായിരുന്നു. ഉറവ വറ്റിയ കണ്ണിലേക്കവൾ ആഴത്തിൽ നോക്കി.

‘‘സ്നേഹമെന്നത് ഉൾകൊള്ളൽ കൂടിയാണ്. പ്രണയവും സന്തോഷവും ദുഃഖവും കാമവും കുസൃതിയും പിണക്കങ്ങളും മാത്രമല്ല നിന്റെ തീരുമാനങ്ങളും സമർപ്പണത്തോടെ ഉൾകൊള്ളുന്നതുകൂടിയാണ്.’’

 

എന്തോ അതു പറഞ്ഞപ്പോ അവളുടെ വാക്കുകൾ വിറപൂണ്ടിരുന്നു. എങ്ങ് നിന്നോ ഒരു ചെറുകാറ്റ് വീശി, മുനിഞ്ഞു കുത്തിയിരുന്ന തീ ആളികത്തി. അതിന്റെ ചൂട് അവന്റെ മനസിലേതിനേക്കാൾ മുന്നിലല്ലായിരുന്നു.

 

................................

 

നിലാവ്നീലനിറം പാകി ഓളം വെട്ടുന്ന കായലിലൂടെ വള്ളം പതിയേ മുന്നോട്ടു നീങ്ങി. തുഴതഴുകിവിടുന്ന ജലത്തിനോപ്പം അവന്റെ മനസും ചിതറികൊണ്ടിരുന്നു. കായലിൽ വീണ നിലാവ് പോലെ തുഞ്ചത്തിരുന്ന അവളുടെ മുഖത്തും സന്തോഷത്തിന്റെ നിലാവ് പടർന്നിരുന്നു.

പ്രണയത്താൽ വിടർന്നു നിന്ന ആമ്പൽ പൂക്കളെ രണ്ടായി പകുത്തുകൊണ്ട് തോണി പതിയേ മുന്നോട്ടു നീങ്ങി.

നിറഞ്ഞു നില്‍ക്കുന്ന പൂക്കളിലേക്ക് നോക്കി എന്തോ ആലോചിച്ചവൾ ചിരിച്ചു.

‘‘നീ ഓർക്കുന്നുണ്ടോ നിന്നോട് ഓരാമ്പൽ ചെടി ചോദിച്ചത്.. നീ അത് തേടി കണ്ടുപിടിച്ചതും,

ചോദിച്ചിട്ട് അവർ തരാത്തതും, നീ രാത്രി മതിലുചാടി മോഷ്ടിച്ചതും, വീണ് ദേഹം മുറിഞ്ഞിട്ടും കൈവിടാതെ അത് കൊണ്ടുവന്നതും.’’

 

അവൻ മറുപടി പറയാതെ പൂക്കളിലേക്ക് നോക്കി.

‘‘ഞാനൊരു ചെറിയ ആമ്പൽ കുളമൊരുക്കി, ഇരിക്കാനൊരു കല്പടവുണ്ടാക്കി. നിലാവുള്ള രാത്രികളിൽ വിടരുന്ന പൂക്കളോടൊപ്പം കഥപറയാൻ ഞാനും കൂടി. എന്റെ കവിതകൾ ഞാനാദ്യം ചൊല്ലിയപ്പോൾ തലയാട്ടി കേട്ടതവരായിരുന്നു. ’’

അവളുടെ കണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞു നിന്നു.

‘‘ആമ്പലായാലും താമരയായാലും ആഴ്ന്നിറങ്ങുന്ന വേദനയുടെ വേരുകൾ ആരും കാണാറില്ല. മുകളിലെ ചിരിയുടെ പൂക്കളും ഇലകളും മാത്രമേ കാണാറുള്ളു.’’

 

അറിയാതെ പുറത്തേക്ക് വന്ന അവന്റെ വാക്കുകൾ തെല്ലിട അവളെ നിശബ്‌ദ ആക്കി. എറെ നേരത്തിനുശേഷം കായലിന്റെ ആഴങ്ങളിലേക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി.

 

‘‘പ്രണയം നേടാനാവാതെ മരിക്കുന്ന പെണ്‍കുട്ടികൾ സ്വർണ്ണമീനുകളായ് മാറുമെന്ന് എവിടെയോ വായിച്ചിരുന്നു.

എന്നാൽ പ്രണയം കൊണ്ട് നിറഞ്ഞു തൂവുന്നവർ മരണപെട്ടാൽ എന്തായി മാറും.’’

 

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഉള്ളിലെ ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങുന്നതവനറിഞ്ഞു.

പതിയേ തുഴ ഉപേക്ഷിച്ചവൻ അവളെ ഇറുകെ പുണർന്നു. അധരങ്ങളേ അഗാധമായി ചുംബിച്ചു.

ആ ഇളക്കത്തിൽ തോണി വശത്തേക്ക് ചരിഞ്ഞു.

ഞെട്ടറ്റുവീഴുന്ന പൂക്കളേ പോലവർ കായലിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു... സ്വതന്ത്രമായ അവരുടെ നാസികകളിൽ നിന്നും ശ്വാസം പതിയേ കുമിളകളായ് മുകളിലേക്ക് ഉയർന്നു. പെട്ടന്ന് പെയ്ത മഴയിൽ അവ പൊട്ടിച്ചിതറി.

 

അവന്റെ പിടുത്തം കൂടുതൽ കൂടുതൽ ഗാഢമായി. അവളുടെ നീലിച്ച കണ്ണുകൾ കൂടുതൽ വികസിച്ചു. മുഖത്തെ നീലഞരമ്പുകൾ പിടച്ചു പൊട്ടൻ വെമ്പി. നീണ്ട നഖങ്ങൾ കൊണ്ടവന്റെ മുതുകിൽ മുറിവുകളുണ്ടാക്കി. ഒടുവിൽ അതും നിലച്ചു. ജീവനില്ലാത്ത ഉടലുകൾ ഒന്നായി അടിത്തട്ട് തൊട്ടു..

 

അപ്പോഴും ആ അധരങ്ങൾ അവന്റെ ചുംബനത്തിന്റെ തടവിലായിരുന്നു...

 

23 വർഷത്തെ ഓർമ്മകളും...

 

English Summary: Iirupathi Moonnu Varshangal, Malayalam Short Story by Jyothi S Karippoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com