ADVERTISEMENT

മഹാമാരിയും മക്കോണ്ടയും (കഥ)

കോവിഡുമൊത്തുള്ള പരീക്ഷണജീവിതം ആടിക്കൊണ്ടിരുന്ന നാളിൽ, തന്റെ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു, അവൾ. 

എത്ര നാളായി വേണ്ടപ്പെട്ടവരുമായൊക്കെ കണ്ടുമുട്ടുകയോ എന്തെങ്കിലും മിണ്ടിപ്പറയുകയോ ചെയ്തിട്ട്. ജോലി കഴിഞ്ഞാൽ , അത്യാവശ്യസാധനങ്ങൾ കടയിൽ നിന്നും വാങ്ങുന്നു. കാറിൽ വക്കുന്നു. 

 

കൈ സാനിറ്റൈസറാൽ കഴുകുന്നു, വീട്ടിലേക്ക് കാറോടിക്കുന്നു. ജീവിതത്തിൽ ഓരോ നിമിഷവും ഏറി വരുന്ന മടുപ്പ് ഗോപുരം പോലെ ഉയരുന്നു. മറ്റൊന്നും പരിഹാരമില്ലല്ലോ. അന്ന്, അവൾ, പട്ടണത്തിലെ അടഞ്ഞു കിടക്കുന്ന ഫ്ളാറ്റ് സന്ദർശിച്ച ശേഷമായിരുന്നു മടങ്ങിയത്. ലോക്ക് ഡൗണിനുശേഷം അവിടേക്കു പോയിട്ടില്ലായിരുന്നു. 

 

പ്രധാന റോഡ് കഴിഞ്ഞ ഉടനെ, ഏതോ ഉൾവിളിയാൽ അവൾ കാറിനു വേഗം കുറച്ചശേഷം, ഓരം ചേർത്തു നിർത്തി. ഫോൺ കയ്യിലെടുത്തു അവൾ നമ്പർ ഡയൽ ചെയ്തു. ‘‘കൃഷ്ണൻ മാഷേ, ഇതു ഞാനാ, ഗീതാമണി. മാഷിന്റെ വീടിന്റെ മുന്നിലെ റോഡിൽ ഉണ്ട്. ഞാൻ വീട്ടിൽ കയറുന്നില്ല. എനിക്ക് മാഷ്ഒരു സഹായം ചെയ്യണം. മാ൪കേസിന്റെ ഹൺഡ്റഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് ഒന്നു തരണം. ഒരിക്കൽ കൂടി വായിക്കാനാണ്. 

ഞാൻ ഗേറ്റിനു പുറത്തു നിൽക്കാം...’’

 

 

അപ്പുറത്തു നിന്നു അനുകൂലമായ മറുപടി കിട്ടിയതിനാൽ, അവൾ മാസ്ക് കൃത്യമായി വച്ചിരിക്കുന്നതായി ഉറപ്പു വരുത്തി കാറിൽനിന്നിറങ്ങി, മാഷിന്റെ ഗേറ്റിലേക്ക് നടന്നു. തൊട്ടപ്പുറത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് ചിലർ പോകുന്നുണ്ട്. എല്ലാവരും മാസ്ക്ധാരികളാണ്. അത് ശീലമായിരിക്കുകയാണല്ലോ. 

 

കൃഷ്ണൻ മാഷ്, അവളുടെ അച്ഛന്റെ സുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് മാഷിന്റെ അയൽപക്കത്തായിരുന്നു അവ൪ താമസിച്ചിരുന്നത്. മാഷ് കോളേജ് അധ്യാപകനായപ്പോൾ പട്ടണത്തിലേക്കു ചേക്കേറി. അധ്യാപനത്തിനു പുറമെ സാഹിത്യ നിരൂപണത്തിലും, പ്രഭാഷണത്തിലും മാഷ് ശ്രദ്ധ ചെലുത്തി. അതിനാൽ എല്ലാവരും അറിയുന്ന വ്യക്തിയായിരുന്നു. അവൾ ബാങ്കിന്റെ പട്ടണത്തിലെ ശാഖയിലേക്ക് മാറ്റമായി വന്ന നാൾ മുതൽ, ഇടക്കാലത്തായി അറ്റുപോയിരുന്ന മാഷിന്റെ കുടുംബവുമായുള്ള ബന്ധം ഊർജ്ജിതപ്പെട്ടു. ഇടക്കിടെ മാഷിന്റെ വീട്ടിൽ ചെല്ലുകയും, ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ വായിക്കാൻ കൊണ്ടു പോരുകയും ചെയ്തു . 

 

ചില സന്ദർഭങ്ങളിൽ അവളും, കുട്ടികളും, അമ്മയും ആഴ്ചയറുതികളിൽ മാഷിന്റെ വീടു സന്ദർശിച്ചു. മാഷിന്റെ സഹധർമ്മിണി സൗദാമിനി ചേച്ചി നല്ല ഭക്ഷണം ഒരുക്കി അവരെ സ്വീകരിച്ചു. ഒരു കുടുംബം പോലെ അവ൪ സന്തോഷം കൈമാറി. അങ്ങനെയുള്ള സുന്ദരനിമിഷങ്ങൾക്ക് കൊറോണ കൂച്ചുവിലങ്ങിട്ടിരിക്കയല്ലേ. 

 

അവൾ, ഗേറ്റിനു പുറത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാസ്ക് ധരിച്ചു മാഷ് പുസ്തകവുമായി, ചവിട്ടു പടിയിറങ്ങി വന്നു. 

 

‘‘ഗീത അകത്തേക്കു കയറുന്നില്ലേ....’’

 

‘‘ഇല്ല്യ, മാഷേ, നിങ്ങൾ രണ്ടു പേരും പ്രായമായവരല്ലേ. ഞാനാണെങ്കിൽ ബാങ്കിലെ ജോലി, കഴിഞ്ഞാണ് വരുന്നത്. മാഷ് എങ്ങനെയാ, സഹിക്കുന്നത്. ജീവിതത്തിൽ ഇങ്ങനെ, അടച്ചിരുന്നിട്ടില്ലല്ലോ. എപ്പോഴും യാത്രയും പ്രസംഗോം ആയിരുന്നില്ലേ. എനിക്കു തന്നെ മടുത്തു, ഭ്രാന്തു പിടിച്ചു തുടങ്ങി...’’

 

‘‘വല്ലാത്ത ഒരു കാലം, കുട്ട്യേ. എന്താചെയ്യാ, ഇങ്ങനെ ഓരോ ദീനം വന്നാ, പിന്നെ അതിനനുസരിച്ച് ഇരിക്ക്യ, അല്ലാണ്ടെന്താ. കുറെ, പുസ്തകങ്ങൾ വായിച്ചു. ചില൪ക്ക് അവതാരിക, എഴുതി’’

 

‘‘സൗദാമിനി, ചേച്ചി എന്തു പറയുന്നു, മാഷേ...’’

 

‘‘അവളും, ആകെ, ബോറടിച്ചിരിക്കുകയാണ്. അടുക്കളയിൽ, എന്തൊക്കെയോ ചെയ്യുന്നു...’’

 

‘‘അവിടെ, കുട്ടികൾ, ഓൺലൈൻ ക്ളാസുമായി ഇണങ്ങിയോ...’’

 

‘‘ഉവ്വ്, മാഷേ. വേറെ മാർഗ്ഗം ഇല്ലല്ലോ. മൂത്തവൻ, പറയുന്നത് ഇതാ, നല്ലതെന്നാ. കൊറോണ വേഗം, മാറേണ്ടെന്നും...’’

 

‘‘ആണോ, ഓരോരുത്തര്ക്ക് ഓരോ കാഴ്ചപ്പാട്. ഇവിടെ, ഞങ്ങള് കുറച്ചു ബുദ്ധിമുട്ടിലാവാൻ പോകാ...’’

 

‘‘അതെന്തൊ, മാഷേ...’’

 

‘‘വന്ദേഭാരത്, ഫ്ലൈറ്റ് സർവ്വീസ് തുടങ്ങിയല്ലോ. മൂത്തവന്റെ, ഭാര്യയും രണ്ടു മക്കളും, വരുന്നു. രണ്ടാമത്തെ മകനും, ഭാര്യയും, മോളും വരുന്നു. രണ്ടാമൻ, ജോലി നഷ്ട്ടപ്പെട്ടിട്ടാണ് വരുന്നത്. മൂത്തവന്റെ, ഭാര്യയും മക്കളും ഇവിടെ തന്നെ നിൽക്കണമെന്ന്, നിർബന്ധം. അവരെ, ഭാര്യ വീട്ടിലാക്കാൻ മകനു താൽപ്പര്യവുമില്ല. വന്നാൽ സർക്കാർ പറയുന്ന പോലെ ക്വാറന്റൈനിൽ ഇരിക്കണ്ടേ. സൗദാമിനിയും ഞാനും ശരിക്കും റിവേഴ്സ് ക്വാറന്റൈനിൽ പോകേണ്ടവരല്ലേ. അപ്പോൾ മക്കളുടെ കാര്യങ്ങൾ എങ്ങനെ നോക്കും. 

 

വല്ലാത്ത കൺഫ്യൂഷണിലാ. ഈയിടെയായി വീട്ടു ജോലിക്കും ആളില്ല. ഇനി, മക്കളോട് വേറെയെവിടെയെങ്കിലും മാറി നിൽക്കാൻ നമ്മൾ എങ്ങനെ പറയും. അവ൪ക്കാണെങ്കിൽ, ഞങ്ങളുടെ അവസ്ഥ മനസ്സിലാകുന്നില്ല. അന്യദേശത്തു കഴിയുന്നവ൪ക്കു, വേഗം നാട്ടിലെത്തിയാൽ മതിയെന്നാവും...’’

 

‘‘ഇത്, വല്ലാത്തൊരവസ്ഥയാണല്ലോ. ഇത് തരണം ചെയ്യാൻ എന്തു ചെയ്യാനാവുമെന്ന് ഞാൻ, ഒന്നാലോചിച്ചു നോക്കട്ടെ...’’

 

ഏകാന്തതയുടെ പുസ്തകം വാങ്ങി, തിരികെ നടക്കുമ്പോൾ, ഗീതാമണി മാഷിനെ സമാധാനിപ്പിച്ചു. പുസ്തകവുമായി വീട്ടിലെത്തിയ അന്നു രാത്രി

അവൾക്ക് ഉറങ്ങാനായില്ല. മാഷിനെ, എങ്ങനെ സഹായിക്കാനാവുമെന്ന ചിന്തയിൽ തന്നെ പുലരും വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. വടക്കേ ഇന്ത്യയിൽ ബാങ്ക് ജോലിയുള്ള ഗീതയുടെ ഭർത്താവ് ഉടനെ നാട്ടിലേക്ക് വരുന്നില്ല. കാലത്ത് അടുക്കളയിൽ തകൃതിയായി പെരുമാറുന്ന നേരം അവൾ അമ്മയോട് പറഞ്ഞു : കൃഷ്ണൻ മാഷേം, സൗദാമിനി ചേച്ചിയേയും നമുക്കു ഇങ്ങോട്ട് കൊണ്ടു വന്നാലോ. വിദേശത്തു നിന്നു വരുന്ന മക്കൾ മാഷിന്റെ വീട്ടിൽ നിൽക്കട്ടെ. അവർക്കു വേണ്ട, സാധനങ്ങൾ എങ്ങനെയെങ്കിലും ആരുവഴിയെങ്കിലും, എത്തിച്ചു കൊടുക്കാം. 

ഇതല്ലേ, കരണീയമായത്. 

 

‘‘അതിന് മാഷ് വരോ. അവര്‍ടെ മക്കൾക്ക് ഇഷ്ടപ്പെടോ...’’ അമ്മ സംശയങ്ങൾ ഉന്നയിച്ചു. 

 

‘‘മക്കൾക്ക് എന്ത് അനിഷ്ടം. വേറെ മാർഗ്ഗം ഇല്ല. അതെന്നെ...’’

 

മടുപ്പില്ലാതിരിക്കാൻ, മാ൪കേസിന്റെ മക്കോണ്ടയിലേക്ക് പ്രവേശിക്കാൻ അവൾക്കായില്ല. മാഷെ, രണ്ടു നാൾ നി൪ബന്ധിക്കേണ്ടി വന്നു. മക്കൾ, എത്തുന്നതിന്റെ തലേന്ന് മാഷ് അവരുടെ, വീട്ടിലെത്തി. 

 

പിറ്റേന്നും, അതിനുശേഷവും മാഷിന്റെ മക്കൾ മാഷിന്റെ വീട്ടിലും. അവർക്കു സഹായങ്ങൾ ചെയ്തു കൊടുക്കാൻ പലരും മുന്നോട്ടു വന്നു. നാട്ടിൽ, എത്തിയെങ്കിലും മാഷും, മക്കളും വീഡിയോ കോളിലൂടെ , സംസാരിക്കുകയും കാണുകയും ചെയ്തു. 

 

ഒരാഴ്ച പിന്നിട്ടപ്പോൾ പേരക്കുട്ടികളിൽ, ഒരാൾക്ക്, കടുത്ത പനി. ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടു. ആ൪. ടി. പി. സി. ആ൪. ചെയ്യാനായിരുന്നു നിർദ്ദേശം. പിന്നെ എല്ലാവരും ഭയത്തിന്റെ മുൾപടർപ്പിലായി. രണ്ടു നാൾ കാത്തിരുന്നു. റിസൾട്ട് നെഗറ്റീവ്

ആയിരുന്നു. എങ്കിലും നിരീക്ഷണ കാലാവധി കൂടി. മാഷ് ഏകദേശം ഒരു മാസത്തോളം മക്കളിൽ നിന്നും അകന്നു നിന്നു. മാഷിന്റെയും ഭാര്യയുടെയും മാനസികാവസ്ഥ നന്നല്ലാതായി. അനുഭവിക്കുക തന്നെ. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലല്ലോ. 

 

മാഷേ, പരിചരിച്ചപ്പോൾ അച്ഛന്റെ ഓ൪മ്മകൾ അവളിൽ ഉണർന്നു.

 

ഏകാന്തതയുടെ നൂറു വർഷങ്ങൾ, കുറെ നാൾ മേശപ്പുറത്തു തന്നെയിരുന്നു. എന്നാൽ, അവളുടെ ദിവസങ്ങൾ വിരസതയിൽ ആഴ്ന്നില്ല. മഹാമാരി, പല തരത്തിൽ, മക്കോണ്ട ചുറ്റിലും സൃഷ്ടിക്കുകയാണല്ലോ. 

 

English Summary: Mahamariyum Macondoyum, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com