ADVERTISEMENT

പിറന്നാൾ സമ്മാനം (കഥ)

ഇന്നലെ രഞ്ജുന്റെ പിറന്നാൾ ആയിരുന്നു, ക്ലാസിൽ എല്ലാർക്കും മിഠായി കൊടുത്തു . എന്റെ പിറന്നാളും ആഘോഷിക്കണം. എനിക്കും സ്‌കൂളിൽ മിഠായി കൊടുക്കണം ... ഉണ്ണിക്കുട്ടൻ  ഇത് പറയുമ്പോൾ അമ്മയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു .. പക്ഷേ അത് പുറത്ത് കാണിക്കാതെ അമ്മ പറഞ്ഞു ,, മോനെ ഉണ്ണിക്കുട്ടാ നിനക്കറിഞ്ഞൂടെ .. അച്ഛന് ഇതൊന്നും ഇഷ്ടല്ലാന്ന്? 

 

ഈ പ്രാവശ്യം എന്റെ പിറന്നാൾ ആഘോഷിച്ചെ പറ്റൂ.. ഉണ്ണിക്കുട്ടൻ നിറകണ്ണുകളോടെ പറഞ്ഞു. ശരി .. അമ്മ അച്ഛനോട് പറഞ്ഞ് സമ്മതിപ്പിക്കാം. മോൻ വിഷമിക്കണ്ടാട്ടോ... അമ്മയുടെ ആശ്വാസവാക്ക് കേട്ട ഉണ്ണിക്കുട്ടന്റെ മുഖം വിടർന്നു. ശരിക്കും ..? ഇതും പറഞ്ഞ് ഉണ്ണിക്കുട്ടൻ അമ്മയ്ക്കൊരു പഞ്ചാര ഉമ്മ നൽകി. അങ്ങനെ അവൻ അവന്റെ പിറന്നാൾ ദിനം എണ്ണി കാത്തിരുന്നു.

 

കാത്തിരിപ്പിനൊടുവിൽ ആ സുദിനം വന്നെത്തി.. ജൂൺ 13 .. അന്ന് രാവിലെ കുളി കഴിഞ്ഞു വസ്ത്രം മാറി ഉത്സാഹത്തോടെ അവൻ മുറ്റത്തെത്തി. അവിടെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു ... ഉണ്ണിക്കുട്ടൻ അമ്മയോട് പറഞ്ഞു. അമ്മെ എനിക്ക് മിഠായി വാങ്ങാനുള്ള കാശ് താ .. 

 

മിഠായിയോ എന്തിന്? അല്ലെങ്കിൽ തന്നെ പല്ലെല്ലാം കേടാണ്, ഇനി മിഠായി കൂടി കഴിക്കാത്തതിന്റെ കുറവേ ഉള്ളൂ.. അമ്മയുടെ രോഷം കലർന്ന വാക്കുകൾ ഉണ്ണിക്കുട്ടനെ നിരാശപ്പെടുത്തി. അവൻ കരയാൻ തുടങ്ങി. ‘അമ്മ പറഞ്ഞതല്ലേ ഇപ്രാവശ്യത്തെ എന്റെ പിറന്നാൾ ആഘോഷിക്കാമെന്ന്?? ഇത് കേട്ട അച്ഛൻ അവന്റെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. അതിന് ഉണ്ണിക്കുട്ടന്റെ പിറന്നാൾ ഇന്നാണെന്ന് ആരാ പറഞ്ഞെ ..?? അത് അടുത്ത മാസം പതിമൂന്നിനാണ്.. ഉണ്ണിക്കുട്ടൻ ഒരു നിമിഷം അച്ഛനെയും അമ്മയെയും മാറി മാറി നോക്കി .. ശരിക്കും ?? 

 

അതെ മോനെ .. അമ്മയും അച്ഛൻ പറഞ്ഞത് ശരി വെച്ചു .

 

മുഖം തുടച്ച് മറ്റൊന്നും പറയാതെ ഉണ്ണിക്കുട്ടൻ ബാഗും ചുമലിലേറ്റി സ്‌കൂളിലേക്ക് നടന്നു. അവിടുന്ന് ഓരോ ദിവസവും അവൻ പുസ്തകത്തിൽ അടയാളപ്പെടുത്താൻ തുടങ്ങി. എങ്ങനെയെങ്കിലും അടുത്ത 13 ആം തിയതി  ആയാൽ മതിയെന്ന് അവൻ കൊതിച്ചു. പിറന്നാൾ ദിനത്തിൽ  കൈ നിറയെ മിഠായികളും സമ്മാനങ്ങളും കിട്ടുന്നത് അവൻ സ്വപ്നം കണ്ടു. കൂട്ടുകാരോട് പിറന്നാളിന് മിഠായി കൊണ്ട് വരുമെന്ന് അവൻ വീമ്പിളക്കി .. അവന്റെ കുഞ്ഞു മനസിൽ ആ ചെറിയ ആഗ്രഹം കുന്നോളം വളർന്നു. 

 

ഇന്ന് ജൂലായ് 13. രാവിലെ തന്നെ വീട്ടിൽ ചെറിയച്ഛനും ചെറിയമ്മയും വന്നിരിക്കുന്നു, ഉണ്ണിക്കുട്ടന് സന്തോഷമായി, എന്റെ പിറന്നാൾ ആഘോഷിക്കാൻ വന്നതാണോ .. ഉണ്ണിക്കുട്ടന്റെ സന്തോഷത്തോടെയുള്ള ചോദ്യം കേട്ട് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. എന്താ ഏട്ടാ ഉണ്ണിക്കുട്ടന്റെ പിറന്നാളാണോ ഇന്ന് ..?? ചെറിയച്ഛന്റെ ചോദ്യം കേട്ട അച്ഛൻ അമ്മയെ നോക്കി. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. ആടാ... ഉണ്ണിക്കുട്ടന് എല്ലാ മാസോം പെറന്നാളാ .. അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ  ഉണ്ണിക്കുട്ടന്റെ അടുത്ത് വന്നു പറഞ്ഞു. ഉണ്ണിക്കുട്ടന്റെ  പിറന്നാൾ ജൂൺ 13 നാണ്.. അത് കഴിഞ്ഞു പോയില്ലേ ... ഇനി അടുത്ത വർഷം ആഘോഷിക്കാം ട്ടോ.. ഇത് കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു .. 

 

പക്ഷേ ആ കുഞ്ഞു മനസ്സിന്റെ വേദന മനസിലാക്കാൻ മാത്രം ആരും ഉണ്ടായില്ല .. 

 

വർഷങ്ങൾ പലത് കഴിഞ്ഞു. ഉണ്ണിക്കുട്ടൻ ഇന്നൊരു യുവാവാണ്. വിവാഹം കഴിഞ്ഞു .. ഒരു കുഞ്ഞും ജനിച്ചു. കുഞ്ഞിനെ ഉറക്കാൻ കഥ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തിൽ ഇപ്പോഴും അമ്മൂമ്മ പറയും ഉണ്ണിക്കുട്ടൻ ഒരു വർഷത്തിൽ രണ്ടു പിറന്നാൾ ആഘോഷിച്ച കഥ. അത് കൊണ്ട് തന്നെ ആ കഥ ഇപ്പോൾ കുടുംബത്തിൽ എല്ലാവർക്കും കാണാപ്പാഠമാണ് .. പക്ഷേ എല്ലാരും മറന്ന തന്റെ കുഞ്ഞു മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ച ആ ചതിയുടെ കഥ ഉണ്ണിക്കുട്ടന്റെ മനസ്സിൽ മാത്രം  ഒരു നൊമ്പരമായി അവശേഷിച്ചു.

 

English Summary: Pirannal Sammanam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com