ADVERTISEMENT

നൊമ്പരം (കഥ)

ജോസഫ് സാറിന്റെയും മേരി  ടീച്ചറിന്റെയും വിവാഹ വാർഷികത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. അന്നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട അധ്യാപകരായിരുന്നു അവർ രണ്ടുപേരും. ഒരേ സ്കൂളിൽ പഠിപ്പിക്കുന്നതോടൊപ്പം അവർ ഒരുമിച്ച് വരുകയും ക്ലാസ് കഴിഞ്ഞ് തിരികെ ഒരുമിച്ച് പോകുകയും ചെയ്യുന്ന മാതൃക ദമ്പതിമാരായിരുന്നു അവർ.

 

അവരുടെ ഇത്ര വർഷത്തെ ജീവിതവും അവരുടെ സേവനവും വാനോളം പുകഴ്ത്തി പറയുന്ന ഇടവക വികാരിയുടെ ശബ്‌ദം വികാരനിർഭരമായിരുന്നു. ആഘോഷകരമായ പാർട്ടിയൊക്കെ കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മക്കൾ അവർക്ക് ഒരു സർപ്രൈസ് പാർട്ടി വീട്ടിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.

 

ആയിടക്ക് ശിശുവികസന വകുപ്പിന്റെ ഒരു കമ്മീഷന്റെ അംഗമായി മറ്റൊരു സ്ഥലത്ത് ജോസഫ് സാറിന് പോകേണ്ടതായി വന്നു... ദിവസത്തെ ജോലി കഴിഞ്ഞ് തിരികെയെത്തിയെങ്കിലും പഴയ ഒരു പ്രസാദം ആ മുഖത്ത് കാണുവാൻ സാധിച്ചില്ല. മാഷേ എന്ന വിളിക്ക് എന്നാടി മറിയേ എന്ന തിരിച്ചുള്ള മറുപടിക്ക് പകരം ഒരു മൂളലുമാത്രമായി ഒതുങ്ങി. 

 

ദിവസങ്ങൾ കഴിയുന്തോറും അവരുടെ ഇടയിൽ എന്തോ ഒരു വിടവ് അനുവഭപ്പെടുന്നതായി മേരി ടീച്ചർക്ക് തോന്നിത്തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ സാറിന്റെ പെരുമാറ്റവും മൗനവും അതിന്ന് ആക്കം കൂട്ടിയതേയുള്ളു.

 

ഒരു ദിവസം ഭർത്താവ് കുളിക്കാൻ കയറിയപ്പോൾ ഫോൺ ബെൽ അടിക്കുന്നത് കണ്ട് ടീച്ചർ ഫോണിൽ നോക്കിയപ്പോൾ മരിയ എന്ന് എഴുതിയിരിക്കുന്നു. ഇതാരാണ് ഞാൻ അറിയാത്ത ഒരു മരിയ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ഒരു മെസ്സേജ്. തിരക്കാണോ ഞാൻ പിന്നെ വിളിക്കാം. ആ മെസ്സേജ് കണ്ടതും ടീച്ചറിന്റെ ഉള്ളിന്റെയുള്ളിൽ എന്തോ സംശയങ്ങൾ ഉടെലെടുക്കാൻ തുടങ്ങി. ആ സംഭവത്തിനുശേഷം ഒന്നും അറിയാത്തവളെപോലെ ടീച്ചർ നടന്നുമാറിയെങ്കിലും ഉള്ളിന്റെയുള്ളിൽ അഗ്നിപർവതം ഉരുണ്ടുകൂടുകയായിരുന്നു.

 

കുളി കഴിഞ്ഞ് ജോസഫ് സാർ ഫോൺ എടുത്തുകൊണ്ട് മെല്ലെ വീടിന് വെളിയിൽ നിന്ന് അടക്കിപിടിച്ചുള്ള സംസാരവും കൂടി കണ്ടപ്പോൾ ടീച്ചറുടെ സമനില തെറ്റി, സ്ഥലകാലബോധം നഷ്ടപ്പെട്ട് ടീച്ചർ സാറിന്റെ മുമ്പിലേക്ക് ചാടിവീണുകൊണ്ട് ചോദിച്ചു.. ആരാണ് ഈ മരിയ?.. ഞാൻ അറിയാത്ത ഇവളുമായി നിങ്ങൾക്കുള്ള ബന്ധം എന്താണ്?. കലിതുള്ളി നിൽക്കുന്ന ഭാര്യയെ ഒന്ന് സൂക്ഷിച്ച് നോക്കിയശേഷം ഒന്നും മിണ്ടാതെ വീടിന്റെ അകത്തേക്ക് കയറിപ്പോയി. എല്ലാം തുറന്നു പറയുന്ന ഭർത്താവിന്റെ ഈ മാറ്റം ടീച്ചറിനെ വല്ലാതെ വേദനിപ്പിച്ചു.

 

അടുത്ത ദിവസം സ്കൂളിലേക്കുള്ള അവരുടെ യാത്രകൾ  തനിച്ചായിരുന്നു. ജോസഫ്‌സാർ റെഡിയായി വന്നപ്പോഴേക്കും ടീച്ചർ പൊയികഴിഞ്ഞിരുന്നു. അന്നത്തെ ദിവസം ക്ലാസ്സിൽ പഠിപ്പിക്കാൻ മൂഡ് ഇല്ലായിരുന്ന ടീച്ചർ അവധിയെടുത്ത് വീട്ടിലേക്ക് പോയി. സാധാരണ ദിവസത്തെപ്പോലെ വൈകിട്ട് വീട്ടിലെത്തിയ സാറിന് മനസിലായി മക്കളുപോലും തന്നെ സംശയിച്ചു തുടങ്ങിയിരിക്കുന്നു. കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഇപ്പോൾ അപരിചിതരെപോലെ അകന്നു മാറുന്നത് കണ്ടപ്പോൾ സാറിന്റെയുള്ളം ഒന്ന് തേങ്ങി.

 

ഒരു അവധി ദിവസം ജോസഫ്‌സാർ കുളിച്ച് റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ സാർ എവിടേക്കാണ് പോകുന്നത് എന്നറിയാനായി പുറകെ കാറിൽ ടീച്ചറും മകനും പുറപ്പെട്ടു.  ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുമായി സാർ  ഒരു ഓട്ടോയിൽ പോകുന്നത് കണ്ടപ്പോൾ ടീച്ചർക്ക് അതുവരെ അടക്കിപിടിച്ചിരുന്ന ദേഷ്യവും അരിശവും ഒരു പൊട്ടിക്കരച്ചിലായി പുറത്തുവന്നു. 

 

തിരികെ കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ടീച്ചറുടെ ചിന്ത പഴയ കാലങ്ങളിലേക്ക് സഞ്ചരിക്കുകയാരുന്നു. ജോസഫ്‌സാർ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറിയതാണ്, പിന്നീട് അപ്പനെ കാണുകയും, ഇഷ്ടമില്ലായിരുന്നിട്ടും അപ്പന്റെയും അമ്മയുടെയും  നിർബന്ധത്തിന് വഴങ്ങി സാറിന്റെ ഭാര്യയുമായി മക്കളുടെ അമ്മയുമായി. എന്നിൽ ഇല്ലാത്ത എന്തു ഗുണമാണ് അവളിൽ സാറിന് കാണാനായത്. തളർന്ന മനസ്സോടെ തിരികെയെത്തിയ ടീച്ചറിന്റെ മനസിന്റെ താളം തെറ്റുമോയെന്ന് ഭയന്ന നിമിഷത്തിൽ വിഷമത്തോടെയാണെങ്കിലും ടീച്ചർ ഒരു തീരുമാനമെടുത്തു.

 

അടുത്തദിവസം രാവിലെ ടീച്ചർ തന്റെ വീട്ടിലേക്ക് പോകുവാനായി പെട്ടി പാക്ക് ചെയ്യുന്നത് കണ്ട ജോസഫ്‌സാർ ഒന്നും മിണ്ടിയില്ല. അവസാനം പെട്ടികളെല്ലാം കാറിന്റെ പുറകിൽ ഭദ്രമായി എടുത്തുവച്ചു. ജോസഫ്‌സാർ ഡ്രൈവ് ചെയ്യുമ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ ഇരിക്കുകയായിരുന്നു. കണ്ണ് അടച്ചിരുന്ന ടീച്ചറിന്റെ മനസ്സിലൂടെ കല്യാണം കഴിഞ്ഞുള്ള ആ യാത്രമുതൽ ഇതുവരെ ഒരുമിച്ചുള്ള എല്ലാ യാത്രയും കടന്നുപോയി.. ഇത് എന്റെയും സാറിന്റെയും അവസാനത്തെ യാത്രയാണെന്ന് തോന്നിയ നിമിഷം കണ്ണിൽനിന്ന് അടർന്നു വീണ തുള്ളികൾ തുടച്ചുനീക്കുമ്പോൾ മനസ്സിൽ എവിടേയോ ഒരു നൊമ്പരം. 

 

കാറ് നിർത്തുന്ന ശബ്‌ദം കേട്ട് കണ്ണ് തുറക്കുമ്പോൾ ഒരു സിമിത്തേരിയുടെ വാതിൽക്കൽ ആണ് നിർത്തിയിരിക്കുന്നത് എന്ന് മനസ്സിലായി, അങ്കലാപ്പോടെ ഇരിക്കുമ്പോൾ കാറിന്റെ വാതിൽ തുറന്ന് ഒന്നും മിണ്ടാതെ സിമിത്തേരിയിലേക്ക് കയറിപ്പോയ സാറിന്റെ പിന്നാലെ ചെല്ലുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സിമിത്തേരിയിലേക്ക്‌ കയറിയപ്പോൾ ഒരു കല്ലറ കാണിച്ചുകൊണ്ട് ജോസഫ്‌സാർ ചോദിച്ചു ഇത് ആരാണെന്ന് അറിയാമോ? കല്ലറയുടെ മുകളിലത്തെ പേര് വായിച്ചപ്പോൾ ടീച്ചറിന്റെ നെഞ്ചൊന്ന് പിടഞ്ഞു. അതെ നിന്റെ പ്രിയപ്പെട്ട അലക്സിന്റെ കുഴിമാടം തന്നെയാണിത് എന്ന സാറിന്റെ വാക്കുകൾ കേട്ടപ്പോൾ എന്ത് പറയണം എന്നറിയാതെ നിന്നുപോയി മേരി ടീച്ചർ.

 

അപ്പന്റെ കൂട്ടുകാരന്റെ മകനായ അലക്സുമായി കല്യാണം ഉറപ്പിച്ചിരിക്കുമ്പോൾ ബിസിനസ് ആവശ്യങ്ങൾക്കായി യാത്രപോകുമ്പോൾ കൂടെ കൂട്ടുമായിരുന്നു. കല്യാണം കഴിക്കാൻ പോകുന്നവരായതുകൊണ്ട് അല്പം അടുത്തു പെരുമാറുന്നതിൽ അപാകതയൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഒരു യാത്ര അവൻ തനിച്ചായിരുന്നു അത് അവന്റെ അവസാനത്തെ യാത്രയുമായി. പിന്നീട് അല്പകാലം കഴിഞ്ഞപ്പോൾ മനസ്സിലായി തന്റെ ഉദരത്തിൽ ഒരു ചെറുജീവൻ തുടിക്കുന്നുവെന്ന്, സമനില തെറ്റിയ ആ അവസരത്തിൽ അകലെയുള്ള ഒരു മാനസിക ആശുപത്രിയിൽ അല്പകാലം ചിലവഴിക്കുകയും, വളർച്ചയില്ലാത്ത കുഞ്ഞ് ഉള്ളിൽവച്ചുതന്നെ മരിച്ചുപോയതുകാരണം സിസേറിയനിലൂടെ എടുത്തു കളയുകയുമായിരുന്നു. പിന്നീട് എല്ലാം മറക്കാനായി അകലെയുള്ള ഒരു സ്കൂളിൽ അധ്യാപികയായി.

 

തളർന്നിരിക്കുന്ന തന്റെ ഭാര്യയെ സ്നേഹപൂർവ്വം കെട്ടിപിടിച്ചുകൊണ്ട്.. സാരമില്ല എനിക്ക് എല്ലാം മനസ്സിലാകും എന്ന് പറഞ്ഞ് അവർ വീണ്ടും യാത്ര തിരിച്ചു. അവസാനം കാറ് ഒരു ഓർഫനേജിന്റെ മുമ്പിൽ നിർത്തുമ്പോൾ ടീച്ചറിന്റെ മനസ്സിൽ ഒരു അമ്പരപ്പ് ആയിരുന്നു. ജോസഫ്‌സാർ ഉള്ളിലേക്ക് കയറിപ്പോയി, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാറിനൊപ്പം കണ്ട കൊച്ചു പെൺകുട്ടിയുമായി പടികൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ എന്താണ് സാറിന്റെ ഉദ്ദേശ്യം എന്ന് മനസിലായില്ല എന്ന മട്ടിൽ സാറിനെ നോക്കിയപ്പോൾ... നീ മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന നിന്റെ മകളാണിത്. 

ഞാൻ അന്വേഷണ കമ്മീഷന്റെ ആവശ്യങ്ങൾക്കായി ഇവിടെ വന്നപ്പോൾ ഇവിടുത്തെ മദർ പറഞ്ഞ് അറിഞ്ഞതാണ്. മരിച്ചുപോയി എന്ന് കരുതിയിരുന്ന സ്വന്തം മകളെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാത്ത അവസ്ഥയായിപ്പോയി. മകളെ കെട്ടിപിടിച്ച് നെടുവീർപ്പിടുമ്പോൾ, സ്വന്തം കുഞ്ഞിനെ തന്നിൽനിന്നും അകറ്റിയ അപ്പനോടായിരുന്നു മനസ്സിലെ ദേഷ്യമെല്ലാം.

 

തിരികെ കാറിലേക്ക് കയറാനായി വാതിൽ തുറന്നു തരുന്ന സാറിന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് എന്നെ    വെറുക്കരുത് എന്ന് പറഞ്ഞപ്പോൾ നെഞ്ചോട് ചേർത്തുനിറുത്തി ഒരു ചുംമ്പനത്തിലൂടെ എല്ലാം അലിയിച്ചുകളയുകയാണ് ചെയ്തത്. അതോടൊപ്പം ഈ സത്യങ്ങൾ നമ്മുടെ ഇടയിൽ മാത്രമായിരിക്കട്ടെ എന്നൊരു താക്കിതും. 

 

എല്ലാവരും കരുതുന്നതുപോലെ ഈ വയസ്സാം കാലത്ത് ഞാൻ കണ്ടുപിടിച്ച എന്റെ കൂട്ടുകാരിയായിരിക്കട്ടെ ഇവൾ. ഒരിക്കലും തങ്ങളുടെ അമ്മ കളങ്കപ്പെട്ടിരുന്നുവെന്ന് മക്കൾ അറിയാതിരിക്കട്ടെ.... ആ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ തന്നെ വേദനിപ്പിക്കാതിരിക്കാൻ സ്വയം നഷ്ടപ്പെടുത്തുന്ന പ്രിയപെട്ടവനെ താൻ എന്ത് പേര് ചൊല്ലി വിളിക്കും ദൈവദൂതനെന്നോ അല്ല മറ്റെന്തെങ്കിലുമോ ...

 

English Summary: Nombaram, Malayalam Short Story by Saju Kurishingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com