ആത്മാർത്ഥത കൂടിപ്പോയത് ഒരു തെറ്റാണോ സാർ?

prepearing-for-exam
Representative Image. Photo Credit : Deflector Image / Shutterstock.com.
SHARE

ഉൾപരീക്ഷണ കഥകൾ അഥവാ Internal Exam Stories - ഒന്ന് 

ഒരു ബി ടെക്​ക്കാരന്റെ/കാരീടെ വിദ്യാർത്ഥി ജീവിതത്തിലെ  ഡ്രാക്കുള ആണ് യൂണിവേഴ്സിറ്റി എക്‌സാമെങ്കിൽ മറുതയും ഒടിയനും ആകുന്നു സേഷണൽസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  ഇന്റർനൽ എക്സാം ഒന്നും രണ്ടും !....

ഡ്രാക്കുള ഒരു ഇന്റർനാഷണൽ ഫിഗർ ആയതുകൊണ്ട് ഡീബാർ, ഇയർ ഔട്ട് തുടങ്ങിയ നൂലാമാലകൾ ഉണ്ടായിരുന്നതിനാൽ കോപ്പിയടി പോലുള്ള കുൽസിത പ്രവർത്തികൾ പൊതുവെ (പെൺകുട്ടികളുടെ ഇടയിൽ പ്രത്യേകിച്ചും) നന്നേ കുറവായിരുന്നു !!..

എന്നാൽ ഇന്റെർണൽസ് ഉണ്ടല്ലോ.. ഐറ്റം വേറെ ആണ്‌ !

സ്വന്തം കോളേജിൽ സ്വന്തം ക്ലാസ് മുറിയിൽ സ്വന്തം പ്രഫസർ സെറ്റ് ചെയ്യുന്ന ചോദ്യങ്ങൾ,സ്വന്തം കാശിനു വാങ്ങുന്ന ആൻസർ ഷീറ്റ്/അഡിഷണൽ ഷീറ്റ് പേപ്പറുകൾ (യൂണിവേഴ്സിറ്റി ടെ ആ  അലമ്പ് സീലോ അഡിഷണൽ ഷീറ്റ് ചോദിക്കുമ്പോഴുള്ള ഇൻവിജിലേറ്ററുടെ പുച്ഛ ഭാവമോ കാണണ്ട !)- ഫുൾ ലോക്കൽ ബോഡി - അതു തരുന്ന ഒരു.. ഒരു ‘‘ആത്മനിർഭർ’’ - ഇതാണ് ഈ അവസരത്തിൽ വർക്ക് ഔട്ട് ആകുന്നത്.

കോപ്പിയടിയുടെ വിഭിന്ന തലങ്ങൾ അവിടെ പൂണ്ടു വിളയാടും... ഓരോ സെഷണൽസും കുട്ടികൾക്കും അധ്യാപകർക്കും ഒരു പുത്തൻ അനുഭവമാകും ! - (bdw ഈ കഥ നടക്കുന്ന രണ്ടായിരം കാലഘട്ടമാണ് ഞാൻ പറഞ്ഞു വരുന്നത്.. ഇപ്പൊ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം !)

************************************

S5 കമ്പ്യൂട്ടർ സയൻസിന്റെ ‘തള്ള്’ സബ്ജക്റ്റായ ‘Software Engineering’ (പേര് കേട്ടപ്പോ തന്നെ മനസ്സിലായില്ലേ ..)

രണ്ടാമത്തെ internal നു ഒരു ദിവസം മുന്നേ..

ലേഡീസ് ഹോസ്റ്റൽ അങ്കണം !... റോസ്മോൾ ബുക്കും കൈയിൽ വെച്ചു ഒരു പഴഞ്ചൻ നെറ്റിയുമിട്ട് തേരാ പാരാ നടക്കുന്നു! അയൽ വാസികളായ ഇലെക്ട്രിക്കൽ/ ഇലക്ട്രോണിക്സ് പഠിപ്പികളോട് കുശലം ചോദിക്കുന്നു. അടുത്തിടെ ‘തേപ്പു’ കിട്ടിയ സിവിലിലെ സാറയുടെ കഥകൾ കേൾക്കുന്നു. അവളെ ആശ്വസിപ്പിക്കാൻ സ്വന്തം തേപ്പു കഥകൾ ഒന്നൊന്നായി പറയുന്നു. സമയം പറക്കുന്നു.

10 മണി !!!...

റോസിന്റെ ആത്മാർത്ഥ സുഹൃത്തായ കരിമ്പിൻചോല രമണി ഓടിക്കിതച്ചെത്തി, ഒപ്പം അവളുടെ റൂംമേറ്റ് പാലക്കാരി മേരിയും ഉണ്ട്.

‘‘തീരുമെന്ന് തോന്നുന്നില്ല ....ഇനീം ഒരു  മൊഡ്യൂൾ കൂടോണ്ട്‌. നിനക്കോ?’’

‘‘അര അറിയാം.. ബാക്കി ഒന്നര തള്ളിയാൽ പോരെ?’’

‘‘കുന്തം !..സാറിനെ അറിയാവല്ലോ... പൊട്ടുന്ന വഴി അറിയുകേല ..ഞാൻ എന്തേലും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും ..’’രമണി ഇതും പറഞ്ഞു വന്ന സ്പീഡിൽ ഓടി. അടുത്ത് നിന്ന മേരി റോസിനെ തുറിച്ചു നോക്കി .

‘‘നീ പേടിക്കാതെ !...പരീക്ഷക്കിനിയും 10 മണിക്കൂറുണ്ട് .ഒരു മോഡ്യൂളിന് 5 മണിക്കൂർ വെച്ചു പഠിച്ചാ തീരാവുന്നെ ഒള്ളു ... ഡോണ്ട് വറി’’

‘‘അല്ലാപ്പൊ റോസേ ..ഒറങ്ങണ്ടേ ??’’

‘‘കോപ്പ് !!..നിനക്ക് പാസ്സാവണ്ടേ ?..അതിനൊരു ദിവസത്തെ ഒറക്കമൊക്കെ കളയേണ്ടി വരും !!..ആ നീ വാ ..എന്റെ കൈയിൽ ഒരു കിടിലൻ ചായപ്പൊടി ഒണ്ട് .ഒരു ചായ കുടിച്ചാൽ അടുത്ത 24 മണിക്കൂർ ഒറക്കം വരത്തില്ല.എന്നിട്ട് മെസ് ഹാളിൽ ഇരുന്ന് ശല്യമില്ലാതെ പഠിക്കാം  !’’

***************************

റോസ് മോൾ  കണ്ണും തിരുമ്മി എണീറ്റു. ഡെസ്കിൽ അടുത്തിരുന്ന ചായക്കപ്പ് അവിടെ തന്നെ ഒണ്ടു. ഒന്നൂടെ കണ്ണു തിരുമ്മി അവൾ മെസ്സിലെ ക്ലോക്കിലേക്കു നോക്കി ..7 മണി. മേരി അടുത്തുള്ള ബെഞ്ചിൽ കിടന്നു കൂർക്കം വലിക്കുവാണ്. വിറക്കുന്ന കരങ്ങളോടെ അവൾ മേരിയെ വിളിച്ചു. എണീറ്റതും ക്ലോക്കിൽ സമയം കണ്ട മേരി അലറിക്കരയാൻ തുടങ്ങി .

‘‘റോസേ.. ഞാൻ തോറ്റു പോകത്തെ ഒള്ളു... അയ്യോ എന്റെ അപ്പയും അമ്മയും... അവരോടു ഞാൻ നീതി പുലർത്തുന്നില്ലല്ലോ ദൈവമേ... internal ആണെങ്കിലും പരീക്ഷ പരീക്ഷ അല്യോ !!!’’

‘‘നീ  വിഷമിക്കാതെ... പരീക്ഷക്കിനിയും 3 മാണിക്കൂറില്ലേ ...മോഡ്യൂളിന് ഒന്നര മണിക്കൂർ വെച്ച് ..’’

(പാവം റോസിന്റെ പപ്പ അന്നു തുമ്മി തുമ്മി ഒരു വഴിക്കായി ..hmm )

(കഥാപാത്രങ്ങൾ കൊട്ടേഷൻ തന്നില്ലെങ്കിൽ കഥ തുടരും )

ഉൾപരീക്ഷണ കഥകൾ അഥവാ Internal Exam Stories - രണ്ട് 

‘‘ഇനി എന്തു കുന്തം ഉണ്ടാവാനാണ് ഈ രണ്ടുമൂന്നു മണിക്കൂറുകൊണ്ട് ???’’ മേരി ഉറഞ്ഞു തുള്ളിക്കൊണ്ടു റൂമിലേക്ക് പോയി. പുറകെ ചായപ്പൊടിക്ക് എന്തു പറ്റിയതാണെന്ന് അവലോകനം ചെയ്തോണ്ട്  റോസ് മോളും !

‘‘ഞാൻ പറഞ്ഞില്ലേ .. കടുത്ത തീരുമാനങ്ങൾ വേണ്ടി വരുമെന്ന്.’’ രമണി തകർത്തിരുന്ന് എഴുതുന്നതിനിടയിൽ മുഖമുയർത്താതെ അവരോടു പറഞ്ഞു. അനന്തരം ബുക്കെടുത്തു മേശപ്പുറത്തു വെച്ചു.  .

നോക്ക്, മൊത്തം 4 പ്രധാന questions ആണ് ആ പഠിപ്പി പെപ്സി ജോസഫ് പറഞ്ഞു തന്നത്. ഈ 4 എണ്ണം കൊറച്ചു നേരത്തെ എഴുതി വെച്ചോ.. question paperinte മനോഹിതം പോലെ ഏതെന്ന് വെച്ചാൽ ആൻസർ ഷീറ്റിന്റെ കൂടെ കൊടുത്തോ...

‘‘രമണീ...’’

അതൊരലർച്ചയായിരുന്നു !..

മേരിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ദൈവനിന്ദക്ക് കൂട്ടുനിൽക്കില്ലെന്നു പറഞ്ഞു മേരി തത്‌ക്ഷണം ബ്രേക്ഫാസ്റ്റിന്റെ പുട്ടും കടലയുമെടുക്കാൻ മെസ്സിലേക്കു ഓടി .

മെൻവൈയിൽ അതു കേട്ട റോസ് മോൾ കരിമ്പിൻ ചോല രമണിയെന്ന യൂത്ത് ഐക്കണ് അപ്പൊ തന്നെ ശിഷ്യപ്പെട്ട്  പേപ്പറും പേനയും എടുക്കാൻ അവളുടെ റൂമിലേക്കും .

************************************

‘‘ദൈവമേ !!!....ഞാനീമാർക്കും വെച്ചു ഇനി എന്നാ ചെയ്യും !..’’ ഗാലറിയിൽ ഇരുന്നു മേരി നെടുവീർപ്പിട്ടു .

‘‘എൻറെ അപ്പയും അമ്മയും ...’’

‘‘നീതി പുലർത്താൻ പറ്റാത്ത പ്രശ്നമല്ലേ .. അതു ശരിയായിക്കോളും’’ റോസ്‌മോൾ കപ്പലണ്ടി കൊറിക്കുന്നതിനിടയിൽ മേരിയെ ആശ്വസിപ്പിച്ചു .

‘‘എടീ റോസ് നീ എൻറെ കൂടെ സ്റ്റാഫ്‌റൂമിൽ വരുവോ ??... സാറിന്റെ കാലു പിടിച്ചു റീടെസ്റ്റ് ചോദിക്കാനാ.. നീ ഉണ്ടെങ്കിൽ ഒരു ധൈര്യവാ.. പ്ളീസ്’’

മേരിയുടെ ആ ലാസ്റ്റ് വരിയിലെ തള്ളിൽ റോസ് നേരെ സ്റ്റാഫ് റൂമിൽ എത്തി.

*************************

‘‘ഹും ?..’’ അംബീഷൻ ഉള്ള സാർ (പേരിനു കടപ്പാട് : ശ്രീ ശ്രീ Remil Rashid) ഗൗരവത്തിൽ ചോദിച്ചു.

‘‘സാർ. software engineering ന്റെ internal - പരീക്ഷ tough ആയിരുന്നു ..റീടെസ്റ്റ് ...’’

‘‘എല്ലാത്തിനും റീടെസ്റ്റ് മതിയെങ്കിൽ പിന്നെ ശരിക്കൊള്ള ടെസ്റ്റ് ആര് പഠിക്കും ?’’ സാറിനൊരു കുലുക്കവുമില്ല. മേരി ബാറിൽ കടം പറയുന്ന കള്ളുകുടിയന്മാരുടെ പോലെ ഒരു പ്രത്യേക ഭാവത്തിൽ നിന്നു.

‘‘എന്നിട്ട് ആദ്യത്തെ ടെസ്റ്റിന് എത്ര കിട്ടി ?’’

‘‘സർ ...20.5  out of 30 .’’ അതിനു ഉത്തരം പറഞ്ഞത് റോസ് ആണ്.

‘‘മേരിക്കോ ?’’

‘‘സാർ.. എട്ട് !!’’

സാർ ഒന്ന് ചിരിച്ചിട്ട് പെട്ടെന്ന് സമ ചിത്തത വീണ്ടെടുത്തു.

റോസിനു പക്ഷേ സമചിത്തത വീണ്ടെടുക്കാൻ ഇടക്ക് ആകാശദൂത് സിനിമയിലെ ക്ലൈമാക്സ് ഒക്കെ ആലോചിക്കേണ്ടി വന്നു .

സമചിത്തത ഇല്ലാത്ത റോസിനേം സാറിനേം കണ്ടു മേരിയുടെ ആത്മസംഘർഷം കൂടി കൂടി വന്നു.

സാറാണേൽ ഒരു വിധത്തിൽ സമ്മതിക്കുന്നും ഇല്ല റീടെസ്റ്റിന് .

‘‘സാർ ... സത്യസന്ധമായി പരീക്ഷയെഴുതിയ ഞാൻ തോറ്റപ്പോൾ, പലരും ഇവിടെ കോപ്പി അടിച്ചും പേപ്പർ എഴുതിവച്ചും ഇരുപതും ഇരുപത്തഞ്ചുമൊക്കെ വാങ്ങുന്നു !...ആത്മാർത്ഥത കൂടിപ്പോയതും ഒരു തെറ്റാണോ സാർ ????’’

‘‘ഏ !!..ആരാണത് ???.... എവിടെ ..പേരു പറയു ..’’  സാർ ഇരുന്ന കസേര വലിച്ചെറിഞ്ഞു ചാടി എണീറ്റു.

റോസ് മോൾ നിന്ന നിൽപ്പിൽ സമാധിയായി സ്വർഗത്തിലേക്ക് പോയി അവിടുന്ന് ബൗൺസ് ചെയ്തത് തിരികെ സ്റ്റാഫ് റൂമിലേക്ക് വന്നു വീണു. 

‘‘കള്ളത്തരം ഞാൻ പൊറുക്കില്ല !...അല്ല ..ഞാൻ പിടിച്ചോളാം ...കൊറേക്കാലമായില്ലേ നിങ്ങളെയൊക്കെ പഠിപ്പിക്കാൻ തൊടങ്ങീട്ടു !..ഏകദേശ ധാരണ എനിക്കൊണ്ട്. Its just the matter of proof. റോസിന് അറിയാവോ ആരൊക്കെയാണെന്ന് ..??’’

മേരി കൂടുതൽ എന്തെങ്കിലും കേറി പറയുന്നതിനു മുന്നേ റോസ് മോൾ ഇടയ്ക്കു കയറി.

‘‘എട്ടു കിട്ടി പൊട്ടിയ കുട്ടിയുടെ ആത്മാർത്ഥത സാറു മനസ്സിലാക്കി ദയവു ചെയ്ത് ഒരു റീടെസ്റ്റ് തരണം. ഇതുപോലെ എത്രയെത്ര പേര് കാണും സാർ ..’’

അവസാനം കുറെ യാചിച്ചപ്പൊ സാർ അടുത്ത ആഴ്ച റീടെസ്റ്റിനു സമ്മതിച്ചു ..

‘‘അടുത്ത ടെസ്റ്റിന് തനിയെ ഇരുന്നു പഠിച്ചോ..ആ പിന്നെ എന്റെ ചായപ്പൊടിയും കിട്ടില്ല പറഞ്ഞേക്കാം ’’ തിരിച്ചു പോകുമ്പോൾ റോസ് മോൾ  മേരിയോട് തന്റെ നയം വ്യക്തമാക്കി.

English Summary: Wrtiers Blog - GEC Puranam Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;