ADVERTISEMENT

ഞാൻ (കഥ) 

നദിയേതാണ് ഗംഗയല്ലേ? അല്ല ഫുൽഗു. ഗംഗയുടെ കൈവഴിയാണ്, അയാൾ പറഞ്ഞു. അപ്പുറത്തു കണ്ടോ.... അവിടെയാണ് രാമനും ലക്ഷ്മണനും പിതാവിന് ബലിതർപ്പണം  നടത്തിയത്. മദ്യപാന സദസ്സിനൊടുവിൽ തോന്നിയ ഉൾവിളിയാൽ ഇന്ത്യൻ റയിൽവേയുടെ ഭാരത ദർശൻ യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ട എന്നെ വിടാതെ പിന്തുടരുകയാണ് രാമചന്ദ്രൻ എന്ന സഹയാത്രികൻ.

‘‘നിങ്ങൾ രാജേഷ് ബാബു തന്നെ. നെരുദയെ ആരാധിച്ചിരുന്ന ... അതേ ഭാഷയിൽ കവിതകളെഴുതിയിരുന്ന എസ്എഫ്ഐക്കാരൻ’’ 

‘‘അല്ല, ഞാൻ പാലാക്കാരൻ ജോസഫ് ആണ്. പത്രം പോലും വായിക്കാത്ത സെക്രട്ടറിയേറ്റ് ഗുമസ്തൻ’’

രാമചന്ദ്രൻ അത് വിശ്വസിച്ചില്ല.

എന്താടാ... നീ ഇങ്ങനെ... അവൻ പരിഭവിച്ചു.

 

മറ്റൊരു ദിവസം ബേക്കറി ജങ്ഷനിലെ ബിവറിജിസ് ക്യൂവിൽ നിൽക്കവേയാണ് അകത്തെ സെയിൽസ്മാന്മാരിൽ ഒരാൾ പുഞ്ചിരിയോടെ ഇറങ്ങി വന്നത്.

‘‘ഞാൻ മുരളീധരൻ, സാറിന്റെ നോവൽ വായിച്ചിട്ടുണ്ട്. അത് സിനിമയാക്കാൻ പോകുന്നു എന്ന് കേട്ടു’’

‘‘നിങ്ങൾക്ക് ആളുതെറ്റിയതാ. എന്റെ പേര് ജോസഫ്, ക്ളാർക്കാണ്’’- ഞാൻ വിശദീകരിച്ചു.

 

‘‘ഏയ്.... സാറിന്റെ തമാശ. ബ്രാൻഡ് പറ... സാറ് ക്യുവൊന്നും നിൽക്കേണ്ട.’’

എന്റെ മനസ് വായിച്ചെടുത്തപോലെ അയാൾ 8 പി. എം. വിസ്കി പൊതിഞ്ഞു നൽകി. പണം വാങ്ങാൻ കൂട്ടാക്കിയതുമില്ല.

പിന്നീട് ഫേസ് ബുക്കിൽ അനുശ്രീ വർമ്മയുടെ പ്രണയകവിതകൾ എന്റെ ഇൻബോക്സിൽ നിറയവേയാണ് ഞാനും അത് ആലോചിച്ചത്.

ഞാൻ ആരാണ്...?

 

‘‘മീശയാൽ കുസൃതികാട്ടാത്ത പുരുഷനെ ചുംബിക്കുന്നത് ഉപ്പില്ലാതെ കോഴിമുട്ട കഴിക്കുന്നതുപോലെയാണ്.’’ എന്ന് അവൾ എഴുതിയപ്പോൾ റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ വികലമായ അനുകരണമെന്ന് ഞാൻ പുച്ഛിച്ചു. ശേഷം അവളെ അൺഫ്രണ്ട് ചെയ്തു. എന്റെ സന്തോഷം അധികം നീണ്ടില്ല. വീണ്ടും ഫ്രണ്ട് റിക്വസ്റ്റിനാൽ അവൾ എന്നിലേക്ക് തിരിച്ചെത്തി.

എന്റെ സംശയം ഇരട്ടിച്ചു.

ഞാൻ ആരാണ് ?

യഥാർത്ഥത്തിൽ ഞാൻ ജോസഫ് അല്ലേ. അവർ മൂന്നുപേരും രാമചന്ദ്രനും മുരളീധരനും അനുശ്രീ വർമ്മയും പറഞ്ഞതിൽ ചില സത്യങ്ങളുണ്ട്.

English Summary: Njan, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com