ADVERTISEMENT

കെമിസ്ട്രി ലാബിലെ തവള (കഥ)

പുതിയ വര്‍ഷം തുടങ്ങിയപ്പോള്‍ എന്റെ ക്ലാസില്‍ വിചിത്രമായി മലയാളം സംസാരിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. രവി, ഒരു ശരാശരി വിദ്യാര്‍ത്ഥി. ഒരു കാര്യം പത്ത് തവണ പറഞ്ഞാലും അവന്റെ തലയിലോട്ട് കയറില്ല. 

അവന്റെ വിചിത്രമായ മലയാളവും മുഷിഞ്ഞ യൂണിഫോമും കാരണം അവന് ക്ലാസ്സിലും വലിയ കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. 

പ്ലസ് വണ്‍ ആണങ്കിലും പ്രായത്തിലേറെ ശരീര വലിപ്പം അവനുണ്ടായിരുന്നു. തൊട്ടടുത്ത ട്രൈബല്‍ ഹോസ്റ്റലില്‍ ആണ് അവന്‍ താമസിക്കുന്നത്, ആഴ്ച അവസാനം അവന്‍ വീട്ടിലേക്ക് പോകും, അവന്‍ തിങ്കളാഴ്ച തിരിച്ചെത്തുന്ന ദിവസം അവന് ഒരുപാട് കൂട്ടുകാര്‍ ഉണ്ടാകും കാരണം അന്ന് അവന്‍ നല്ല മധുരമുള്ള കാട്ട് തേന്‍ കൊണ്ട് വരും. ചൊവ്വാഴ്ച ആകുന്നതോടെ ആ സൗഹൃദം മ‍ഞ്ഞ് ഇല്ലാതെ ആകുന്നതും ഞാന്‍ വിസ്മയത്തോടെ കണ്ടിരുന്നു. രവിയോട് വാത്സല്യത്തോടെ സംസാരിക്കുന്നതു കൊണ്ട് അവന് എന്നെ വലിയ കാര്യം ആയിരുന്നു. 

 

ഒരു ദിവസം കെമിസ്ട്രി ലാബില്‍ വച്ച് അവൻ സൊലൂഷന്‍ വച്ച ബീക്കര്‍ തളളി താഴെ ഇട്ട് പൊട്ടിച്ചു. തലേ ദിവസം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സൊലൂഷന്‍ ആണ് എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, ഞാന്‍ കുറേ വഴക്ക് പറഞ്ഞു. എല്ലാം മിണ്ടാതെ കേട്ടിട്ട് രവി ചോദിച്ചു, ടീച്ചറെ പൊട്ടിച്ച ബീക്കറിന്റെ വെലയ്ക്ക് തവളേനെ പിടിച്ച് തന്നാല്‍ മതിയോ.. അവന്റെ നിഷ്കങ്കമായ ചോദ്യം എന്നെ ചിരിപ്പിച്ചു, കെമിസ്ട്രി ലാബില്‍ എന്തിനാടാ പൊട്ടാ തവള എന്ന് ചോദിച്ച് ഞാനവനെ ഓടിച്ചു. 

 

പിന്നീട് ഒരു ദിവസം ഒരു കനത്ത രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന ദിവസം സ്കൂള്‍ പെട്ടെന്ന് വിട്ടു ലാബ് മുഴുവനായി ഒതുക്കി വയ്ക്കാതെ എനിക്ക് പുറത്ത് ഇറങ്ങാനാകുമായിരുന്നില്ല, ഒരു വിധം എല്ലാം ഒതുക്കി പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എല്ലാവരും പോയിരിക്കുന്നു. സ്കൂളിലെങ്ങും ആരുമില്ല, പരിഭ്രമിച്ച് നില്‍കുന്ന എന്റെ അരികിലേക്ക് രവി ഓടി വന്നു. നീ പോയില്ലേ ഞാനവനോട് ചോദിച്ചു, ഇല്ല ടീച്ചര്‍ ഇവിടെ നില്‍ക്കുന്നത് ഞാ കണ്ടിക്ക്. ദാ പോവാഞ്ഞെ, എനിക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങിയിരുന്നു. 

 

നടന്നോ ടീച്ചറെ ബേറെ ബണ്ടി ഒന്നും കിട്ടില്ല, അവന്‍ പറഞ്ഞു, വേറെ വഴി ഒന്നും ഇല്ല എന്ന് എനിക്കും അറിയാമായിരുന്നു. സ്കൂളില്‍ നിന്ന് എകദേശം ഒരു കിലോ മീറ്റർ നടന്നപ്പോ ഒരു ഓട്ടോ കിട്ടി, അവനും എനിക്കൊപ്പം വന്നു. എന്റെ വീട് വരെ അവനെന്നോടൊപ്പം ഉണ്ടായിരുന്നു, ഇനി നിനക്ക് എങ്ങോട്ടാ പോകേണ്ടത് ഞാന്‍ രവിയോട് ചോദിച്ചു. എന്റെ ഹോസ്റ്റല്‍ സ്കൂളിന് അടുത്ത് തന്നെയാ ടീച്ചറെ, ഞാന്‍ തിരിച്ച് പോവ്വാ. 

 

എങ്ങനെ പോകും. ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു, നടന്ന് പോഹും, എല്ലാ വെള്ളിയാഴ്ചയും ഞാന്‍ 20 കി. ലോമീറ്റര്‍ നടന്ന് തന്നെയാ വീട്ടില്‍ പോകുന്നേ. എന്നാ നീ വാ ചായ കുടിച്ചിട്ട് പോകാം, ഞാനവനെ വീട്ടിലേക്ക് ക്ഷണിച്ചു. വേണ്ട ടീച്ചറെ, ടീച്ചറിന്റെ അച്ഛനൊന്നും ഇന്നെ ഇഷ്ടമാവില്ല. അവന്‍ തിരിഞ്ഞ് നടന്നു. പിറ്റേ ദിവസം രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ട മൂന്ന് ചെറുപ്പക്കാരുടെ ഫോട്ടോ എല്ലാ പത്രങ്ങളുടേയും മുന്‍ പേജില്‍ ഉണ്ടായിരുന്നു. തലശ്ശേരിക്ക് സമീപം കൊല ചെയ്യപ്പെട്ട ഒരു യുവാവിന്റെ പേര് രവി എന്നായിരുന്നു. ഞാന്‍ ഫോട്ടോയിലേക്ക് നോക്കി അത് അവന്റെ തന്നെ ഫോട്ടോ ആയിരുന്നു. 

 

English Summary: Chemistry labile thavala, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com