ADVERTISEMENT

ഇന്ന് ഞാൻ നല്ല ഹാപ്യാട്ടാാാ (കഥ)

 

ആറ് മണിക്ക് ഹൈറോഡിലെ കടേന്ന് ഇറങ്ങി ബസ്റ്റാന്റിന്റെ അവിടുന്ന് 100 രൂപയ്ക്കുള്ള എന്തേലും ബാറീന്ന് അകത്താക്കി (രണ്ട് കൊല്ലമായിട്ടുള്ളൂ അകത്താക്കൽ തുടങ്ങിയിട്ട്) എട്ടേകാലിന്റെ അവസാന ബസിൽ കയറിയിരുന്നു... ഒൻപതേകാലിന് വീടെത്തും.....

 

സ്റ്റാന്റീന്ന് ബസ്സെടുത്ത് റെയിൽവേ വരെ, അവിടെയെത്തിയപ്പോൾ അടുത്ത് ഒരു ചെക്കൻ വന്നിരുന്നു.... അവൻ ചോദിച്ചു ചേട്ടൻ എന്നും ഈ വണ്ടീല് ഇണ്ടാവൂലെ...?   ഞാൻ ഇണ്ടാവും.

വീണ്ടും.. ചേട്ടന് എന്താ പണി?

ഞാൻ ഹൈറോഡിലെ ഇരുമ്പ് കടേല്.

എത്ര കൊല്ലായി?

ഞാൻ പതിനേഴ് വയസ്സില് വന്ന് തുടങ്ങിയതാ... ഇപ്പോ അൻപത്തൊന്ന് ആയി.... 

ചെക്കൻ എന്റമ്മോ.... എത്ര കിട്ടും? 

 

ഞാൻ പറഞ്ഞു ഒരു പതിനേഴായിരം കിട്ടും അവൻ എന്നെ നോക്കി പറഞ്ഞു. 34 കൊല്ലായിട്ട് ഇത്രേള്ളൂ..... അവൻ പറഞ്ഞു ഒരു കൊല്ലായ എനിക്ക് ഈ പൈസ കിട്ടുന്നുണ്ട്.... 

 

തൃശൂർന്ന് നാലഞ്ച് സറ്റോപ്പ് കഴിഞ്ഞപ്പോൾ അവൻ ഇറങ്ങിപ്പോയി, ഒന്നര അടിച്ചു സന്തോഷിച്ച് വന്ന എന്റെ എയിമും പോയി... പത്താം ക്ലാസ് ഗുസ്തിയും ഒരു കഴിവുമില്ലാത്ത എനിക്ക് എന്ത് ജോലി കിട്ടാനാ...

 

ബസ്സെറങ്ങി നടന്ന് വീടിന്റെ അവിടെ എത്താറാവുമ്പോളുള്ള പാടത്തിനരികിലുള്ള ഇടവഴിയിൽ എത്തിയാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കൊരു സന്തോഷാണ്...

 

എന്താന്നെച്ചാൽ... അതിന് കാരണം ഒന്ന് എന്റെ പെണ്ണും, പിന്നെ ഇടവഴിക്കരികിലെ തോമാപ്ലയും

 

പത്താം ക്ലാസ് ഗുസ്തിയും അഞ്ചടി മുട്ടാത്ത എന്നെ തോമാപ്ല എപ്പ കണ്ടാലും നീ പുലിയാട, നിന്നെ സമ്മതിച്ചൂന്നൊക്കെ പറയും.... എന്നെ കളിയാക്കലായെ എനിക്ക് എന്നും തോന്നാറുള്ളൂ....

 

ഇപ്പോ അഞ്ചാറ് കൊല്ലമായി ആള് പുറത്തെങ്ങും ഇറങ്ങാറില്ല.

 

കഴിഞ്ഞയാഴ്ച്ച.. ഒരു ദിവസം ജോലികഴിഞ്ഞ് ഈ വഴിയിലൂടെ നടന്ന് വരുമ്പോൾ ഇടവഴിക്കടുത്ത് വീടുള്ള എൺപത്താറ് വയസ്സുള്ള തോമാപ്ല വീടിന്റെ പിന്നിൽ ഭയങ്കര അലമ്പനായി കലി തുള്ളുന്നുണ്ട്.... വായു കിട്ടാതെ ഭാര്യയോട് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.... നീയാടീ എന്നെ നാട്ടാരുടെ മുൻപിലും, ന്റെ പിള്ളേർടെ മുൻപിലും ഒരു വിലയും ഇല്ലാണ്ടാക്കീത്. ഞാൻ എന്താണ്ടി ചെയ്തേ... ജോലിക്ക് പോയില്ല. കെ.. എന്നാലും ഈ ഒരേക്കർ പറമ്പ് വെച്ച് നിന്നെയും പിള്ളേരെയും നോക്കിയില്ലേ,... കുടിച്ചോ, വലിച്ചോ വേറെ എന്തെങ്കിലും തരത്തിൽ ഒരു ചില്ലി കാശ് ഞാൻ കളഞ്ഞട്ടില്ല. എന്നിട്ട് കാലങ്ങളായി നാട്ടിലില്ലാത്ത നീയും നിന്റെ പിള്ളേരും കൂടി എന്നെ ഭരിക്കാൻ വന്നേർക്കുണു,.... ശ്വാസം കിട്ടാതെ പറഞ്ഞു കഴിയലും .... നെഞ്ചത്തുഴിയലും നടക്കലും കൊരക്കലും... അപ്പോളേക്കും ഭാര്യ ത്രേസ്യമേടത്തി വന്ന് അകത്തേക്ക് പിടിച്ച് കൊണ്ടു പോകുന്നു....

 

ത്രേസ്യമേടത്തി... പറയുന്നുണ്ട് നിങ്ങൾക്ക് ഇപ്പളാ... ഇതൊക്കെ തോന്നുന്നത് എന്ന്.

 

ഇതൊക്കെ ഈ വഴിയിലൂടെ കേട്ട് നടക്കുമ്പോൾ ഞാൻ എന്റെ വീടിനെക്കുറിച്ചൊക്കെ കുറെ ചിന്തിച്ചു പോയി. എന്നെ കാണുമ്പോൾ തോമാപ്ല കളിയാക്കുകയല്ലായിരുന്നു എന്ന് അന്ന് മുതലാണ് മനസ്സിലായത്....

 

വീടിന്റെ സിഎഫ്എൽ ലൈറ്റ് കണ്ട് തുടങ്ങി... ന്റെ എല്ലാ ദാരിദ്ര്യവും വീട് കണ്ടാൽ ഇല്ലാതാവും.... നാല് കൊല്ലം മുൻപ് മൂത്ത കുട്ടിയുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് ഒരു രാത്രി എനിക്ക് ഉറക്കം വരുന്നില്ല.... എന്തോ എന്റെ കഴിവില്ലായ്മയെ കുറിച്ചുള്ള ചിന്ത കാട് കയറിയിരുന്നു അന്ന്. അന്ന് രാത്രി ഒരു മണിയായിട്ടും ഉറങ്ങാത്ത എന്റടുത്ത് വന്ന് ഭാര്യ പറഞ്ഞു..... നിങ്ങള് എന്താ ചിന്തിക്കണേന്ന് എനിക്കറിയാം... മകളെ  നന്നായി കെട്ടിച്ചു വിട്ടില്ല, കാശില്ല, കഴിവില്ല... ന്റെ ചേട്ടാ ഒരു ആൺതുണ എന്ന നിലക്ക് എന്റയപ്പൻ ഒന്നുമില്ലാതെ നിങ്ങൾക്ക് കെട്ടിച്ചു തന്നിട്ട്... നിങ്ങളെന്നെ കഷ്ട്ടപ്പെടുത്തിയിട്ടുണ്ടോ, ആ അപ്പനെ കണ്ട് വളർന്ന ഞാനല്ലെ പറയുന്നത്, നിങ്ങൾടെ അന്നത്തെ വരുമാനം വച്ച് നമ്മളിവിടം വരെ എത്തിയില്ലെ, നിങ്ങൾടെ കാരണവർ മുതലാളി മരിച്ചിട്ടും അവരുടെ കുട്ടികൾ നിങ്ങളെ മാത്രമല്ലെ അവിടെ ജോലി തുടരാൻ അനുവദിച്ചത്, ഇത്രയും വലിയ പെയിന്റ് ഹൈടെക്ക് ഷോപ്പിൽ നിങ്ങൾ മാത്രമല്ലേ.. ഇപ്പോൾ പ്രായമുള്ള ഒരാൾ, ...

 

ഇത്ര കൊല്ലം ജോലി ചെയ്തിട്ട് മകളുടെ കല്ലാണത്തിന് അൻപതിനായിരം സഹായമായും.. അൻപതാനായിരം കടമായിട്ടും തന്നില്ലേ... അതൊക്കെ നിങ്ങളുടെ സ്വാഭാവം കണ്ടിട്ട് തന്നെയാ,.. നിങ്ങൾടെ ചില കൂട്ടുകാരിൽ നിന്നും നിങ്ങൾ കല്യാണത്തിന് വാങ്ങിയ പൈസ... ഈ ഇല്ലായ്മയിലും അതിൽ കുറെ ഭാഗം നിങ്ങൾ തിരിച്ചു കൊടുത്തില്ലേ,... മുതലാളീടെ കടം ശമ്പളത്തിൽ നിന്നും കുറെശ്ശെ അടച്ച് തീർക്കുന്നില്ലേ... മുതലാളീടെ കുട്ടികൾ എല്ലാ ശനിയാഴ്ച്ചയും 200 കൈമണിയായി തന്നപ്പോഴല്ലെ ... നിങ്ങൾടെ ശനിയാഴ്ച്ച വലിയ ആളായി വരുന്ന ആ സാധനം കഴിച്ചു തുടങ്ങീത്,... മ്മളും നമ്മുടെ രീതിയിൽ സന്തോഷമായിട്ടു തന്നെയാ ജീവിക്കുന്നത്.

 

ദൈവം സഹായിച്ച് രോഗങ്ങളും മറ്റും ഇല്ലാത്തോണ്ട് നമ്മൾ നന്നായി തന്നെയല്ലേ പോകുന്നത്,  ...

 

ബൈക്കും, കാറും വീട്ടിലെ സൗകര്യങ്ങളൊക്കെ ഉണ്ടാക്കിയിട്ടും മറ്റുള്ളവരുടെ കൈയ്യിൽ നിന്നും അഭിനയിച്ച് സഹായം ചോദിച്ച് നടക്കുന്ന നിങ്ങൾടെ ഒരു ഗഡിയില്ലേ അങ്ങനെയല്ലല്ലോ മനുഷ്യ നിങ്ങള്,

 

ഞങ്ങൾക്ക് നിങ്ങള് ഒരു വലിയവനാ...

 

ജീവിതത്തിലെ ഈ രണ്ട് സന്ദർഭങ്ങൾ എനിക്ക് എപ്പോഴും സന്തോഷം തരുന്നതാണ്.. പല കാര്യങ്ങളും ഇപ്പോഴും സിംപിളായി തരണം ചെയ്യാൻ ഇത് മതി എനിക്ക്...

 

ആ ബസ്സിലെ ചെക്കൻ നാളെ ഇനി എന്റെയടുത്ത് വരട്ടെ... ഒക്കെ പറയണം അവനോട്.

 

പഞ്ചായത്തിന്ന് രണ്ട് ലക്ഷവും, എന്റെ കുറച്ച് പൈസയും ചേർന്നു പണി കഴിച്ച.... ഉമ്മറവും അകവും മാത്രം തേച്ച് വൈറ്റ് വാഷടിച്ച... വീടിന്റെ ഉമറത്ത്. എന്റെ പെണ്ണ്  കാത്തിരിക്കുന്നത് ഞാൻ കണ്ടു തുടങ്ങി...

 

ജോലി കഴിഞ്ഞ് വരുമ്പോൾ ആ വീടിന്റെ വെളിച്ചം കണ്ടാൽ ഞാൻ പാടും..

 

... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന..... ഭാര്യ.

 

എട്ടിൽ പഠിക്കുന്ന രണ്ടാമത്തോള് അപ്പന് തോന്നുമ്പോൾ ഈ ഫോണിൽ പറഞ്ഞാൽ മതി അതിൽ എഴുതി വന്നോളും എന്നു പറഞ്ഞു തന്നു. അതുകൊണ്ട് എനിക്ക് എഴുതാനും പറ്റി.

 

English Summary: Malayalam short story written by Pulikkodan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com