ADVERTISEMENT

മുമ്പേ കൊഴിയുന്ന പൂക്കൾ (ചെറുകഥ)

പതിവില്ലാതെ പുറത്ത് മഴ ചാറി പെയ്യുന്നുണ്ട്. ഇടയ്ക്കൊക്കെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം. രാവിന്റെ നിശബ്ദതയിൽ പോലും ഉണർന്നിരിക്കുന്ന അമേരിക്കയിലെ പ്രശസ്തമായ ഫ്ലോറിഡ നഗരം. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷപരിപാടിയുടെ കമ്മറ്റി മീറ്റിങ്ങും കഴിഞ്ഞ്  വൈകിയുറങ്ങിയതായിരുന്നു ജോസുകുട്ടി. റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ഹോണിന്റെ ശബ്ദ്ദങ്ങൾ ഒഴിച്ചാൽ എങ്ങും നിശബ്ദമാണ്. രാത്രി ഒരുപാടു വൈകിയിരിക്കുന്നു. മൊബൈൽ ബെൽ നിർത്താതെ മുഴങ്ങുന്നതു കേട്ടാണ് ജോസുകുട്ടി ഉണർന്നത്. 

 

നാട്ടീന്ന് പോളച്ചനാണല്ലോ... എന്നാ പറ്റി, ഈ രാത്രിയിൽ വിളിക്കാൻ. ജോസുകുട്ടി ഒരു നിമിഷം ഓർത്തു. 

‘‘എന്നാ പോളച്ചാ... ഈ രാത്രിയിൽ...?’’

 

‘‘ജോസുകുട്ടിച്ചായാ... പള്ളീന്ന് വരുന്ന വഴിക്ക് അമ്മച്ചി ഒന്നു വീണു. പൊക്കത്തിലുള്ള സ്റ്റെപ്പിറങ്ങുമ്പോഴായിരുന്നു. കാലിനു ചെറിയ പരുക്കുണ്ട്. പിന്നെ വീഴ്ചയ്ക്ക് തലയൊന്നു പൊട്ടി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യതേക്കുവാ...’’

 

ഒരായിരം ചിന്തകളിലൂടെ കടന്നുപോയ ജോസുകുട്ടി അല്പനേരം കട്ടിലിൽ തന്നെ ഇരുന്നു. അല്ലേലും ജോസുകുട്ടിയുടെ മനസ്സങ്ങ് നാട്ടിൽ തന്നെയാ. ഇരുപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇവിടെ കുടിയേറിയിട്ട്, എങ്കിലും മനസ്സിൽ നാടെന്നും ഒരു മരീചിക പോലെ തെളിഞ്ഞു വരും. രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. മുറിയ്ക്കുള്ളിലെ ക്ലോക്കിലേക്ക് നോക്കിയപ്പോൾ രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ജനൽകർട്ടൻ മറയാത്ത ഭാഗത്ത് ഗ്ലാസിൽക്കൂടി പുറത്തേക്ക് നോക്കിയാൽ റോഡിൽ വാഹനങ്ങൾ പാഞ്ഞുപോകുന്നതു കാണാം. നനഞ്ഞ റോഡിൽ വാഹനങ്ങളുടെ ടയർ അമരുന്ന ശബ്ദം. ആയിരമായിരം കണ്ണുകൾ നോക്കും പോലെ സിറ്റിയിലെ വീടുകളിൽ നിന്ന് ബൾബിന്റെ പ്രകാശം തുറിച്ച് നിൽക്കുന്നു. തണുപ്പിന്റെ കരിമ്പടം പുതച്ചു നിൽക്കുന്ന നഗരം. വീക്കെൻഡ് ആയതു കൊണ്ടുതന്നെ ഇന്നൊരല്പം തിരക്കാണ്. പ്രണയികൾ അവരുടെ നിശകളെ സ്വപ്നതുല്യമാക്കി മാറ്റുകയാണ്. പ്രണയവികാരങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിലേക്ക് വീണു പോകുന്ന രാത്രികൾ. ഈ നാട്ടിൽ ഇങ്ങനെയാണ്, വീക്കെൻഡുകൾ അവരവരുടെ സ്വകാര്യ സന്തോഷങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കൊടും തണുപ്പിൽ നിന്നും ഒരല്പം ആശ്വാസം കിട്ടാൻ മിന്നി തെളിയുന്ന സിഗ്നൽ ലൈറ്റിന്റെ കീഴിൽ കുരുവികൾ മാറി മാറി പറന്നിരിക്കുന്നു. വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വെട്ടം  മുറിയ്ക്കുള്ളിൽ ഇടയ്ക്കൊക്കെ മിന്നിമറയുന്നുണ്ട്.

 

‘‘എന്നാ പറ്റി ജോസുകുട്ടി... ആരാ വിളിച്ചത്...?’’ മയക്കത്തിൽ നിന്നുണർന്ന് ഭാര്യ സൂസമ്മ ചോദിച്ചു.

 

‘‘അതുപിന്നെ നാട്ടിന്നു പോളച്ചനാ.’’

 

‘‘എന്നാ പറ്റി...? പോളച്ചനീ രാത്രിയിൽ.’’

 

‘‘അമ്മച്ചി ഒന്നു വീണു, തല ചെറുതായൊന്നു പൊട്ടി.’’

 

‘‘അതു പിന്നെങ്ങനാ... ഈ വയസ്സുകാലത്തു വീട്ടിലെവിടെയെങ്കിലും കുത്തിയിരിക്കണം. അല്ലാതെ നാടുനീളെ നെരങ്ങാൻ പോയാൽ...’’ സൂസമ്മ മുഴുമിക്കാതെ പുതപ്പ് തലയിലോട്ട് വലിച്ചിട്ട് ചരിഞ്ഞു കിടന്നു.

 

ജോസുകുട്ടി ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ടെന്തു കാര്യം. അല്ലേലും സൂസമ്മ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും, നിർത്തത്തില്ല. അമ്മച്ചിയുമായി അവളു പണ്ടേ ചേരുകയില്ല. നാട്ടിൽ പോയി പത്തു ദിവസം നിൽക്കാൻ പോലും അവൾക്ക് താൽപര്യമില്ല. ഞാൻ കൂടുതൽ നിർബന്ധിക്കത്തില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെ നിർബന്ധിച്ചിട്ടു വേണോ. അവനവന്റെ മനസ്സിൽ തോന്നേണ്ട വികാരങ്ങളല്ലേ സ്നേഹം, ദയ, കാരുണ്യം ഇവയൊക്കെ... അവസാനമായി നാട്ടിൽ പോയത് രണ്ടര വർഷങ്ങൾക്കു മുമ്പാണ്. ഒരു മാസക്കാലം. എന്തൊക്കെ പ്രോഗ്രാമുകളാ ഒരു മാസം കൊണ്ടവളു പ്ലാൻ ചെയ്തത്. എന്നിട്ടോ... പത്തു ദിവസം അമ്മച്ചീടെ കൂടെ തികച്ചു നിന്നില്ല.

 

ഈ നാട്ടിൽ തന്നെ ജനിച്ചു വളർന്ന മക്കൾക്ക് എങ്ങനെ നമ്മുടെ നാടിനോട് താല്പര്യം തോന്നും. അവർക്കെന്നും ഈ നാടു തന്നെയാണ് ജന്മനാട്. മക്കളു രണ്ടു പേരും അപ്പുറത്തെ മുറിയിൽ ഉറങ്ങുകയാണ്. ഈ പ്രാവശ്യമെങ്കിലും തനിയെ നാട്ടിൽ പോകണം, മനസ്സിനെ ശാന്തമാക്കി വിശ്രമിക്കണം. നേരം പുലർന്നിട്ട് എല്ലാവരെയും വിളിച്ചു പറയാം. ഈ രാത്രിയിൽ അവരെ എന്തിനുണർത്തണം. അന്യനാട്ടിലായിട്ടു പോലും അവർക്കൊന്നും തിരക്കൊഴിഞ്ഞൊരു നേരം കാണില്ല. 

 

ഇളയ മകനായതു കൊണ്ടു തന്നെ ജോസുകുട്ടിക്ക് അമ്മച്ചിയെ വളരെ ഇഷ്ടമാണ്. മൂത്ത സഹോദരങ്ങൾ എല്ലാം അമ്മേ എന്നു വിളിക്കുമ്പോഴും ജോസുകുട്ടി അമ്മച്ചീന്നേ വിളിയ്ക്കു. അമ്മച്ചിക്കൊരു വയ്യായ്ക വരുമ്പോൾ എനിക്കെങ്ങനെ ഇവിടെ നിൽക്കാൻ കഴിയും, കുറെ കാലം നാട്ടിൽ പോയി അമ്മച്ചീടെ കൂടെ നിൽക്കണം എന്നീ ചിന്തകൾ അയാളിൽ മദിച്ചുകൊണ്ടിരുന്നു. സഹോദരങ്ങളെല്ലാം വന്നു കഴിഞ്ഞാണ് ജോസുകുട്ടി ഇവിടെ വരുന്നത്. മനസ്സിലെപ്പോഴും നാട്ടിലെ ഓർമ്മകളായിരിക്കും. 

 

തിരക്കേറിയ ഈ ജീവതത്തിൽ നിന്നൊന്നു മാറി നിൽക്കണം. ഏകനായി നാട്ടിലേക്ക് പോകണം. നീണ്ടു കിടക്കുന്ന ഒറ്റയടി പാതയിലൂടെ വീണ്ടും നടക്കണം. പൂർവ്വ ജീവിതത്തിലെ സ്വപ്ന മുഹൂർത്തങ്ങൾ എനിക്കു സമ്മാനിച്ച ആ വഴിത്താരകൾ. നീണ്ടു കിടക്കുന്ന കൽപടവിനു താഴെ ഞങ്ങളെല്ലാവരും ഒത്തുകൂടാറുള്ള കുരിശടി. പിന്നെ കൈവരി കടന്ന് ഇടത്തോട്ട് നടന്നാൽ കുന്നേലെ ജോസപ്പേട്ടന്റെ വീടും കടന്ന് ഞാനും റോസിയും മാത്രം കൂടി ചേരാറുള്ള ഇടവഴികൾ. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി മാത്രമാണോ ആ ഇടവഴികൾ ഉണ്ടായതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നാടിനെപ്പറ്റി ഓർത്തപ്പോൾ എല്ലാം തെളിഞ്ഞു വരുന്നു. ഏകാന്തനിശകളിൽ വിരുന്നു വരുന്ന മൂകവികാരങ്ങൾ. എന്റെ സ്വപ്നങ്ങൾക്ക് സൗന്ദര്യം നൽകിയ നിമിഷങ്ങൾ. മന്ദാകിനിയുടെ താഴ്​വരയിൽ പറന്നു നടക്കുന്ന പക്ഷികളെ പോലെ ഒരു തവണ കൂടി... ഒരിക്കലും തിരിച്ചു വരികയില്ലയെന്ന ബോധ്യമുണ്ടായിട്ടും എന്റെ മനോഗതം സഞ്ചരിച്ചുകൊണ്ടിരുന്നു, ആ വസന്തകാലത്തേക്ക്... എങ്ങോ പോയി മറഞ്ഞ നല്ല കാലത്തിന്റെ സ്മരണകൾ ഉണർത്തി, ജനാലയ്ക്കരിൽ ചീറിപാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കികൊണ്ട് അല്പനേരം ചിന്തിച്ചു നിന്നു. 

 

ഏതാനം ദിവസങ്ങൾക്ക് മുൻപ് നാട്ടിലെ വാഴമുട്ടം എന്ന ചെറുഗ്രാമം. സായാഹ്ന മേഘങ്ങൾ വിട പറയാൻ ഒരുങ്ങുന്ന നേരം. ഒരിടത്തു നിന്നും മറ്റൊരുടത്തേക്ക് ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ സൂര്യകിരണങ്ങൾ പതിയെ പിൻവാങ്ങി എങ്ങോ പോയി മറയുന്നു. കോഴികളെ കൂട്ടിൽ കയറ്റാൻ റഹേലമ്മ കുറേ നേരമായി ശ്രമിക്കുന്നു. കച്ചിത്തുറുവിന്റെ മുകളിൽ പറന്നു കേറിയ പൂവനെ എത്ര ശ്രമിച്ചിട്ടും താഴോട്ടിറക്കാൻ പറ്റുന്നില്ല, നേരം ഇരുട്ടുകയും ചെയ്യുന്നു. 

 

‘‘ഈ പൂവനു മാത്രമുള്ളു ഇത്ര കേമത്തരം. കൂട്ടിൽ കയറാതിരുന്നോ... നിന്നെ ഇന്നു പാക്കാൻ പിടിക്കട്ടെ…’’

 

റാഹേലമ്മ ആരോടെന്നില്ലാതെ പറഞ്ഞു. തൊഴുത്തിൽ പോയി പശുവിന് വെള്ളമെല്ലാം കൊടുത്തിട്ടാണ് കോഴികളോടീ യുദ്ധം. നേരം സന്ധ്യയോടടുത്തു. അങ്ങു മലമുകളിലെ സൂര്യൻ പതിയെ താണു തുടങ്ങി. ചുറ്റിനും ഇരുട്ട് പരന്നു. പതിയെപ്പതിയെ എല്ലാ ജീവജാലങ്ങളും നിശ്ശബ്ദതയിലേക്ക് വീണു പോയി. മലയടിവാരത്തിൽ നിരപ്പായ പ്രദേശത്തേ വലിയ വീട്ടിൽ റാഹേലമ്മയ്ക്ക് രാത്രി കൂട്ടുകിടക്കാൻ ഒരു സ്ത്രീ കാണും. അയലത്തെ വറീതിന്റെ മകൾ കൊച്ചുത്രേസ്യ. പുറം പണികൾക്കായി മറ്റൊരു സ്ത്രീ വരുന്നതായിരുന്നു. എന്തോ, ഇന്നു കണ്ടില്ല. ഇനി നാളെ വരുന്നത് പല കഥയുമായിട്ടായിരിക്കും. നാട്ടിലെ വാർത്തകളെല്ലാം അറിയണമെങ്കിൽ സരസമ്മ തന്നെ വരണം. ആഴ്ചയിൽ എല്ലാ ദിവസവും പള്ളിയിൽ പോകുന്ന പതിവായിരുന്നു റാഹേലമ്മയ്ക്ക്. മലമുകളിൽ സൂര്യൻ ഉദിച്ചു വരുമ്പോഴെ റാഹേലമ്മ വീട്ടിൽനിന്ന് ഇറങ്ങിയിട്ടുണ്ടാവും. പുല്ലിലെയും പൂക്കളിലെയും മഞ്ഞുതുള്ളികൾ ഉറക്കമുണർന്നിട്ടുണ്ടാകില്ല. അവയെല്ലാം സൂര്യകിരണങ്ങളുടെ വരവും കാത്തിരിക്കുകയായിരിക്കും. വഴിയിൽ കാണുന്നവരോടെല്ലാം കുശലാന്വേഷണം നടത്തിയിരിക്കും പള്ളിവരെയുള്ള ആ യാത്ര. കുരിശടിയിൽ നിന്ന് പൊക്കത്തിലുള്ള ഇരുപതോളം കൽപടവുകൾ കയറി പള്ളിമുറ്റത്തെത്തുമ്പോഴേക്കും റാഹേലമ്മ തീർത്തും അവശയായിട്ടുണ്ടാകും. വർക്കിച്ചൻ മരിച്ചതിൽ പിന്നെ പാലമൂട്ടിലെ ആ വലിയ വീട്ടിൽ റഹേലമ്മ ഒറ്റയ്ക്കാണ്. റാഹേലമ്മക്ക് ഇത്ര കഷ്ടപ്പെടേണ്ട ഒരു കാര്യവുമില്ല. മക്കളെല്ലാം അമേരിക്കയിലേക്ക് വരാൻ സ്നേഹത്തോടെ ക്ഷണിക്കും. റഹേലമ്മയുടെ കഷ്ടപ്പാടു കണ്ടാൽ പറയും മൂന്നു നാലു പെൺമക്കളെ കെട്ടിച്ചയ്ക്കാനുണ്ടെന്ന്. റാഹേലമ്മയ്ക്ക് നാടും ഈ വീടും വിട്ടു പോകുന്നതിൽ ഒട്ടും താൽപര്യമില്ല. തേക്കിലക്കാട്ടിലെ ഏലിക്കുട്ടിയോടും വടക്കേലേ മറിയാമ്മയോടുമെല്ലാം ചോദിക്കുമ്പോൾ പറയും. 

 

‘‘ഞാൻ അവിടെ പോയി എന്നാ ചെയ്യാനാ... എല്ലാരും ജോലിക്കും സ്കൂളിലും പോയാൽ പിന്നെ അവിടെ ഞാൻ ഒറ്റയ്ക്ക്... ഒരു മുറിയിൽ... ഹൊ... അതാലോചിക്കാൻകൂടി വയ്യ. ഇവിടാകുമ്പോൾ പറമ്പിലും മുറ്റത്തുമായി നേരം പോകുന്നതേ അറിയില്ല. എന്നെ കാണാൻ തോന്നുമ്പോൾ അവരെല്ലാം ഇങ്ങോട്ട് വരട്ടെ.’’ മക്കളെയൊക്കെ കൂടുതൽ പഠിപ്പുള്ളവരാക്കി അവരെല്ലാം അമേരിക്കയിൽ പോയി സുഖമായി ജീവിക്കുന്നു. അതിൽ സന്തോഷമേയുള്ളു. ഒരാളെങ്കിലും എന്റെ കൂടെ നിൽക്കാൻ ഉണ്ടായിരുന്നെങ്കിൽ... ഈ ഏകാന്തമായ ജീവിതത്തിന് ഒരാശ്വാസമായേനേ. ഉറക്കം വരാത്ത രാത്രികളിൽ റാഹേലമ്മ ചിന്തിക്കും. അങ്ങനെ പല രാത്രികളും വിരസതയാർന്നു കടന്നുപോകും.

 

പതിവു പോലെ റഹോലമ്മ പള്ളിയിലേക്ക് പോകാനായി മുണ്ടും ചട്ടയും നേരിയതും ഉടുത്ത് തയാറായി. ഒന്നാം കുർബ്ബാനയ്ക്ക് തന്നെ പോകണമെന്ന് അവർക്ക് നിർബ്ബന്ധമാണ്. മഴ തിമിർത്തു പെയ്യുന്ന ഇടവപ്പാതി. പായൽ കണങ്ങൾ പറ്റിച്ചേർന്ന കൽപടവുകൾ. അത്യന്തം സന്തോഷത്തോടെയാണ് കുർബ്ബാനയും കഴിഞ്ഞ് റാഹേലമ്മ പള്ളിയിൽ നിന്നിറങ്ങിയത്. ഇലഞ്ഞിക്കലെ കുട്ടിയമ്മയോടും കൈതേപറമ്പിലെ ലില്ലിക്കുട്ടിയോടും ഏറെ നേരം വിശേഷങ്ങൾ പറഞ്ഞ് സാവധാനം ഇറങ്ങുകയായിരുന്നു. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ കൽപടവുകളിൽ തെന്നിയാണ് വീണത്. ആ വീഴ്ചയായിരുന്നു അമ്മച്ചിയെ ഹോസ്പിറ്റലിന്റെ നാലു ചുവരുകളിൽ എത്തിച്ചത്.

 

അഡ്മിറ്റായതു മുതൽ പോളച്ചനാണ് എല്ലാറ്റിനുമുള്ളത്. എപ്പോഴും കൂടെ തന്നെ കാണും. ഹോസ്പിറ്റലിൽ ആയി മൂന്നാം ദിവസം തന്നെ ജോസുകുട്ടി നാട്ടിൽ എത്തി. പ്രതീക്ഷിക്കാതെയുള്ള വരവ്. കാർമേഘം നിറഞ്ഞ ആകാശം പോലെ കലുഷിതമായ മനസ്സിപ്പോൾ തെളിഞ്ഞ നീലാകാശം പോലെയായിരിക്കുന്നു. ഈയൊരവസ്ഥ എത്ര നാളുകളായി ആഗ്രഹിക്കുന്നതായിരുന്നു. ഹോസ്പിറ്റലിലെ ഐസിയുന്റെ വരാന്തയിൽ നീണ്ടുകിടക്കുന്ന ഇരുമ്പു കസേരയിൽ ഇരുന്നയാൾ ഓർത്തു. അഞ്ചുനാൾ കഴിഞ്ഞിരിക്കുന്നു ഐ സിയുയിലായിട്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും അമ്മച്ചിയുടെ നിലയിൽ ഒരു മാറ്റവും കാണുന്നില്ല.

 

വയ്യാത്ത കാലത്ത് മക്കളെല്ലാവരും കൂടെയുണ്ടാകണമെന്നുള്ളത് അമ്മച്ചിയുടെ വലിയ ആഗ്രഹമായിരുന്നു. വർഷങ്ങളായി എല്ലാവരും ഒത്തുകൂടിയിട്ട്. ഈ വർഷത്തെ ക്രിസ്മസിന് എല്ലാവരും കൂടാനിരുന്നപ്പോഴാണ് ഇങ്ങനായത്. പുഴവക്കിലെ അരമതിലിലിരുന്ന് അയാൾ ചിന്തിച്ചു. സ്കൂളിൽ പഠിക്കുന്ന കാലം. ചെറിയ കല്ലുകൾ പെറുക്കി പുഴയിലെ വെള്ളത്തിന്റെ മുകളിലൂടെ തെന്നിച്ച് എറിയുമായിരുന്നു. വെള്ളത്തിന്റെ മുകളിൽ പല തവണ തെന്നിമറയുന്ന ആ കാഴ്ച. വെള്ളത്തിൽ നിന്നു വരുന്ന ശബ്ദങ്ങൾ എങ്ങും പ്രതിധ്വനിച്ചു കേൾക്കാം. സുന്ദരമായ സംഗീതം പോലെ  ഞാനതാസ്വദിക്കും. അത്രമേൽ മതിമറന്നാസ്വദിക്കുമായിരുന്നു. വിചിത്രമായ കാഴ്ച കാണാൻ കൊച്ചുകുട്ടികൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഏന്തിവലിഞ്ഞു നോക്കുന്ന പോലെ പുഴയുടെ അടിത്തട്ടിൽ നിന്നും വലിയ മീനുകൾ മുകൾപ്പരപ്പിലേക്ക് വന്നു പോകുന്നു.

 

അകലെ നിന്നും നടന്നുവരുന്ന സുഹൃത്ത് മണികണ്ഠനെ കണ്ടപ്പോൾ പലതും ഓർമ്മയിൽ തെളിഞ്ഞു വന്നു. കവലയിൽ ചായപ്പീടിക നടത്തിയ ഗോപാലപണിക്കരുടെ മകൻ മണികണ്ഠനും ഞാനും പാത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു വാഴമുട്ടം ഗവൺമെന്റ് യുപി സ്കൂളിൽ. ഗോപാല പണിക്കര് മരിച്ചതിൽ പിന്നെ ചായക്കട ഏറ്റെടുത്തു നടത്തുന്നതു മണിയാണ്. 

 

‘‘നീ ഭാഗ്യവാനാണ് മണി, ഭാരിച്ച ഉത്തരവാദിത്തമില്ല, ഒന്നിനെപറ്റി ആകുലപ്പെടേണ്ടതില്ല, എന്നും വൈകുന്നേരം കടയടച്ച് ഇവിടെ പുഴയിൽ മുങ്ങി കുളിക്കാമല്ലോ. ശരിക്കും നിന്നോട് അസൂയ തോന്നുന്നു.’’

 

‘‘ജോസുകുട്ടി, പണ്ട് നമ്മള് മുങ്ങി കുളിച്ച പുഴയൊന്നുമല്ല ഇപ്പോൾ, അതെല്ലാം നശിച്ചു. മണലുവാരി നിറയെ കുഴികളാണിവിടെ, ഇവിടിപ്പഴാരും അങ്ങനെ കുളിക്കാറില്ല.’’ പുഴയിലോട്ടുള്ള പടികൾ ഇറങ്ങുമ്പോൾ മണി പറഞ്ഞു.

 

‘‘ഇത്തവണ ക്ലബിന്റെ ഓണാഘോഷ പരിപാടികളൊന്നുമില്ലേ...? സ്വർഗ്ഗവേദി ആർട്സ്  ക്ലബിന്റെയും വായനശാലയുടെയുമൊക്കെ ആഭിമുഖ്യത്തിലുള്ള ഓണപരിപാടികൾ. എല്ലാവർഷവും അവരല്ലേ നടത്തുന്നത്...?’’ ജോസുകുട്ടി ആകാംഷയോടെ ചോദിച്ചു.

 

‘‘ക്ലബും വായനശാലയുമൊക്കെ നിന്നിട്ടു തന്നെ വർഷങ്ങളായി ജോസുകുട്ടി.’’

 

‘‘ശരിയാ. ഞാനിതൊന്നും അറിയുന്നില്ല... നാട്ടീന്ന് പോയിട്ട് അവധിക്ക് വന്നിട്ടുള്ള സമയത്തെല്ലാം ഒരോ തെരക്കുകളായിരുന്നു. യാത്രകളായിരുന്നു പലപ്പോഴും... എന്നിലെ പഴയ മനുഷ്യനൊക്കെ എന്നേ പോയി മറഞ്ഞിരിക്കുന്നു.’’

 

‘‘അല്ലേൽതന്നെ ആർക്കാ ജോസുകുട്ടി ഇതിനൊക്കെ നേരം.. വലിയ ക്ലബുകളിലും മാളുകളിലുമല്ലേ ഇവിടിപ്പം ഓണം. ഇപ്പോ നാട്ടിലേക്കാൾ ഓണം അങ്ങ് വിദേശത്തല്ലേ. മലയാളി സമാജത്തിന്റെ എന്തൊക്കെ പരിപാടികളാ നടക്കുന്നത്. ഞാനെല്ലാം കാണാറുണ്ട് ജോസുകുട്ടി... ഫെയ്സ്ബുക്കിലും വാട്ട്സപ്പിലുമെല്ലാം...’’

 

‘‘ശരിയാ മണി... അവിടെ ഓണാഘോഷ പരിപാടികളൊക്കെ വളരെ ഗംഭീരമായി നടക്കുന്നുണ്ട്. പക്ഷേ ഇവിടുത്തെ പോലെ ഓണത്തിന് തുമ്പപ്പൂ വിടരുമോ...? പൊന്നോണ വെയിൽ തെളിയുമോ..? മുക്കുറ്റിപ്പൂക്കൾ വിടരുമോ...? പറന്നു നടക്കുന്ന ഓണത്തുമ്പികളെ കാണാൻ കഴിയുമോ..? മുറ്റത്തും പറമ്പിലും പോയി പൂക്കൾ പറിച്ച് പൂക്കളം ഇടാൻ പറ്റുമോ...?’’

 

അതു ശരിയാ ജോസുകുട്ടി. പുഴയരികിൽ കൽപടവിൽ നിന്ന് ചെരുപ്പു കഴുകിക്കൊണ്ട് മണി പറഞ്ഞു... പക്ഷേ അവിടുള്ളതൊന്നും ഇവിടില്ലല്ലോ... 

 

‘‘നീയാ റോസിയേ കാണാറുണ്ടോ?’’

 

‘‘ഏത്...?’’

 

‘‘നീ ഓർക്കുന്നില്ലേ...’’

 

‘‘ഓ... പുത്തൻപറമ്പിലെ ഉതുപ്പേട്ടന്റെ മകൾ റോസി, റോസി ഉതുപ്പ്’’

 

“ഓർക്കുന്നോർക്കുന്നു. നിങ്ങടെ ഇടവഴിയിലെ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് ഞാനല്ലായിരുന്നോ... കണ്ടായിരുന്നു. ഉതുപ്പേട്ടൻ മരിച്ചപ്പോൾ റോസിയെ ഒന്നു കണ്ടതാ ... ഇപ്പോഴാ വീട് അടച്ചിട്ടിരിക്കുവാ… പെൺമക്കളെല്ലാം പലയിടങ്ങളിലായി, ആരും അങ്ങോട്ട് വരാറില്ല. വിൽക്കാനാണന്നാ പറയുന്നത്...’’

 

‘‘ഞാൻ നടക്കുവാ ജോസുകുട്ടി, രാത്രി ടൗൺ വരെ ഒന്നു പോണം. എട്ടരക്കുള്ള ബസിന് മഹേഷ് വരും, അവനെ കൂട്ടികൊണ്ടു വരണം.’’ 

 

‘‘അവന്റെ പഠിത്തമെല്ലാം കഴിഞ്ഞോ?’’

 

‘‘കഴിഞ്ഞു. ഇപ്പൊഴൊരു ജോലി അന്വേഷിക്കുകയാ.’’

 

അതും പറഞ്ഞ് അയാൾ നടന്നു. മണി നടന്നകലുന്നതും നോക്കി ജോസുകുട്ടി ഒരു ദീഘനിശ്വാസത്തോടെ പുഴയരികിൽ തന്നെ ഇരുന്നു. നേരം സന്ധ്യയോടടുത്തിരുന്നു.  ചന്ദ്രകിരണങ്ങൾ മേഘപാളികൾക്കിടയിലൂടെ ഭൂമിക്കുമേൽ പതിച്ചു തുടങ്ങി. പകലിന്റെ അന്ത്യത്തിൽ കുളക്കോഴികൾ പുഴയരികിലെ പൊന്തക്കാട്ടിലേക്ക് മറഞ്ഞു. പുഴയെ പുണർന്നു നിൽക്കുന്ന നിലാവിൽ അല്പനേരം കൂടി അയാൾ ഇരുന്നു. മനസ്സിൽ ഭൂതകാലത്തിന്റെ അടക്കിവെച്ച ഞൊറിവുകൾ വിടർന്നു വന്നു.

 

നീണ്ടുകിടക്കുന്ന ചെമ്മൺപാത അവസാനിക്കിന്നിടത്തായിരുന്നു റോസിയുടെ വീട്. കോളേജിൽ പഠിക്കുന്ന കാലം. റബർ മരങ്ങൾ ഇലകൾ പൊഴിക്കുന്ന വൈകുന്നേരങ്ങളിൽ റോസിയെ പ്രതീക്ഷിച്ച് പാതയോരത്ത് കാത്തുനിൽക്കുമായിരുന്നു. റബറിലകൾ വീണു നിറഞ്ഞ ഇടവഴി. തോട്ടങ്ങളിൽ ഉണക്കക്കമ്പുകൾ പെറുക്കാൻ വരുന്ന സ്ത്രീകളെ അങ്ങു ദൂരെ കാണാം. ബസ് കവലയിൽ വരുമ്പോൾ നാലു മണിയാകും, ചിലപ്പോൾ അഞ്ചോ പത്തോ മിനിറ്റു വൈകും. എത്ര വൈകിയാലും റോസിയെ കാണാതെ പോകില്ലായിരുന്നു. ഞങ്ങൾ കണ്ടുമുട്ടാറുള്ള വഴിയിൽ ആരെങ്കിലും വന്നാൽ സിഗ്നൽ തരാനായി ഇടവഴിയിലെ കയ്യാല പുറത്തെവിടെയെങ്കിലും മണി കാത്തുനിൽക്കും. ഇടവഴിയിലെ ഇളകിത്തെറിച്ച കല്ലുകൾക്കിടയിലൂടെ ഞങ്ങൾ നടന്നുനീങ്ങും. സൂര്യപ്രകാശം റബറിലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നു. പല വർണ്ണങ്ങളിലുള്ള മേലുടുപ്പും പാവാടയും അവൾക്കുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ അവയുടെ വർണ്ണരാജികൾ എന്നിൽ ആഴത്തിൽ പടരുമായിരുന്നു. ആ വർണ്ണങ്ങളിൽ പറ്റിച്ചേരാൻ ഞാൻ എന്തെന്നില്ലാതെ ആഗ്രഹിച്ചു. ഒരിക്കൽ ആ വർണ്ണരാജികളെ മറോട് ചേർത്ത് വച്ചു. അല്പം പരിഭ്രമിച്ചെങ്കിലും കാറ്റിനോടൊപ്പം അവളുടെ സീൽക്കാരം പ്രകൃതിയിൽ ലയിച്ചില്ലാതെയായി. അങ്ങനെ എത്രയോ വൈകുന്നേരങ്ങൾ കടന്നു പോയി. വർഷങ്ങൾ നീണ്ടൊരു പ്രണയമായിരുന്നു ഞങ്ങളുടെ. സ്കൂളിൽ പഠിക്കുന്ന കാലംതൊട്ടേ എന്റെ മനസ്സിൽ റോസിയായിരുന്നു. സ്കൂളിലെ വരാന്തയിലെ വലിയ തൂണിന്റെ മറവിലും പള്ളിയിലെ വേദപാഠക്ലാസിലും ഞങ്ങടെ മനസ്സിൽ, പ്രണയത്തിന്റെ മുന്തിരിവള്ളികൾ ചുറ്റിപ്പടരുകയായിരുന്നു. സ്വർഗീയവിശുദ്ധി നിറഞ്ഞ സ്വപ്നങ്ങൾ കണ്ടുറങ്ങിയ രാവുകൾ. 

 

പ്രീഡിഗ്രി പരീക്ഷയുടെ അവസാന ദിവസമായിരുന്നു അന്ന്. പതിവു പോലെ ഞങ്ങൾ ഇടവഴിയിൽ കണ്ടുമുട്ടി ഏറെ നേരം സംസാരിച്ചു. പരീക്ഷയ്ക്ക് ശേഷം കുറവലങ്ങാട്ടുള്ള അമ്മവീട്ടിലേക്ക് പോയ റോസിയെ പിന്നീടൊരിക്കലും കണ്ടില്ല. പലതവണ കാണാൻ ശ്രമിച്ചെങ്കിലും ഒരിക്കൽപോലും കാണാൻ സാധിച്ചില്ല. എകാന്തതയുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. നാലു മാസങ്ങൾക്കുശേഷമാണ് അറിഞ്ഞത്, നഴ്സിംഗ് പഠിക്കാൻ പൂനയിൽ പോയ വിവരം. അന്ന് ഇടവഴിയിൽ അവസാന കൂടിക്കാഴ്ച ആകുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല. 

 

അക്കാലങ്ങളിൽ മുറ്റത്തുനിന്ന അരളിപ്പൂച്ചെടികൾ എല്ലാം മൊട്ടിട്ടു പക്ഷേ അവയെല്ലാം പാതിവിടർന്നപ്പോഴേ കൊഴിഞ്ഞു പോയിരുന്നു. പലപ്പോഴും ആ പൂക്കളെ ഓർത്തു ഞാൻ വിഷാദിച്ചിരുന്നു. അങ്ങനെ മുമ്പേ കൊഴിഞ്ഞു വീഴുന്ന പൂക്കളെ പോലെ ആ പ്രണയം പാതിവഴിയിൽ മാഞ്ഞു പോയി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. പുഴയരികിലെ അരമതിലിൽ നിന്നേഴുന്നേറ്റ് അയാൾ ഇരുട്ടിന്റെ മറപറ്റി വീട്ടിലേക്ക് നടന്നു. ദിവസങ്ങൾക്കു ശേഷം അമ്മച്ചി എല്ലാവരോടും പതിയെ സംസാരിച്ചു തുടങ്ങി. ആ ദിവസങ്ങൾ ഏറെ സന്തോഷത്തോടെയായിരുന്നു അമ്മച്ചിയെ കാണാൻ കഴിഞ്ഞത്. എല്ലാ മക്കളെയും ഒന്നിച്ച് കാണാൻ കഴിഞ്ഞല്ലോ. എത്രയോ വർഷങ്ങളായി ആഗ്രഹിക്കുന്നു. തോമസുകുട്ടിയും റ്റോമിച്ചനും ബേബിച്ചനുമെല്ലാം അരികിലുണ്ട്. അമ്മയ്ക്ക് മാറ്റങ്ങൾ കണ്ടു തുടങ്ങിയതോടെ മക്കളെല്ലാം അവരുടെ ലോകത്തിലായി. യാത്രകളും ബന്ധുവീടു സന്ദർശനവുമായി അങ്ങനെ പോയി. ജോസുകുട്ടി മാത്രം വീടും ഹോസ്പിറ്റലുമായി മാറിമാറി നിന്നു. 

 

ശിഷ്ടകാലം നാട്ടിലും അമ്മച്ചീടെ കൂടെ വീട്ടിലും നിൽക്കാമെന്ന ചിന്തയിലായിരുന്നു ജോസുകുട്ടി. തിരിച്ചൊരു പോക്ക് ഉടനെ ഇല്ലെന്ന് ഓർത്തിരിക്കുമ്പോഴാണ്, മഴ കൊട്ടി പെയ്തൊരു രാത്രിയിൽ അമ്മച്ചിക്ക് പെട്ടെന്നസുഖം കൂടി ഐസിയുവിലാണെന്ന വിവരം അറിയുന്നത്. ഒന്നു രണ്ടു ദിവസങ്ങൾ അങ്ങനെ ഒരേ കിടപ്പിൽ തന്നെ കിടന്ന് മനസ്സിൽ ഒരു തേങ്ങൽ സമ്മാനിച്ച് ആ തിരിനാളം എന്നന്നേക്കുമായി അണഞ്ഞു. അപ്രതീക്ഷിതമായ വിയോഗത്തിൽ, കടുത്ത ദുഃഖത്തിലൂടെ കടന്നുപോയ നാളുകൾ.

 

ശവസംസ്‍ക്കാരവും മറ്റുള്ള ചടങ്ങുകളുമായി ദിവസങ്ങൾ പലതു കഴിഞ്ഞു. അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞെങ്കിൽ എത്രയും വേഗം വരാൻ സൂസ്സമ്മ ഇടയ്ക്കിടയ്ക്ക് നിർബന്ധിച്ചുകൊണ്ടിരിക്കും. എന്റെ മോഹങ്ങൾ ഈ നാടുമായി ചേർന്നു ജീവിക്കാനായിരുന്നു. പക്ഷേ കാലം എന്നെ മറ്റൊരു ലോകത്തിൽ കൊണ്ടെത്തിച്ചു. പാലമൂട്ടിലെ ആ വലിയ വീട്ടിലെ തിണ്ണയിലിരുന്നയാൾ ഓർത്തു. ഇനിയുമൊരു തിരിച്ചു വരവ് സാധ്യമല്ല. ഈ നാട്ടിലെ നനുത്ത പ്രഭാതങ്ങളും നിലാവിൽ ഉറങ്ങുന്ന സന്ധ്യകളുമെല്ലാം ചില്ലുകൂട്ടിലടച്ച ഓർമ്മകളായി മാറും. അങ്ങനെ കാലം അതിന്റെ സഞ്ചാരപഥത്തിൽ തടസങ്ങളിലാതെ സഞ്ചരിച്ചുകൊണ്ടിരിക്കും. എല്ലാവരും ആ കൂട്ടത്തിൽ കാറ്റത്തു പറന്നു പോകുന്ന അപ്പൂപ്പൻതാടി പോലെ ഭാരമില്ലാതെ എങ്ങോട്ടോ പോകുന്നു. മരകൊമ്പുകളിലോ ഇലകളിൽമേലോ തട്ടി അവിടെ കുറെക്കാലം, പിന്നെ മറ്റൊരു കാറ്റിൽ വീണ്ടും. എങ്ങുമെത്താത്ത യാത്ര... എങ്ങോട്ടന്നില്ലാതെ... തുടരുന്നു… അനന്തമായാ യാത്ര.

 

English Summary: Munpe Kozhiyunna Pookkal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com