ആത്മാവ് തെളിയിച്ച കൊലപാതകം

beautiful-red-haired-girl
Representative Image. Photo Credit : Boiko Olha / Shutterstock.com
SHARE

ഭയം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടോ... ഇല്ലെന്നു നടിച്ചാലും ഉള്ളിന്റെ ഏതെങ്കിലും ഒരുകോണിൽ അത് അൽപമെങ്കിലും കാണും. പാമ്പിനെ പേടിയുള്ളവർക്ക്‌ പട്ടിയെ പേടിയില്ല പാമ്പിനെയും പട്ടിയെയും പേടിയില്ലാത്തവർ പാറ്റയുടെ മുൻപിൽ വിറച്ചു തുള്ളുന്നതു കാണാം. ഈ കാറ്റഗറിയിൽ പെടാത്ത ഒരു പേടിയാണ് പ്രേതത്തിനോടുള്ള പേടി. ഇത്തരം കഥകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നിട്ടു ഒരു കാര്യവുമില്ലാതെ പേടിക്കുകയും ചെയ്യും.

ഞാനും കുട്ടിക്കാലത്തു പ്രേതകഥകൾ കേട്ടിട്ടുണ്ട്. കേട്ടു പേടിച്ചിട്ടുണ്ട്. കഥ പറയുന്ന ആൾ മാടനെയും മറുതയെയും യക്ഷിയേയും ഒക്കെ കൊണ്ട് വന്നു കളർഫുൾ ആക്കും. അപ്രതീക്ഷിതമായി മ്യൂസിക് ഇട്ട് ഞങ്ങളുടെ ജീവനെടുക്കും. എങ്കിലും ധൈര്യശാലിയായി കഥ പറഞ്ഞ ആൾ പുറത്തിറങ്ങുമ്പോൾ ഇടതും വലത്തും പേടിച്ചു നോക്കുന്നത് കാണാം. അവരുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ അവരെത്തന്നെ പേടിപ്പിക്കുന്നു. പേടി കയറിയാൽ വീടിന്റെ മുൻപിൽ നിൽക്കുന്ന വാഴ പോലും നമ്മെ വിചിത്ര രൂപങ്ങളായി പേടിപ്പിക്കും. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ചില അവസരങ്ങളിൽ ഈ ലോകത്തു അവിശ്വസനീയമായ എന്തൊക്കെയോ ഉണ്ട് എന്ന് തോന്നും. 

ആന്ധ്രാപ്രദേശിൽ കാമുകനാൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മാവ് അവളുടെ വീട്ടിൽ താമസിക്കാൻ വന്ന പൊലീസ് ഉദ്യഗസ്ഥനോട് തന്റെ മരണ രഹസ്യം വെളിപ്പെടുത്തി കാമുകനെ അറസ്റ്റു ചെയ്ത സംഭവം പൊലീസ് ട്രെയിനിങ് കോളേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചുവടു പിടിച്ചു കേരളത്തിലും ആത്മാവിന്റെ  സഹായത്താൽ തെളിയാതെ കിടന്ന ഒരു കൊലപാതക രഹസ്യത്തിന്റെ ചുരുളഴിച്ചതു റിട്ടയർഡ് പൊലീസ് ഓഫീസർ അലക്സാണ്ടർ ജേക്കബ് സാർ യൂട്യൂബിൽ വിവരിക്കുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ കേട്ട ഒരു കഥയ്ക്ക് ആധികാരികത ഉണ്ടെന്നു തോന്നുന്നു. 

ഒരിക്കൽ ടൗണിലെ ബസ് സ്റ്റാൻഡിൽ അവസാന ബസ് കാത്തു നിൽക്കുകയായിരുന്നു ബിജോയ്. സമയം കഴിഞ്ഞിട്ടും ബസ് എത്താത്തതുകൊണ്ടു ബിജോയ്ക്ക് ടെൻഷൻ ആയി. ബസില്ലെങ്കിൽ മറ്റൊരു ബസിൽ കയറി ഒരു കവലയിൽ ഇറങ്ങി നാലഞ്ചു കിലോമീറ്റർ നടന്നുവേണം വീട്ടിലെത്താൻ.  മൺവഴിയിൽ കൂടി ഒരു സെമിത്തേരി കടന്നു വേണം പോകാൻ. അതോർത്തപ്പോഴേ ബിജോയിയുടെ തൊണ്ട വരളാൻ തുടങ്ങി. കാത്തുനിൽപ്പിനിടയിൽ കടയിൽ നിന്ന് വാങ്ങിയ നോവൽ വായിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ വാക്കുകളിലൊന്നും ഉടക്കാതെ വഴുതി നടന്നു.

അധികം ആളുകൾ ഇല്ലാത്ത ബസ്റ്റോപ്പിൽ ഒരു പെൺകുട്ടി പരിഭ്രമം നിറഞ്ഞ മുഖവുമായി നിൽപ്പുണ്ട്. രാത്രിയാകും തോറും സ്റ്റാൻഡിൽ ആളൊഴിയുകയും സാമൂഹ്യവിരുദ്ധർ അങ്ങുമിങ്ങും തലപൊക്കാനും തുടങ്ങി. യാത്രക്കാരായി സ്ത്രീകൾ ആരുമില്ല. അല്പം മാന്യമായി വസ്ത്രം ധരിച്ചു ബിജോയ് മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടായിരിക്കാം അവൾ അയാളുടെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു. തെരുവ് നായ്ക്കൾ സ്റ്റാന്റിൽ തലങ്ങും വിലങ്ങും പായുന്നു. ഒരു മഴക്കോളുണ്ട്. അങ്ങ് ദൂരെ ആകാശത്തു മിന്നൽപിണരുകൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. 

മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്തൊക്കെയോ പിറുപിറുത്തു നടന്നു പോയി. മദ്യത്തിന്റെ രൂക്ഷ ഗന്ധം. പേടിച്ചിട്ടാകണം സ്വപ്‌ന ബസ് ഇന്നില്ലേ എന്ന് ചോദിച്ചു പെൺകുട്ടി ബിജോയിയുടെ അടുത്ത് വന്നു. വിജനമായ വഴിയിലൂടെയുള്ള നടപ്പിനെക്കുറിച്ചു ആലോചിച്ചു നിന്ന ബിജോയ് ചോദ്യം കേട്ട് ഞെട്ടി പിന്നെ പറഞ്ഞു. ഞാനും അത് തന്നെ നോക്കികൊണ്ടിരിക്കുവാ.. അവളുടെ മുഖത്ത് ഒരാശ്വാസം. ഞാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു പോകുവാ. ബസ് വന്നില്ലെങ്കിൽ .. അവൾ മുഴുമിപ്പിക്കാൻ കഴിയാതെ പാതിവഴിയിൽ നിർത്തി. പേടിക്കണ്ട അല്പം കൂടി നോക്കാം. 

സംസാരിച്ചപ്പോൾ മനസ്സിലായി അവൾക്ക് എന്റെ റൂട്ടിൽ തന്നെയാണ് പോകേണ്ടത്. പക്ഷേ നാലഞ്ചു കിലോമീറ്ററുകൾക്കു മുൻപാണ് വീട്. അയാൾ അവളെ പാളി നോക്കി. സുന്ദരിയാണ് പക്ഷേ പരിഭ്രാന്തിയിൽ അവൾ ആകെ വിവശയായിരിക്കുന്നു എന്ന് തോന്നി. ഈ രാത്രിയിൽ എന്തായാലും ഈ കുട്ടിയെ തനിച്ചിവിടെ നിർത്തുന്നത് ശരിയല്ല. അയാളുടെ ഉള്ളിലെ ഭയം ഒരു നിമിഷം മറന്നു. പിന്നീട് പരസ്പരം പരിചയപ്പെട്ടു. സോഫി എന്നാണ് പേര് ടൗണിൽ ഡിഗ്രിക്ക് പഠിക്കുന്നു. 

പെട്ടെന്ന് ഹോൺ മുഴക്കി അവരുടെ ബസ് സ്റ്റാണ്ടിനുള്ളിലേക്കു കടന്നു വന്നു. ബിജോയ്‌ക്ക്‌ ആശ്വാസമായി. സോഫി കുരിശുവരക്കുന്നതു കണ്ടു. ബസിൽ നിറയെ യാത്രക്കാർ സോഫിയെ കണ്ട് സ്ത്രീകളുടെ സീറ്റിൽ ഇരുന്ന യാത്രകാരൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവൾ ബിജോയിയോട്  അവളുടെ സീറ്റിൽ ഇരുന്നോളാൻ ആഗ്യം കാട്ടി. അയാൾ ജാള്യതയോടെ സീറ്റിൽ ഒതുങ്ങി ഇരുന്നു. ബസിൽ രാത്രി യാത്രക്കാരും കച്ചവടക്കാരും. പിന്നെ അവർ അധികമൊന്നും സംസാരിച്ചില്ല. 

ബിജോയ് വിചാരിച്ചു വെറുതെ അനാവശ്യമായി എന്തെങ്കിലും സംസാരിച്ചു എന്തിനു പേടിച്ചിരിക്കുന്ന ആ കുട്ടിയെ ശല്യപെടുത്തണം. തന്റെ മാന്യത സൂക്ഷിക്കണം. പുറത്തേക്കു നോക്കിയിരുന്ന സോഫിയുടെ കാഴ്ച മറച്ച്  മഴ ആരംഭിച്ചു. ഷട്ടറിട്ടതോടെ ഒരു ക്യാപ്സ്യൂള് പോലെ ശക്തമായ മഴയിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു. ബിജോയിയുടെ കയ്യിലിരുന്ന ബുക്ക് ശ്രദ്ധിച്ച സോഫി ചോദിച്ചു  ബുക്ക് ഒന്ന് തരാമോ. ബിജോയ് ബുക്ക് കൊടുത്തു അവൾ പേജുകൾ മറിച്ചുനോക്കി ..പിന്നെ വായിക്കാൻ തുടങ്ങി. 

ഒരു യാത്രക്കാരൻ ഇറങ്ങിയപ്പോൾ അപ്പുറത്തു ഒരു സീറ്റ് കാലിയായി. ബിജോയ് സോഫിയോട് പറഞ്ഞ് അങ്ങോട്ട് നീങ്ങി. യാത്രക്കിടയിൽ ബിജോയ് ഉറങ്ങിപ്പോയി. തോളിൽ ഒരു സ്പർശം. ബാഗ് തൂക്കി  സോഫി ഇറങ്ങാൻ തയാറായി നിൽക്കുന്നു. സ്റ്റോപ്പ് ഞാൻ ഇറങ്ങുവാ. താങ്ക്സ് ഉണ്ട് കേട്ടോ അപ്പോഴേക്കും വണ്ടി നിന്നു. കണ്ടക്ടർ തിരക്കുകൂട്ടി. മഴയുടെ ശക്തി കുറഞ്ഞിരുന്നു. അവളുടെ ടെൻഷൻ ഇല്ലാത്ത മുഖം. ബസിനുള്ളിലെ പ്രകാശത്തിൽ സോഫി കൂടുതൽ സുന്ദരിയായി തോന്നി. ഇളം നീല നിറമുള്ള ചുരിദാർ അവൾക്കു നന്നായി  ചേരുന്നുണ്ടെന്ന്  ബിജോയ് ഓർത്തു. 

സ്റ്റോപ്പിൽ ആരെങ്കിലും വരുവോ. 

ചാച്ചൻ വരും 

ബിജോയ് ചിരിച്ച് സോഫിയോടു പറഞ്ഞു. വീണ്ടു കാണാം. അവൾ   ബസിൽ നിന്നും പുറത്തേക്കിറങ്ങിപോയി.. ബസ് വിട്ടപ്പോൾ ബിജോയ് തിരിഞ്ഞു നോക്കി അവൾ കൈ വീശി കാണിച്ചു. അവൾക്കൊപ്പം ടോർച്ചുമായി സോഫിയുടെ ചാച്ചനും ഉണ്ടായിരുന്നു. സോഫി ഇറങ്ങിപോയപ്പോൾ അയാൾക്കെന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. 

ഒരു മാസത്തിനു ശേഷം എറണാകുളത്തുനിന്നും രണ്ടാഴ്ച നീണ്ട ട്രെയിനിങ് കഴിഞ്ഞ് ബിജോയ് വീട്ടിലേക്ക് വരുകയായിരുന്നു. യാത്രാ ഷീണം കൊണ്ട്  ബിജോയ് സൈഡ് സീറ്റിൽ ഇരുന്നു മയങ്ങി പോയി. ബസ് ഒരു പള്ളിയുടെ മുന്നിലുള്ള സ്റ്റോപ്പിൽ നിന്നു. സ്റ്റോപ്പിൽ നിന്നും കയറിയ പെൺകുട്ടിയുടെ മുഖം മുൻപെങ്ങോ കണ്ട ഒരു ഓർമ. പെട്ടെന്നാണ് ബിജോയ് ഓർത്തത് .. ഇതാ പെൺകുട്ടിയല്ലേ ടൗണിൽ വെച്ച് ബസ് വരാൻ താമസിച്ചപ്പോൾ സ്റ്റാൻഡിൽ കണ്ട സോഫി. അന്ന് രാത്രിയായതുകൊണ്ടു ശരിക്കു ശ്രദ്ധിക്കാൻ പറ്റിയില്ല. 

ആർക്കും ഇഷ്ടം തോന്നുന്ന മുഖം. മനോഹരമായ അവളുടെ വസ്ത്രത്തിൽ സോഫി കൂടുതൽ പ്രകാശിച്ചിരുന്നു. പൂക്കൾ തുന്നിച്ചേർത്ത വെളുത്ത സ്കാർഫിൽ അവൾ ഒരു മാലാഖയെപ്പോലെ തോന്നി. അവളുടെ ഇടവക പള്ളിയാണോ ഇത്. പള്ളിയിൽ നിന്നുള്ള വരവാണെന്നു വ്യക്തം. കൊന്ത കയ്യിൽ ചുറ്റിപിടിച്ചിരിക്കുന്നു. സോഫി ബിജോയിയെ കണ്ടു. . ബസിൽ ആൾക്കാർ കുറവായിരുന്നു. സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സോഫി ബിജോയിയെ നോക്കി ചിരിച്ച് അടുത്ത സീറ്റിൽ വന്നിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന ഒരു സുഗന്ധം ..അടുത്ത് വന്നപ്പോൾ അത് ബിജോയിയെ പൊതിഞ്ഞു  ..

ബിജോയ് ചോദിച്ചു സോഫിയുടെ ഇടവക പള്ളി ഇതാണോ? അവൾ അതെയെന്ന് തലയാട്ടി പിന്നെ പറഞ്ഞു. ഞാൻ പള്ളിയിൽ നിന്ന് വരുവാ സോറി അന്ന് വാങ്ങിയ ബുക്ക് തരാൻ മറന്നു. അത് വീട്ടിലിരിക്കുവാ എങ്ങനെ തരും. ബിജോയ് ഇടയ്ക്ക് അത് ഓർത്തിരുന്നെങ്കിലും പിന്നെ മറന്നു. 

അത് സാരമില്ല സോഫി .. ഞാൻ ആ വഴിക്കു നാളെ വരുന്നുണ്ട് ആ ഭാഗത്തു എന്റെ ഒരു സുഹൃത്ത് ഉണ്ട്. അപ്പോൾ വാങ്ങിക്കോളാം . അവൾ വീടിന്റെ ലൊക്കേഷൻ പറഞ്ഞു കൊടുത്തു അപ്പോഴേക്കും അവൾക്കു ഇറങ്ങണ്ട സ്റ്റോപ്പ് എത്തിയിരുന്നു. ഞാൻ പോകുവാ അന്നത്തെ സഹായം മറക്കില്ല താങ്ക്സ് ഫോർ ദി ഹെൽപ്. അവൾ ബസിന്റെ പടിയിൽ നിന്ന് ഇറങ്ങി പോകുന്നതിനു മുൻപ് എന്നെ നോക്കി ചിരിച്ചു. ബിജോയ് തിരിച്ചും. അവളുടെ മുടിയിഴകൾ കാറ്റിൽ  ഇളകിക്കൊണ്ടിരിന്നു, ആ കണ്ണുകൾ ആകർഷണങ്ങളായിരുന്നുവെങ്കിലും ഒരു ദുഃഖം അതിനുള്ളിൽ നിഴൽ വീഴ്ത്തുന്നുന്നുണ്ടായിരുന്നു എന്ന് ബിജോയ്‌ക്കു തോന്നി. 

ബസ് വിട്ടപ്പോൾ ഒരിക്കൽ കൂടി സോഫിയെ കാണാൻ ബിജോയി ആഗ്രഹിച്ചിരുന്നെങ്കിലും എതിർവശത്തിരുന്നതിനാൽ അത് സാധിച്ചില്ല. ബിജോയിയുടെ മനസ്സിൽ എന്തോ ഒരു പുളകം. കണ്മുന്നിൽ അവളുടെ ചിരിക്കുന്ന മുഖം. സോഫിയുമായി വീണ്ടും ഒരു അപ്രതീഷിത കണ്ടുമുട്ടൽ. ഇത് എന്തിന്റെയെങ്കിലും തുടക്കമാണോ? പുറത്തെ കാഴച്ചകളിലേക്കു മനഃപൂർവം നോക്കിയിരുന്നെങ്കിലും സോഫി അയാളുടെ ഉള്ളിൽ ചിരി തൂകി നിന്നു.എവിടെയോ തന്റെ ഹൃദയം അവൾക്കുവേണ്ടി മിടിക്കുന്നതുപോലെ. എന്തായാലും ഒരിക്കൽ കൂടി അവളെ കാണാനുള്ള അവസരം കിട്ടി. നാളെ തന്നെ പോകണം. അതുനഷ്ടപെടുത്തരുത്. ബിജോയ് മനസ്സിൽ കണക്കു കൂട്ടി. അന്നയാൾക്കു ഉറക്കം വന്നില്ല ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവം. അവളുടെ വീട്ടിൽ വരാൻ സമ്മതിച്ചത് തന്നെ തന്നോടുള്ള മതിപ്പു കൊണ്ടാകണം. ഒന്ന് പെട്ടെന്നു നേരം വെളുത്തിരുന്നെങ്കിൽ എന്ന് ബിജോയ് ആഗ്രഹിച്ചു. 

എപ്പോഴോ ഉറങ്ങിപ്പോയ ബിജോയ് രാവിലെ പള്ളിയിലെ പ്രഭാത നമസ്കാരത്തിനുള്ള മണിയൊച്ച കേട്ടാണുണർന്നത്. പത്തുമണിയോടെയാണ് ബിജോയ് സോഫിയുടെ വീട്ടിലേക്കു പുറപ്പെട്ടത്. നാലഞ്ചു കിലോമീറ്റർ മാത്രം ഉള്ളതുകൊണ്ട് ബൈക്കിലാണ് പോയത്. സോഫിയെ കാണുന്നതിന്റെ ഒരു സന്തോഷം അയാളുടെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. സമയമെടുത്ത് ഡ്രസ്സ് ചെയ്ത് മുടി ചീകിയൊതുക്കി ബിജോയ് വളരെ സാവധാനം സോഫിയുടെ  വീട് ലക്ഷ്യമാക്കി പൊക്കോണ്ടിരുന്നു. സോഫി ഇറങ്ങിയ കവലയിൽ നിന്നും വലത്തേക്കുള്ള മൺവഴിയെ തിരിഞ്ഞു. പറഞ്ഞതുപോലെ തന്നെ അൽപം  മുൻപോട്ടു പോയപ്പോൾ വലത്തേക്ക് ഒരു നടപ്പാത ശ്രദ്ധയിൽ പെട്ടു ..അത് ചെന്ന് നിൽക്കുന്നത് അവളുടെ വീട്ടിലാണ്. ഇരുവശവും കൃഷിയാണ്. കപ്പയും റബ്ബറുമൊക്കെയാണ് 

ബൈക്ക് നടപ്പാതയുടെ വശത്തു ചേർത്ത് വെച്ച് ബിജോയ് സോഫിയുടെ വീട്ടിലേക്കു നടന്നു. ബിജോയിയുടെ ഹൃദയമിടിക്കാൻ തുടങ്ങി. സോഫിയുടെ  ചാച്ചനും അമ്മയുമൊക്കെ തന്നെ തെറ്റിദ്ധരിക്കുമോ? സോഫിയെ വീണ്ടും കാണുന്ന നിമിഷം വെറുതെ അയാളുടെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു. നടവഴിയുടെ അവസാനം  ദൂരെയായി ഒരു വീട് ദൃശ്യമായി. ചെറിയ വീടാണെങ്കിലും പൂക്കളും ചെടികളും കൊണ്ട് നിറഞ്ഞ മുറ്റം നല്ല ഒരു കാഴ്ച സമ്മാനിച്ചു, മുറ്റത്തു ഒരു പന്തൽ ഇട്ടിട്ടുണ്ട്. കഴിഞ്ഞതോ വരാനുള്ളതോ ആയ ഏതെങ്കിലും പരിപാടിക്കുള്ളതായിരിക്കാം എന്ന് ബിജോയ് കരുതി. മുറ്റത്തു ആരെയും കണ്ടില്ല വാതിൽ അടഞ്ഞു കിടക്കുന്നു. ബിജോയ് കോളിംഗ് ബെൽ അടിച്ച്  അല്പനേരം കാത്തു. 

വാതിൽ തുറന്നു. സോഫിയുടെ  അമ്മയായിരിക്കണം. മധ്യവയസ്കയായ ഒരു സ്ത്രീ  കണ്ണട വെച്ചിരിക്കുന്നു. പ്രാർഥിക്കുകയായിരുന്നു എന്ന് തോന്നുന്നു കൈയ്യിൽ ബൈബിൾ. സോഫിയുടെ അമ്മച്ചിയാണോ/ ബിജോയ് ചോദിച്ചു അതെയെന്ന് തലയാട്ടി  ആരാ.? അമ്മച്ചീ എന്റെ പേര് ബിജോയ് ..ഞാൻ ഒരു ബുക്ക് വാങ്ങാൻ വന്നതാ .. സോഫി ഉണ്ടോ ഇവിടെ? അമ്മച്ചി ഒരു നിമിഷം നിശബ്ദമായി ബിജോയിയെ നോക്കി നിന്നു. 

ബിജോയ്‌ക്കു  എന്തോ ഓരോ പന്തികേട് തോന്നി.? താൻ അവിടെ പോകാൻ പാടില്ലായിരുന്നോ? ബിജോയിയുടെ ചിന്തകൾക്ക് വിരാമമിട്ട് അമ്മച്ചിയുടെ കണ്ണടക്കുള്ളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങിയത്  അയാൾ ശ്രദ്ധിച്ചു. അതിനു പുറകെ ശക്തമായ ഒരു തേങ്ങൽ. 

ബിജോയ്  ഒന്നും പിടികിട്ടാതെ പകച്ചു നിൽക്കുകയാണ്. എങ്ങിനെയെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്ന് അയാൾ ഓർത്തു. കരച്ചിലിനിടയിൽ അമ്മച്ചിയുടെ നോട്ടം ചുമരിലേക്കു നീണ്ടു. പിന്നെ തളർന്നു സോഫയിലിരുന്നു. ചുമരിലേക്കു നോക്കിയ ബിജോയ് ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു. സോഫിയുടെ വലിയ ഒരു ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു. മാലചാർത്തിയ ഫോട്ടോ. ബിജോയ്‌ക്കു തല ചുറ്റുന്നതുപോലെ തോന്നി . അയാൾ തളർന്നു അമ്മച്ചിരുന്ന സോഫയുടെ അറ്റത്തിരുന്നു. എന്താണ് തനിക്കു ചുറ്റും നടക്കുന്നത്. സോഫിയെ കാണാൻ ആഗ്രഹിച്ചു വന്ന തൻ ഇന്നലെ കണ്ട സോഫി മരിച്ചുപോയി എന്ന് എങ്ങിനെ വിശ്വസിക്കും. അയാൾ വീണ്ടും ചുമരിലെ സോഫിയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി. കുട്ടീ നിനക്കെന്തുപറ്റി .. അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്താണ് സംഭവിച്ചത് എന്ന് അമ്മച്ചിയോട് ചോദിക്കണമെന്നുണ്ട്. പക്ഷേ അമ്മച്ചി തീർത്തും അവശയായിരുന്നു. 

ബിജോയ് ചാച്ചനില്ലേ എന്ന് മാത്രം ചോദിച്ചു. മൂലയിൽ നിന്നൊരു ശബ്ദം. ഞാനിവിടെയുണ്ട്. അപ്പഴാണ് ബിജോയ് ശ്രദ്ധിച്ചത്. ഒരാൾ ഇരുട്ടിൽ ചുരുണ്ടുകൂടിയിരുപ്പുണ്ട്. അന്ന് ഇരുട്ടിൽ ബസ്റ്റോപ്പിൽ കണ്ട ചാച്ചനെ ബിജോയ് തിരിച്ചറിഞ്ഞു. കരഞ്ഞു തളർന്ന ചാച്ചൻ.. തോളിലൊരു തോർത്തും ലുങ്കിയും വേഷം. ബിജോയിയുടെ മുന്നിലേക്ക് വന്ന് ആ മനുഷ്യൻ തേങ്ങിപ്പോയി. എന്റെ മോള് പോയി മോനെ.. ഇന്ന് 21 ദിവസമായി.

ബിജോയ് ഇടിവെട്ടേറ്റവനെപോലെ വേച്ചുപോയി. അയാളുടെ കാലിനടിയിൽ നിന്നും ഭയം കൂടി അരിച്ചു കയറാൻ തുടങ്ങി. താൻ ഇന്നലെ പള്ളിയിലെ ബസ്റ്റോപ്പിൽ കണ്ട സോഫി മരിച്ചിട്ടു 21 ദിവസമായി എന്ന് പറയുന്നത് ഇത്രയും കാലം വളർത്തി വലുതാക്കിയ സോഫിയുടെ ചാച്ചൻ തന്നെയാണ്. താൻ ബസിൽ വെച്ച് കണ്ടത് മയക്കത്തിനിടയിലെ സ്വപ്‍നമോ? ആര് വിശ്വസിക്കും തന്റെ അനുഭവം. സോഫി വീട്ടിലേക്കുള്ള വഴിയടക്കം പറഞ്ഞതല്ലേ. അമ്മച്ചിയുടെ തേങ്ങലിന് ആക്കം കൂടിയപ്പോൾ ചാച്ചൻ ബിജോയിയുടെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി. 

വഴിയിൽ ബസ് കാത്തുനിൽക്കുമ്പോൾ ഏതോ വണ്ടി ഇടിച്ചിട്ടു പോയി. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും എന്റെ മോള് പോയി. ചാച്ചൻ വിങ്ങിപ്പൊട്ടി. പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇനി കണ്ടുപിടിച്ചിട്ടെന്തിനാ പോയവർ തിരിച്ചു വരുമോ? ചാച്ചൻ പന്തലിന്റെ തൂണിൽ പിടിച്ചു നിന്നു. ഈ പന്തലിൽ നിന്നാണ് ഞങ്ങടെ സോഫി മോൾ ഒരു യാത്ര പോലും പറയാതെ പോയത്. ബിജോയ് വാക്കുകൾ കിട്ടാതെ വിഷമിച്ചു. 

അന്ന് ടൗണിൽ വെച്ചുകണ്ടതും ഇന്നലെ ബസിൽ കണ്ടതുമൊക്കെ ബിജോയ് കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ച്  പരാജയപ്പെട്ടു. ഒരു മാലാഖയെപ്പോലെ ഇന്നലെ ബസിൽ നിന്നും ഞാൻ പോകുവാ എന്ന് പറഞ്ഞുപോയ സോഫിയുടെ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അവളുടെ ചിരിക്കുന്ന മുഖം മനസിൽ നിന്നും മായുന്നില്ല. ബിജോയിയുടെ ഉള്ളിൽ സോഫിയോടുള്ള ഇഷ്ടം അയാൾ തിരിച്ചറിഞ്ഞു. ആ ഇഷ്ടം ഇപ്പോൾ തീരാവേദനയായിരിക്കുന്നു.

ചാച്ചാ ഞാൻ ഇറങ്ങുവാ.. ബിജോയിക്ക് അധികസമയം അവിടെ നിൽക്കാൻ സാധിക്കുമായിരുന്നില്ല. അമ്മച്ചിയോട് പറഞ്ഞേര് ചാച്ചൻ തലയാട്ടി. സോഫി ഓടി കളിച്ചുവളർന്ന ആ മുറ്റത്തു നിന്നും ബിജോയ് ഒരിക്കൽ കൂടി അവളുടെ ഫോട്ടോയിലേക്കു നോക്കി. നിഷ്കളങ്കമായ ചിരിയോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന സോഫി. ഇറങ്ങുമ്പോൾ റോസാപൂക്കളും മുല്ലപ്പൂക്കളും ബിജോയിയുടെ കയ്യിൽ തലോടി. ഇതൊന്നും ചൂടാൻ ഇനി സോഫി വരില്ലലോ എന്നയാൾ വേദനയോടെ ഓർത്തു. 

പുറത്തേക്കു നടക്കുമ്പോൾ മോനെ എന്ന വിളി. തിരിഞ്ഞുനോക്കുമ്പോൾ സോഫിയുടെ അമ്മച്ചി. ഇതാണോ മോന്റെ ബുക്ക്. സോഫി പറഞ്ഞിരുന്നു ബസിൽ വന്ന കാര്യം. ബിജോയ് അമ്മച്ചിയുടെ കയ്യിൽ നിന്നും ബുക്ക് വാങ്ങി. ആ കയ്യിൽ ചെറുതായി  തലോടി തിരികെ നടന്നു.  ഇടവഴിയിൽ കൂടി ബൈക്കിനടുത്തേക്ക്  നടക്കുമ്പോൾ റോഡരുകിൽ  മരത്തിൽ വലിച്ചുകെട്ടിയ ഫ്ളക്സ് ഒരറ്റം വേർപെട്ടു കിടക്കുന്നു.  അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു. കാറ്റിലിളകിയപ്പോൾ ബിജോയ് അത് വായിച്ചു. സോഫിക്ക് ആദരാജ്ഞലികൾ.  

ദിവസങ്ങൾ കടന്നുപോയി. ബിജോയിയുടെ ദിവസങ്ങൾ ശോകമൂകമായിരുന്നു. ചെറിയ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സോഫിയുടെ മരണ വാർത്ത അയാളുടെ ഉള്ളിൽ ഒരു നൊമ്പരമായി അവശേഷിച്ചു. ടൗണിൽ  ജോലിക്ക് പോകാതെ അയാൾ വീട്ടിൽ തന്നെ ഇരുന്നു. ബിജോയ്‌ക്ക് സോഫിയുടെ സാന്നിധ്യം തനിക്കു ചുറ്റും ഉണ്ടെന്നൊരു തോന്നൽ.

ബിജോയ് സോഫിയുടെ  കയ്യിൽ നിന്ന് വാങ്ങിയ ബുക്ക് വെറുതെ മറിച്ചു നോക്കി. അവളുടെ കണ്ണുകൾ വായിച്ചെടുത്ത ബുക്കിന്റെ താളിലെ വരികൾ. അവൾ അത് മുഴുവൻ വായിച്ചു എന്ന് തോന്നുന്നു. പല ഭാഗത്തും പേജ് മടക്കി അടയാളപ്പെടുത്തിയിരിക്കുന്നു.

ബിജോയ് ഒരു കാര്യം ശ്രദ്ധിച്ചു. നോവലിലെ  എബി എന്ന കഥാപാത്രത്തിന്റെ പേരിനു നേരെ അടയാളപ്പെടുത്തിയിരിക്കുന്നു. ചിലയിടത്തു പേരിനു നേരെ ഹൃദയത്തിന്റെ ചിഹ്നം പെൻസിൽ കൊണ്ട് വരച്ചിരിക്കുന്നു. ബിജോയ്‌ക്ക് എന്തോ ഒരു അസ്വാഭാവികത തോന്നി. എബി എന്നയാൾ ആരായിരിക്കും. ഒരുപക്ഷേ സോഫിക്ക് ഇഷ്ടമുള്ള ആരെങ്കിലും ആണോ? ആ ബുക്കിൽ അടയാളപ്പെടുത്തിയിരിക്കുന്ന ആ പേരിൽ എന്തോ ഒരു ദുരൂഹത ഒളിഞ്ഞിരിക്കുന്ന്നതായി ബിജോയ്‌ക്കു തോന്നി. 

ഒരു പക്ഷെ താൻ സ്വപ്നം പോലെ ബസിൽ കണ്ട സോഫി  തന്നോടെന്തോ പറയാൻ ശ്രമിക്കുകയാണോ? ഒരു പക്ഷേ എബി എന്ന ആൾ ഉണ്ടെങ്കിൽ അയാൾക്കു സോഫിക്ക് സംഭവിച്ചതിനെക്കുറിച്ചു എന്തെങ്കിലും പറയാൻ കാണുമോ? പൊലീസിന് ഒരു ഇൻഫർമേഷൻ കൊടുക്കണം എന്ന് ബിജോയ്‌ക്കു തോന്നി. സോഫിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ തനിക്കു സമാധാനം കിട്ടില്ല. ആളറിയാതെ പൊലീസിൽ അറിയിക്കുന്നതാണ് ബുദ്ധി എന്ന് ബിജോയ്‌ക്കു തോന്നി. വെറുതെ ഏടാകൂടങ്ങളിൽ ചെന്ന് ചാടേണ്ട. ഒരു പക്ഷേ എബി എന്ന ചെറുപ്പക്കാരൻ ഇല്ലെങ്കിലോ.

ബിജോയ് പിറ്റേ ദിവസം തന്നെ ആദ്യവണ്ടിക്ക് ടൗണിലേക്ക് പോയി. ബസ്റ്റാന്റിനടുത് നിരീക്ഷണ ക്യാമറകൾ ഒഴിവായി നിന്ന ഒരു ടെലിഫോൺ ബൂത്തിൽ കയറി സോഫിയുടെ കേസ് രജിസ്റ്റർ ചെയ്‍ത പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അപ്പുറത്തു ഹലോ പൊലീസ് സ്റ്റേഷൻ എന്ന ശബ്ദം. ബിജോയ് പറഞ്ഞു ഞാൻ ഒരു ഇൻഫർമേഷൻ തരാൻ  വിളിച്ചതാണ് . സോഫിയുടെ  ആക്സിഡന്റ് കേസിനെക്കുറിച്ച്. 

താങ്കളുടെ പേര് എന്താണ് .?

സാർ ഞാൻ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. കാര്യത്തിലേക്കു വരാം.  ഈ കേസുമായി ബന്ധപ്പെട്ട് എബി എന്ന വ്യക്തിയെ ചോദ്യം ചെയ്താൽ ഈ കേസ് തെളിയിക്കാനുള്ള തെളിവ് ലഭിക്കും.. ആ പേര് ഒന്നുകൂടി പറയൂ.. പൊലീസിന്റെ ചോദ്യം എബി.

അത് പറഞ്ഞു ബിജോയ് ഫോൺ വെച്ചു. മനസ്സിൽ നിന്ന് ഒരു ഭാരം ഇറങ്ങിയതുപോലെ. സോഫിയുമായി ബന്ധപെട്ട് ആരെങ്കിലും എബി എന്ന പേരിൽ ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. അങ്ങനെയൊരാൾ ഉണ്ടെങ്കിൽ തന്നെ അയാൾ  തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കാനില്ലല്ലോ. അന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം ബിജോയ് ഒന്നുറങ്ങി.

രണ്ടു ദിവസത്തിന് ശേഷം പത്രത്തിൽ വന്ന വാർത്ത കണ്ട്  അയാൾ ഞെട്ടിപ്പോയി. യുവതിയെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.. സ്തബ്ദനായി ബിജോയ് ബാക്കി വാർത്ത വായിച്ചു.

സോഫി എന്ന ഡിഗ്രി വിദ്യാർത്ഥിയെ പ്രേമം നടിച്ച് പീഡിപ്പിക്കാനൊരുങ്ങിയ സഹവിദ്യാർഥിയെ  തിരസ്കരിച്ചതിന്റെ പേരിൽ കാറിടിച്ചു കൊലപ്പെടുത്തിയ എബി എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസന്വേഷണം വഴിമുട്ടി നിന്ന  സാഹചര്യത്തിൽ ഒരു അജ്ഞാത ഫോൺ സന്ദേശം ആണ് അറസ്റ്റിലേക്ക് നീങ്ങാൻ സഹായിച്ചത്.  

ബിജോയ് പത്രം മടക്കി. തന്നെ കാണാൻ വന്നത് സോഫിയുടെ ആത്മാവായിരുന്നു എന്ന് ബിജോയ് ഉറപ്പിച്ചു. പള്ളിയിൽ നിന്ന് ഒരു മാലാഖയെ പോലെ തന്റെ അടുത്തുവന്ന സോഫിയുടെ  കണ്ണുകളിലെ ദുഖത്തിന്റെ നിഴലുകളുടെ അർഥം ഇപ്പോൾ ബിജോയ്‌ക്കു മനസിലായി.. അവളുടെ മരണത്തിനു കരണകാരനായവനെ പിടിക്കാൻ സോഫി തന്നെയാണല്ലോ  തെരഞ്ഞെടുത്തത് എന്നോർത്തപ്പോൾ ബിജോയുടെ കണ്ണുകൾ നിറഞ്ഞു. 

നാല്പതാം ദിവസം ബിജോയ് പള്ളിയിൽ പോയി പ്രാർത്ഥനയിൽ പങ്കെടുത്തു. ചാച്ചനെയും അമ്മച്ചിയേയും കണ്ടു. ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40  ദിവസത്തെ നോമ്പിനും പ്രാർത്ഥനകൾക്കും ശേഷം മരിച്ച ആത്മാവ് എന്നന്നേക്കുമായി 

ലോകത്തിൽ നിന്ന് വേർപെട്ട് ദൈവത്തിങ്കലേക്കു ചേരുകയാണ്.

സെമിത്തേരിയിൽ ആളൊഴിഞ്ഞിരുന്നു. പൂക്കളും റീത്തുകളും കൊണ്ട് സോഫിയുടെ കല്ലറ അലങ്കരിച്ചിരുന്നു. മാർബിളിൽ പണിത കുരിശ് അതിനു താഴെ അവളുടെ പേര് കൊത്തിവെച്ചിരിക്കുന്നു. സോഫി ജോസഫ് 20  വയസ്സ്. കൂടെ അവളുടെ ചിരിക്കുന്ന മുഖവും.

ബിജോയ് കണ്ണുകളടച്ചു. ഈ ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി യാത്രയാകുന്ന സോഫിക്കുവേണ്ടി ബിജോയ് പ്രാർത്ഥിച്ചു. ഒരു പനിനീർപൂവ് പോലെ ചിരിച്ച് ജീവിതം തുടങ്ങിയപ്പോൾ തന്നെ നൊടിയിടയിൽ കടന്നുപോയ പാവം പെൺകുട്ടി. സെമിത്തേരിയിൽ പുറത്തേക്കു കടക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി ആ കുരിശിനടിയിലെ ഫോട്ടോയിലേക്കു നോക്കി. സോഫി തന്നെത്തന്നെ ചിരിതൂകി നോക്കുന്നതായി ബിജോയ്‌ക്കു തോന്നി ..തഴുകി തലോടി തന്നെ കടന്നുപോയ ഇളം കാറ്റിന്റെ സുഗന്ധം  ബിജോയ് തിരിച്ചറിഞ്ഞു. സോഫിയുടെ  സാമിപ്യവും.

English Summary: Athmavu theliyicha kolapathakam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;