ADVERTISEMENT

കോലങ്ങൾ (കഥ)

ഒരു ഒഴിവുസമയത്താണ് സതീശൻ സർ ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം പുരാവസ്തു വകുപ്പിലെ ഒരു ജീവനക്കാരനായിരുന്നു. വായനശാലയുടെ പുറത്തെ മൈതാനത്തു പന്ത് കളിയും കണ്ടു നിൽക്കുമ്പോഴാണ് അയാൾ എത്തിയത്. വായനശാലയുടെ വാർഷികം നടത്തുന്നതിന് ധനസമാഹരണത്തിനു ചെന്ന ഞങ്ങളെ അദ്ദേഹത്തിന്റെ പട്ടിയെ അഴിച്ചു വിട്ടു തുരത്തിയ ആളാണ്. ഞങ്ങൾ അങ്ങേർക്കു മുഖം കൊടുക്കാതെ അവിടെ നിന്നും വലിയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ പേരെടുത്തു വിളിച്ച് അടുത്തേക്ക് വന്നു. എന്തു ചെയ്യാൻ.

 

അദ്ദേഹത്തിന്റെ അപ്പന്റെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തണം അതായിരുന്നു ആവശ്യം. അൽപ്പം പേരും പെരുമയും ഉണ്ടാക്കണമെന്ന് ചിലർ ആഗ്രഹിച്ചുപോയാൽ അത് അത്ര വലിയ അപരാധമൊന്നുമല്ലല്ലോ ഇപ്പോഴത്തെ കാലത്ത്. അദ്ദേഹം അതിന്റെ സാമ്പത്തികവും തരും. അത് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അത്ര ബോധിച്ചില്ല. എന്നുമാത്രമല്ല, അദ്ദേഹത്തിന് ഒരു ജില്ല മുഴുവൻ ഉൾപ്പെടുത്തി കോളേജ് തലത്തിൽ ഒരു ബ്രേക്ക് ഡാൻസ് മത്സരമാണ് സംഘടിപ്പിക്കേണ്ടത്. അങ്ങനെ ആയാൽ  ജില്ല മുഴുവനുള്ള ആളുകൾ അദ്ദേഹത്തെ തിരിച്ചറിയും...

 

പ്രശ്‍നം അതല്ല ...ഒരാളുടെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തുമ്പോൾ അയാൾക്കു ചുരുങ്ങിയത് ആ രംഗത്തെങ്കിലും പ്രവർത്തിക്കേണ്ടേ?

 

അദ്ദേഹം ഡാൻസർ ആയിരുന്നില്ലെന്ന് മാത്രമല്ല ഡാൻസ് ഇത് വരെ കണ്ടിട്ട് കൂടിയില്ലാത്ത ആളുമായിരുന്നു. അദ്ദേഹത്തിന്റെ അപ്പൻ

സ്കൂളിന്റെ പടി കാണാത്ത ആൾ, പിന്നെ എങ്ങനെ കോളേജിൽ പോകും... ഒരു അറുപിശുക്കനായിരുന്നു എന്നതിൽ കവിഞ്ഞ് ഒരു തികഞ്ഞ കുരുട്ടു ബുദ്ധിക്കുടമകൂടി ആയിരുന്നു സതീശൻ സാറിന്റെ അപ്പൻ. മാത്രവുമല്ല ആർക്കെങ്കിലും എന്തെങ്കിലും സഹായം ഇതുവരെ ചെയ്തിട്ടുള്ളതായിട്ടു ഞങ്ങൾക്ക് അറിയുകയുമില്ല... അങ്ങനെയുള്ള

അയാളുടെ പേരിലാണ് ബ്രേക്ക് ഡാൻസ് മത്സരം സംഘടിപ്പിക്കേണ്ടത്......

 

പൈസയൊക്കെ കൈയിൽ വന്നപ്പോൾ ഇനി ആളുകളൊക്കെ അറിയപ്പെടുന്ന പ്രാഞ്ചിയേട്ടൻ ആകണമെന്ന് ഒരു പക്ഷേ സതീശൻ സർ കരുതിയിരിക്കണം… പിന്നെ അദ്ദേഹത്തിന്റെ അപ്പന്റെ ആകെയുള്ള സേവനം എന്ന് പറയുന്നത് ഒൻപതു മക്കളെ സൃഷ്ടിച്ചു എന്നുള്ളതാണ് മാത്രവുമാണ്. സതീശൻ സാറിന്റെ അപ്പൻ ഒരു മാട് വെട്ടുകാരനായിരുന്നു. ഏതു തൊഴിൽ ചെയ്താലും അതിന്റെ മഹത്വം ഞങ്ങൾക്ക് അറിയാവുന്നതുമാണ്.

 

ഞങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങൾ ഇതാണ്...

മാട് വെട്ടുകാരനായിരുന്ന അയാളുടെ പേരിൽ കൊടുക്കാവുന്ന സ്മാരക അവാർഡ് എതെങ്കിലും ഇനത്തിന് കൊടുക്കാൻ പറ്റുമോ..?

അയാളുടെ സേവന പാതവെച്ച് നോക്കിയാൽ

കൊടുക്കാൻ ഉചിതം-കുടുബ ക്ഷേമ മന്ത്രാലയം ആണ്. കാരണം പതിനൊന്നു മക്കളുടെ അച്ഛനാണ് അങ്ങേർ

അതുമല്ലെങ്കിൽ -ചെറുകിട കച്ചവട പുരസ്ക്കാരം കൊടുക്കാം ...

ഇതിപ്പോൾ ബ്രേക്ക് ഡാൻസ് മത്സരം എന്നൊക്കെ പറഞ്ഞാൽ.. അതും കോളേജ് തലത്തിൽ..! മരിച്ച സമയത്തൊക്കെ ധാരാളം പൈസ ഒക്കെ ആയിക്കഴിഞ്ഞിരുന്നു. എന്നാലും കഞ്ഞിയും കാന്താരി മുളകുമാണ് കഴിച്ചിരുന്നതെന്നു നാട്ടിൽ സംസാരം ....

 

പിടയ്ക്കുന്ന അയല മുറ്റത്തുകൂടി കൊണ്ടുവരുമ്പോൾ ഏറ്റവും വിലകുറഞ്ഞ ചാള അതും വയറു പൊട്ടിയത് മീൻകാരനോട് കരഞ്ഞു വിലപേശിപകുതി വിലക്ക് വാങ്ങിയിരുന്നു പോലും... അല്ലെങ്കിൽ ക്യാഷ് കൊടുക്കണമല്ലോ. പെട്ടിയ്ക്കുള്ളിൽ ഇരിക്കുന്ന കാശിൽ ഒരെണ്ണം കുറഞ്ഞാൽ അപ്പന്റെ ചങ്കു പിടയ്ക്കുമെന്നു സതീശൻ സാറ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്പൻ മരിച്ചു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ. എന്തിന്റെയെങ്കിലും പേരിൽ നാട്ടിൽ പേരെടുക്കണമെന്നു സാറിനും തോന്നിയിരിക്കണം ....

 

ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു...

‘‘എന്താ സർ ഇപ്പൊ ഇങ്ങനെ തോന്നാൻ എന്തെകിലും പ്രത്യേകിച്ച് കാരണം ...’’- അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു....

‘‘അപ്പൻ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു ..പാവപ്പെട്ട ആളുകൾക്ക് എന്തെങ്കിലും ചെയ്യണമെന്ന്...’’-

 

ഞങ്ങളുടെ  സംശയം തീരുന്നില്ല ...‘സാറേ പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണെങ്കിൽ, തീരെ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് പാഠപുസ്‌തകങ്ങൾ വാങ്ങിക്കൊടുക്കാം, വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാം, പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിച്ചയക്കാൻ സഹായിക്കാം, അതുമല്ലെങ്കിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങളും പഠന സൗകര്യങ്ങളും നൽകാം ...അങ്ങനെ എന്തൊക്കെ ഇതിപ്പോ സാറിന്റെ അപ്പനോ സാറോ കോളേജിൽ പോയിട്ടില്ല പിന്നെ ഇതെങ്ങനെ’’- 

 

യുക്തിയുടെ നീതീകരണമില്ല എന്നുള്ളതുകൊണ്ട് മടിച്ചു നിന്ന ഞങ്ങളെ അദ്ദേഹം പിടി മുറുക്കി. ‘‘കോളേജ് തലത്തിലാകുമ്പോൾ പത്രത്തിലും ടി വി യിലും എല്ലാം വരികയും ചെയ്യും’’- അദ്ദേഹം ആവേശത്തോടെ പറഞ്ഞു.

ആഗ്രഹത്തിനും ഒരു പരിധിയൊക്കെ വേണ്ടേ……

 

നേർപാതയിൽ സഞ്ചരിച്ച കുറെ ആളുകളുള്ളപ്പോൾ വഴിമാറി സഞ്ചരിക്കേണ്ട ഗതികേടിനെ കുറിച്ച് ഞങ്ങൾ പരോക്ഷമായി പറഞ്ഞു

സതീശൻ സാറും ഒട്ടും മോശമല്ല ... ‘‘അറുത്ത കൈക്കു ഉപ്പിടാത്തവൻ” എന്നും .... “അരിപ്പ സാർ”-എന്ന ചെല്ലപ്പേരും അദ്ദേഹത്തിന് നാട്ടുകാർ പതിച്ചു നൽകിയിട്ടുണ്ട് താനും. ഞങ്ങളെ അമ്പരപ്പിച്ചത് അതൊന്നുമല്ല ...പേരെടുക്കാനായിട്ടാണെങ്കിൽ കൂടി സതീശൻ സാർ എങ്ങനെ പൈസ ചിലവാക്കാൻ തയാറായി എന്നുള്ളതാണ്....

 

മനുഷ്യന് സ്വഭാവത്തിൽ മാറ്റം വരാൻ അധികം സമയം വേണ്ട എന്ന് പറയുന്നത് എത്ര ശരിയാണ്.. ഒടുവിൽ മറ്റൊരു മാർഗ്ഗവുമില്ലാതെ തങ്ങളെ പറഞ്ഞു സമ്മതിപ്പിച്ചു സതീശൻ സർ ഒരു വിജയിയെപ്പോലെ നടന്നു നീങ്ങുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞ മനസ്സുമായി നിൽക്കുകയായിരുന്നു ഞങ്ങൾ.

 

English Summary: Kolangal, Malayalam short story        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com