പഴകി കീറാത്ത ഒരു വസ്ത്രവും ഭാര്യക്കുണ്ടായിരുന്നില്ലെന്ന് അയാളറിഞ്ഞത്, അവളുടെ മരണശേഷം

sad-wife
Representative Image. Photo Credit : fizkes / Shutterstock.com
SHARE

മരണത്തിന് മുൻപ് (കഥ) 

ഭാര്യയുടെ മരണശേഷം കണാരൻ ആദ്യമായി വീടിന് പുറത്തേയ്ക്കിറക്കി.

‘‘മരണം അറിഞ്ഞാരുന്നു.  അങ്ങോട്ട് ഇറങ്ങാൻ കഴിഞ്ഞില്ല.’’

‘‘പോകേണ്ടത് പോയില്ലേ. ജീവൻ പോയാ പിന്നെ കണ്ടിട്ട് എന്നാ കാര്യം’’

നാട്ടുകാരന്റെ ചോദ്യത്തിന് ശാന്തമായി ഉത്തരം പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു.  പരിചയക്കാരുടെ മുഖം കാണുമ്പോഴൊക്കെ ഉള്ളിൽ സങ്കടം ഇരച്ചുകയറി. വിതുമ്പി പോകുമോ എന്ന ഭയം കൊണ്ടാണ് അയാൾ വീട്ടിലേയ്ക്ക് തിരികെ നടന്നത്. പറമ്പിന്റെ തെക്കേ വശത്തെ പട്ടടയിൽ എള്ള് കിളിർത്ത് നിൽക്കുന്നു. അവൾ പോയതോടെ വീടുറങ്ങി. അടുക്കളയിലെ ചെറു ശബ്ദങ്ങൾ നിശ്ചലമായി. പാത്രങ്ങളൊക്കെ മൗനം പൂണ്ടു.

ആകാശമങ്ങനെ ഇരുൾ നിറഞ്ഞു കൊണ്ടിരുന്നു. വേനൽ മഴയുടെ തുടക്കത്തിന് മുൻപുള്ള ഇരുട്ട്. ശാരദയുടെ നീല നിറമുള്ള ബ്ലൗസ് അഴയിൽ തൂങ്ങി നിൽക്കുന്നു. അതയാൾ കയ്യിലെടുത്തു. അവളുമായുണ്ടായ അവസാന വഴക്കിനെക്കുറിച്ച് അയാൾ ഓർത്തു. ഒരു വിവാഹത്തിന് പോകാൻ ശാരദ സന്തോഷത്തോടെ ഒരുങ്ങി നിന്നു. പക്ഷേ പെട്ടെന്നാണ് അയാളെ പ്രകോപിപ്പിച്ച് ഞാൻ വരുന്നില്ലെന്ന് അവൾ തീർത്തു പറഞ്ഞത്. ഉടുത്ത സാരി അഴിച്ച് അവൾ അഴയിലേയ്ക്ക് തൂക്കി. ഒന്നും രണ്ടും പറഞ്ഞ് പതിവു പോലെ വലിയ വഴക്കിലേയ്ക്ക് ആ സംസാരം നീണ്ടു. അയാൾ തനിച്ച് പുറത്തേയ്ക്കിറങ്ങി. അന്നവൾ ധരിച്ചിരുന്ന ബ്ലൗസാണത്. അതിന്റെ തയ്യൽ പാടുകളിൽ നിന്ന് പഴകി മാറിയ തുണിയെ അയാൾ തലോടി. കീറിപ്പോയ വസ്ത്രത്തിന് പകരമിടാൻ അവൾക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ലേ. അലമാരയിൽ അവശേഷിച്ചതെല്ലാം അയാൾ പുറത്തേയ്ക്കിട്ടു. പഴകി കീറാത്ത ഒരു വസ്ത്രവും അവൾക്കുണ്ടായിരുന്നില്ലെന്ന് അയാളറിഞ്ഞു.

മദ്യത്തിന്റെ മണമില്ലാത്ത രാത്രികളെ ശാരദ സ്വപ്നം കണ്ടിരുന്നു. മിന്നൽ പോലെ നെഞ്ചിലൂടെ കടന്നുപോയ വേദനകളെ കടിച്ചമർത്തിയിട്ടും പുറത്തേയ്ക്ക് വന്ന തേങ്ങലുകൾ അയാൾ അറിഞ്ഞില്ല. ലഹരിയുടെ മയക്കത്തിനെ മറികടക്കാനുള്ള ശക്തിയൊന്നും ശാരദയുടെ ശബ്ദത്തിന് ഉണ്ടായിരുന്നില്ല. ഹൃദയ ഞരമ്പിലെ രണ്ട് വലിയ തടസ്സങ്ങളെ അയാൾ നിസ്സാരമായി അവഗണിച്ചു. ഒരു വിളിപ്പുറത്ത് നീയുണ്ടാവണമെന്ന വാശിയിൽ  അയാൾ ജീവിച്ചു. തീൻ മേശയിൽ, കിടപ്പറയിൽ, അടുക്കളയിൽ അയാളുടെ ആഗ്രഹം പോലെ ഒരു വിളി അകലത്തിൽ ശാരദയുണ്ടായിരുന്നു. മരണത്തിന് തൊട്ട് മുൻപ് മുറിയിൽ നിന്ന് വരാന്ത വരെ വളരെ പ്രയാസപ്പെട്ടാണ് ശാരദ നടന്നു വന്നത്. വാതിൽ പടിയിൽ ചാരി നിന്നു. മുറ്റത്തെ കസേരയിലിരുന്ന ഭർത്താവിനെ ഒന്നു നോക്കി. മദ്യത്തിന്റെ ലഹരിയിൽ അയാളുടെ മുഖം താഴേയ്ക്ക് ഞാന്ന് കിടന്നു. എന്തോ പറയാൻ ശാരദ വെമ്പൽ കൊണ്ടു. ഇടയ്ക്ക് മുഖമുയർത്തി അയാൾ ആ കാഴ്ച കണ്ടു. നിശബ്ദയായി ശാരദ മുറിയിലേയ്ക്ക് തിരികെ നടന്നു. കട്ടിലിലേയ്ക്ക് ചായും മുൻപ് അവൾ മരണത്തിലേയ്ക്ക് കുഴഞ്ഞു വീണു.

ശാരദയുടെ ചിതറി കിടന്ന വസ്ത്രങ്ങൾക്ക് നടുവിലിരുന്നപ്പോഴാണ് അവസാനമായി തന്നിലേയ്ക്ക് നീണ്ട ആ നോട്ടത്തിന്റെ അർത്ഥത്തെക്കുറിച്ച് അയാൾ ചിന്തിച്ചത്. എന്തായിരുന്നു അവൾക്ക് തന്നോട് പറയാനുണ്ടായിരുന്നത്. പട്ടടയിൽ ഉയർന്ന പുൽനാമ്പുകളെ നോക്കി നിന്നപ്പോൾ അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. എന്തായിരുന്നു നീ പറയാൻ ആഗ്രഹിച്ചതെന്ന് അയാൾ നിശബ്ദമായി ചോദിച്ചു കൊണ്ടിരുന്നു. ഉത്തരം ഒരു ചെറുകാറ്റ് അയാളുടെ കാതിലേയ്ക്ക് പകർന്നു ‘‘അല്പസമയമെങ്കിലും എന്നെ ആ നെഞ്ചോട് ചേർത്ത് നിർത്താൻ കഴിയുമോ’’ ആ ചോദ്യത്തിന് ഉത്തരം പറയാനാവാതെ അയാൾ നിന്നു. തന്റെ ഭാര്യയുടെ മണമുള്ള മണ്ണിലേയ്ക്ക് അയാൾ ചേർന്ന് കിടന്നു. രണ്ടു കൈകൾ മണ്ണിൽ നിന്നുയർന്ന് വന്ന് അയാളെ വലയം ചെയ്തു.

English Summary: Maranathinu munpu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA
;