ADVERTISEMENT

നിഷേധി (കവിത)

 

വാകമരത്തിന്റെ ചില്ലമേൽ

തൂങ്ങിയാടിയ 

എന്റെ ശവത്തിന് കീഴെ 

പലരും കലഹിക്കുന്നത് 

ഞാൻ കേട്ടു.

 

മതവും ജാതിയും 

രാഷ്ട്രീയവും ദൈവവും 

ഒന്നിച്ചു പറഞ്ഞു.

‘‘അവൻ നിഷേധിയാണ് 

അതുകൊണ്ട് തന്നെ 

അവൻ എന്ന 

വിഴുപ്പിനെ ചുമലിലേറ്റാൻ 

ഞങ്ങളില്ല’’

 

സർവ്വശക്തരുടെ വാക്ക് കേട്ട് 

കൂടിനിന്നവർ 

എല്ലാവരും യാത്രയായി.

ഒളികണ്ണിട്ട് പ്രിയപ്പെട്ടവർ 

ഒന്നു തിരിഞ്ഞുനോക്കി 

അവർ അടക്കം പറഞ്ഞു.

 

‘‘മുൻപ് ചത്തവനിലും 

നിഷേധിയാണ് 

ഇവൻ തൂങ്ങട്ടെ...

തൂങ്ങിയാടട്ടെ..!’’

 

പിന്നീട് 

അവിടെ ഋതുക്കൾ 

വന്നു പോയി.

കാലത്തിന്റെ ഒഴുക്കിൽ

വാകമരത്തിന്റെ തൊലികൾ

ചുക്കിച്ചുളുങ്ങി...

എന്റെ ഭാരം താങ്ങാൻ

കഴിയാതെ 

ഞാനും ചില്ലയും 

നിലംപൊത്തി.

 

എനിക്കല്ലെങ്കിലും 

കൂട് നഷ്ടപ്പെട്ട 

കിളികൾ

ഒരുതുള്ളി കണ്ണുനീർ 

ബാക്കിയാക്കി.

 

കാലത്തിന്റെ ഇടവേളകളിൽ

എപ്പോഴോ എന്നെ 

മണ്ണ് തിന്നാൻ തുടങ്ങി.

പിടയാൻ കഴിയാത്തൊരാ

വേദന...

എന്റെ ഹൃദയത്തിലേക്ക്

വേരുകൾ 

പുതുജീവൻ തേടി.

 

അതിന്റെ 

ബാക്കിപത്രമായി

ഒറ്റചില്ലയിൽ 

കവിതപോലെ 

വിപ്ലവത്തിന്റെ നിറമുള്ള

ഒരു പൂവ് വിരിഞ്ഞു.

 

നിമിഷത്തിനകം

ആ പൂവും 

പറിച്ചെടുത്തുകൊണ്ട്

അയാളും മരത്തിന്റെ

മറ്റേ ചില്ലമേൽ

തൂങ്ങി.

 

വീണ്ടും അതിന് താഴെ

സർവ്വരും ഒത്തുകൂടി

ഒരിക്കൽക്കൂടി 

കല്പിച്ചു.

 

‘‘അവൻ നിഷേധിയാണ്

വിഴുപ്പാണ് 

അതുകൊണ്ടുതന്നെ

തിരിഞ്ഞു നോക്കാതെ

എല്ലാവരും 

മുന്നോട്ട് മുന്നോട്ട്...’’

 

അനുസരണയുള്ള 

ആട്ടിൻകൂട്ടം

തിരിഞ്ഞു നടന്നുകൊണ്ട്

അടക്കം പറഞ്ഞു...

 

‘‘മുൻപ് ചത്തവനിലും 

നിഷേധിയാണ് 

ഇവൻ തൂങ്ങട്ടെ...

തൂങ്ങിയാടട്ടെ..!’’

 

English Summary: Nishedhi, Malayalam poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com