ADVERTISEMENT

പ്രിയേ നിനക്കായി ഒരു ബിഗ് സല്യൂട്ട് (കഥ)

ഇത് അവളുടെ കഥയാണ്; അല്ല അവളുടെ ജീവിതമാണ്. അവളാരാണ്?... ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ ധീരയാണവൾ... ഏറ്റവും വലിയ പോരാളി... കുട്ടിക്കാലത്തെ ഏതോ മഴയോർമ്മകളിലാണ് അവളെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത്. കുട്ടിത്തം നിറഞ്ഞ കണ്ണുകളും ആകർഷകമായ സംസാരവുമുള്ള അവൾ എല്ലാവരുടെയും പ്രിയങ്കരിയായ കൂട്ടുകാരിയായിരുന്നു. എങ്കിലും എപ്പോഴൊക്കെയോ ഒരു ദുഃഖം ആ കണ്ണുകളിൽ നിഴലിച്ചിരുന്നു.

 

പ്ലസ് ടു ക്ലാസ്സിലെ ഒരു പരീക്ഷാ ദിവസം പതിവില്ലാതെ അവൾ അവധിയെടുത്തു. പിറ്റേന്ന് മുടിയെല്ലാം പാറിപറത്തി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൂകയായിരുന്ന അവളോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കേണ്ടന്നു ഞാൻ കരുതി. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവളുടെ ചിരിക്കു പിന്നിൽ ആരും കാണാത്ത കണ്ണീരുപ്പുണ്ടായിരുന്നു. കാരണം ചോദിച്ചു കൊണ്ടുള്ള എന്റെ  ശല്യം കൊണ്ടാണോ, അതോ എല്ലാമൊന്ന് തുറന്നു പറയാനുള്ള വെമ്പല് കൊണ്ടാണോ ഒരിക്കൽ പോലും പറയാനാഗ്രഹിക്കാത്ത ആ സത്യം അവളെന്നോട് തുറന്നു പറഞ്ഞത്. അറിയില്ല...

 

പരീക്ഷയുടെ തലേന്നാൾ വൈകിട്ട് അവളെയും ചേട്ടനെയും വീട്ടിലിരുത്തി മാതാപിതാക്കൾ അമ്മവീട്ടിൽ പോയതാണ്. അവളെക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതലായിരുന്നു അവളുടെ ചേട്ടന്. ആഴ്‌ചകളായി ഉറക്കമൊഴിഞ്ഞു പഠിച്ചതിന്റെ ക്ഷീണം കാരണം അവൾ അല്പം മയങ്ങിപ്പോയി. പെട്ടെന്നാണ് പുറത്തെന്തോ ഭാരമുള്ള വസ്തു വന്നു വീണതായി തോന്നി അവൾ കണ്ണ് തുറന്നത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാൻ കഴിഞ്ഞില്ല. പെട്ടെന്നാണ് തന്റെ മുകളിൽ കിടന്നു തന്റെ വായ് മൂടാൻ ശ്രമിക്കുന്ന ചേട്ടനെ അവൾ കണ്ടത്. ചേട്ടനെന്ന് അയാളെ വിശേഷിപ്പിക്കാൻ എനിക്കറപ്പാണ്. സഹോദരന്റെ കടമകളും വിലയുമറിയാത്ത നീചൻ... ചെകുത്താനാണവൻ. എങ്ങനെയോ തനിക്കു കിട്ടിയ സർവ്വശക്തിയുമെടുത്ത് മുഖമടച്ചു ഒന്ന് കൊടുത്തു അടുത്ത മുറിയിൽ കയറി കതകടച്ചു അവളന്നു രക്ഷപെട്ടു. ഇല്ലായിരുന്നെങ്കിലോ?.... 

 

തിരിച്ചുവന്ന അച്ഛനമ്മമാരോട് അവളിതു പറഞ്ഞപ്പോൾ തങ്ങളുടെ കടിഞ്ഞൂൽ സന്താനത്തോടുള്ള വാത്സല്യം കൊണ്ടോ, അഭിമാനക്ഷതമോർത്തോ, ഇനിയീ വിഷയം വീട്ടിലോ പുറത്തോ സംസാരിക്കരുതെന്നു പറഞ്ഞ് അവളെ വിലക്കിയതല്ലാതെ അവനെ ഒന്ന് ശാസിക്കുക പോലും അവർ ചെയ്തില്ല. ഒരു പക്ഷേ ആ ചെകുത്താന്റെ പിടിയെക്കാളും അവളെ വിഷമിപ്പിച്ചതിതാകും. ദുഖത്തിന്റെ ഭാരം താങ്ങാവുന്നതിലുമധികം ആയതിനാലാകാം താൻ ഇടയ്ക്കിടെ ആലോചിച്ചു വിഷമിക്കുന്നതിന്റെ കാരണം കൂടി അവൾ തുറന്നു പറഞ്ഞത്. ഇങ്ങനെയൊരു ദിവസം ആ വീട്ടിലുണ്ടാകുമെന്നു അവൾക്ക് ഏറെക്കുറെ അറിയാമായിരുന്നു. എന്തുകൊണ്ടാണന്നല്ലേ... 

 

അവളുടെ കുട്ടിക്കാലത്തെ ഓർമകളിലെവിടെയോ ആ ചെകുത്താന്റെ അവ്യക്തമായ കറപിടിച്ച ചിത്രം മായാതെ കിടന്നിരുന്നു. താൻ കുളിക്കുമ്പോഴും ഒരുങ്ങുമ്പോഴും കുഞ്ഞായിരുന്ന തന്നെ ഒളിഞ്ഞു നോക്കുന്ന അവന്റെ കണ്ണുകളും, തന്റെ നഗ്നതയെ ആസ്വദിച്ചിരുന്ന തുറിച്ച നോട്ടവും, ആ അസഹനീയതയെ മറികടക്കാൻ താൻ നടത്തിയ വിഫലമായ ശ്രമങ്ങളും അവളുടെ ഓർമക്കൂട്ടിലെവിടെയോ അവ്യക്തമായി തുടിച്ചിരുന്നു. ജീവിതത്തിൽ മറ്റൊരു വഴിയും ഇല്ലാതിരുന്നതു കൊണ്ടാകാം ആ ചെകുത്താൻ ജീവിക്കുന്ന വീട്ടിൽ അവൾ പിന്നെയും ജീവിച്ചത്. അവൾ ജീവിക്കുകയായിരുന്നില്ല... പൊരുതുകയായിരുന്നു... ഉറക്കത്തിൽ പോലും ഉറങ്ങാതെ അവൾ തനിക്കു തന്നെ കാവലിരിക്കുകയായിരുന്നു. സ്വന്തം അമ്മയുടെ പോലും തണലില്ലാതെ… 

അവളൊരു അനാഥയായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിച്ചു പോയി. എന്നിട്ടും നാട്ടിലെ ഏറ്റവും നല്ല ആൺകുട്ടിയായി അവനറിയപ്പെട്ടു. ചീത്ത കൂട്ടുകെട്ടില്ല, മദ്യപാനമില്ല, പുകവലിയില്ല, നാട്ടിലെ മാന്യൻ. നീതിബോധത്തിന് കണ്ണില്ലാത്തതു കൊണ്ടോ എന്തോ, സമൂഹത്തിലെ ഏറ്റവും മാന്യതയും ശമ്പളവുമുള്ള ജോലികിട്ടി അവൻ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി. എല്ലാവരും അവളോട് ആ ചെകുത്താനെ കണ്ടു പഠിക്കണം, അവനെ മാതൃകയാക്കണം എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാമറിയുന്ന അവളുടെ അമ്മ പോലും... 

 

സമ്മർദം അത്രയേറെ ആയതിനാലാകണം ഒരു ദിവസം അവൾ അമ്മയോടു പൊട്ടിത്തെറിച്ചു കുട്ടിക്കാലം തൊട്ടുള്ള അനുഭവങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. പണത്തിന്റെയും അഭിമാനത്തിന്റെയും തുലാസിൽ തൂക്കിനോക്കിയപ്പോൾ അവൾക്ക് ഭാരം കുറവായതിനാലാകണം ‘‘നിനക്ക് വേണ്ടി ഞാനെന്റെ മകനെ തള്ളിപ്പറയണോ... ഇതൊന്നും ഇനി നീ മിണ്ടിപ്പോകരുത്’’ എന്നവർ പറഞ്ഞത്. അവരൊരു സ്ത്രീയാണോ? അമ്മയാണോ? ആണ്, ആ ചെകുത്താന്റെ മാത്രം അമ്മ. ഏറെക്കുറെ കാര്യങ്ങൾ അറിയാമായിരുന്നിട്ടും ആ ചെകുത്താനെ നെഞ്ചോടു ചേർത്ത് നിർത്തുന്ന അച്ഛൻ. നാട്ടിലെ ഏറ്റവും മാന്യനാണ് തങ്ങളുടെ മകനെന്ന് നാഴികയ്ക്ക്  നാല്പതുവട്ടം വീമ്പിളക്കുന്ന അച്ഛനുമമ്മയും. ഈശ്വരാ... അവളവരുടെ മകളല്ലായിരുന്നെങ്കിൽ... 

 

പത്തു വർഷങ്ങൾക്കിപ്പുറവും അവളുടെ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് നന്നായി ഉറങ്ങാൻ കഴിയാതെ, ആ ചെകുത്താനെ ചേട്ടാ എന്ന് വിളിച്ചുകൊണ്ട്, അവൾ മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം കാലിൽ നില്ക്കാൻ പറ്റുന്നൊരു ദിവസത്തിനു വേണ്ടിയാണവളുടെ കാത്തിരിപ്പ്. അന്ന് പേടിപ്പെടുത്തുന്ന ആ നരകത്തിൽ നിന്ന് എന്നേയ്ക്കുമായി അവൾ പടിയിറങ്ങും. പിന്നീടൊരിക്കലും തിരിച്ചുവരാതെ, അവരുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കാതെ അവൾ പോകും. ആ ദിവസം എത്രയും പെട്ടെന്ന് വന്നു ചേർന്നെങ്കിൽ... 

 

എന്തുകൊണ്ടോ വൈകുന്ന ആ ഭാഗ്യമില്ലായ്മയുടെ പേരിലും എല്ലാവരാലും കുത്തുവാക്കുകളേൽക്കുന്ന അവളോടെനിക്ക് സ്നേഹം മാത്രമല്ല, ബഹുമാനവുമാണ്. ജീവിതത്തിലെ കനൽ മുള്ളുകൾ കുത്തിനോവിക്കുന്ന മുറിവുകളിലിടറി വീഴാതെ, മത്സരിച്ചുകൊണ്ടിരിക്കുന്ന അവളാണ് പെണ്ണ്. ഇരുളാർന്ന ആ ജീവിതയാഥാർഥ്യങ്ങൾക്കിടയിലും പൊലിഞ്ഞു പോകാതെ സ്വയം ഒരു പ്രകാശം കാത്തുസൂകിഷിക്കുന്ന അവളാണ് യഥാർത്ഥ പോരാളി... എനിക്കറിയാവുന്നതിൽ ഏറ്റവും വലിയ പോരാളി... പ്രിയേ നിനക്കായിതാ ഒരു ബിഗ് സല്യൂട്ട്... കാലങ്ങളായി നീ കാത്തുസൂക്ഷിക്കുന്ന ഈ ധൈര്യത്തിന് മുന്നിൽ ഈ ലോകത്തിലുള്ളവയെല്ലാം ചെറുതാണ്. നിന്നോളം ധൈര്യവതിയായ ഒരു സുഹൃത്ത് എനിക്കുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഒരു ദിവസം ആ കെട്ടുകൾ പൊട്ടിച്ചു നീ പറന്നുയരും... ആരും കൊതിക്കുന്ന ജീവിതം നിനക്കുണ്ടാകും... കാരണം, നിന്നിലെ തീയ്ക്ക് സംഹാരാഗ്നിയുടെ രൗദ്രഭാവവും, ദൈന്യതയുടെ ശോകഭാവവും, സ്നേഹത്തിന്റെ ശാന്തഭാവവുമുണ്ട്. അത് കെടുത്താൻ ഈ ലോകത്തിലെ ഒരു ശക്തിക്കുമാകില്ല. നീ എല്ലാ ബന്ധനങ്ങളിൽ നിന്നും പുറത്തുകടക്കുന്ന ആ ദിവസമായിരിക്കും ഈ ലോകത്തിലെ എന്റെ ഏറ്റവും നല്ല ദിനം. 

 

അവൾ വരും... ഇരുട്ടിന്റെ ഇരുമ്പഴികൾ ഭേദിച്ച് അവൾ പുറത്തുവരും. കാരണം അവൾ വെളിച്ചത്തിന്റെ പുത്രിയാണ്. കനലാണവൾ... കഴിഞ്ഞകാലത്തിന്റെ ചാരം ഊതിക്കളഞ്ഞവൾ... തീയായി പടരാൻ ത്രാണിയുള്ളവൾ... അവൾ പെണ്ണായി പിറന്നവൾ... 

 

English Summary: Priye Ninakkayi oru big salute, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com