‘പണ്ട് പണക്കാരേത് പാവപ്പെട്ടവരേത് എന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നത്, ടിവിയുള്ള വീടുകൾ നോക്കിയായിരുന്നു’

two-friends
Representative Image. Photo Credit : pixinoo / Shutterstock.com
SHARE

ജീവതാപം (കഥ)

മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തിലേക്ക് ട്രെയിൻ പിടിച്ച് പോയത് ഓർമ്മയുണ്ട്. നടക്കുമ്പോളൊക്കെ കാലിന്റെ അടിയിൽ മനുഷ്യ മലം പറ്റുന്ന നാട്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ശൗചാലയങ്ങളുള്ള വീടുകൾ. പണ്ട് നമ്മുടെ നാട്ടിൽ പണക്കാരേത് പാവപ്പെട്ടവരേത് എന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നത്, ടിവിയുള്ള വീടുകളെ നോക്കിയായിരുന്നു.

മുറ്റത്തോ വീടിന് മുകളിലോ ഏരിയൽ ഉയർന്നു നിൽക്കുന്നതും നോക്കി ഞാൻ മനസ്സിൽ മാർക്കിടും ലക്ഷങ്ങൾ വരുമാനമുള്ളവർ. അത്‌ പോലെ അവിടെ ശൗചാലയം നോക്കി ഞാൻ മാർക്കിട്ട് തുടങ്ങി.

ഞാൻ ബല്ലാർഷാ സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ വരണ്ട് കത്തുന്ന സൂര്യന്റെ തീപാറുന്ന നോട്ടം കണ്ട് സ്റ്റേഷനിലേക്ക് വെച്ച കാൽ ഞാൻ പുറകോട്ട് വലിച്ചതാണ്.

എന്ത് കൊണ്ടും എനിക്ക് തിരിച്ച് പോരണമെന്ന് തന്നെയായിരുന്നു. എങ്കിലും ഗോക്കൾ അലഞ്ഞു തിരിയുന്ന ചാണകം നാറുന്ന, പട്ടികളുടെ വിസർജ്യങ്ങൾ കൊണ്ട് അത്തക്കളമിട്ട, ട്രെയിനെന്നെ കൊണ്ടെത്തിച്ച, എന്റെ നിലനിൽപ്പിന്റെ തുടക്കം അവിടെ നിന്നാണെന്ന് ആരോ അശരീരിയിട്ട ആ ഭൂ പ്രദേശത്ത് കൂടെ ഞാൻ കാലുറപ്പിച്ച് നടന്നു.

സൂര്യൻ എന്റെ ഉറച്ച കാൽവെപ്പിന്റെ പുറകെ ആക്കം കൂട്ടി നടന്നെത്തിയെങ്കിലും, അവന്റെ സമയം അവസാനിച്ച് കഴിഞ്ഞിരുന്നു. രാത്രിയുടെ പതിഞ്ഞ സംസാരം കൂടെയായപ്പോൾ ഒരു പേടി എന്റെ ഒപ്പം കൂടി.

ഹിന്ദി വായിക്കാനറിയാം, സംസാരിക്കാൻ മേം, ഹൂം, ഹം ചേർത്ത് എല്ലാം സാഹചര്യം കല്പിച്ച ഭാഷയിൽ തകർത്താടി.

നൂറായിരം മറാത്തികൾ ആ ബസ്സിലുണ്ടെന്ന് തോന്നിപ്പോയി തമ്പാക്കുവിന്റെ ഗന്ധത്തിനിടയിലൂടെ ഒരു മലയാളി ഗന്ധം എന്നെ അണച്ചു പിടിച്ചു. 

പേരോർക്കുന്നില്ല ആൾ അവിടെ ഒരു കോളജിലെ പ്രഫസർ ആണ്, ഇടയ്ക്കെപ്പോളൊക്കെയോ ഞാൻ വിളിച്ചിരുന്നു ആളെ.

മലയാളം കേൾക്കാതെ ശോധന ഉണ്ടാവില്ലെന്ന് തോന്നുമ്പോൾ മുക്കിയും മൂളിയും മനസ്സിലെ ടെൻഷൻ അകറ്റാൻ ആളുമായുള്ള സംസാരങ്ങൾ ഉപകരിച്ചു.

നാല് മാസം കൊണ്ട് ഞാൻ ഹിന്ദികൊണ്ട് കുറുകി കുറുകി അരവണ പായസമെങ്കിലും വെക്കാൻ പഠിച്ചു.

സിമന്റ് പ്ലാന്റിലായിരുന്നു പണി, എസി റൂമിലെ ചുമരിൽ പോലും തമ്പാക്കൂ ചവച്ച് തുപ്പുന്ന കൊമ്പൻ മീശക്കാരായ ബല്ലാർഷാ സ്റ്റേഷനിൽ കണ്ട അതെ സൂര്യന്റെ നോട്ടമുള്ള ആളോട് ഞാൻ ആദ്യമായി ഹിന്ദി ഉച്ചരിക്കാൻ ധൈര്യം കാണിച്ചു.

കാര്യം മനസ്സിലാവുക എന്നതെ ഭാഷ കൊണ്ടുള്ള ഉപയോഗമുള്ളൂ എന്ന് ഞാൻ എപ്പോഴും ഇപ്പോഴും ബഹുമാനിക്കുന്ന ജെ പി (ജയപ്രകാശൻ )എന്ന എന്റെ ഉപ്പയുടെ സ്ഥാനത്ത് ഞാൻ അന്ന് കണ്ടിരുന്ന ഞങ്ങളുടെ കമ്പനിയിലെ ഇലക്ട്രിഷ്യൻ പകർന്ന് തന്ന ആത്മവിശ്വാസം അല്ലാതെ വേറെ ഒന്നും കൈ മുതലായുണ്ടായിരുന്നില്ല.

ഞാൻ ട്രെയിനി എഞ്ചിനീയർ ആണ് സൈറ്റിലെ പല കുണ്ടാമണ്ടികളും നോക്കി, നേരത്തെ പറഞ്ഞപോലോത്തെ പല തമ്പാകു നാറുന്ന, സൂര്യൻ നോട്ടമുള്ള പല ഏമാന്മാരുമായി മുട്ടി മുട്ടി പല പേപ്പറുകളും കൈക്കലാക്കേണ്ട ചുമതല, അനുമതി ഒപ്പിച്ചെടുക്കേണ്ട ചുമതല. ചുമതലകളെ ഓർമ്മിപ്പിച്ചു കൊണ്ട് തലയിലൊരു ഭാരമായി ഒരു വെളുത്ത നിറമുള്ള ഹെൽമെറ്റും.

യുപിയിൽ  നിന്നുള്ള കുറച്ച് ഡ്രൈവേഴ്സിന്റെ കൂടെയായിരുന്നു എന്റെ താമസം. ഒരു തമിഴൻ ക്രെയിൻ ഓപ്പറേറ്ററുമുണ്ട് രാജാ. തീരെ മലയാളം കേൾക്കാത്തപ്പോൾ അവന്റെ തമിഴ് ആശ്വാസമാകും ഞങ്ങളുടെ അയൽവാസിയും മലയാളത്തിന്റെ ഉത്ഭവവും അവരിൽ നിന്നാണല്ലോ എന്നാലോചിക്കും.

രാത്രിയിലും പകലിലും തീപ്പോലെ എന്നെ പൊള്ളിച്ചിരുന്ന കാര്യം അന്നത്തെ എന്റെ പ്രണയമായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം എന്നെ തിരിഞ്ഞു നോക്കാത്ത പ്രണയം സൂര്യനെക്കാൾ കത്തുന്ന നോട്ടം കൊണ്ട് എന്റെ ഉള്ളം കലക്കി.

അവളെന്തു തിന്നോ..?

ഉറങ്ങിയോ..?

എന്നെ എത്ര വട്ടം ആലോചിച്ചോ എന്തോ..

എന്നാലോചിച്ചു കൊണ്ട് സൈറ്റിലേക്ക് രാവിലെ നടക്കുമ്പോൾ., ഓർമ്മകളിൽ ചവിട്ടുന്നതിനേക്കാൾ സൂക്ഷമതയോടെ നിലത്ത് ചവിട്ടണം ഇല്ലേൽ കാര്യം സാധിച്ചു പോയവരുടെ ആശ്വാസകണങ്ങൾ മുഴുവൻ എനിക്ക് ഭാരമാകും.

ഒരു ദിവസം കൺവെയർ ബെൽറ്റിന്റെ നടപ്പാതയിലൂടെ മന്ദം മന്ദം നടക്കുമ്പോഴാണ് എന്റെ ദിവ്യപ്രണയിനി ദൂതുമായി വന്നത്. ഫോണെടുത്ത് നാല് മാസങ്ങൾക്ക് ശേഷം അവളുടെ ഒച്ച കേട്ടു. ഞാനുള്ളത് കോൾ മൈനിനടുത്തുള്ള, ചുണ്ണാമ്പ് കല്ലുകൾ അടിച്ചു പൊട്ടിക്കുന്ന ക്രഷർ യൂണിറ്റിന്റെയും കൺവെയറുകൾ നിലകൊള്ളുന്ന ട്രാൻസ്ഫർ ടവറിനു മുകളിലും.

സൂര്യൻ ഒരു മാതിരി നോട്ടമാണ് നോക്കുന്നത്, അതിന്റെ ഒരുമാതിരി അസഹ്യമായ ചൂടും. ഇവളായിരുന്നു അന്ന് അവിടെ മഴപെയ്യിപ്പിച്ചത് അതിന്റെ നന്ദി എനിക്ക് ഇപ്പോഴുമുണ്ട്.

വർഷകാലം പെയ്തൊഴിയും പോലെ മഹാരാഷ്ട്രയിലെ എന്റെ മഴക്കാലം അവൾ ഏറ്റെടുത്തു. പെയ്തൊഴിഞ്ഞ് ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് എനിക്ക് എന്റെ അതെ ചിന്താമൂല്ല്യമുള്ള ഒരു സമ്മാനം നാട്ടിൽ നിന്നും വന്നു.

അവന്റെ പേര് നിയാസ് എന്നായിരുന്നു. പച്ചവെള്ളം പോലെ ആശ്വാസം നൽകാൻ അവന്റെ പച്ചമലയാളം കൂടെ എന്റെ റൂമിൽ നിറഞ്ഞു നിന്നു. അവനും ഞാനും പ്രണയവിശേഷങ്ങൾ പങ്ക് വെച്ചും, അവന്റെ ഉപ്പ എന്റെ ഉപ്പ, അവന്റെ ഉമ്മ എന്റെ ഉമ്മ, അങ്ങനെ വീട്ടിലുള്ള ഓരോ മരത്തെ പറ്റി വരെ ഞങ്ങൾ സംസാരിച്ചു.

മുൻകർ നകീർ (മലക്കുകൾ) പോലെ ചോദ്യങ്ങൾ കൊണ്ട് കുഴക്കുന്ന അവിടുത്തെ ജീവിത സാഹചര്യത്തിൽ അവനെനിക്ക് സ്വർഗ കവാടം തുറന്ന് വെച്ചു. ഞങ്ങൾ ഒന്നിച്ച് കാലിൽ പറ്റിയ വിസർജ്യങ്ങളെ ചിരിച്ച് കൊണ്ട് നേരിട്ടു.

ഒന്നിച്ചുള്ള ട്രെയിൻ യാത്രകളിൽ സൗഹൃദത്തിന്റെ പാളങ്ങൾ വീണ്ടും വീണ്ടും പുതുക്കിപണിതു, നാട്ടിലുള്ളപ്പോൾ അവൻ എന്റെ വല്ലിമ്മയെ കാണാൻ വന്നു. എന്റെ ഉമ്മ ഉണ്ടാക്കിയ ചായ കുടിച്ചു എന്റെ ഉപ്പയോട് സലാം ചൊല്ലി, പോവുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു.

അവന്റെ വീട്ടിലും ഉമ്മ, ഉപ്പ, അനിയന്മാർ അവന്റെ ഉമ്മ ഉണ്ടാക്കിത്തന്ന സ്നേഹം പൊള്ളുന്ന പലഹാരങ്ങൾ അങ്ങനെ നാൾക്ക് നാൾ നീളെ ഒരു നാൾ ഞങ്ങൾ പിരിഞ്ഞു.

കൂട്ടുകാർ എന്നെ ഖത്തറിലേക്ക് ക്ഷണിച്ചു. അവൻ കുറച്ച് നാൾ കൂടെ അവിടെ തുടർന്നു. അവിടെ കുറച്ചൊക്കെ പുതിയ കക്കൂസുകൾ വന്നെന്ന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അവൻ ഒരിക്കൽ എന്നോട് പറഞ്ഞു.

എന്റെ ഉപ്പ മരിച്ചതിന് ശേഷം അവന്റെ ഒരു സലാം എന്നെ തേടി പാഞ്ഞു വന്നു. ഞാൻ എന്റെ പ്രണയിനി മഴ നിർത്തി പോയതിന്റെ ചൂടിലും, ഉപ്പ മരിച്ചതിന്റെ ആവിയിലും, പുസ്തകം ഇറങ്ങിയതിന്റെ തണുപ്പിലും ആയിരുന്നു.

അയച്ച സലാമിന് പുറകെ അവൻ എന്റെ വീടിന്റെ പരിസരത്ത് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്, അവൻ എന്നെ വന്ന് കണ്ടു വണ്ടിയിൽ അവന്റെ ഉപ്പ, ഉമ്മ, ഭാര്യ, പിന്നെ അവന്റെ പോലെ തന്നെ പത്തരമാറ്റുള്ള മോൻ. അവൻ എന്നെ മാമ എന്ന് വിളിച്ചു, അവന്റെ ഉപ്പായോട് ഞാൻ സലാം പറഞ്ഞു, ഉമ്മ ചിരിച്ചു, അവന്റെ പെണ്ണ് പുതിയ പരിചയം വെച്ചു, അവൻ എന്റെ തണുപ്പിനെ മാത്രം തേടി,

‘‘പുസ്തകമെവിടെ…?’’

എന്ന് ചോദിച്ചു അവന്റെ ഉപ്പയെ കൊണ്ട് അത്‌ വാങ്ങിപ്പിച്ചു ബാക്കിയുള്ളതിനെല്ലാം ഒരു നോട്ടം കൊണ്ട് കെട്ടിപ്പിടിച്ചു.

അവർ അന്ന് മടങ്ങിപ്പോയ ആ കാഴ്ചയും, വണ്ടിയുടെ ഇരമ്പലും, അവന്റെ മോന്റെ ചിരിയും, അവന്റെ ഉപ്പയുടെ കയ്യിലെ ചൂടും അത്‌ മതി അത്‌ മതി എനിക്ക് കാലുറപ്പിച്ചു നടക്കാൻ.

ജീവിതം ഇനിയും കത്തുന്ന നോട്ടം നോക്കട്ടെ, അവനുണ്ടല്ലോ..

English Summary: Jeevithathapam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA
;