ADVERTISEMENT

യു ആർ അണ്ടർ അറസ്റ്റ് (കഥ)

 

പുതിയ അധ്യായന വർഷാരംഭം ഏറെ സന്തോഷത്തോടെയാണ് ഞാൻ സ്കൂളിലേക്ക് പോയത്. ഞാൻ മാത്രമല്ല, രമേശും, സജി ജോണും, വർഗ്ഗീസ് ചാക്കോയുമെല്ലാം. അതിനൊരു കാരണമുണ്ട്. ആറാട്ടുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ ഏറ്റവും മുതിർന്ന വിദ്യാർഥികളായിരിക്കുകയാണ് ഞങ്ങൾ. കഴിഞ്ഞ മാസം റിസൾട്ടറിയാൻ വേണ്ടി സ്കൂളിൽ വന്നതാ. പിന്നെ ഇപ്പോഴാണ് വരുന്നത്. അല്ല, അതിനിടയിൽ ഒരു തവണ കൂടി വന്നിരുന്നു; പുസ്തകം മേടിക്കാൻ. അന്നീ സ്കൂൾ മുറ്റത്തെ വാകമരം നിറയെ പൂക്കളുമായി നിൽക്കുകയായിരുന്നു. ഇപ്പോൾ എല്ലാം കൊഴിഞ്ഞ് നിലത്തു മണ്ണിൽ പറ്റിച്ചേർന്നു കിടക്കുന്നു. എങ്കിലും കുറച്ചു പൂക്കളൊക്കെ ഇപ്പോഴും കാണാം. അങ്ങനെ നീണ്ട രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് പുതിയ പുസ്തകങ്ങളും ബാഗും കുടയുമായി സ്കൂളിലേക്ക്... എന്റെയും രമേശിന്റെയും വീടുകൾ അടുത്തടുത്തായതു കൊണ്ട് ഞങ്ങൾ ഒരുമിച്ചായിരിക്കും സ്കൂളിലേക്കുള്ള യാത്ര. ഞാൻ രമേശിന്റെ വീട്ടിൽ പോയി അവനെയും കൂട്ടിയായിരിക്കും സ്കൂളിലേക്കുള്ള യാത്ര. വക്കീലാഫീസിലെ ഗുമസ്തനായ രമേശിന്റെ അച്ഛൻ രാവിലെ വീട്ടിൽ നിന്നു പോകും. രമേശിന്റെ അച്ഛൻ വീട്ടിലുള്ളപ്പോൾ ഞാനങ്ങോട്ട് പോകില്ല. കർക്കശക്കാരനായ രമേശിന്റെ അച്ഛനെ ഞങ്ങൾക്കു വല്യ പേടിയായിരുന്നു. 

 

‘‘ഇനിയിപ്പം പഴയപോലൊന്നുമല്ല, ഏഴാം ക്ലാസ്സിലാ. അതോർമ്മ വേണം. കളിച്ചും, വല്ലോ വീട്ടിലും പോയി കാസറ്റിട്ട് സിനിമയും കണ്ട് മാവേലെറിഞ്ഞുമൊന്നും നടക്കാൻ പറ്റില്ല, ഒത്തിരി പഠിക്കാനുണ്ട്.’’ രമേശിന്റെ അമ്മ പറയും. ഞങ്ങൾ രണ്ടു പേരും സമ്മതഭാവത്തിൽ തലയാട്ടും. അതു പറയാൻ മറ്റൊരു കാരണമുണ്ട്. രമേശനും എനിക്കും സിനിമ കാണുന്നതിൽ കമ്പം കുറെ കൂടുതൽ ആണ്. അക്കാലത്തിറങ്ങിയ പടങ്ങളെല്ലാം അവധിക്കാലത്ത് എവിടെയെങ്കിലും പോയി കണ്ടിരുന്നു. പിന്നെ ഞായറാഴ്ച ടി വി യിൽ വരുന്ന സിനിമകൾ. ഞങ്ങളെല്ലാവരും മോഹൻലാലിന്റെ ആരാധകരായിരുന്നപ്പോഴും രമേശനിഷ്ടം സുരേഷ് ഗോപിയെയായിരുന്നു. അടുത്ത സൂപ്പർസ്റ്റാർ സുരേഷ് ഗോപി ആകുമെന്ന് അവൻ തീർത്തു പറയും. ഞങ്ങൾക്കൊക്കെ സുരേഷ് ഗോപിയെ ഇഷ്ടമായിരുന്നെങ്കിലും മോഹൻലാലിനെ കഴിഞ്ഞേയുള്ളായിരുന്നു. 

 

 

‘‘അമ്മേ ഞങ്ങളെറങ്ങുകാ...’’ രമേശൻ ഉച്ചത്തിൽ പറഞ്ഞു. പഴയ വഴികളിലൂടെയുള്ള യാത്ര. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്ററു താണ്ടണം സ്കൂളുവരെ. അതിനിടയിലുള്ള പറമ്പുകളും തോടും കടന്നങ്ങനെ പോകും. പോകുന്ന വഴിയിലെ മാവിൻ കൊമ്പിലെ കിളിഞ്ഞിലിന്റെ ഇടയിൽ നിറയെ അണ്ണാൻ കൂടു വെക്കുമായിരുന്നു. ഇപ്പോൾ അത് അവിടൊക്കെ ഉണ്ടാകുമോ ആവോ… പോകുന്ന വഴിയരികിലെ തോട്ടുംക്കരയിൽ ചൂണ്ടയും ഇട്ടോണ്ട് കുന്നുംപറമ്പിലെ ചെല്ലപ്പൻചെട്ടിയാരുടെ മകൻ ഓമനക്കുട്ടൻചേട്ടൻ കാണും. പശുവിനെ അപ്പുറത്തെ പറമ്പിൽകെട്ടി ഓമനക്കുട്ടൻചേട്ടൻ ചൂണ്ട ഇടുകയാണ്. ആറാട്ടുകടവ് ഗവ. യു. പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഓമനക്കുട്ടൻചേട്ടൻ. ഒൻപതാം ക്ലാസ്സോടു കൂടി പഠിത്തം നിർത്തി അച്ഛന്റെ കൂടെ പശുവളർത്തലാ ഇപ്പോൾ. ഞങ്ങളുടെ പൊതുവെയുള്ള സംശയങ്ങളെല്ലാം മാറ്റി തരുന്നത് ഓമനക്കുട്ടൻചേട്ടനാണ്. എല്ലാം ശരിയല്ലെങ്കിൽ കൂടി ഓമനക്കുട്ടൻചേട്ടൻ പറയുന്നതായിരിക്കും അവസാന വാക്ക്. 

 

സ്കൂളിലെ ഭിത്തികളിലൊക്കെ ഈ വർഷം കുമ്മായം പൂശിയിട്ടുണ്ട്. തൊട്ടാൽ കൈയിൽ പറ്റിപ്പിടിക്കുന്ന കുമ്മായപ്പൊടി. ക്ലാസ്സ് മുറിയിലെ ഡെസ്ക്കിലും ബഞ്ചിലും പ്രാവും കാഷ്ടത്തിന്റെ അടയാളങ്ങൾ വെള്ളപ്പാണ്ടുകൾ പോലെ മായാതെ കിടക്കുന്നു. രണ്ടു മാസം അവധി കാരണം ഇവയ്ക്കൊക്കെ മേയാൻ ഞങ്ങളുടെ ക്ലാസ്സു മുറികൾ തന്നെ വേണമെന്നായി. സ്കൂൾ മുറ്റത്തെ മരങ്ങൾക്കുമൊന്നും ഒരു മാറ്റവുമില്ല, എല്ലാം കഴിഞ്ഞ വർഷത്തേതു പോലെ തന്നെ.

 

രണ്ടു മാസക്കാലം പലയിടങ്ങളിലായ കൂട്ടുകാരുടെ വിശേഷങ്ങൾ. അതിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ടത് സജി ജോൺ അവന്റപ്പന്റെ കൂടെ കട്ടപ്പനയിൽ പോയി അവിടുത്തെ കാഴ്ചകൾ പറയുന്ന കേൾക്കാനാണ്. അവധി കിട്ടിയാലുടൻ കട്ടപ്പനയിലെ അവന്റെ അമ്മവീട്ടിലേക്ക് പോകും. പിന്നെ രണ്ടു മാസക്കാലം അവിടെയായിരിക്കും. മുണ്ടക്കയം കഴിഞ്ഞാൽ ആകാശം മുട്ട് ഉയരത്തിൽ നിറയെ കുന്നുകളായിരിക്കും. കുട്ടിക്കാനം തൊട്ട് കോടമഞ്ഞു മൂടിയ തേയില തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര... ബസ്സിന്റെ സൈഡു സീറ്റിലിരുന്ന് അതൊക്കെ കണ്ടുപോകുന്ന കാര്യമൊക്കെ സജി പറയും. പ്രകൃതിയോടു മല്ലിട്ടു കാടും മലയും വെട്ടിപ്പിടിച്ച് അപ്പൻ കൃഷി ചെയ്ത കഥകൾ. അതൊക്കെ പറയുമ്പോൾ സജിയുടെ മുഖത്ത് വല്ലാത്ത ഒരാവേശമായിരുന്നു. ഞങ്ങളും അതിൽ ലയിച്ചിരിക്കും. കാട്ടിൽ പോയി മരത്തിന്റെ മുകളിൽ നിന്ന് അപ്പൻ തേനെടുക്കും. കാടും വള്ളിപ്പടർപ്പുകളും തടാകങ്ങളും അങ്ങനെ എല്ലാം കണ്ടു നടക്കും. രാത്രിയിൽ ഏറുമാടങ്ങളിൽ കയറി അവിടെയായിരിക്കും ഉറങ്ങുക. ആനയുടെ ശല്യമുള്ളതുകൊണ്ട് അവിടെയൊക്കെ അങ്ങനെയാ... ഞങ്ങളൊക്കെ ഏറുമാടങ്ങൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു. സജി അതെല്ലാം നേരിൽ കണ്ടിരിക്കുന്നു. ഞങ്ങളുടെ ഇടയിൽ സജിയോട് അല്പം അസൂയയും അതോടൊപ്പം ബഹുമാനവും തോന്നി. അങ്ങനെ സജി ഞങ്ങളുടെ ഇടയിൽ നായക പരിവേഷമണിഞ്ഞു. 

 

‘‘നാലഞ്ചു കൊല്ലം കഴിയുമ്പോൾ ഞങ്ങളെല്ലാവരും ഈ നാടുവിട്ട് കട്ടപ്പനയിൽ പോകുമെന്നാണ് അമ്മ പറയുന്നത്.’’ സജി പറയും.

 

‘‘നിന്റെയൊരു ഭാഗ്യം, നിനക്കതൊക്കെ കാണാമല്ലോ... ഞങ്ങൾ ഇവിടൊക്കെ കെടന്നു പോകത്തേയുള്ളു..’’ പുറകിലെ ബഞ്ചിലിരുന്ന് സാബു പറയും. അവിടുത്തെ മലഞ്ചരിവുകളും വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളുമൊക്കെ ഞങ്ങളുടെ മനസ്സിൽ ഒരു ചിത്രം കണ്ട അനുഭൂതിയിൽ സജി പറഞ്ഞുതരും. അന്നൊക്കെ, എന്നാ പറഞ്ഞാലും അവൻ പറയും. ‘‘അതൊക്കെ അങ്ങ് കട്ടപ്പനയിൽ, അതൊക്കെയാ… കാണേണ്ടത്.’’

ഞങ്ങളുടെ ഇടയിൽ സജി ജോണങ്ങനെ കട്ടപ്പന സജിയായി. ഒരോ കഥകൾ കേട്ടു കഴിയുമ്പോഴും കട്ടപ്പന ഒരു വല്യ സംഭവമായി മാറിക്കൊണ്ടിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും അക്കാലത്തെ മോഹമായിരുന്നു കട്ടപ്പന കാണുക എന്നുള്ളത്.   കട്ടപ്പനയുടെ മുമ്പിൽ ഏറ്റവും വലിയ ലോകരാജ്യമായ അമേരിക്ക പോലും മാറി നിന്നിരുന്നു.

 

വിളഞ്ഞു നിൽക്കുന്ന നെൽവയലുകൾ, കാറ്റത്താടിയുലയുന്ന നെൽമണികൾ, പാടത്തു നെൽമണികൾ കൊത്തിപ്പെറുക്കാൻ വെള്ളകൊക്കുകൾ വന്നിരിക്കുന്ന കാഴ്ച, തോട്ടരികിലെ ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പിൽ പൊൻമാനുകൾ മീനുകളെ കൊത്താൻ കാത്തിരിക്കുന്ന കാഴ്ചകൾ, പാടത്തിനരികിലെ ചെറു മരക്കൊമ്പുകളിൽ തുക്കനാം കുരുവികളുടെ കൂടുകൾ തൂങ്ങി നിൽക്കുന്നത്; അങ്ങനെ അത്തരം കാഴ്ചകൾ വളരെ മനോഹരമായി തോന്നുമായിരുന്നെങ്കിലും കട്ടപ്പന കാണാനുള്ള മോഹം ഇടയ്ക്കിടയ്ക്ക് എന്റെ മനസ്സിൽ പിടി മുറിക്കികൊണ്ടിരുന്നു. പലപ്പോഴും സജി പുളുവൊക്കെ തട്ടി വിടുമായിരുന്നു. അതെല്ലാം പുളുവാന്നറിഞ്ഞോണ്ടു തന്നെ കേട്ടിരിക്കും. കട്ടപ്പനയിലെ കഥകൾ; കേട്ടിരിക്കാൻ അതൊരു രസമാണ്.

 

സ്കൂൾ തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞു. പാഠപുസ്തകത്തിലെ പുതിയ അധ്യായം പഠിപ്പിക്കാൻ വേണ്ടി രാമചന്ദ്രൻസാറു ബോർഡിൽ തീയതി എഴുതി. 6/7/1988. പിന്നെ ‘സാമൂഹ്യപാഠം’ എന്നു വലിയ അക്ഷരങ്ങളിൽ എഴുതി, അടിയിൽ നീട്ടിയൊരു വരയിട്ട് പഠിപ്പിച്ചു തുടങ്ങി. പാഠം ഒന്ന്. ‘ഗാന്ധിജിയും സ്വാതന്ത്ര്യ സമരങ്ങളും’ ഞങ്ങളുടെ ഇടയിൽ സ്വാതന്ത്ര്യബോധവും ഭാരതത്തെ പറ്റിയുമൊക്കെ കൂടുതൽ അറിവു പകർന്നത് ഈ പാഠങ്ങളായിരുന്നു. പിന്നെ ഒരോരോ വിഷയങ്ങൾ. കണക്ക്, ഇംഗ്ലീഷ്, മലയാളം. അതിൽ ഇംഗ്ലീഷായിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രയാസമായ വിഷയം. 

 

ധനു മാസമായാൽ ആറാട്ടുകടവ് ശിവക്ഷേത്രത്തിൽ ഉത്സവം തുടങ്ങും. പിന്നൊരു മേളം തന്നെയായിരിക്കും. ഭഗവാന്റെ തിടമ്പെടുക്കാനുള്ള ആനയെയും കൊണ്ട് പാപ്പാൻ പുഷ്പാംഗദൻചേട്ടൻ പുഴയിലൂടെ നടന്നുവരും. മുട്ടറ്റം വെള്ളമുള്ള പുഴയിലൂടെ ഞങ്ങളും കൂടെ നടക്കും. ഞങ്ങൾ നാലഞ്ചു കുട്ടികൾ കാണും. എല്ലാ വർഷവും ആനയെകൊണ്ടു വരുമ്പോഴും ഞങ്ങളൊരു ആനവാൽ ചോദിക്കും. അടുത്ത വർഷമാട്ടെ എന്നു പറഞ്ഞ് പുഷ്പാംഗദൻ ചേട്ടൻ മോഹിപ്പിക്കും. അടുത്ത പ്രാവശ്യവും അങ്ങനെതന്നെ പറയും. എല്ലാ പ്രാവശ്യവും എന്തെങ്കിലും കാരണം പറഞ്ഞ് പുഷ്പാംഗദൻചേട്ടൻ തരില്ല. എന്നാലും ആനയുടെ കൂടെ പുഴയിലൂടെ നടക്കാൻ നല്ല രസമാണ്.

 

തിങ്കളാഴ്ച ദിവസങ്ങളിൽ മുഴുവനും ഞായറാഴ്ച ടി വിയിൽ കണ്ട സിനിമയുടെ ചർച്ചയായിരിക്കും രമേശനും ഞാനും. വളിപ്പു സിനിമായാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പപ്പു, മാള, ജഗതി ഈ മൂന്നു വളിപ്പൻമ്മാരും ഒന്നിച്ചുള്ള സിനിമ ഞങ്ങളുടെയൊക്കെ സ്വപ്നമായിരുന്നു. അങ്ങനെ ഞങ്ങളുടെ ഏഴാം ക്ലാസ്സ്, സിനിമാ കഥകളും ചർച്ചകളും അല്പം പഠിത്തവുമായി മുന്നോട്ട് പോയി.

 

പല ദിവസങ്ങളിലും സ്കൂളിൽ വളരെ നേരത്തെ വരും. പക്ഷേ ക്ലാസ്സുമുറികൾ തുറക്കണമെങ്കിൽ പ്യൂൺ ജോസേട്ടൻ തന്നെ വരണം. അതുവരെ ഞങ്ങൾ മുറ്റംവഴി ചുറ്റി നടക്കും, അല്ലെങ്കിൽ വാകമരത്തിന്റെ ചുവട്ടിലെ മതിലിന്റെ മുകളിലിരുന്ന് ചതുരംഗമോ പതിനാറുകായോ കളിക്കും. വാകപ്പൂക്കൾ ഇടയ്ക്കൊക്കെ കൊഴിഞ്ഞു വീണ് ഞങ്ങളുടെ കളിയിലുള്ള ഏകാഗ്രതയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

 

ആയിടയ്ക്കാണ് ‘കാതോടു കതോരം’ സിനിമ ഞായറാഴ്ച ടിവിയിൽ വന്നത്. മൂന്നു വർഷം മുമ്പിറങ്ങിയ പടം ആയിരുന്നെങ്കിലും ഞങ്ങൾക്കതു പുതിയ പടം പോലെയായിരുന്നു. നല്ല പടമായിരുന്നെന്ന് എല്ലാവരും പറഞ്ഞപ്പോഴും, അതു കാണാനുള്ള ഭാഗ്യം അന്നുണ്ടായില്ല. ഞാനും രമേശനും ഞായറാഴ്ച നാലുമണി ആകാൻ വേണ്ടി കാത്തിരുന്നു. അങ്ങനെ കുറേ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന മോഹം സാക്ഷാത്കരിച്ചു. ആ സിനിമ ഞങ്ങൾ കണ്ടു. അനാഥത്വത്തിന്റെ ഭാരവും പേറി ഒരു നാട്ടിലേക്ക് കച്ചി ലോറിയുടെ പുറത്തു കിടന്നു വരുന്ന ലൂയിസ്. മേരിക്കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു തിരിനാളം പോലെയെത്തുന്ന ലൂയിസ്. അവരോടൊപ്പമുള്ള കുട്ടനും ഫാദറുമൊക്ക. ഒരു മലയോര ഗ്രാമത്തിലെ പള്ളിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ ഞങ്ങളെയെല്ലാം ദു:ഖത്തിലാഴ്ത്തിയിട്ടായിരുന്നു അവസാനിച്ചത്. വളിപ്പു പടങ്ങളെ ഇഷ്ടപ്പെട്ട ഞങ്ങളുടെ മനസ്സിൽ ഈ സിനിമ സങ്കടത്തിന്റെ പുള്ളിക്കുത്തുകൾ വീഴ്ത്തിയിരുന്നു.

 

‘‘കട്ടപ്പനയിലും ഇതുപോലെയാ പള്ളിയും സ്ഥലങ്ങളുമെല്ലാം’’ സജീ ഇടയ്ക്കൊക്കെ പറയും. കട്ടപ്പനയെപ്പറ്റി പറയുന്ന ഒരവസരവും സജി പാഴാക്കില്ലായിരുന്നു.

 

ആ പടം കണ്ട് മൂന്നാലു ദിവസം ഞങ്ങളുടെ ഇടയിൽ ഒരു നിശ്ശബ്ദ മൂകത പരന്നിരുന്നു. പിന്നെ കുറെ കഴിഞ്ഞാണ് ആ സിനിമ ഞങ്ങളിലുണ്ടാക്കിയ നൊമ്പരം മാറി വന്നത്. അപ്പോഴേക്കും ഞങ്ങളുടെ ഇടയിൽ പുതിയൊരു തർക്കം രൂപപ്പെട്ടു. ഞാനും രമേശനും ഇരിക്കുന്ന ബഞ്ചിന്റെ പുറകിലിരിക്കുന്ന സാബുവും, കൃഷ്ണനുമായിരുന്നു ആ തർക്കത്തിന് തുടക്കമിട്ടത്. മറ്റൊന്നുമല്ലായിരുന്നു, ആ പടത്തിലെ പാട്ടുകളായിരുന്നു തർക്ക വിഷയം. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിനോടനുബന്ധിച്ച് ഫാദറും സിസ്റ്റർമാരും സൺഡേ സ്കൂൾ കുട്ടികളെ കൊണ്ട് അവതരിപ്പിച്ച ഡാൻസ്സിനായി പാടുന്ന പാട്ട്. ലൂയിസായി മമ്മൂട്ടിയും, മേരിക്കുട്ടിയായി സരിതയും ഒരു മൈക്കിന്റെ മുമ്പിൽ മാറിമാറി പാടുന്ന പാട്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഗാനം മമ്മൂട്ടി തന്നെ പാടിയതാണന്നാണ് സാബുവും കൃഷ്ണനും സജിയുമൊക്കെ. മമ്മൂട്ടി അല്ലെന്നു ഞാനും. അങ്ങനെ തർക്കം കൂടുതൽ മുറുകി വന്നു.

 

ഇതിപ്പം എങ്ങനെയാ ഒന്നറിയുക. ഞങ്ങളെല്ലാവരും ഒരു പോലെ ചിന്തിച്ചു. അപ്പോഴാണ് വർഗീസ് പറഞ്ഞത്. ‘‘എടാ ഞായറാഴ്ച റേഡിയോയിൽ ചലച്ചിത്ര ഗാനത്തിൽ അറിയാൻ പറ്റും, ആരാ പാടിയതെന്ന്.’’

 

“അതു ശരിയാ, ചലിച്ചിത്ര ഗാനത്തിൽ പാട്ടു വരുന്നതിനുമുൻപ് പാടിയത് ആരാന്ന് പറയും, അപ്പോഴറിയാമല്ലോ...” സാബുവും പറഞ്ഞു. പിന്നെ ഞങ്ങളോരോത്തരും ഞായറാഴ്ച ഉച്ചയ്ക്ക് ആകാശവാണിയിൽ വരുന്ന ‘ചലച്ചിത്ര ഗാനങ്ങൾ’ കേട്ടു തുടങ്ങി. ആഴ്ചകൾ പലതു കഴിഞ്ഞു. മറ്റു പാട്ടുകൾ പലതും വന്നുവെങ്കിലും ഈ പാട്ടു മാത്രം വന്നില്ല. ഒരിക്കൽ ചലച്ചിത്ര ഗാനത്തിന്റ ഇടയിൽ കറണ്ടു പോയി, പിന്നീട് വന്നപ്പോൾ കേട്ടത് ഈ പാട്ടായിരുന്നു. അന്നു പകുതിതൊട്ടെ കേൾക്കാൻ കഴിഞ്ഞുള്ളു. അതുകൊണ്ട് പാടിയതാരാണന്ന് അറിഞ്ഞില്ല. അങ്ങനെ ഞങ്ങളുടെ ആ അവസരവും നഷ്ടപ്പെട്ടു.

ആ പാട്ട് ആരാ പാടിയതെന്ന് അറിയാനുള്ള സകല വഴികളും അടഞ്ഞപ്പോൾ കട്ടപ്പന സജിയാണ് പറഞ്ഞത്. ഓമനക്കുട്ടൻചേട്ടനോട് ചോദിക്കാമെന്ന്. ഞങ്ങളെല്ലാവരും കൂടി വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിലെ കഞ്ഞികുടിയും കഴിഞ്ഞ് തോട്ടും കരയിൽ ചൂണ്ടയിടുന്ന ഓമനക്കുട്ടൻചേട്ടന്റെ അടുത്തെത്തി. അതുവരെ ചൂണ്ടയിൽ തന്നെ നോക്കിയിരുന്ന ഓമനക്കുട്ടൻചേട്ടൻ ഞങ്ങളുടെ ചോദ്യത്തിൽ മുകളിലേക്ക് തലയുയർത്തിയും പിന്നെ തോടിന്റെ അടിയിൽ കല്ലേൽ പറ്റിചേർന്നിരിക്കുന്ന കല്ലേൽമുട്ടിയെയും നോക്കി കൊണ്ട് ആഴത്തിൽ ചിന്തിച്ച ശേഷം പറഞ്ഞു.  

‘‘അത് മമ്മൂട്ടിയായിരിക്കും. അതേ.... മമ്മൂട്ടി തന്നെയാണ്. പാതി സംശയത്തോട് ഓമനക്കുട്ടൻചേട്ടൻ ഉറപ്പിച്ചു.’’

 

ഒടുവിൽ ഞാനും സമ്മതിക്കേണ്ടി വന്നു. അതു മമ്മൂട്ടി തന്നെയാ പാടിയത്. ഓമനക്കുട്ടൻ ചേട്ടൻ പറഞ്ഞതല്ലേ... പിന്നെ മാറ്റമില്ല. ആ തർക്കം താൽക്കാലികമായി അവിടെ അവസാനിച്ചു. അങ്ങനെ സിനിമ കഥകളും ചർച്ചകളും കളികളും അല്പം പഠിത്തവുമായി ആഴ്ചകൾ പലതു കഴിഞ്ഞു. മലയാളത്തിന്റെയും കണക്കിന്റെയും ഇംഗ്ലീഷിന്റെയും സാമൂഹ്യപാഠത്തിന്റെയും പുസ്തകങ്ങളിലെ അധ്യായങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോയ്കൊണ്ടിരുന്നു. ഓണാവധി കഴിഞ്ഞ് ക്രിസ്മസ്സ് കാലം എത്തി, ആയിടയ്ക്കാണ് വീടിനടുത്തുള്ള കത്തോലിക്ക പള്ളിയിൽ പെരുന്നാൾ വന്നത്. ചിന്തിക്കടകളും, പാത്രക്കടകളും, കളിപ്പാട്ടക്കടകളും അങ്ങനെ പലതും. റാസ കഴിഞ്ഞ് അമ്മയുടെ കൂടെ സാധനങ്ങൾ മേടിച്ചപ്പേഴാണ് കണ്ടത് ‘മലയാള ചലച്ചിത്ര ഗാനങ്ങൾ’ എന്നെഴുതിയ പാട്ടുപുസ്തകം വിൽക്കാൻ വച്ചിരിക്കുന്നത്. അമ്മയെ കൊണ്ട് നിർബന്ധിച്ച് ഒരു രൂപാ കൊടുത്തതു വാങ്ങി. പിന്നീടു വീട്ടിൽ വന്ന് അതിലെ പേജു മറിച്ചു നോക്കിയപ്പോഴാണ് കണ്ടത്. ‘കാതോട് കാതോരം’ സിനിമയിലെ പാട്ടുകൾ. ആകാംഷയോടെ ഞാനതു നോക്കിയപ്പോൾ കണ്ടു, മാസങ്ങൾക്കു മുമ്പേ തർക്കത്തിനിടയാക്കിയ ആ പാട്ട്. പാട്ടിന്റെ മുകളിൽ എഴുതിയത് ഞാൻ വായിച്ചു. “കതോടു കതോരം” “പാടിയത്. യേശുദാസ് ” 

 

അടുത്ത ദിവസം തന്നെ പാട്ടുപുസ്തകം കൊണ്ട് ഞാൻ സ്കൂളിൽ പോയി എല്ലാവരെയും കാണിച്ചു കൊടുത്തു. ‘‘ഞാനന്നേ പറഞ്ഞതല്ലേ മമ്മൂട്ടി അല്ല പാടിയതെന്ന്.

എനിക്കറിയാമായിരുന്നു യേശുദാസാ പാടിയതെന്ന്. യേശുദാസല്ലാതെ ലോകത്താർക്കും ഈ പാട്ടു പാടാൻ പറ്റില്ല.’’ ഞാനല്പം അഭിമാനത്തോടെ പറഞ്ഞു. അങ്ങനെ വലിയ ഒരു തർക്കത്തിന് പരിസമാപ്തിയായി. എങ്കിലും ആ സിനിമയും, മമ്മൂട്ടി അതിഗംഭീരമായി പാടി അഭിനയിച്ച രംഗങ്ങളുമെല്ലാം ഞങ്ങടെ എല്ലാവരുടെയും മനസ്സിൽ മായാതെ നിന്നു. ലൂയിസായി അഭ്രപാളികളിൽ തകർത്തഭിനയിച്ച അനശ്വര നടൻ മമ്മൂട്ടി ഓർമ്മകളിൽ നിറഞ്ഞു നിന്നു. അതോടെ ഞങ്ങളെല്ലാവരും മമ്മൂട്ടിയുടെ ആരാധകരായി മാറി. ഞങ്ങളുടെ മനസ്സങ്ങനെ ഒരോ പടം കാണുമ്പോഴും മാറിക്കൊണ്ടിരുന്നു.

 

ശാസ്ത്രമേളയും, കലോത്സവവും, സ്പോർട്സുമെല്ലാം കഴിഞ്ഞു. ഇനി സ്കൂൾ വാർഷികമാണ് നടക്കാനുള്ളത്. വാർഷികമായാൽ പിന്നെ നാടകം പഠിക്കാനും, പാട്ടു പഠിക്കാനുമെന്നും പറഞ്ഞ് റബർ തോട്ടത്തിലും തോട്ടുവക്കിലും പ്രാക്ടീസായിരിക്കും. അല്ലേൽ തന്നെ ക്ലാസുകൾ കുറവായിരുന്നു. സ്കൂളിലെ ഏറ്റവും മുതിർന്ന വിദ്യാർഥികളായതു കൊണ്ടു തന്നെ ശോശാമ്മ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. 

 

“ഈ വർഷത്തെ വാർഷികത്തിൽ നിങ്ങളുടെ ഒരു നാടകം വേണം. ഈ വർഷത്തെ സ്കൂളിന്റെ വാർഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമ്മുടെ വിദ്യാലയം രൂപം കൊണ്ടിട്ട് എൺപത് വർഷമായിരിക്കുന്നു. അതുകൊണ്ട് ആൺകുട്ടികൾ ഒരു നാടകവും പെൺകുട്ടികൾ ഒപ്പനയും പിന്നെ പാട്ട്, ഗാനമേള, മലയാളം പദ്യം ചൊല്ലൽ എന്നിവ ഒക്കെ വേണം.” ശോശാമ്മ ടീച്ചർ ഞങ്ങൾ എല്ലാവരോടുമായി പറഞ്ഞു.

 

പുതിയ നാടകത്തെ പറ്റിയുള്ള ചിന്തയിലാണ് ഞങ്ങളെല്ലാവരും. എത്ര ആലോചിച്ചിട്ടും നാടകത്തിനൊരു കഥ കിട്ടിയില്ല. അതിനിടയിലാണ് സാബു പറഞ്ഞത്. ‘‘ഓമനക്കുട്ടൻ ചേട്ടന്റെ കൂടെ പഠിച്ച ഒരാളുണ്ട്. മാമ്പുഴയ്ക്കൽ രാഘവേട്ടന്റെ മകൻ ശശി. പുള്ളിയെ കിട്ടാൻ പാടാ, ഓമനക്കുട്ടൻചേട്ടൻ പറഞ്ഞാ വരും. വന്നാൽ ഒരുഗ്രൻ നാടകം കളിക്കാം.’’

എല്ലാവരും അതിനോട് യോജിച്ചു.

 

അങ്ങനെ ഓമനക്കുട്ടൻചേട്ടൻ പറഞ്ഞ് ശശിച്ചേട്ടൻ എല്ലാവരെയും നാടകം പഠിപ്പിച്ചു തുടങ്ങി. തൊഴിലാളി യൂണിയൻ നേതാവിന് മുതലാളിയുടെ മകളോടു തോന്നുന്ന പ്രേമവും, തൊഴിലാളി സമരവും കുടുംബ ബന്ധങ്ങളുമെല്ലാമായിരുന്നു കഥയുടെ ഇതിവൃത്തം. 

അതിലെന്റെ കഥാപാത്രം ഫാക്ടറി മുതലാളിയുടെതായിരുന്നു. യൂണിയൻ നേതാവായി രമേശനും എസ്ഐ ആയി കട്ടപ്പന സജിയും മുതലാളിയുടെ ശിങ്കിടിയായി സാബുവും മുതലാളിയുടെ മകളായി വർഗ്ഗീസുമായിരുന്നു. ആകെ പതിനഞ്ചു മിനിറ്റുള്ള നാടകം. ദിവസവും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും നാടക പ്രാക്ടീസ് നടന്നു. അന്നൊക്കെ പഴയ പടങ്ങളിൽ ജയനും ജോസ് പ്രകാശുമൊക്കെ ഇംഗ്ലീഷ് ഡയലോഗുകൾ പറയുന്നത് വളരെ ആവശേത്തോടെ കേട്ടിരിന്നിട്ടുണ്ട് ഞങ്ങളൊക്കെ. എനിക്കും അങ്ങനൊരു ഡയലോഗുണ്ടായിരുന്നു ആ നാടകത്തിൽ. മുതലാളിയുടെ മകളെ വിഹാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു വരുന്ന തൊഴിലാളി യൂണിയൻ നേതാവിനോട് ‘ഐ സേ, യു ഗെറ്റ് ഔട്ട് ’ എന്നു പറയുന്ന രംഗം. പഴയ പടങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഡയലോഗുകൾ ‘ഐ സേ യു ഗെറ്റ് ഔട്ടും’, ‘യു ആർ അണ്ടർ അറസ്റ്റുമായിരുന്നു’ എന്റെ മനസ്സിൽ. ഇതു പലപ്പോഴും എനിക്ക് തിരിഞ്ഞു പോകും. അങ്ങനെ ഒന്നു രണ്ടാഴ്ച കൊണ്ട് പലർക്കും ഡയലോഗുകൾ തെറ്റുന്നുണ്ടെങ്കിലും ഒരുമാതിരിയൊക്കെ ഞങ്ങൾ പഠിച്ചു. 

 

‘‘എല്ലാവരും നാടകവും, ഒപ്പനയും പാട്ടും, പദ്യം ചൊല്ലലുമൊക്കെ നന്നായി പഠിച്ചിട്ടുണ്ടല്ലോ.?’’ വാർഷികത്തിന്റെ രണ്ടു ദിവസം മുമ്പേ ശോശാമ്മ ടീച്ചർ ചോദിച്ചു. പ്രതീക്ഷിച്ച വാർഷിക ദിവസമെത്തി. സ്റ്റേജും കർട്ടനും വർണ്ണക്കടലാസുകളും, മൈക്കും, റെക്കാർഡ് പാട്ടും അങ്ങനെ എല്ലാം കൊണ്ടും വർണ്ണാഭമായ ചടങ്ങായിരുന്നു അത്. സ്കൂൾ മുറ്റത്തെ കിളിച്ചുണ്ടൻ മാവിലും വരിക്കപ്ലാവിന്റെ കൊമ്പിലുമൊക്കെ കെട്ടിയ കോളാമ്പിയിൽ നിന്നും യേശുദാസിന്റെ ഘനഗംഭീര ശബ്ദത്തിൽ പാട്ടുകൾ മുഴങ്ങിക്കൊണ്ടിരുന്നു.

 

“വാചാലം എൻ മൗനവും നിൻ മൗനവും…. 

തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും….

വാചാലം…. വാചാലം….”

 

എൺപതാം വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്തു. അതുവരെ കേരള മുഖ്യമന്ത്രിയുടെ പേരൊക്കെ ഞങ്ങൾ തെറ്റാതെ എഴുതാൻ പഠിച്ചിരുന്നു; പരീക്ഷയ്ക്കു വേണ്ടി. ‘കേരള മുഖ്യമന്തി ആര് ? ’ എന്ന ചോദ്യത്തിന്. ‘ഇ. കെ നായനാർ’ എന്നും ‘കെ. കരുണാകരൻ’ എന്നുമൊക്കെ. പക്ഷേ അന്നാദ്യമായാണ് ഒരു എം.എൽ എയെ നേരിൽ കാണുന്നത്. നോട്ടീസിലെ പേര് വായിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ചെറിയ താടിയൊക്കെ വച്ചിട്ടുള്ള ആ നാട്ടിലെ എം എൽഎ കാനം രാജേന്ദ്രനാണ് നടുക്കിരിക്കുന്നതെന്ന്. അങ്ങനെ സാംസ്ക്കാരിക സമ്മേളനവും സമ്മാനദാനവുമൊക്കെ കഴിഞ്ഞു. എംഎൽഎയുടെ കൈയിൽ നിന്ന് സമ്മാനം വാങ്ങിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ ഞങ്ങൾ നാടകത്തിനായി ഒരുങ്ങി. വാർഷികത്തിന്റെ അവസാനയിനം പരിപാടിയായിട്ടാണ് ഞങ്ങളുടെ നാടകം. ഞങ്ങളുടെ നാടകത്തോട് കൂടി വാർഷികം അവസാനിക്കുകയാണ്. സ്കൂളിന്റെ ഹാള് നിറയെ ആളുകൾ, മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കുട്ടികളും അടങ്ങുന്ന നിറഞ്ഞ സദസ്സ്. 

 

അവരവരുടെ വേഷങ്ങളിൽ എല്ലാവരും ഒരുങ്ങി. ജുബായും മുണ്ടും കൈയിൽ സ്വർണ്ണ  ബ്രേസ്‌ലെറ്റുമായിരുന്നു മുതലാളിയായ എന്റെ വേഷം. കൈലി മുണ്ടും മുറികൈയ്യൻ ഷർട്ടും ചുണ്ടിൽ ബീഡിയും തലയിൽ തോർത്തു കെട്ടുമായി തൊഴിലാളി നേതാവിന്റെ വേഷത്തിൽ രമേശൻ കലക്കി. ഓമനക്കുട്ടൻചേട്ടനായിരുന്നു കട്ടപ്പന സജിക്ക് എസ്ഐയുടെ വേഷം കൊണ്ടു തന്നത്. മീശയും താടിയും ശശിച്ചേട്ടനായിരുന്നു ശരിയാക്കി തന്നത്. ആദ്യമായിട്ടാണ് ഞങ്ങളൊരു നാടകം അവതരിപ്പിക്കുന്നത്, അതിന്റെ ഒരു ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാം ധൈര്യവും സംഭരിച്ച് ഞങ്ങൾ സ്റ്റേജിൽ കയറി. 

 

അങ്ങനെ പെൺകുട്ടികളുടെ ഒപ്പനയും കഴിഞ്ഞ് ഞങ്ങളുടെ നാടകം ആരംഭിച്ചു. അരങ്ങിൽ തിരശീല ഉയർന്നു. തൊഴിലാളി നേതാവിന്റെ ഓലമേഞ്ഞ വീടും അവിടെയുണ്ടാകുന്ന സംസാരങ്ങളുമായിരുന്നു ആദ്യത്തെ രംഗങ്ങളിൽ. നിത്യരോഗിയായ മാതാവും കിടപ്പിലായ പിതാവും, അവരുമായുള്ള സംഭാഷണങ്ങൾ… രണ്ടാം രംഗം ഫാക്ടറി തൊഴിലാളി യൂണിയനുമായുള്ള സംഭാഷണങ്ങൾ. മൂന്നാം ഭാഗമായിരുന്നു ഞാൻ അഭിനയിച്ചത്. യൂണിയൻ നേതാവ് മുതലാളിയുടെ വീട്ടിൽ വന്ന് മകളെ വിവാഹം കഴിച്ചുതരണമെന്ന് പറയുന്ന രംഗം. യൂണിയൻ നേതാവിന്റെ വാക്കുകളിൽ ക്ഷുപിതനാകുന്നതും ആട്ടി പുറത്താക്കുന്നതുമാണ് സന്ദർഭം. യൂണിയൻ നേതാവായി അഭിനയിക്കുന്ന രമേശൻ അവന്റെ ഡയലോഗുകൾ നന്നായി പറഞ്ഞു. ഞാനും എന്റെ ഡയലോഗ് ഒരു മാതിരി പറഞ്ഞൊപ്പിച്ചു. യൂണിയൻ നേതാവിനോട് ദേഷ്യപ്പെട്ട്  ഇറങ്ങി പോകാൻ പറയുന്നതാണ്  അടുത്ത ഭാഗം. അക്കാലങ്ങളിൽ സിനിമയിൽ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ‘ഐ സേ യു ഗെറ്റ് ഔട്ട് വും’, ‘യു ആർ അണ്ടർ അറസ്റ്റ്മൊക്കെയായിരുന്നു എന്റെ മനസ്സിൽ, പ്രാക്ടീസ് ചെയ്തപ്പോൾ ഇത് പലപ്പോഴും മാറി പോയിരുന്നു. സ്റ്റേജിനു മുന്നിൽ നിറഞ്ഞ സദസ്സ്, മാതാപിതാക്കളും കുട്ടികളും, നാട്ടുകാരുമെല്ലാം. അവരെയെല്ലാം ഒരു നിമിഷം നോക്കിയപ്പോൾ അല്പം പതറിപ്പോയി. വീണ്ടും ധൈര്യം സംഭരിച്ച് ഞാൻ കൈചൂണ്ടി യൂണിയൻ നേതാവായ രമേശിനോടായി അലറി. 

 

‘‘യു ആർ അണ്ടർ അറസ്റ്റ്’’ 

 

എല്ലാവരും ഒരു നിമിഷം നിശ്ചലമായി നിന്നു. ഡയലോഗ് തെറ്റിയെന്ന് മനസ്സിലാക്കിയ തൊഴിലാളി നേതാവായ രമേശ് അപ്പഴെ സ്റ്റേജ് വിട്ട് പോയി. അതിശക്തമായ ഇംഗ്ലീഷ് ഡയലോഗ് കേട്ടിട്ടാണോ അതോ കേൾക്കാതെയാണോ എന്നറിയില്ല, ഒരു നിമിഷം നിശ്ശബ്ദമായ സദസ്സിൽ നിന്നും നിറഞ്ഞ കൈയ്യടി. അല്പനേരം കൈയ്യടി നീണ്ടു നിന്നു. അങ്ങനെ ബാക്കി ഭാഗങ്ങളും നന്നായി കളിച്ച് നാടകം അവസാനിച്ചു. സ്റ്റേജിലെ കർട്ടൻ പ്യൂൺ ജോസേട്ടൻ താഴ്ത്തിയപ്പോഴും നിറയെ കൈയ്യടിയോടു കൂടിയാണ് അവസാനിച്ചത്. 

 

എന്റെ ഒരു ഡയലോഗു തെറ്റിപോയെങ്കിലും നാടകം വളരെ ഭംഗയായി അവതരിപ്പിച്ചു. ശോശാമ്മ ടീച്ചറും രാമചന്ദ്രൻസാറും മാതാപിതാക്കളും എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. 

അതുവരെ സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയം കണ്ടിട്ടുള്ള ഞങ്ങളുടെ ജീവിതത്തിലും അഭിനയത്തിന്റെ കുഞ്ഞു പാഠങ്ങൾ പഠിക്കാൻ ആ നാടകം കൊണ്ടു സാധിച്ചു. ഞങ്ങളുടെ കൊച്ചു സ്കൂൾ ജീവതത്തിൽ ഒരിക്കലും മറക്കാനാക്കാത്ത നിമഷങ്ങളായിരുന്നു അതൊക്കെ.

 

ഞങ്ങളുടെ എല്ലാമായ ഓമനക്കുട്ടൻചേട്ടനോടും നാടകം പഠിപ്പിച്ച ശശിച്ചേട്ടനോടും ടീച്ചർമ്മാരോടും സാറുമാരോടുമെല്ലാം യാത്ര പറഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയപ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. അകലെ നീലാകാശത്ത്, പാടത്തു നിന്നുമുള്ള വെള്ളക്കൊക്കുകൾ കൂട്ടമായി ഏങ്ങോ പോയി മറയുന്നു. നീണ്ടൊരു പകലിനെ മറച്ചുകൊണ്ട് സൂര്യ കിരണങ്ങൾ മാനത്ത് ചെം ചായങ്ങൾ വിതറി തുടങ്ങി. നാടകത്തിൽ അഭിനയിച്ചതിന്റെയും എംഎൽഎയുടെ കൈയിൽ നിന്നും സമ്മാനം വാങ്ങിയതിന്റെയും കൈയടി കിട്ടിയതിന്റെയും ചാരിതാർത്ഥ്യത്തിലാണ് ഞങ്ങൾ നടന്നു വീട്ടിലോട്ട് വന്നത്. അന്നത്തെ രാത്രി സ്കൂളിലെ വാർഷികത്തിന്റെ സുഖമുള്ള ഓർമ്മയിൽ കിടന്നുറങ്ങി. 

 

ഏഴാം ക്ലാസ്സു വരെയുള്ള ജീവിതം സുന്ദരമായ കാവ്യം പോലെയായിരുന്നു. ആ കാവ്യധാരയിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളെപ്പോലെ... ചെറിയ ലോകത്തിന്റെ വിശാലതയിൽ ഒഴുകി നടന്നു. കൊച്ചു സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി... സുരേഷ് ഗോപി സൂപ്പർ സ്റ്റാറാകുന്നതും കാത്ത് രമേശനും, കട്ടപ്പനയിലേക്ക് പോകുന്നതും ചിന്തിച്ച് സജിയും, മോഹൻലാലിന്റെ ആരാധകനായ ഞാനും വീണ്ടും വീണ്ടും സിനിമകൾ കണ്ടു. ഞായറാഴ്ച ടി വിയിൽ വരുന്നതും പിന്നെ കാസറ്റിട്ടുമൊക്കെ... സിനിമയിലെ ഇംഗ്ലീഷ് ഡയലോഗുകൾ ഞങ്ങളെ കൂടുതൽ ആവേശഭരിതരാക്കിക്കൊണ്ടിരുന്നു. അങ്ങനെ, സിനിമയിൽ ജയനും ജോസ് പ്രകാശും മാത്രമല്ല, നാടകത്തിൽ ഞാനും പറഞ്ഞു ഇംഗ്ലീഷ്. “യു ആർ അണ്ടർ അറസ്റ്റ്”

 

English Summary: You are under arrest, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com