ADVERTISEMENT

കാക ദൃഷ്ടി (കഥ)  

കൂട്ടുകാർ പകലോന്റെ ചുവന്ന പല്ലക്കിന് നെടുകെയും കുറുകെയും പറന്ന് കൂടുകളിലേക്ക് മടങ്ങുന്നു. അവൾക്കും വേഗം കൂടണയമെന്നുണ്ട്. പക്ഷേ ഏതോ ഒരു ശക്തി അവളെ ആ ചാഞ്ഞ മരക്കൊമ്പിൽ തന്നെ കടലോരത്തേക്ക് കണ്ണും നട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. തന്നെ നോക്കിയിരുന്ന് കുഞ്ഞോമനകൾക്ക് കണ്ണ് കഴച്ചിട്ടുണ്ടാകും മക്കളെ കൊക്കുരുമ്മി ചേർത്തണച്ച് ലാളിക്കാൻ അവളുടെ മനസ്സ് വെമ്പുന്നുണ്ട്. ഇരതേടി ഇറങ്ങി പുറപ്പെടുമ്പോഴെല്ലാം ഉരുവിടാറുള്ള ‘മക്കളെ കാത്തോളണമേ ദൈവമേ’ എന്ന പ്രാർത്ഥന ഒരിക്കൽ കൂടി അവൾ ഉരുവിട്ടു.

 

കടപ്പുറം നിറയെ ചെറുമീനുകളെ കൊണ്ടിട്ടിട്ട് തിരക്കൈകൾ അവളെ മാടി വിളിച്ചു. കാക്കപ്പെണ്ണ് പതുക്കെ കടപ്പുറത്തെ പൂഴിമണ്ണിലേക്ക് പറന്നിറങ്ങി. പിടയ്ക്കുന്ന മീനുകൾ അവൾ അഞ്ചാറ് ജീവനുള്ള ചെറിയ മീനുകളെ കൊക്കിലൊതുക്കി. ആ മീൻ കുഞ്ഞുങ്ങൾ ജീവനു വേണ്ടി അവളോടു യാചിച്ചു. കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ വിശന്നു വാടിയ മുഖം അവളുടെ മുന്നിൽ തെളിഞ്ഞു. മീനുകളെ സ്വതന്ത്രരാക്കിയാൽ തന്റെ കുഞ്ഞുങ്ങൾ പട്ടിണിയാകും അവൾ ചിന്തിച്ചു. അവൾ ആ മീൻ കുഞ്ഞുങ്ങളുമായി പറക്കാൻ തുടങ്ങുന്നതിനിടയിലാണ് അത് ശ്രദ്ധിച്ചത്.

 

അവളുടെ കാക്ക കാലുകൾ പതിഞ്ഞ നനഞ്ഞ മണ്ണിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നു പോകുന്നു. അവൻ തിരിഞ്ഞ് കാക്കപ്പെണ്ണിനെ തുറിച്ചു നോക്കി. അയാളുടെ കണ്ണിൽ നിന്ന് ഒരു ശക്തി പുറപ്പെട്ട് തന്റെ അടുത്തേക്ക് വരുന്നതു പോലെ കാക്കപ്പെണ്ണിന് തോന്നി. അവൾ ഞെട്ടിത്തരിച്ചു നിന്നു.

 

‘ഈശ്വരാ ഈ ചെറുപ്പക്കാരന്റെ മരണ സമയം അടുത്തിരിക്കുന്നു...’ കാക്കപ്പെണ്ണ് അറിയാതെ ഉറക്കെ പറഞ്ഞു. 

 

അവൾ മീൻ കുഞ്ഞുങ്ങളെ താഴത്തിട്ടിട്ട് മരകൊമ്പിലേക്ക് മടങ്ങി.

 

നിയതി തന്നെ അറിയിച്ച സന്ദേശം അയാളെ അറിയിക്കാനായി ഉറക്കെ കരഞ്ഞു. ആ കരച്ചിൽ കേട്ട് അയാൾ മണ്ണ് വാരി കാക്കയെ എറിഞ്ഞു

‘നാശം...എന്തിനാണ് ഇവിടെയിരുന്ന് ഇങ്ങനെ കരയുന്നത്. ഏത് വിരുന്നുകാരനാണ് ഇവിടെ വരാനുള്ളത്...’

 

ഏറ് കൊള്ളാതിരിക്കാൻ ചില്ല മാറി ചില്ല തേടുന്നതിനിടയിലും കാക്കപ്പെണ്ണ് കരഞ്ഞുകൊണ്ടിരുന്നു.

ഏതോ ഒരു ശക്തി അവളെ ചൂഴ്ന്നു നിന്നു. ആകാശം തലോടാനായി കൈ നീട്ടുന്നതു പോലെ മേഘങ്ങളുടെ ചിറകുകൾക്ക് കറുത്ത നിറം പൂശി ഇങ്ങനെ പറത്തി വിടുന്നതാരാണ് അവൾ ചിന്തിച്ചു കൊണ്ടിരുന്നു. 

 

സൂര്യന്റെ തേര് പെട്ടെന്ന് അപ്രത്യക്ഷമായി. കിഴക്കേ ചക്രവാളത്തിന്റെ കരിനീല വാതിൽ തുറന്ന് ചന്ദ്രിക പുതുവസ്ത്രമണിഞ്ഞ് പുറപ്പെടാനൊരുങ്ങി നിൽക്കുന്നു. ഇനിയിവിടെയിങ്ങനെ ഇരിക്കാനാവില്ല, വേഗം കൂടണയണം.

 

കടൽ കാണാൻ മനുഷ്യർ ജാഥ പോലെ എത്തി തുടങ്ങി.

 

ഐസ്ക്രീമും ബോംബെ മിഠായിയും വിൽക്കുന്നവരുടെ മണിനാദം - കപ്പലണ്ടി വറുക്കുന്ന ഇരുമ്പു ചട്ടിയിൽ ഇരുമ്പ് കണ്ണാപ്പ കൊണ്ട് തട്ടി ആവശ്യക്കാരെ ക്ഷണിക്കുന്ന വിൽപ്പനക്കാരൻ.

 

പട്ടം വിൽക്കാൻ കറങ്ങി നടക്കുന്ന കുട്ടിയും പട്ടം പറത്തുന്ന കുട്ടിയും തമ്മിലടിച്ച് അതാ വീഴുന്നു. ആൾക്കാർ ഓടിക്കൂടി. പട്ടം വിൽക്കുന്ന ചോദിക്കാനും പറയാനും ആരുമില്ലാത്ത കുട്ടിയെ ആളുകൾ വഴക്കു പറയുകയും പട്ടം പറത്തി കൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തപ്പോൾ കാക്കപ്പെണ്ണിന് അമർഷം അടക്കാനായില്ല

 

ബീച്ച് പെട്ടെന്ന് സജീവമായി. കാലു നനയ്ക്കാൻ വെള്ളത്തിലിറങ്ങുന്ന ആളുകളെ നോക്കി കാക്കപ്പെണ് അങ്ങനെയിരുന്നു. ബീച്ചിന്റെ ഒരു മൂലയിൽ അരണ്ട വെളിച്ചത്തിൽ കമിതാക്കൾ സ്വൈര്യ സല്ലാപം നടത്തുന്നതു കണ്ടപ്പോൾ കാക്കപ്പെണ്ണിന്റെ ഉള്ളു തുടുത്തു.

 

ചെക്കൻ പെണ്ണിന് കൈമാറിയ ചുടുചുംബനം അവളുടെ കാക്കക്കവിളിൽ പതിച്ചതു പോലെ തോന്നി.

 

മനുഷ്യർ പ്രധാനമായും രണ്ടവസരങ്ങളിലാണ് കടപ്പുറത്തേക്ക് വരുന്നതെന്ന് കാക്കപ്പെണ്ണിന് തോന്നി. 

 

ഒന്നാമത് ജീവിതത്തിന്റെ സന്തോഷങ്ങളും ദുഖങ്ങളും പങ്കിടാനും മറ്റൊന്ന് ബലിയിടാനും. 

 

ഇതിനെല്ലാം സാക്ഷിയായ കടൽ കരഞ്ഞും ചിരിച്ചും എത്രയുഗങ്ങളായി മനുഷ്യനെ സന്തോഷിപ്പിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ എത്ര അവിശ്വാസി ആയിരുന്നാലും അവരുടെ മരണശേഷം, ചിതാഭസ്മം ഏറ്റു വാങ്ങാനും വാവു കുളിക്കാൻ ജലവും, ആത്മാവിനെ കയ്യേറ്റ്ബലിയുണ്ണാൻ കാക്കയും വേണമെന്നതാണ് നിയോഗം.

 

കയ്യടിച്ചിട്ട് കാക്ക എത്താതിരുന്നാൽ എത്ര നിരാശയുണ്ടാകും. ബലി മോഹിക്കാത്ത ഏതാത്മാവാണ് ലോകത്തിലുള്ളത്. ജീവിത കാലം മുഴുവൻ ആട്ടിപ്പായിക്കപ്പെടുന്ന കാക്കകൾ വേണം മരിച്ചു കഴിയുമ്പോൾ ബലിയേൽക്കാൻ. 

 

ഒരാത്മാവിന്റെ മോക്ഷപദത്തിലേക്കുള്ള കഠിനയാത്രയിൽ പാഥേയമുണ്ണാൻ കാക്ക വേണം. കറുത്ത കാക്കകൾ. അവിടെ എല്ലാവർണ്ണവിവേചനങ്ങളുടെയും മതിൽക്കെട്ടുകൾ തകർന്നു വീഴുന്നില്ലേ. കാക്കപ്പെണ്ണോർത്തു.

 

ഒരു പക്ഷേ തന്നെ തുറിച്ചു നോക്കിയ യുവാവിന്റെ ആത്മാവിനെ കയ്യേൽക്കാനുള്ള നിയോഗം തനിക്കാവുമോ?

 

ആയിരിക്കും അല്ലെങ്കിൽ ഈ അവസാന നിമിഷത്തിലും അയാൾ തന്നെ മണ്ണുവാരിയെറിഞ്ഞ് തുരത്തുകയില്ലായിരുന്നല്ലോ? 

 

നിയതിയുടെ നിയോഗ നിമിഷത്തിനായവൾ കാത്തിരുന്നു.

 

‘ഹായ് ദീപക് നീ എപ്പോൾ വന്നു...’ യുവാവിന്റെ  കൂട്ടുകാരൻ വന്നയുടനെ അയാളെ അഭിവാദ്യം ചെയ്തു.

 

 

കൈ കൊടുക്കുന്നതിനിടയിൽ ശ്യാം കൂടെയുണ്ടായിരുന്നവരെ പരിചയപ്പെടുത്തി

‘ഇതാണ് മാത്യൂസും ഭാര്യ ഗീതയും...’

‘ഹലോ....’

‘ഹലോ.....’ അവർ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു.

 

ആ യുവാവിന്റെ  മരണത്തിന് ഇനി അധികം സമയമില്ല. കാക്ക വീണ്ടും കരഞ്ഞു. യുവാവ് ഒരിക്കൽ കൂടി കാക്കയെ തിരിഞ്ഞു നോക്കി എന്നിട്ട് നനഞ്ഞ മണ്ണ് വാരിയെറിയുന്നതിനിടയിൽ കൂട്ടുകാരോട് പറഞ്ഞു.

 

‘ഈ ജന്തു എത്ര നേരമായെന്നോ ഇങ്ങനെ ചെലയ്ക്കാൻ തുടങ്ങിയിട്ട്?’

‘പോട്ടന്നേ ഇനി നമുക്ക് കാലു നനയ്ക്കാം...’ ശ്യാം പറഞ്ഞു. 

 

‘ഇതൊന്നും കൂട്ടിൽ കയറാറായില്ലേ,,,, ’ തിരികെ നടക്കുന്നതിനിടയിൽ ദീപക് പിറുപിറുത്തു.

 

കാക്കപ്പെണ്ണ് വീട്ടിൽ പോകുന്ന കാര്യം അപ്പോഴാണോർത്തത്. ഇരമ്പത്തിന്റെ മഹാനഗരത്തിൽ നിന്ന് ശാന്തതയിലേക്ക് പോകണം. പക്ഷേ അവൾക്ക് വീട്ടിൽ പോകാനായില്ല പോകുന്നതിന് മുൻപ് ഈ പാവം ചെറുപ്പക്കാരന് എന്ത് സംഭവിക്കുമെന്ന ആകാംക്ഷ അവളെ അവിടെ പിടിച്ചു നിർത്തി. ദീപക്കും കൂട്ടരും ഓരോ പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് കാൽനനയ്ക്കാൻ കടലിനെ ലക്ഷ്യമാക്കി നടന്നു. ദീപക്കിന്റെ പൊട്ടിച്ചിരി അന്തരീക്ഷത്തിൽ മുഴങ്ങി. കാക്കപ്പെണ്ണ് മരത്തിൽ നിന്നിറങ്ങി അയാളെ പിൻതുടർന്നു. അതാ മരണത്തിന്റെ കറുത്ത നിഴൽ അയാളെ വലയം ചെയ്തു തുടങ്ങുന്നു. മരണത്തിന് മുൻപ് കാക ദൃഷ്ടിയിൽ മാത്രം തെളിയുന്ന കാഴ്ചയാണിത്. മുത്തശ്ശിക്കഥകളിൽ പറഞ്ഞു പതിഞ്ഞ പ്രഹേളിക. 

 

മരണത്തിന് തൊട്ടു മുൻപുള്ള ഈ അടയാള കാഴ്ചയാണ് കാക്കകളെ വെറുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. അന്നമില്ലാത്ത സമയത്തും, സമയമെത്താത്ത നേരത്തും വിരുന്നുകാരെയും മരണത്തെയും വിളിച്ചു വരുത്താൻ വിധിക്കപ്പെട്ടവരെ ആരാണ് ബഹുമാനിക്കുക. അത് കാക്കകളുടെ നിയോഗമാണ് കാക്കപ്പെണ്ണോർത്തു.

 

മരണം കാണാതിരിക്കാൻ പനിമതികരിമ്പടം കൊണ്ട് കണ്ണ് മൂടിക്കെട്ടി. കാറ്റ് ശംഖൂതി. കടലലകൾ വിതുമ്പിക്കരഞ്ഞു. അതൊന്നുമറിയാതെ ചെറുപ്പക്കാരൻ കാലു നനയ്ക്കുകയാണ്.

 

‘നിനക്കോർമ്മയുണ്ടോ നമ്മൾ ആദ്യം കണ്ടുമുട്ടിയത് ഇവിടെ വച്ചാണ്.....’ ദീപക് ശ്യാമിനോട് ചോദിച്ചു.

 

‘എനിക്കോർമ്മയുണ്ട്. അന്ന് നിന്റെ കൂടെ അഷ്റഫ് ഉണ്ടായിരുന്നു, അവനിപ്പോൾ ഗൾഫിലാണ്. നാളെ അവൻ നാട്ടിൽ വരും. നാട്ടിൽ വന്നാൽ എന്നെ കാണാതെ പോകില്ല...’

 

അതാ ആകാശത്തെ പിളർന്നു കൊണ്ട് ഒരുൽക്ക കത്തിയമരുന്നു എല്ലാവരും ആകാശത്തേക്ക് നോക്കി നിന്നു.

 

ആകാശത്ത് കത്തിയമർന്ന ആ കൊള്ളിമീൻ പോലെ ഇതാ ആയുവാവ് മരണത്തിന് കീഴടങ്ങാൻ പോകുന്നു. കാക ദൃഷ്ടി വികസിച്ചു. ദീപക് പെട്ടെന്ന് നെഞ്ചിൽ കൈവച്ചു. വേദന കടിച്ചമർത്തി കൊണ്ട് അവൻ ശ്യാമിനെ വിളിച്ചു.

 

‘ശ്യാം എനിക്ക് ശ്വാസം മുട്ടുന്നു...’ ദീപക് ശ്യാമിന്റെ തോളിൽ അമർത്തിപ്പിടിച്ചു.

 

‘എയ് നിനക്കെന്തു പറ്റി വിയർക്കുന്നുണ്ടല്ലോ നിനക്കിപ്പോഴും ആ പഴയ നെഞ്ചുവേദന വരാറുണ്ടോ?...’

 

മാത്യൂസും ഗീതയും അപ്പോഴും കൈകൾ ചേർത്തു പിടിച്ച് കടൽക്കരയിൽ കാൽ നനയ്ക്കുകയായി തന്നു.

 

‘മാത്യൂസേ ഓടി വാടാ.....’ ശ്യാം നീട്ടി വിളിച്ചു.

 

വിളി കേട്ട് അവർ രണ്ടു പേരും ഓടിയെത്തി ദീപക്കിന്റെ ശ്വാസകോശം ചുമച്ച് കരഞ്ഞ് നിശബ്ദമായി. അയാൾ ശ്യാമിന്റെ തോളിലേക്ക് ചാഞ്ഞു. 

 

ആളുകൾ ഓടിക്കൂടി. അതിനിടയിൽ ആരോ ആംബുലൻസ് വിളിച്ചു.

 

കാക ദൃഷ്ടി കടപ്പുറത്ത് ജീവനു വേണ്ടി പിടക്കുന്ന ചെറുമീനുകളിൽ പതിഞ്ഞു. അവയിലൊന്ന് പിടഞ്ഞു ചത്തു.

 

ദീപക്കിന്റെ ആത്മാവ് വെളുത്ത പുക പോലെ തന്റെ അടുത്തേക്ക് വരുന്നത് കാക്കപ്പെണ്ണു കണ്ടു. 

 

ഓരോ വർഷവും ദീപക്കിന്റെ വാവുബലിയുണ്ണാൻ ബന്ധുക്കൾ കയ്യടിക്കുമ്പോൾ എത്തിച്ചേരേണ്ട ചുമതല തനിക്കാണെന്ന് ആ കാക്കപ്പെണ്ണറിഞ്ഞു. അല്ല തങ്ങൾ ആ ചുമതല തലമുറകളിലേക്ക് കൈമാറും. 

 

മീൻ കുഞ്ഞുങ്ങളെ കൊക്കിലൊതുക്കി അവൾ കൂട്ടിലേക്ക് മടങ്ങുമ്പോൾ ദീപക്കിനെ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയിരുന്നു.

 

English Summary: Kakadrishti, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com