ADVERTISEMENT

മരിയ (കഥ)

വെങ്കടേശ്വര സ്കൂളിന്റെ ഗേറ്റിലേക്ക് കാൾ ടാക്സിയിൽ നിന്നും ആരൊക്കെയോ ചിതറിയോടുന്നുണ്ട്. ഏറ്റവും അവസാനമായിരുന്നു നീഹാരിക. നീരുവന്ന വീർത്ത ഇടതുകാൽ നീങ്ങുന്നുണ്ടായിരുന്നില്ല. നേരം വൈകിയതിന് ഉറക്കെ ശാസിക്കുന്നത് അവളെ തന്നെയാണെന്ന് വളരെ ശ്രദ്ധിച്ചു കേട്ടപ്പോഴാണ് സെക്യൂരിറ്റിക്ക് മനസിലായത്. അയാൾ അവളെ ഒരു വിധം തള്ളി അകത്താക്കി.

 

ക്ലാസ് മുറി തേടിയുള്ള നെഞ്ചിടിച്ച അലച്ചിലുകൾക്കൊടുവിൽ ഉത്തരക്കടലാസ് കയ്യിൽ കിട്ടിയതും ഒരു വരി പോലുമില്ലാതെ എല്ലാ ഓർമ്മകളും അവ്യക്തമായി. ഹൃദയം ഒന്നു നടുങ്ങിയതും അവൾ ഞെട്ടറ്റു പാതാളത്തിലേക്കു വീണു. 

 

അലാം നീട്ടിയടിച്ചു തുടങ്ങിയിരുന്നു. എവിടെയാണെന്നു പോലും മനസ്സിലാവുന്നില്ല. കഴിഞ്ഞു പോയ ഏതെല്ലാമോ പരീക്ഷകളുടെ എഴുതാനാവാത്ത ഉത്തരങ്ങൾ, കൈവിരൽ തൊടാതെ, മിണ്ടാതെ എന്നത്തെയും പോലെ അടുത്തുവന്നു നിന്നു. പിന്നെ പുഴ വഴിതെറ്റി വറുതിയെ തൊട്ട നാൾ മുളച്ച പേരറിയാചെടികളുടെ പാടം പോലെ അതേ ദിവസങ്ങൾ.

‘‘ഇന്നും കണ്ടു ല്ലേ ....?’’

‘‘ഉം’’

‘‘ഇന്ന് ഏത് പരീക്ഷയായിരുന്നു?’’

‘‘കൊളീജീയേറ്റ് ’’

 

കൂടുതൽ എന്തെല്ലാമോ പറയാനുണ്ടായിരുന്നു. അമ്മയ്ക്ക് പണിയുണ്ടെന്ന് പറഞ്ഞു, ഒരിക്കലും അവസാനിക്കാത്ത പണികൾ. പുഞ്ചിരിയും ആളും എങ്ങോ മാഞ്ഞു പോയി. കഥക്കുള്ളിലെ കഥ പോലെ സ്വപ്നത്തിനുള്ളിലെ സ്വപ്നങ്ങൾ. വർക്കിംഗ് വിമൺ ഹോസ്റ്റൽ റൂമിലെ നരച്ച വെയിൽച്ചിത്രങ്ങളിൽ അങ്ങനെ ഏകാന്തമായ ഒരു ദിനം കൂടി പിറന്നു.

 

ഇന്ന് എന്തായാലും ഞാൻ ചോദിക്കും പേരെന്താണെന്ന്? എന്തിനാണ് ചോദിക്കുന്നത് ? അവർ നിത്യവും ശ്രദ്ധിക്കുന്നുണ്ടല്ലോ... പുഞ്ചിരിക്കുന്നുമുണ്ട്... ആവേ മരിയ എന്ന ആ സ്ഥിരം ബസിൽ എത്രയോ യാത്രക്കാരുണ്ട്. ജോലിക്കാരും പണിക്കാരും വിദ്യാർത്ഥികളും ഉൾവഴികളിലൂടെ എത്രയോ നാളുകളായി രണ്ടു നേരവും തെളിഞ്ഞും വിയർത്തുമൊഴുകുന്നു. അവരെയൊന്നും ശ്രദ്ധിക്കാതെ എന്തിനാണ് ഇവരെ മാത്രം! പ്രായമറിയിച്ചു തുടങ്ങിയ മുഖം ചിന്തകൾക്കിടയിൽ അവൾ കണ്ണാടിയിൽ ഒന്നു കൂടി നോക്കി. ബസിലേക്കു കയറുമ്പോൾ ഒറ്റച്ചോദ്യമേയുണ്ടായിരുന്നുള്ളൂ ചോദിക്കും വരേക്കും അതവളെ പിൻതുടർന്നു. 

‘‘എന്താ പേര്?’’

‘‘മരിയ’’

‘‘ഈ ബസ് നിങ്ങളുടെയാണോ?’’

 

അവർ ഭംഗിയായി ചിരിച്ചു. നീലാകാശത്തോളം വിരിഞ്ഞ അവരുടെ കണ്ണുകൾ മുഴുവൻ തിളങ്ങിയെന്ന് നീഹാരികയ്ക്ക് തോന്നിയതാവണം. വ്യത്യസ്ത ദിശകളിൽ നിന്ന് പെട്ടെന്നൊരുമിച്ച് വന്നതുകൊണ്ട് പറഞ്ഞ കഥകളേക്കാൾ എന്നും പറയാത്ത കഥകളായിരുന്നു അവർക്കിടയിൽ  കൂടുതൽ.

‘‘നീഹാ.... ഒരു ദിവസം എന്റെ കൂടെ വരുമോ?’’

‘‘എവിടേക്ക്?’’

‘‘പള്ളിയിലേക്ക് .... ഞാൻ കാണിച്ചു തരാം നിന്റെ മനസ്സിന് സമാധാനം .... മോക്ഷത്തിലേക്കുള്ള വഴി ....’’

‘‘മരിയ, അതിനു മുൻപ് എന്റെ കൂടെ വരുമോ?’’

‘‘എങ്ങോട്ട് ?’’

‘‘എന്നും ഞാൻ തൊഴുന്ന ഒരമ്പലമുണ്ട്, ദേവിയുടേത്... കാണിച്ചു തരാം .... ജീവിക്കാനുള്ള ഊർജ്ജ സ്രോതസ് ...’’

 

മൗനം ആകാശത്തിലേക്കു നീണ്ടതല്ലാതെ മറുപടിയുണ്ടായില്ല. നീഹാരികയുടെ ഓർമ്മകളപ്പോൾ അമ്മയുടെ കൈ പിടിച്ച് അമ്മിത്തറക്കു പിന്നിൽ കൂഞ്ഞിരിക്കുകയായിരുന്നു. അമ്മയെ അച്ഛൻ കണ്ടെത്താതിരിക്കാൻ പരമാവധി ശ്വാസം പിടിച്ച് ചേട്ടനോടിപ്പോയ ഇരുട്ടിലേക്കു നോക്കി എത്രയോ നേരം. അവളുടെ കുഞ്ഞുടുപ്പിന്റെ കീശയിൽ അപ്പോഴും തലേന്നച്ഛൻ തല്ലിക്കൊഴിച്ച അമ്മയുടെ പല്ലുണ്ടായിരുന്നു. നാളെയെങ്കിലും അതു കീരിക്കു കൊടുക്കണമെന്ന ചിന്തയിൽ നിന്നും തെന്നിയപ്പോഴാണ് മനസിലായത് ഇറങ്ങേണ്ടിടം കഴിഞ്ഞു പോയെന്ന്. മരിയ എപ്പോഴായിരിക്കണം ഇറങ്ങിപ്പോയത് ?

 

English Summary: Mariya, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com