ADVERTISEMENT

ചെങ്കിനാവിൽ (കഥ)

ചുവന്നപൂക്കളെ തഴുകി വരുന്ന കാറ്റ് പോലെ, ഉദരത്തിന്റെ താഴ്​വരയിൽ നിന്നും ഒരു ഗദ്ഗദം ഉയർന്നപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നു. ഭീതിതമായ ഒരു രാത്രി കടന്നുപോയതിന്റെ സന്തോഷം അവളുടെ മുഖത്ത് കാണാമായിരുന്നു. അവൾ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. തന്റെ റോസാച്ചെടിക്ക് അല്പം വെള്ളമൊഴിച്ചു.

 

ആരായിരിക്കും രാത്രിയിൽ ഓഫീസിൽ എന്നെ തിരക്കി വന്നത്? ചോദിച്ചിട്ട് സെക്യൂരിറ്റി പറഞ്ഞതും ഇല്ല. മിനാൽ ആയിരിക്കുമോ.. അതോ.. അവളുടെ ചിന്തയിൽ കൂടി ഒരു വെള്ളിമീൻ പാഞ്ഞു. 

രാത്രിയിലെ എഴുത്തിനിടയിൽ ഓഫീസ് ജനാലായിൽ കൂടി ശീൽക്കാരത്തോടെ മുഖത്തേക്ക് വന്നു വീണ ചുവന്ന മഷി ആരുടെ പേനയിൽ നിന്നാണെന്ന് ഒരു എത്തും പിടിയും ഇതുവരെ കിട്ടിയിട്ടില്ല. വെളുപ്പിന് തിരികെ സ്കൂട്ടറിൽ വീട്ടിലേക്ക് വന്നപ്പോൾ പാലത്തിന്റെ അറ്റത്ത് കണ്ട ആൾരൂപം ആരായിരുന്നു.. ഒരു വെള്ള ഷാൾ പുതഞ്ഞ ഓർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. അതെല്ലാം ഇനി ഒന്ന് ഓർമ്മിച്ചെടുക്കണം... ഉറക്കം ഇനിയും മതിയായിട്ടില്ല..

 

ഫോൺ ശബ്ദിക്കുന്നത് കേട്ട് അവൾ അകത്തേക്ക് ഓടി. 

ഹലോ.. ഹലോ..ഹ..ലോ.. ഒന്നും കേൾക്കുന്നില്ലല്ലോ.. ഇതിനി ആരായിരിക്കുമോ ആവോ..? എത്ര ദിവസമായി തുടങ്ങിയ ഫോൺ വിളികളാണ്.. ആരാണെങ്കിലും വേണ്ടില്ല ഞാൻ ഫോൺ ഓഫ് ചെയ്ത് വയ്ക്കാൻ പോവ്വാ. ഇന്നിനി ആരു വിളിച്ചാലും എടുക്കുന്നില്ല. സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി. ഒന്ന് വായിച്ചിട്ട്.. ഇന്നെങ്കിലും എനിക്ക് കുറച്ചു വായിക്കണം, ഒന്ന് നന്നായി ഉറങ്ങണം.

 

മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ച് അവൾ അടുക്കളയിലേക്ക് പോയി. തലേ ദിവസത്തെ ചപ്പാത്തിയും കൂട്ടാനും ഓവനിൽ വച്ച് ചൂടാക്കി കഴിക്കുമ്പോൾ പുറകിലത്തെ വാതിൽ തുറക്കുന്നത് പോലെ അവൾ ഒരു ശബ്ദം കേട്ടു. തന്റെ കൈ കാലുകൾ മരവിക്കുന്നത് പോലെ അവൾക്ക് തോന്നി. എങ്കിലും ശബ്ദം കേട്ടത് എന്താണെന്ന് നോക്കാൻ അവൾ തീരുമാനിച്ചു. ചപ്പാത്തി കൂട്ടാൻ ഉള്ളംകൈയിൽ തേച്ചുപിടിപ്പിച്ച് അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു. അടുക്കള വാതിലിനടുത്തേക്ക് നടന്നു. 

 

‘‘ഓ, കിച്ചൂ, നീയായിരുന്നോ..! നീ എന്നെ പേടിപ്പിച്ചല്ലോ..’’ കയ്യിൽ കരുതിയ കൂട്ടാൻ പൂച്ചയ്ക്ക് നക്കാൻ കൊടുത്തുകൊണ്ട് അവൾ അതിനെ തന്റെ മറ്റേ കൈ കൊണ്ട് തലോടി. ശ്വാസം ഒന്നമർത്തി വിട്ടുകൊണ്ട് പുറകിലത്തെ വാതിൽ ചേർത്ത് അടച്ചിരിക്കുകയാണ് എന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയിട്ട് അവളാ പൂച്ചയെ എടുത്തുകൊണ്ട് തിരിച്ച് ഡൈനിംഗ് ഹാളിൽ എത്തി.

 

ത്രേസ്യചേട്ടത്തി ഇന്ന് വന്നില്ലല്ലോ.. അല്ലേലും എന്തെങ്കിലും ആവശ്യമുള്ളപ്പോൾ അവർക്ക് വരാൻ മടിയാ. ഇന്ന് വന്നിരുന്നെങ്കിൽ എല്ലാം ഏൽപ്പിച്ചിട്ട് ഒന്നുറങ്ങാമായിരുന്നു. ഒന്ന് വിളിച്ചു നോക്കിയാലോ.. ഓ.. അല്ലെങ്കിൽ വേണ്ട ഇന്ന് അവര് കെട്ടിയോനും ആയിട്ട് കറങ്ങാൻ പോകും എന്ന് പറഞ്ഞിരുന്നല്ലോ.. അത് ഞാൻ ഓർത്തതും ഇല്ല.. ആഹ്.. സാരമില്ല..

 

കിച്ചുവിന് പാലും കൊടുത്ത് ഉപയോഗിച്ച പാത്രം എല്ലാം കഴുകി അവൾ തന്റെ വായനാമുറിയിലേക്ക് നടന്നു. താമര ഇതളുകൾ പോലെ അടുക്കി വച്ചിരുന്ന പത്രക്കെട്ടുകളിലേക്ക് അന്നത്തെ പത്രം കൂടി അവൾ എടുത്തു വച്ചു. മേശപ്പുറത്ത് നിന്നും തലേദിവസം വച്ച പൂക്കൾ എടുത്തുമാറ്റി. പകരം പുതിയത് വയ്ക്കാൻ അവൾക്ക് തോന്നിയില്ല. ഇനി ഇത് വേണ്ട. മേശപ്പുറത്ത് നിന്നും അവൾ തന്റെ ബാഗ് എടുത്തു. ബാഗിൽ കരുതിയിരുന്ന പ്ലാസ്റ്റിക്ക് പൂക്കൾ അവളാ കുപ്പിയിലേക്ക് വച്ചു.

 

ഇതിവിടെ ഇരിക്കട്ടെ എന്നുമെന്നും മാറ്റണ്ടല്ലോ! അത് പറഞ്ഞുകൊണ്ട് ബാഗ് വയ്ക്കാൻ മുറിയിലേക്ക് നടന്ന അവളുടെ കാലിൽ നിലത്തുകിടന്ന ഹെയർപിൻ കൊണ്ട് കയറി. വേദന കൊണ്ട് അവൾ കാൽ പിറകിലേക്ക് വലിച്ചു. ഹോ ഇത് എപ്പോഴാ ഇവിടെ വീണത്. നിലത്തു നിന്നും അവൾ അതെടുത്ത് മേശപ്പുറത്തേക്ക് വച്ചു. അവളുടെ കരച്ചിൽ കേട്ട കിച്ചു വന്ന് അവളുടെ മുറിഞ്ഞ കാലിൽ നക്കി. 

 

ഒന്ന് മാറു കിച്ചു.. കാലു മുറിഞ്ഞ് ഇരിക്കുവാ.. 

ഇവനോട് ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം. ഇവനെന്ത് ചെയ്തിട്ടാ.. കാൽ നീട്ടി വലിച്ച് നടന്ന് അവൾ മുന്നിലത്തെ വാതിൽ മുറുകെ അടച്ചു എന്ന് ഉറപ്പു വരുത്തി. ബാഗ് മുറിയിൽ വച്ചു. വായിക്കാൻ എടുത്തുവച്ച പുസ്തകവുമെടുത്ത് ബാൽക്കണിയിലേക്ക് മെല്ലെ നടന്നു. ആട്ടു കട്ടിലിലിരുന്ന് താൻ വായിച്ചു നിർത്തിയ ഭാഗം പരതി. അത് കണ്ടെത്തിയ സന്തോഷത്തിൽ മുടിയിഴകൾ ചുരുട്ടിക്കൊണ്ട് അവൾ വായനയിൽ മുഴുകി.

 

കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ് വായനയിൽ നിന്നും ഉണർന്നത്. ചേട്ടത്തി.. അത് ആരാണെന്ന് നോക്ക്. 

പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. കോളിംഗ് ബെൽ പിന്നെയും മുഴുങ്ങി. അത്കൂടി കേട്ടപ്പോഴാണ് ചേടത്തി ഇല്ലല്ലോ എന്നകാര്യം അവൾ ഓർമ്മിച്ചത്. ‘‘ദാ വരുന്നു’’ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൾ പടിയിറങ്ങി. മുൻവശത്തെ വാതിലിനടുത്ത് എത്തി. കിളിവാതിലിലൂടെ പുറത്ത് ആരാണെന്ന് നോക്കി. 

 

ആഹാ ചേട്ടത്തി ആണല്ലോ.. അപ്പൊ ഇന്ന് ഷോപ്പിങ്ങിന് പോയില്ലേ.. 

അവൾ വാതിൽ തുറന്നു.

‘‘കുഞ്ഞേ ഈ മാസത്തെ പൈസ അഡ്വാൻസായി ഇന്ന് തന്നേക്കാമോ..? അത്യാവശ്യം ആയതുകൊണ്ടാ.. അങ്ങേരൊന്ന് വീണു. ആശുപത്രിയിൽ കൊണ്ടുപോവാനാ..’’

‘‘അതിനെന്താ ചേട്ടത്തി. ഇവിടെ നിൽക്ക്. ഇപ്പോൾ കൊണ്ടുവരാം.’’

അവൾ മുറിയിൽ പോയി ബാഗിൽ നിന്നും പൈസ എടുത്തു കൊണ്ട് തിരിച്ചു വന്നു. പക്ഷേ പുറത്ത് ആരും ഇല്ലായിരുന്നു. ‘‘ചേട്ടത്തി.. ചേട്ടത്തി..’’

ഇവർ എവിടെ പോയി.. പൈസ വാങ്ങാതെ പോയോ! 

 

അവൾ മുറ്റത്തേക്കിറങ്ങി ഗേറ്റിടുത്തേക്ക് നോക്കി. അവിടെയെങ്ങും അവൾ ആരെയും കണ്ടില്ല. തിരികെ വീട്ടിനകത്തുകയറി വാതിൽ കുറ്റിയിട്ടു. പൈസ തിരിച്ചു മുറിയിൽ കൊണ്ടുവച്ചു. തിരികെ പടികയറി ബാൽക്കണിയിലേക്ക് പോയി. പക്ഷേ മടക്കി വച്ചിരുന്ന പുസ്തകം അവിടെ അവൾ കണ്ടില്ല. അവളുടെ മുന്നിലൂടെ ആട്ടുകട്ടിൽ വല്ലാതെ ആടിയുലഞ്ഞു. 

ഇതെന്താ ഇവിടെ സംഭവിക്കുന്നത്.

 

അവൾക്ക് ആകെ ഭയമായി. അവൾ പുറത്തേക്ക് നോക്കി ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ പറമ്പിൽ നിന്നിരുന്ന കവുങ്ങുകൾ അവളെയും നോക്കി. 

 

‘‘മീന ഞാനിവിടെയുണ്ട്.’’ അവൾ ഒരു പുരുഷശബ്ദം കേട്ടു. പ്രതീക്ഷയോടെ അവൾ പുറത്തേക്ക് നോക്കി. അവളുടെ ചമ്മൽ മറ്റാനെന്നവണ്ണം ഒരു തണുത്ത കാറ്റ് അവളുടെ ദേഹം തലോടി കടന്നുപോയി. അവളുടെ കുറുനിരകൾ കാറ്റിനൊപ്പമിളകി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. അവളുടെ കൃഷ്ണമണികൾ ക്ലോക്കിന്റെ പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് ആരെയോ പരതി കൊണ്ടിരുന്നു. ശൂന്യമായ ബാൽക്കണി അവളെ നോക്കി ചിരിച്ചു.

ആ ജാള്യതയിൽ ആട്ടു കാട്ടിലിലേക്ക് അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ അവിടെ താൻ വച്ച പുസ്തകമിരിക്കുന്നു. ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ.

 

ഒന്നും മനസ്സിലാകുന്നില്ലല്ലോ... അവൾക്ക്‌ ആകെ സംശയമായി.

ആരും അവിടെ വന്നിട്ടില്ല, ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിനെ വിശ്വസിപ്പിച്ച് പുസ്തകമെടുത്ത് അവൾ വീണ്ടും വായിക്കാൻ ആരംഭിച്ചു. കിച്ചു അവളുടെ കാലിൽ മുട്ടിയുരുമ്മിയിരുന്നു. കണ്ണുകളിൽ നടനം ചെയ്യാൻ തയ്യാറായി നിന്ന ഉറക്കം മെല്ലെ കവുങ്ങിൻ തോട്ടത്തിന്റെ ഇടയിലൂടെ മറ്റാരെയോ ലക്ഷ്യമാക്കി ശരവേഗം പാഞ്ഞു... ചുവന്നപൂക്കൾ അവൾക്ക് നൽകിയ ഭ്രാന്തൻ ചിന്തകളും അതോടൊപ്പം മാഞ്ഞു..

 

English Summary: Chenkinavil, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com