ADVERTISEMENT

വായ്ച്ചോറ് (കഥ)

“ഇതെന്താ, ഇയാളുടെ വായ് അടയുന്നില്ല” ?

 

തണുത്ത് വിറങ്ങലിച്ച മൃതശരീരം തറയിൽ നിവർത്തി കിടത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. വേറൊരാൾ അടുത്തു കിടന്ന ഒരു പഴയ കൈലി എടുത്ത് ശരീരം പുതപ്പിച്ചു. എന്നിട്ട് ആരോടെന്നില്ലാതെ ചോദിച്ചു.

 

“മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരമറിയിച്ചോ ?’’ ആരോ ഒന്നു മൂളി.

 

രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പതിവ് പോലെ രവീന്ദ്രൻ അവന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘വായിനോക്കാൻ’ ഇറങ്ങിയതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അല്ലേലും വെറുതെ ഇരിക്കുന്നത് കണ്ടാൽ അവന്റെ തള്ള എന്തെങ്കിലും പണികൊടുക്കും. അതിലും നല്ലത് പുറത്തിറങ്ങി നാലുപേരുടെ വായിനോക്കുന്നതാ.

 

രവീന്ദ്രന് പന്ത്രണ്ട് വയസ്സ് പ്രായം. ഗവൺമെന്റ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു, ഒരു വർഷം തോറ്റുപോയി. രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ സ്കൂളിൽ. സ്കൂൾ വിട്ട് വന്നാൽ പുസ്തകം മേശപ്പുറത്ത് വെച്ചിട്ട് അടുക്കളയിൽ അമ്മയടച്ചു വെച്ചിരിക്കുന്ന ചോറെടുത്ത് കഴിക്കും. 

അവന്റെ അമ്മ തങ്കമ്മ നല്ല ഉറക്കത്തിലായിരിക്കും. അതൊരു പതിവാണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. അഞ്ച് മണിക്കേ എഴുന്നേൽക്കൂ. അതുവരെ രവീന്ദ്രൻ ഫ്രീ. ഉടുപ്പും നിക്കറും മാറ്റി അവൻ ‌ചന്തയിലെ‌ വിശേഷങ്ങൾ അറിയാൻ ഇറങ്ങും. ഒരു വിളിപ്പാട് അകലെയാണ് ചന്ത. “എടാ രവിയേ....” എന്ന തങ്കമ്മയുടെ വിളി ചന്തയിൽ എവിടെ നിന്നാലും കേൾക്കാം. ചന്തയിൽ ആരെങ്കിലും ചങ്ങാതികൾ കാണും കളിക്കാനും, കൂടെ ചുറ്റിക്കറങ്ങി നടക്കാനും.

 

ഒരുദിവസം രവീന്ദ്രൻ പൗരസ്ത്യ ഫാർമസിയുടെ വരാന്തയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. ഒറ്റ നോട്ടത്തിൽ അയാൾ നാട്ടുകാരനല്ലെന്ന് മനസ്സിലായി. നാട്ടിലെ മിക്ക ആളുകളെയും രവീന്ദ്രനറിയാം. ഒരു പരിചയവും ഇല്ലാത്തത് കൊണ്ടാവും രവീന്ദ്രൻ അയാളുടെ മുന്നിൽ ചെന്ന് കുറെനേരം നോക്കി നിന്നു. 

 

അയാളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. വയസ്സായി പ്രാകൃതം ചെന്നൊരു മനുഷ്യൻ. താടിയും മുടിയും ഒക്കെ ഒരുപാട് വളർന്നിരിക്കുന്നു. മുഷിഞ്ഞ വസ്ത്രം. ഒരു ചെറിയ പൊതി മാത്രം അയാളുടെ അടുത്തുണ്ട്. അയാൾ വിജനതയിലേക്ക് നോക്കിയങ്ങനെ ഇരുന്നു. കണ്ടിട്ട് ഒരു ഭ്രാന്തൻ അല്ലെന്ന് മനസ്സിലായി. പെട്ടെന്ന് അമ്മയുടെ വിളി കേട്ടു. അവൻ വീട്ടിലേക്ക് ഓടിപ്പോയി. 

 

പിറ്റേ ദിവസവും രവീന്ദ്രൻ അയാളെ കണ്ടു. ഫാർമസി തുറന്നിരുന്നതു കൊണ്ട് അടുത്തുള്ള ഉദയാ സ്റ്റുഡിയോയുടെ പടിയിലാണ് ഇരുന്നത്. രവീന്ദ്രൻ അയാളെ നല്ലത് പോലെ ശ്രദ്ധിച്ചു. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും യാചിച്ചില്ല. വെറുതെ അങ്ങനെ ഇരുന്നു. ഇതിനിടയിൽ ആരോ അയാൾക്ക് ഒരു ചായ വാങ്ങി കൊടുത്തു. സന്തോഷത്തോടെ അയാൾ അത് വാങ്ങി. എന്നിട്ട് പറഞ്ഞു “താങ്ക്യൂ”. 

രവീന്ദ്രന് മനസ്സിലായി അയാൾ തെണ്ടിയല്ല, സ്വാഭിമാനമുള്ള ഒരു മനുഷ്യൻ.

 

ദിവസങ്ങൾ ഇങ്ങനെ കടന്നു പോയി. എല്ലാ ദിവസവും തന്റെ മുന്നിൽ വന്നു നിന്ന് തുറിച്ചു നോക്കുന്ന പയ്യനോട് അയാൾക്ക് എന്തോ ഇഷ്ടം തോന്നി. അയാൾ ചോദിച്ചു 

 

“നിന്റെ പേരെന്താ മോനേ ?”

 

അയാളുടെ ശബ്ദം രവീന്ദ്രന് ഇഷ്ടമായി. നല്ല ഗാംഭീര്യമുള്ള ശബ്ദം. അവൻ പേരു പറഞ്ഞു. എന്നിട്ട് ചോദിച്ചു.

 

“അപ്പൂപ്പന്റെ പേരെന്താ?”

 

അയാൾ കുറെ നേരം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.

 

“വർഷങ്ങളായി എന്നെ ആരെങ്കിലും പേര് വിളിച്ചിട്ട്. ദാമോദരൻ എന്നായിരുന്നു എന്റെ പേര്. അതെ, മേലേ വീട്ടിൽ ദാമോദരൻ”. ഇത്രയും പറഞ്ഞ് അയാൾ മൗനമായി ഇരുന്നു. പെട്ടെന്ന് രവീന്ദ്രന് വിളി വന്നു. അവൻ വീട്ടിലേക്ക് പോയി.

 

പിറ്റേ ദിവസവും രവീന്ദ്രൻ ഉച്ചയ്ക്ക് അയാളുടെ അടുത്ത് വന്നു. അയാൾ അടച്ചു കിടക്കുന്ന ഒരു കടയുടെ തിണ്ണയിൽ തറയിൽ ചുരുണ്ടുകൂടി കിടക്കുന്നു. കണ്ടിട്ട് അവന് സങ്കടം തോന്നി. അവൻ വീട്ടിലേക്കോടി പോയി. അമ്മയും അനിയത്തിയും നല്ല ഉറക്കം. അച്ഛൻ സഹദേവൻ ജോലിക്ക് പോയിരിക്കുന്നു. അച്ഛൻ രാത്രിയിലേ തിരികെ വരൂ. ആരും കാണാതെ അഴയിൽ കിടന്ന സഹദേവന്റെ ഒരു പഴയ കൈലി അവൻ എടുത്തു. അതുമായി ഓടി അയാളുടെയടുത്തു വന്നു. പതിയെ ആ കൈലി അയാളെ പുതപ്പിച്ചു. സ്പർശനമേറ്റ് അയാൾ ഉണർന്നു. കാര്യം മനസ്സിലായി. അയാളുടെ കണ്ണുകൾ നനഞ്ഞു. രവീന്ദ്രൻ പറഞ്ഞു 

 

“തറയിൽ കിടക്കണ്ട, കൈലി വിരിച്ച് കിടന്നോളൂ”.

 

ഒരു കാര്യം രവീന്ദ്രന് മനസ്സിലായി. ആരോടും ഒന്നും യാചിക്കാത്ത ആ‌ മനുഷ്യന് വല്ലപ്പോഴും ആരെങ്കിലും എന്തെങ്കിലും ആഹാരം കൊടുത്തിരുന്നു. കടയുടെ മുന്നിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ ആരും ഒന്നും പറഞ്ഞതുമില്ല.

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രവീന്ദ്രൻ അയാളോട് ചോദിച്ചു.

 

‘‘അപ്പൂപ്പൻ ഇവിടെ എങ്ങനെ വന്നു? ആരുമില്ലേ?”

 

ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു

“എല്ലാവരും ഉണ്ടായിരുന്നു മോനേ. ഭാര്യയും രണ്ട് മക്കളും ബന്ധുക്കളും എല്ലാം. ഇന്നാരുമില്ല’’

 

“അതെന്താ?” അവൻ ചോദിച്ചു.

അങ്ങനെ ആദ്യമായി അയാൾ ആരോടെങ്കിലും അയാളുടെ കഥ പറഞ്ഞു.

 

“എന്റെ വീട് അങ്ങ് കരുനാഗപ്പള്ളി എന്ന സ്ഥലത്താണ്. മേലേ വീട്ടിൽ എന്നായിരുന്നു വീട്ടു പേര്. ആ വീട് എന്റെ ഭാര്യ മാലതിക്ക് സ്ത്രീധനം കിട്ടിയതാ. കൂലിപ്പണി ആയിരുന്നു എന്റെ ജോലി. ആരുടെ വീട്ടിലും എന്ത് ജോലിക്കും ഞാൻ പോകുമായിരുന്നു. അദ്ധ്വാനിക്കും കാശ് വീട്ടിൽ കൊണ്ടു വരും. ഒരു ദുശ്ശീലവും എനിക്കില്ലായിരുന്നു. മാലതി ചെറുപ്പത്തിലേ അസുഖക്കാരി ആയിരുന്നു. അതുകൊണ്ട് ഒരു ജോലിക്കും ഞാനവളെ വിട്ടില്ല. രാവും പകലും അദ്ധ്വാനിച്ച് ഞാൻ കുടുംബം പുലർത്തി.

 

ദൈവം ഞങ്ങൾക്ക് രണ്ട് മക്കളെ തന്നു. മൂത്ത ഒരു മകനും ഇളയ മകളും. രണ്ട് മക്കളെയും കഴിവിനൊത്ത് പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകൻ ദിനേശ് പട്ടാളത്തിൽ ചേർന്നു. സർവ്വീസിൽ ഇരിക്കുമ്പോൾ മുറയ്ക്ക് അവൻ കാശയച്ചിരുന്നു. ആ കാശ് സ്വരുക്കൂട്ടി മകൾ ശാലിനിയെ ചുമട്ടു തൊഴിലാളി ആയ ശ്രീധരന് വിവാഹം ചെയ്ത് കൊടുത്തു”.

 

മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് മാലതി മരിച്ചു. ഒരു യാത്ര പോലും പറയാതെ അവൾ പോയി. അതോടെ മാറി എന്റെ ജീവിതവും. വീട്ടിൽ ഒറ്റയ്ക്ക് ആയതോടെ ജീവിതം അസഹനീയമായി. പിന്നീട് നിർബന്ധിച്ച് മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പരിചയത്തിലുള്ള ഒരു ഗോപാലന്റെ മകൾ സുനന്ദയുമായി. കാണാൻ സൗന്ദര്യവും കഴിവും ഉള്ള ഒരു കുട്ടി. കുറേ നാളത്തേക്ക് എല്ലാം നല്ലതായിരുന്നു. 

 

പെട്ടന്നായിരുന്നു അതിർത്തിയിൽ വെടിവെപ്പ് നടന്നത്. ഷെല്ലിങ്ങിൽ എന്റെ മകൻ കൊല്ലപ്പെട്ടു. ചിതറിപ്പോയി ശരീരം” 

 

കുറച്ചു നേരം അയാൾ തേങ്ങലടിച്ചു കരഞ്ഞു. എന്നിട്ട് തുടർന്നു.

 

“മോന്റെ മരണത്തോടെ എല്ലാം നശിച്ചു. മരുമകൾ അവളുടെ വീട്ടിലേക്ക് പോയി. ഒരു ദിവസം മോളും മരുമകനും വീട്ടിൽ വന്ന് ബഹളമുണ്ടാക്കി. വീട് അവരുടെ പേരിൽ എഴുതിക്കൊടുക്കണമെന്ന്. എന്റെ മരണശേഷം കിട്ടുമെന്ന് ഞാൻ പറഞ്ഞു. ഉടനെ തന്നെ വേണമെന്ന് അവർ ശാഠ്യം പിടിച്ചു. അങ്ങനെ വഴക്കായി. ശ്രീധരൻ എന്നെ പിടിച്ചു തള്ളി. ഞാൻ ഉരുണ്ടു വീണു. അവസാനം ഞാൻ വീടും അഞ്ചു സെന്റ് സ്ഥലവും മകളുടെ പേരിൽ എഴുതിക്കൊടുത്തു. ഒരു മാസത്തിനകം മകൾ ആ വീടും സ്ഥലവും വിറ്റു. അങ്ങനെ എനിക്ക് വീടില്ലാതായി.”

 

രവീന്ദ്രൻ ചോദിച്ചു 

 

“അപ്പോ, പട്ടാളക്കാരൻ മോന്റെ‌ കാശൊന്നും ‌കിട്ടിയില്ലേ ?”

 

അയാൾ തുടർന്നു. 

“ഇല്ല മോനേ, അപ്പൂപ്പന് ഒന്നും കിട്ടിയില്ല. മരണാനന്തര അവകാശി ഭാര്യ ആയതിനാൽ എല്ലാം സുനന്ദയ്ക്ക് കിട്ടി. അതിൽ നിന്ന് ഒരു രൂപ‌ പോലും അവളെനിക്ക് തന്നില്ല. ഞാൻ എവിടെ, എങ്ങനെ ജീവിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. വയസ്സായ എനിക്ക് കൂലിപ്പണി ചെയ്യാൻ വയ്യാ. ജനിച്ചു വളർന്ന നാട്ടിൽ തെണ്ടി നടക്കാനും വയ്യാ. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അങ്ങനെയാണ് എന്നെ ആരുമറിയാത്ത ഈ നാട്ടിൽ ഞാൻ എത്തിയത്”

 

അയാളുടെ കഥ കേട്ടപ്പോൾ രവീന്ദ്രന് കരച്ചിൽ വന്നു. അപ്പോഴേക്കും തങ്കമ്മയുടെ കൂകി വിളി വന്നു. ഒന്നും പറയാതെ അവൻ വീട്ടിലേക്ക് ഓടി.

 

രാത്രിയിൽ എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. നോക്കിയപ്പോൾ സഹദേവനും തങ്കമ്മയും അനിയത്തിയും എല്ലാം നല്ല ഉറക്കം. അവൻ‌ അടുക്കളയിൽ കയറി എന്തെങ്കിലും ആഹാരം ഉണ്ടോ എന്നറിയാൻ. രാത്രിയിൽ അധികം വന്ന ആഹാരം ‌പഴങ്കഞ്ഞിക്കായി മാറ്റി വെച്ചിരിക്കുന്നു. അവൻ‌ അതൊരു പാത്രത്തിലാക്കി അപ്പുപ്പന്റെ അടുത്തേക്ക് പോയി.

 

സത്യത്തിൽ അയാൾ വളരെ വിശന്ന് ഇരിക്കുകയായിരുന്നു. അന്നത്തെ ദിവസം ആരും ആഹാരം കൊടുത്തില്ലായിരുന്നു. ഒരു കുട്ടി തനിക്ക് വേണ്ടി ആഹാരം കൊണ്ട് വന്നത് കണ്ടപ്പോൾ അയാൾ വാവിട്ട് കരഞ്ഞു പോയി. വളരെ ആർത്തിയോടെ അയാൾ ചോറു വാരി തിന്നാൻ തുടങ്ങി. രവീന്ദ്രന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൻ വീട്ടിലേക്ക് ഓടി.

 

“ഇത് കണ്ടോ? ഇയാളുടെ വായിൽ ചോറിരിക്കുന്നു’’ ശവശരീരം നേരെ കിടത്തുന്നതിനിടയിൽ ഒരു നാട്ടുകാരൻ പറഞ്ഞു.

 

ഇതിനിടയിൽ മുനിസിപ്പാലിറ്റി വണ്ടി വന്നു. പൗരസ്ത്യ ഫാർമസിയിലെ‌ ഡോക്ടർ ഒരു മുണ്ട് കൊണ്ടുവന്ന് കോടിയായി പുതപ്പിച്ചു. 

ശവമെടുക്കുന്നതിനു മുമ്പ് മുനിസിപ്പാലിറ്റിയിലെ‌‌ ഒരാൾ ഔപചാരികമായി ചോദിച്ചു “ഇയാൾക്ക് ബന്ധുക്കൾ ആരുമില്ലല്ലോ‌?” 

 

“ഞാനുണ്ട്’’

എന്ന് പറയാൻ രവീന്ദ്രന്റെ മനസ്സ് വെമ്പി.

 

മുനിസിപ്പാലിറ്റിക്കാർ ശവശരീരം വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടി നിന്നവർ പിരിഞ്ഞു പോയി.

 

ആരോ പറയുന്നത് കേട്ടു 

 

“ചോറ് വലിച്ചു വാരി തിന്നപ്പോഴായിരിക്കും അയാൾ ശ്വാസം മുട്ടി മരിച്ചത്”

 

English Summary: Vayichoru, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com