ഊണിലും ഉറക്കത്തിലും യാത്രകളിലും പുസ്തകത്തെ കൂടെകൂട്ടുന്നവർ

book-reading
Representative Image. Photo Credit : MIND AND I / Shutterstock.com
SHARE

പൊത്തകപ്പുഴു (കഥ)

വിരിഞ്ഞു നിൽക്കുന്ന ചോരചെമ്പരത്തിയിലേക്ക് നോക്കി വെറുതെ നിൽക്കുന്ന സമയം. പഴുത്ത പ്ലാവിലകൾ കൊഴിഞ്ഞു വീണ മുറ്റത്ത് നിന്ന് കാലാവസ്ഥ നിരീക്ഷകനെപ്പോലെ മാനത്ത് കണ്ണോടിച്ചു. പെയ്യും പെയ്യും എന്ന് കൊതിപ്പിച്ചിട്ട്‌ ഓടിയോളിക്കുന്ന മഴ മേഘങ്ങൾ എന്നെ നോക്കി കണ്ണിറുക്കി. മഴയുടെ  ലക്ഷണമുണ്ടെങ്കിലും രാവിലെ തന്നെ അലക്കി വിരിച്ച തുണികൾ അയയിൽ തൂങ്ങിയാടുന്നു. മൂടിക്കെട്ടിയ അന്തരീഷത്തിൽ മൂടിക്കെട്ടിയ മനസ്സുമായി നാല് ചുവരുകൾക്കുള്ളിലേക്ക് നടക്കുമ്പോൾ കയ്യിലിരുന്ന ഫോൺ ആരോടോ വാശി തീർക്കാനെന്ന പോലെ കിടക്കയിലെറിഞ്ഞു.

അലമാരയിൽ നിരനിരയായി അടുക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് പൊത്തകങ്ങളിലെന്റെ  കണ്ണുടക്കി. വായിച്ചതും വായിക്കാത്തതുമായ അനേകം പൊത്തകങ്ങൾ. സൗഹൃദവലയങ്ങൾ സ്നേഹപൂർവ്വം സമ്മാനിച്ചതും, പണം മുടക്കി വാങ്ങിയതുമുൾപ്പെടെ എത്രയോ പൊത്തകങ്ങൾ. എന്റെ ചങ്ങാതിമാരണവർ. ഊണിലും ഉറക്കത്തിലും യാത്രകളിലും ജോലിയിലും ഞാനവരെ കൂടെ കൂട്ടാറുണ്ട്.

കാലപ്പഴക്കാത്താൽ നരച്ച് ചുളുങ്ങിയ കവറുകളും, കീറിയടർന്ന പേജുകളും ഞങ്ങളെ ഉപേക്ഷിക്കരുതേയെന്നു എത്രയോ വട്ടം എന്നോട് മന്ത്രിച്ചിരിക്കുന്നു. മുറിവുകളിൽ പശ തേച്ചും സെല്ലോപ്പുകളാൽ തുന്നിചേർത്തും, അവരുടെയെല്ലാം നിലവിളികൾ കൈക്കൊണ്ട്, പൊടി തുടച്ച്, അക്ഷരങ്ങളിലൂടെ അരിച്ചിറങ്ങി അറിവുകളുടെ ലോകത്തേക്ക്, പൊത്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെ, കഥാപാശ്ചാത്തലങ്ങളിലൂടെ  എത്രയോ വട്ടം യാത്ര  പോയിരിക്കുന്നു. ഇന്നും അവരെന്നെ നോക്കി ചിരിച്ചു. മാടിവിളിച്ചു. മൂടിക്കെട്ടിയ മുഖത്തിനൊരു അയവു വന്നിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. സന്തോഷപൂർവ്വം ഞാനാ ചങ്ങാതികളുടെ പുറം ചട്ടകളിൽ വിരലോടിച്ചു. അവരെന്നെ വിളിക്കുകയാണ്  വീണ്ടും വീണ്ടും. ഇടയിലെവിടെയോ മറഞ്ഞിരുന്ന, ഒന്നിലേറെത്തവണ ഞാനാർത്തിയോടെ വായിച്ച  കിളിമഞ്ജാരോ ബുക്ക്‌സ്റ്റാൾ വീണ്ടുമെന്റെ കൈകളിൽ തടഞ്ഞു.

‘‘പർവതങ്ങൾ വിളിക്കുമ്പോൾ..’’ എന്നെഴുതിയ  വാചകങ്ങളിൽ കുരുങ്ങി അക്ഷരങ്ങളുടെ മായിക ലോകത്തേക്ക് ഞാൻ വീണ്ടുമൊരു സഞ്ചാരിയായി. ഈയൊരു ദിനത്തിലെ മറ്റ് ജോലികൾ മാറ്റി വെച്ചുവെന്നൊരു അർഥം അതിനില്ല. ഇടക്കിടക്ക് മുറിയിലേക്ക് എത്തി നോക്കി പണിയെടുപ്പിക്കുന്ന അമ്മയുടെയും, അപ്പന്റെയും നിഴലനക്കം, കുറുമ്പിപൂച്ചയുടെ മ്യാവു മ്യാവൂ, അടുക്കളയിൽ  നിന്നും നാസികയയിലേക്ക് പടരുന്ന മീൻ വറുത്തതിന്റെ ഗന്ധം, ബെല്ലടിക്കുന്ന മൊബൈൽ ഫോൺ അങ്ങനെ പലതും  പൊത്തകത്തിലെ അക്ഷരങ്ങളിൽ കുരുങ്ങി നീങ്ങുമ്പോൾ കടന്നു വന്ന അതിഥികളായി.

ഈ ലോകത്തുള്ള സകല പൊത്തകപുഴുക്കളെയും സാക്ഷിയാക്കി  കിളിമഞ്ജാരോയിലെ  പുസ്‌തകവില്പനക്കാരനായി യാത്ര ചെയ്യുമ്പോൾ അതിലെ മറ്റ് കഥാപാത്രങ്ങളൊക്കെ ഇന്ന് ഈ നിമിഷം വരെയും  എന്റെയൊപ്പം ഉള്ളത് പോലെ. കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകി മാറുന്ന പേജുകൾ , അക്ഷരങ്ങൾ. പുറത്ത് മഴയുടെ  ഇരമ്പൽ  കേട്ടപ്പോൾ ബുക്ക്‌മാർക്കുകൾ ഉള്ളിൽ തിരുകി  പൊത്തകമെടുത്ത് കയ്യിൽ പിടിച്ച് സിറ്റ്ഔട്ടിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. പരിചിതരും  അപരിചിതരുമായ പൊത്തകപുഴുക്കൾ കേൾക്കുന്ന പഴികളൊക്കെ അകം മുറിയിൽ നിന്ന് എന്റെ കാതുകളിലേക്ക് ഭരണിപ്പാട്ട്  ഒഴുകുന്നത് പോലെ ഒഴുകിയെത്തി. മഴയുടെ താളത്തിൽ അവയെല്ലാം തെന്നി തെറിച്ച് പോവുന്നത് നോക്കി രസത്തോടെയിരുന്ന ഞാൻ ഒരിറക്ക് ദാഹജലവും മൊത്തി. പെയ്തിറങ്ങുന്ന മഴയിലേക്ക് എല്ലാം ദുഃഖങ്ങളെയും ആട്ടിയകറ്റി വീണ്ടും പൊത്തകത്തിലേക്ക്, അതിലെ കഥകളിലേക്ക്, കഥാപാത്രങ്ങളിലേക്ക്.

സായാഹ്നത്തിൽ  അമ്മയുടെ  കൈപ്പുണ്യത്തിൽ  നെയ്യപ്പവും, ചുക്കുകാപ്പിയും മൊത്തി. ചുക്കുകാപ്പിയുടെ രുചിയിലേക്ക് കടന്നു കേറും മുൻപ് അതിനെ വിവരിക്കാൻ വാക്കുകൾ പോരാതെ  വരും. അതിന്റെ ചേരുവകൾ ആ സമയം എനിക്കോർമ്മ വന്നു. തിളച്ച വെള്ളത്തിലേക്ക് ഇടുന്ന പൊടിച്ച ചുക്കും കുരുമുളക് പൊടിയും, തുളസിയിലയും, ഏലക്കയും, കാപ്പിപ്പൊടിയും, കരിപ്പെട്ടിയും, പിന്നെ പഞ്ചസാരയും ചേർത്തിളക്കി കപ്പിലേക്ക് പകരുന്നത് എന്റെയുള്ളിൽ വിരിഞ്ഞ ഒരു ദൃശ്യമാണ്. ഈ സമയമത്രയും നിശബ്ദമാക്കി  വെച്ചിരുന്ന പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളിൽ പ്രിയപ്പെട്ട ഒന്നിന് മാത്രം ദീർഘമായ മറുപടികളും ചോദ്യങ്ങളുമെറിയാനും എനിക്ക് കഴിഞ്ഞു. പിന്നീടെപ്പോഴോ 

കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ വാതിലും പൂട്ടി  വീണ്ടും അലമാരയിലെ ചങ്ങാതികളിലേക്ക് നടന്നു.

നേരമിരുട്ടിയിരിക്കുന്നു. പൊത്തകക്കൂട്ടങ്ങൾക്കിടയിൽ നിന്നും കുളിമുറിയുടെ ചുവരിലേക്ക് യാത്ര  പറഞ്ഞപ്പോൾ പൊത്തകങ്ങൾ എന്നെ നോക്കി നിലവിളിച്ചു. തൊട്ടും തലോടിയുമവരെ ആശ്വസിപ്പിച്ച്  കുളിമുറിയിലേക്കോടി. അത്താഴമുണ്ണുമ്പോൾ പൊത്തകമടക്കഡായെന്ന പതിവ്  ഭീഷണി കാറ്റിൽ പറത്തി ഒരു ശരാശരി പൊത്തകപ്പുഴുവായി സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക് യാത്ര തുടങ്ങി. ഇന്നത്തെ ദിനം സൂസന്നയുടെ ഗ്രന്ഥപ്പുര പൂർത്തിയാക്കാൻ നിന്നെയനുവദിക്കല്ല എന്ന വാശിയിൽ നിദ്രാദേവി കണ്ണുകളെ  തഴുകി. 

ഈയൊരു നിമിഷം നാളെ വീണ്ടും വരാമെന്ന് മന്ത്രിച്ച് ബുക്ക്‌മാർക്ക് തിരുകി സൂസന്നയുടെ ഗ്രന്ഥപ്പുരയെ അവളുടെ ചങ്ങാതികൾക്ക് ഒപ്പമാക്കി നാളെ വീണ്ടുമെത്തുമെന്നു ഉറപ്പ് നൽകി ഞാൻ കിടക്കയിലേക്ക് വീണു. പുതുസ്വപ്നങ്ങൾ നെയ്തെടുത്ത് വരും തലമുറകൾക്കൊരു നിധിയാവാൻ പോവുന്ന പൊത്തകങ്ങളെ നോക്കി ഞാൻ കണ്ണുകളടച്ചു.

English Summary: Pothakapuzhu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA
;