ADVERTISEMENT

കാത്തിരുന്ന ആത്മഹത്യ (കഥ)

2021 ഡിസംബർ 12 ഞായറാഴ്ച. അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലെ ഒരു ആഡംബര ഹോട്ടലിൽ ആണ് ഈ കഥ നടക്കുന്നത്. അവിടെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാർഷിക പൊതുയോഗം നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കുന്നു. കമ്പനിയുടെ സിഎഫ്ഒ (ധനകാര്യ വിഭാഗം മേധാവി) വാർഷിക കണക്കു അവതരിപ്പിക്കുന്നു. ലാഭം പ്രതീക്ഷിച്ചതിൽ നിന്നും വളരെ കൂടുതൽ ആണെന്ന് ആണ് അദ്ദേഹം സമർത്ഥിക്കുന്നത്. പ്രതിനിധികൾ ഇതു കേട്ടു കൈയ്യടിച്ചു.

ഈ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച, കമ്പനിയുടെ ഒരു ഉൽപന്നത്തിന്റെ തലവനെ വേദിയിലേക്ക് ക്ഷണിച്ചു. ഒരു സുമുഖനായ ചെറുപ്പക്കാരൻ അതാ കടന്നു വരുന്നു... ഭയങ്കരൻ, ഇവൻ തന്നെ ആയിരുന്നല്ലോ കഴിഞ്ഞ വർഷവും... പ്രതിനിധികൾ കുശുകുശുത്തു. സിഫ്‌ഒ പറഞ്ഞു, ഇദ്ദേഹം ആണ് ഈ വർഷത്തെ മികച്ച പ്രതിനിധി. തുടർച്ചയായി രണ്ടു വർഷം ഈ സ്ഥാനം നേടിയെടുത്ത ഇദ്ദേഹത്തെ ഈ നൂറ്റാണ്ടിന്റ വിജയിയായി കൂടി പ്രഖ്യാപിക്കുകയാണ്. പ്രതിനിധികൾ വീണ്ടും ഹർഷാരവം മുഴക്കി.

ബഹുമതിപത്രം സ്വീകരിച്ച ശേഷം ചെറുപ്പക്കാരൻ മറുപടി പ്രസംഗം ആരംഭിച്ചു. ഈ വിജയം എന്റെ കൂടെ ഉള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലം ആണ്. ഞങ്ങൾ കഴിഞ്ഞ രണ്ട് വർഷവും 200% ലക്ഷ്യം നേടിയിരിക്കുന്നു. നമ്മുടെ കമ്പനിയുടെ ചരിത്രം പരിശോധിച്ചാൽ ഇതു പോലെ ഒരു വിജയം ഏകദേശം നൂറു വർഷം മുൻപായിരുന്നു എന്നു കാണാം. രണ്ടു വർഷം മുൻപ് ഈ ഉൽപന്നം പുറത്തിറക്കുമ്പോൾ ഇങ്ങനെ ഒരു വിജയം നമ്മൾ ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതിപ്പോൾ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും കടന്നു, നമ്മുടെ ഉൽപന്നം ജൈത്രയാത്ര തുടരുന്നു... ചെറുപ്പക്കാരൻ ഒന്നു നിർത്തി... ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു...വീണ്ടും തുടർന്നു...

ഈ വിജയത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും ഇതിന്റെ ഒരു മറുവശം കൂടി ഉണ്ടെന്നു ഞാൻ പറഞ്ഞുകൊള്ളട്ടെ. നമ്മുടെ ഉൽപന്നത്തിന്റെ ഉപയോഗം മൂലം ആയിരകണക്കിന് സാധാരണ മനുഷ്യർ മരിച്ചു വീണു. മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, അനാഥരായവർ.. അങ്ങനെ അങ്ങനെ.. ജീവിച്ചിരിക്കുന്ന ഒരു പാട് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, പട്ടിണിയിൽ ആയി, രോഗശയ്യയിൽ ആയി .നമ്മൾ ഒരു സംസ്‍കാരത്തെ നശിപ്പിച്ചു. ഏവർക്കും അവകാശപ്പെട്ട ഈ പ്രകൃതിയെ മലിനമാക്കി. നമ്മുടെ ഉത്പ്പന്നം ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾ പലരീതിയിൽ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കതിനെ പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നില്ല.

ഈ അടുത്തു നടന്ന ചില സംഭവങ്ങൾ എന്റെ ഹൃദയം തകർത്തു കളഞ്ഞു സുഹൃത്തുക്കളെ. ആശുപത്രികളുടെ മുൻപിൽ അക്ഷമരായി, വരിവരി ആയി നിൽക്കുന്ന, സാധാരണക്കാരുടെ കാഴ്ച്ച. ഉള്ളിലുള്ള രോഗികൾ മരിച്ചാലേ അവർക്കു കിടക്കാൻ കിടക്ക ഒഴിവാകൂ. ഒട്ടനവധി പേർ ആശുപത്രികളുടെ മുൻപിൽ വീണു മരിച്ചു. മരിച്ചു പോയവരെ ദഹിപ്പിക്കുമ്പോൾ ഉള്ള രൂക്ഷഗന്ധം എവിടെയും.....എനിക്കു മതിയായി. ഇതിൽ കൂടുതൽ നാശം ചെയ്യാൻ ഇനി വയ്യ... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

ചെറുപ്പക്കാരൻ തിരിഞ്ഞു നിന്നു വേദിയിൽ ഇരിക്കുന്ന കമ്പനിയുടെ നേതൃത്വത്തോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം സർ. നമ്മുടെ ഉൽപ്പന്നത്തിന്റെ, വിപണിയിൽ വരാനിരിക്കുന്ന മൂന്നാം തലമുറയുടെ രഹസ്യരേഖകൾ ഞാൻ കുറച്ചു മുൻപ് കത്തിച്ചു കളഞ്ഞു. ഒരു നിമിഷം സദസ്സിൽ പൂർണ നിശബ്ദത. പ്രതിനിധികൾ പരസ്പരം നോക്കി.ചെറുപ്പക്കാരൻ തുടർന്നു.ലോകത്തെ ഏറ്റവും അധികം ദ്രോഹിച്ച, എല്ലാവരാലും വെറുക്കപ്പെട്ട ഞാൻ, രാജി വെയ്ക്കുകയാണ്, എന്റെ ജോലിയിൽ നിന്നും ജീവിതത്തിൽ നിന്നും. ഇതു പറഞ്ഞതും അദ്ദേഹം പോക്കറ്റിൽ നിന്നും ചെറിയ ഒരു കൈത്തോക്ക് എടുത്തു സ്വന്തം തലയിൽ നിറയൊഴിച്ചു.ചെറുപ്പക്കാരൻ ആ വേദിയിൽ മരിച്ചു വീണു. സുരക്ഷാ ഉദ്യോഗസ്ഥർ ഓടി അടുത്തു. ഇന്റർനാഷണൽ വൈറസ് കമ്പനിയുടെ പ്രതിനിധികൾ ആ ഹോട്ടലിന്റെ കുളിർമയിലും വിയർത്തു, അവർക്കു വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ നൂറ്റാണ്ടിന്റെ വിജയി, അവരുടെ സഹപ്രവർത്തകൻ, കൊറോണ വൈറസ് ആത്മഹത്യാ ചെയ്തിരിക്കുന്നു.

Content Summary : Writers Blog : Kathirunna Athmahathya - Short story by Tiju Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com