ADVERTISEMENT

ഒഡീലിയാ (കഥ)

കയറ്റം കയറിക്കൊണ്ടേയിരുന്നു. ഇനി വയ്യ. ആ പൈൻമരച്ചോട്ടിലിരിക്കട്ടെ. വാ യോഷി, നീയും വാ. ഇവിടെ വന്ന് എന്റടുത്തിരിക്കൂ. പഞ്ഞിക്കെട്ടു പോലുള്ള രോമവും കുലുക്കിക്കൊണ്ടു ദേ അവൾ കുണുങ്ങി ചാടി വരുന്നു. മഞ്ഞു കണങ്ങൾ ഒട്ടു പറ്റിപ്പിടിച്ചു നിന്റെ രോമക്കാട് പന്ത് പോലെ വീർത്തുവല്ലോ യോഷി! നല്ലതു തന്നെ, നല്ലതു തന്നെ. വാ വാ, നീ ഇവിടിരിക്കൂ. 

 

നോക്കൂ യോഷി, ആൽപ്സിന്റെ വിരിഞ്ഞ മഞ്ഞു മാറത്തെ, പരുത്ത രോമകുറ്റികൾ പോലെ പൈൻ മരക്കാടുകൾ ഇവിടെയെങ്ങും നിറഞ്ഞു നിൽപ്പുണ്ട്. ഇതിനിടയിൽ എവിടെയാണാവോ അവൾ? വടക്കേ  ചരിവിൽ നിന്നും കുസൃതി നിറഞ്ഞു ഫൊൻ വീശുന്നുണ്ട്. അല്ല! പാകമെത്തിയ മുന്തിരിയുടെ മണമാണല്ലോ കാറ്റിന്! അതെ മുന്തിരിയുടെ മധുവൂറും മണം തന്നെ. ആൽപ്സിന്റെ താഴവരകളിലൊന്നിൽ അന്ന് രാത്രി നടന്ന പാർട്ടിയിൽ വിളമ്പിയ വീഞ്ഞിനും ഇതേ മുന്തിരി തന്നെയാവണം ഉപയോഗിച്ചത്. അന്നവൾ ധരിച്ച വസ്ത്രത്തിനും മുന്തിരിയുടെ നിറവും മണവുമായിരുന്നല്ലോ, അല്ലെ ഒഡിലിയ? 

ഒഡീലിയാ....... ഒഡീലിയാ........ ഈ സ്തൂപികാഗ്ര വനത്തിൽ നീ എവിടെ? പ്രേമവിവശനായി എത്ര നേരം ഞാൻ നടന്നു നിന്നെ തിരഞ്ഞ്? ദിശമാറിക്കൊണ്ടേയിരിക്കുന്ന കള്ളക്കാറ്റിന്റെ കയ്യിൽ മറുപടി കൊടുത്തു വിടാതെ നീ ഒന്നെന്റെ മുൻപിൽ വരൂ. 

 

അന്നാ വിരുന്നിനു ശേഷം ഞാൻ നിന്നെ കണ്ടിട്ടില്ല. ആൽപ്സിന്റെ നെറുകയിൽ നീയുണ്ടെന്ന് ഈ കള്ളക്കാറ്റാണ് വന്നെന്നോട് പറഞ്ഞത്. നിന്റെ മണവും ഈ കാറ്റ് കൊണ്ടു തരുന്നുണ്ട്. നിന്റെ പൊട്ടിച്ചിരിയുടെ, അലയുടെ അരികു പിടിച്ചു ഞാനും യോഷിയും ദാ അങ്ങെത്തുകയായി. യോഷി! ഓ നിന്റെ മിഴികളടഞ്ഞു കഴിഞ്ഞുവോ? നേർത്ത മഞ്ഞുപാളി നിന്റെ ഇമകളെ തുന്നിക്കെട്ടിയോ അപ്പഴേക്കും?. മഞ്ഞിൽ വിശ്രമിക്കാൻ കൊള്ളില്ല, മഞ്ഞിൽ വിശ്രമിക്കാൻ പോവരുതെന്നു ലിയോൺ കടൽക്കരയിലെ, ആ പഴയ പള്ളിയിലെ പ്രായം ചെന്ന വൈദികൻ മുൻപെന്നോടു പറഞ്ഞിട്ടുണ്ട്. മഞ്ഞിന്റെ ആത്മാവ് തണുത്തു മരവിച്ചതാണത്രേ. അത് നമ്മുടെ ആത്മാവിനെയും അതിശൈത്യം കൊണ്ട് മൂടുമത്രേ. മഞ്ഞു മൂടിയ അത്തരം അനേകമനേകം ആത്മാക്കളാണത്രെ ആൽപ്സിന്റെ മുകളിൽ കൂറ്റൻ മഞ്ഞു കട്ടകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. യോഷി, ഞാൻ വിട കൊള്ളട്ടെ. ഒഡീലിയ മുകളിലുണ്ടെന്നു തോന്നുന്നു. നീ നിദ്ര കൊൾക. ഒഡീലിയായും ഞാനും മലയിറങ്ങി വരുമ്പോൾ തീർച്ചയായും അവൾ നിന്റെ  പഞ്ഞിക്കെട്ടിൽ മൃദുവായി മുഖമമർത്തി നിന്നെ ഉണർത്തും. 

 

ഒഡീലിയാ, എവിടെ നീ ഇനിയും പോയ് മറഞ്ഞിരിക്കുന്നു?... യോഷി ഉറങ്ങി, എന്റെ മയക്കം നീ വന്നു തടസ്സപ്പെടുത്തിയോ? നിന്റെ അരികിലേക്ക് നീ തന്നെ എന്നെ വലിച്ചടുപ്പിക്കയാണോ പതുക്കെ? എന്നാലും നീ എന്റെ മുൻപിൽ വരില്ല അല്ലെ? അല്ല, ഞാനെത്തിപ്പോയി ഈ പർവത ഭീമന്റെ മുകളിൽ. ഇവിടെ നീയുണ്ടെന്നാണല്ലോ ഫൊൻ എന്റെ കാതിൽ പറഞ്ഞത്. മര മർമരങ്ങളും നീ ഇവിടുണ്ടെന്നു തന്നെ പറഞ്ഞു. കല്ലിൽ തട്ടി ഞാൻ ഇടക്കെല്ലാം മറിഞ്ഞു വീഴുകയുണ്ടായി. അപ്പോൾ കല്ലുകളും കല്ലുകളും തമ്മിൽ പറഞ്ഞതും നീയിവിടെ ഉണ്ടെന്നു തന്നെ. 

 

അല്ല,  ഒഡീലിയ, എന്റെ പ്രിയേ, നീ നിദ്രയായിക്കഴിഞ്ഞുവോ ഈ ഹിമഭീമനു മുകളിൽ? ഇവിടെ വന്നുവോ നീ അന്നത്തെ ആ മുന്തിരിക്കറുപ്പുള്ള രാത്രിയിൽ? പക്ഷേ നിന്റെ മുന്തിരി മണക്കുന്ന ഉടുപ്പെവിടെ? നിന്റെ ആടയാഭരണങ്ങളെവിടെ? നിന്റെ പൂമേനി ചതഞ്ഞു നീലിച്ചിരിക്കുന്നുവോ? ശരിയാണ്, ആ പ്രായം ചെന്ന വൈദികൻ പറഞ്ഞത് ശരിയാണ്! മഞ്ഞിൽ വിശ്രമിക്കരുത്. മഞ്ഞിന്റെ ആത്മാവ് നിന്നെയും അതി ശൈത്യം കൊണ്ട് മൂടിയിരിക്കുന്നു. 

 

ഞാനും നീയും ഒരുനാൾ ഒന്നിക്കും. ഈ ഹിമ ഭീമനു മുകളിലെ പടുകൂറ്റൻ ഹിമാനികളിലൊന്നിനുള്ളിലെ ഉരുകുന്ന മഞ്ഞു കണങ്ങളായി നിന്റെയും എന്റെയും ചേതന ഒന്നിക്കും. അന്ന് നാം യോഷിയോടൊത്തു ഒരായിരം പാട്ടു പാടും. മഞ്ഞു പെയ്യുന്ന ആൽപ്സിന്റെ താഴ്​വരകളിൽ അന്നെന്റെയും നിന്റെയും മനം പെയ്യും. തീർച്ച.

 

English Summary: Odiliya, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com