‘രണ്ടു ദിവസത്തെ കോൺഫറൻസിന് എന്നു പറഞ്ഞ് പോയതാണ്, ഇന്നേക്ക് ആറുമാസമായി’

worried-young--mother
Representative Image. Photo Credit : fizkes / Shutterstock.com
SHARE

ഒന്നും പറയാതെ... (കഥ)

അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ ജോലി കാശു സമ്പാദിക്കുവാൻ ആയിരുന്നില്ല എന്നത് എന്നെപ്പോലെ തന്നെ എന്നെ അറിയുന്നവർക്കും അറിയാം. ഏകമകളായ എനിക്ക് നന്നായിക്കഴിയുവാൻ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ കരുതി വെച്ചിരുന്നത് വലിയ ആശ്വാസമായി എന്നു തോന്നുന്നു ഇപ്പോൾ.

അമ്മാവന്റെ മകൻ, കുറെക്കാലം ഒരേ വീട്ടിൽ താമസിച്ചവർ, ഒരുമിച്ചു കളിച്ചു വളർന്നത്, എഴുത്തുകാരൻ , പാട്ടുപാടുന്നവൻ, കവിതചൊല്ലുന്നവൻ, എഴുത്തിന്റെ ലോകത്ത് കൈപിടിച്ച് എന്നെ കൂടെ കൊണ്ട് നടത്തിയവൻ, എന്നെ പഠിപ്പിച്ച മാഷേട്ടൻ, ബിരുദാനന്തര ബിരുദധാരി, ഇവിടെ UAE യിൽ ബാങ്കിൽ ഉയർന്ന ജോലി. ദൈവം കുഞ്ഞുനാളിലെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവന് ഇത്രയൊക്കെ പോരെ അമ്മാവന്റെ മറ്റു പെങ്ങൻമാരുടെ മക്കളായ ദച്ചുവിനും മിച്ചുവിനും മറ്റും എന്നോട് ഒരിക്കലും മാറാത്ത കുശുമ്പ് ഉണ്ടാകുവാൻ. എനിക്കറിയില്ല ഇന്നത്തെ എന്റെ അവസ്ഥ അറിഞ്ഞാൽ അവർ പരിതപിക്കുമോ സഹതപിക്കുമോ എന്നൊന്നും.

നന്ദേട്ടാ.. പിണക്കമോ നിത്യകലഹമോ ഒന്നുമില്ലാത്ത ബഹുവർണ്ണങ്ങൾ വാരി വിതറിയ ജീവിതമായിരുന്നില്ലേ നമ്മുടേത്.. എന്നിട്ടും എന്തിന്...? 

ആദ്യത്തെ കുഞ്ഞ് ആണായിരുന്നപ്പോൾ ‘‘ഞാനില്ലെങ്കിലും നിനക്കെന്നും ഇവൻ കൂട്ടിനുണ്ടാകും’’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതൊക്കെ ഇതിനായിരുന്നോ... ഈ ദുഖവും പേറി ഞാൻ ജീവിക്കണമെന്ന ചിന്തയോടെയാണോ എനിക്കൊരു മോനേയും മോളേയും തന്നത്... കുഞ്ഞുനാൾ മുതലേ ഞാൻ കരയുന്നതു കണ്ടാൽ സ്വന്തം കണ്ണ് നിറയുകയും കളിയായിപ്പോലും എന്നെ ആരും വഴക്കുപറയുന്നതു ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത ആളാണോ ഇന്ന് ഇങ്ങനെ....

ഇവിടെ സുഹൃത്തുക്കളുടെ ജൻമദിന ഒത്തുചേരലുകളിലും സമിതിയുടെ ഭജനകളിൽപ്പോലും ഞാനില്ലാതെ പോകില്ലെന്ന് വാശി പിടിക്കുന്ന ആളാണോ ഇങ്ങനെയൊക്കെ...

കല്യാണശേഷം ഇവിടെ തിരികെ പോരുവാൻ എന്റെ വിസ ആകാത്തതുകൊണ്ടു ലീവ് നീട്ടി കള്ളംപറഞ്ഞു നാട്ടിൽ ഇരുന്ന നന്ദേട്ടനാണോ ഇന്ന് എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. നിന്റെയും മക്കളുടെയും തൃപ്തിയും സന്തോഷവും ആണ് എന്റെ ജീവിതത്തിന്റെ അർത്ഥം എന്ന് എന്നും പറയാറുണ്ടായിരുന്നില്ലേ. മക്കളുടെ മുന്നിൽ വെച്ച് എന്നെ സ്പർശിക്കുകപോലും ചെയ്യാത്ത ഏട്ടൻ ഇറങ്ങുമ്പോൾ എന്നേയും ഉമ്മവെച്ചു രണ്ടു ദിവസത്തെ കോൺഫറൻസിന് ദുബായിലേക്ക് പോകുന്നു എന്ന് പറഞ്ഞു പോയതല്ലേ... ഇന്നേക്ക് ആറുമാസമായി. അന്വേഷിക്കാത്ത സ്ഥലങ്ങളില്ല വഴികളില്ല ആളുകളില്ല. ഇനി ഏട്ടനില്ലാത്ത ഈ സ്വപ്നനഗരി എനിക്ക് അന്യമാണ്. ഇന്നിതാ മക്കളോടൊപ്പം ഞാനും എന്നെന്നേയ്ക്കുമായി ഇവിടം വിടുകയാണ്..

“കാമ്യാനാം കർമ്മണാം ന്യാസം സംന്യാസം കവയോ വിദു:

സർവ്വ കർമ്മ ഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാ:”

ഫലമുദ്ദേശിച്ചുള്ള കർമ്മങ്ങളെ വെടിയലാണ് സന്യാസമെന്നും, സകല കർമ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നും എനിക്ക് ഭഗവത് ഗീത ജ്ഞാനം നൽകുമ്പോൾ ഏട്ടൻ പറയാറുണ്ടെങ്കിലും എനിക്ക് തന്ന സകല സൗഭാഗ്യങ്ങളുടേയും ഒരു തിരിച്ചു തരൽ അല്ല എന്റെ സ്നേഹം. നമ്മൾ ഒരു കൊടുക്കൽ വാങ്ങലിനു പര്യാപ്തമായ രണ്ടു ശരീരങ്ങളോ ആത്മാക്കളോ അല്ല മറിച്ചു ഒന്നാണ് മനസ്സും ശരീരവും എന്ന് പറയാറുള്ളത് സ്വയം മറന്നുപോയോ..

ഞാൻ ഓർക്കുന്നു ഒരു നാൾ... ഏട്ടന് വേണ്ടാത്ത ചായയും കാപ്പിയും എനിക്കും വേണ്ടെന്നു പറഞ്ഞു ഞാനും ഉപേക്ഷിച്ചപ്പോൾ എന്നോട് പറഞ്ഞത് ‘‘എന്റെ പ്രിയപ്പെട്ടതൊക്കെ പെട്ടെന്നൊരുനാൾ ഞാൻ വേണ്ടെന്നു വെക്കും അത് എന്റെ ബോധ ഉപബോധ മനസ്സുകളുടെ തീരുമാനമാണോ എന്നെക്കൊണ്ട്  അദൃശ്യ ശക്തികൾ ആരെങ്കിലും ചെയ്യിക്കുന്നതാണോ എന്നൊന്നും എനിക്കറിയില്ല നീ ഓർക്കുന്നുണ്ടാകും ചെറുതായിരുന്നപ്പോൾ കളിവീട് കെട്ടി കളിക്കുന്നതും, തെക്കേ പറമ്പിലെ മാവിൽ കെട്ടിയ ഊഞ്ഞാലാട്ടം, കണാരേട്ടന്റെ കുളത്തിലെ കുളി, മാഞ്ചോട്ടിലെ മഞ്ചാടിക്കളി അങ്ങിനെ പലതും ഒരു ദിനം വേണ്ടെന്നു വെച്ചത്... ’’ അതിനുത്തരമായി എന്നെ, നന്ദേട്ടന്റെ വസുന്ധരയേയും മക്കളേയും ഒരു നാൾ വേണ്ടെന്ന് വെക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അന്ന് എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞതായിരുന്നോ ഇതിനൊക്കെയുള്ള ഉത്തരം... എന്റെ വാക്ക് അറം പറ്റിയതുപോലെയായോ...

English Summary: Onnum Parayathe, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA
;