‘കാത്തിരിക്കാൻ മനസ്സുള്ള പുരുഷനോ..! അവൾ അയാളെ അടിമുടി നോക്കി’

hugs-lovers-silhouette-against-background-garlands
Representative Image. Photo Credit: MonoLiza / Shutterstock.com
SHARE

മരിയ ക്ലീറ്റസ് (കഥ)

ഇതിനു മുമ്പ് എത്ര പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. അയാളെ മുറിയിലേക്ക് വിളിക്കുമ്പോൾ  അവൾ ചോദിച്ചു. ഒരു നാലഞ്ചെണ്ണം..! ഇറുകിയ കണ്ണുകളിൽ നാണം ഒളിപ്പിച്ച് അയാൾ പറഞ്ഞു.

അവൾ അയാളുടെ കണ്ണുകളിൽ നോക്കി അഞ്ചു പെണ്ണുങ്ങൾ ! താൻ ആറാമത്.

അയാൾ അവളെ തന്നെ നോക്കുകയാണ്, കണ്ണുകൾ രണ്ടും അവളുടെ  മൂർച്ച കൂട്ടി കൂർത്ത് വച്ചിരിക്കുന്ന ശരീരഭാഗത്താണ്. അവൾ കെട്ടി വെച്ച മുടിയിഴകൾ അഴിച്ചിട്ടു, ചുംബിക്കുമെന്ന് കരുതി മുടിയിഴകൾ മാറ്റി കഴുത്തിൽ തടം കാട്ടി കൊടുത്തു. കാമോൻമാദത്തിൽ അയാൾ സ്വയം മറന്ന് അവളിൽ പ്രവേശിച്ചു.

ഇതുവരെ കണ്ട ആണുങ്ങളെ പോലെ തന്നെയാണ് ഇയാളും, ശ്വാസംമുട്ടിക്കുന്ന ആലിംഗനങ്ങളും വേദനിപ്പിക്കുന്ന കടന്നുകയറ്റങ്ങളും മാത്രം.

വെളിച്ചം വീണു തുടങ്ങാറായപ്പോൾ അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു , മുണ്ടുമുറുക്കി ഉടുത്ത് പുറത്തേക്കിറങ്ങി പോയി. അവൾ പതിവുപോലെ കണ്ണാടി നോക്കി, കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഉണ്ടായ അതേ നിർവികാരത. നന്നേ ക്ഷീണിച്ചു പോയ ഒരു കിളിയുടെ ദൈന്യത മുഖത്തുണ്ട്.

നേരെ കുളിമുറിയിലേക്ക് നടന്നു, കുളിക്കിടയിൽ അയാൾ ആക്രാന്തം തീർത്ത ഇടങ്ങളിലൊക്കെ ഒന്നു നീറി. തലേന്നത്തെ മെഴുക്കു പുരണ്ട വിരിപ്പുകൾ മാറ്റിയിട്ട് അവൾ ഹോട്ടൽ മുറി വിട്ടിറങ്ങി.

നേരെ  നഗരത്തിൽ തന്നെയുള്ള മറ്റൊരു ഹോട്ടലിലേക്ക് നടന്നു. റിസപ്ഷനിൽ ചെന്ന് രഹസ്യമായി അന്വേഷിച്ചു ‘കസ്റ്റമേഴ്സ് ആരെങ്കിലുമുണ്ടോ?’ 

തൂ വെള്ള ഷർട്ടിൽ ബ്രൗൺ ടൈ കെട്ടിയ ചെറുപ്പക്കാരൻ ചുറ്റുപാടും ഒന്ന് നോക്കിയശേഷം  താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

‘റൂം നമ്പർ 106’

അവൾ നേരെ കോണിപ്പടികൾ കയറി നൂറ്റിയാറിന് മുന്നിൽ ചെന്ന് കോളിംഗ് ബെല്ലടിച്ചു. കതക് തുറന്നത് ആറേഴ് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയാണ്, നന്നേ മെലിഞ്ഞ് ശരീരത്തിന് ചേരാത്ത തരത്തിൽ വസ്ത്രധാരണം ചെയ്ത ഒരു ആൺകുട്ടി.

‘ആരാ’ അവൻ ചോദിച്ചു.

പറയാൻ ഒരു പേരോ, സ്ഥാനമോ ഇല്ലാത്തത് കാരണം അവൾ മിഴിച്ചു നിന്നു. കുട്ടിയുടെ മുന്നിൽ ചോർന്നു പോയേക്കാവുന്ന ധൈര്യം തിരിച്ചുകൊണ്ടുവന്ന് അവിടെ തന്നെ നിന്നു.

ശബ്ദം കേട്ട് അകത്തു നിന്ന് വന്ന ആൾ കുട്ടിയെ ചേർത്തു പിടിച്ച് അവളെ അകത്തേക്ക് ക്ഷണിച്ചു. അവൾ അകത്തു കയറിയ ഉടനെ അയാൾ കതകടച്ചു. കണ്ടിട്ട് ഒരു രാഷ്ട്രീയക്കാരന്റെ മട്ടുണ്ട്. അവൾ അയാളെയും കുട്ടിയേയും മാറിമാറി നോക്കി. അയാൾ കുട്ടിയെ ഒരു മുറിയിലാക്കി ടിവി വച്ചുകൊടുത്ത്, മുറിയടച്ചു. അവളെയും കൂട്ടി തൊട്ടടുത്ത മുറിയിൽ കയറി.

ഇസ്തിരിയിട്ടു മിനുക്കിയ വെള്ള ഷർട്ട് അഴിച്ചു മാറ്റുന്നതിനിടയിൽ അവൾ ചോദിച്ചു.

‘കുട്ടി ഇടയ്ക്ക് തിരക്കി വന്നാൽ .!’

‘വരില്ല’ അയാൾ അൽപം ഗൗരവത്തിൽ പറഞ്ഞു.

ഇത്തരം പ്രവർത്തികൾക്ക് വരുമ്പോഴൊക്കെ ആരെങ്കിലും കുഞ്ഞിനെ കൂടെ കൂട്ടുമോ! അവൾ ആലോചിച്ചു.

മനസ്സ് വായിച്ചിട്ടെന്ന മട്ടിൽ അയാൾ പറഞ്ഞു. കുഞ്ഞ് ഉള്ളത് സേഫ് ആണ്, വല്ല റെയ്ഡോ മറ്റോ നടന്നാൽ തടിതപ്പാൻ എളുപ്പമാണ്.

ഹും ! രാഷ്ട്രീയക്കാരന്റെ കുബുദ്ധി. അവൾ പുച്ഛം കൊണ്ട് തലതാഴ്ത്തി.

അയാളുടെ കാമ ഭ്രമവും പേകൂത്തും കഴിഞ്ഞ്, പണവും വാങ്ങി മടങ്ങുമ്പോൾ ആറുവയസ്സുകാരൻ അവളെ തന്നെ തുറിച്ചുനോക്കി. ആ കുട്ടിക്ക് എന്തെങ്കിലും മനസ്സിലായി കാണുമോ., എന്തൊരു വിധി.

മനസ്സും ശരീരവും മടുത്തിരിക്കുന്നു, കാമം അസഹ്യവും ദുർഗന്ധ പൂർണ്ണവും ആണെന്ന് ഇതിനോടകം എത്ര തവണ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്തിനു വേണ്ടിയാണ് ഇത് തുടരുന്നത്, സാഹചര്യം ചാർത്തി തന്ന വിഴുപ്പ്  ജീവിതാവസാനംവരെ ചുമക്കേണ്ടവളാണോ വ്യഭിചാരിണി.

സ്വന്തം ശരീരത്തോട് അവൾക്ക് ഇതുവരെ അറപ്പ് തോന്നിയിട്ടില്ല, ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ ആവാത്ത ആണിനോട് മാത്രമാണ് അറപ്പ്. തന്നെ ഒരു നിമിഷമെങ്കിലും ആനന്ദിപ്പിക്കുന്ന പുരുഷനിൽ അലിഞ്ഞില്ലാതവണം. കാമം അറിയാത്ത തേവിടിശ്ശിയുടെ അന്ത്യാഭിലാഷം!

അവൾ വീട് ലക്ഷ്യമാക്കി നടന്നു. നഗരത്തിൽ നിന്ന് അല്പം ഉള്ളിലോട്ടു മാറി ഒരു ഒറ്റമുറി വീട്, അവിടെയാണ് താമസം. വീട്ടിലെത്തിയ ഉടനെ കുളിച്ച്, ജനൽ തുറന്ന് പുറത്തു നോക്കിയിരുന്നു. മനസ്സു മുഴുവൻ വിയർപ്പിന്റെയും , മുട്ടനാടിന്റേയും ദുർഗന്ധവും. കാതു നിറയെ രതിമൂർച്ചയിൽ ആരുടെയോ അസഹ്യമായ ഞരക്കങ്ങളും , അലോസരപ്പെടുത്തുന്ന ശ്വാസോച്ഛാസങ്ങളും മാത്രമാണ്. ജീവിക്കാൻ വേണ്ടി തന്നെയാണ് മുന്നോട്ടു പോയത്. പക്ഷേ ഇപ്പോൾ മടുത്തു തുടങ്ങിയിരിക്കുന്നു. എല്ലാത്തിനും ഒടുക്കം ഒരു നിർവികാരത മാത്രമാണ് ബാക്കി നിൽക്കുന്നത്.

ദൂരെ ഒരു മരച്ചില്ലയിൽ രണ്ട് ഇണക്കുരുവികൾ ചുംബിക്കുന്നത് അവൾ ഇമവെട്ടാതെ നോക്കി നിന്നു. ഇടയ്ക്കെപ്പോഴോ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഒരു ചുംബനത്തിനായി അവൾ ദാഹിച്ചു.!

മെയ്യും മനസ്സും ഒരുപോലെ ആണിനോട് ചേരാൻ കൊതിച്ചു.

‘ഒരു പുരുഷനാൽ കാമിക്കപെടാൻ ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ ഉണ്ടാകുമോ..?’

അതിന് കാമുകിയാകണം..! അത് അല്ലാതെയുള്ള കാമം മുഴുവൻ വ്യഭിചാരമാണ്. കണ്ണുകളിൽ വീണ്ടും കടലൊഴുകി.

കുറച്ചുദിവസം എവിടേയും പോയില്ല വീടുവിട്ട് പുറത്തിറങ്ങിയില്ല. മനസ്സിന് മാത്രമല്ല ശരീരത്തിനും പലതും മടുത്തു തുടങ്ങിയിരിക്കുന്നു. ശരീരമാകെ വലിഞ്ഞു മുറുകുന്നത് പോലെ ഒരു വേദന, ഈ കാലമത്രയും അത് അറിഞ്ഞിരുന്നില്ല.

പലതരത്തിലുള്ള വേദനകളിൽ പെട്ട് ജഡമായി തീർന്ന പാറക്കഷണങ്ങൾ ആയിരുന്നു ശരീരം. വെയിൽ ഏൽക്കുമ്പോൾ ചൂടാകുകയും , മഴ പെയ്യുമ്പോൾ തണുക്കുകയും മാത്രം ചെയ്യുന്ന പാറക്കഷണങ്ങൾ. എല്ലാം അവസാനിപ്പിച്ചെന്ന് ഉറപ്പിച്ച് തുടങ്ങിയ ദിവസങ്ങളിൽ ഇടയ്ക്ക് ഒരു കോൾ വന്നു.

‘ഹോട്ടൽ വീഡേയ്സിൽ റൂം നമ്പർ 56 ൽ കസ്റ്റമർ കാത്തിരിക്കുന്നുണ്ട്.’ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ കോൾ കട്ടായി. ഒരു നിമിഷം ആലോചിച്ചു. വേണ്ട കടങ്ങളൊക്കെയും വീട്ടി, കുടുംബത്തിന് ഇപ്പോൾ ഒരു നിലനിൽപ്പുണ്ട്. ഇനി സമ്പാദിക്കേണ്ടതില്ല. അല്ലേലും ഇനി ആ പണിക്ക് പോകില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതല്ലേ.

ഈ ഏകാന്തവാസം മടുക്കുമ്പോൾ അവസാനമായി ഒരിക്കൽ കൂടി, ഏതെങ്കിലുമൊരു  പുരുഷമൃഗത്തിന് കീഴിൽ കാമം മാത്രം സ്വീകരിച്ചുകൊണ്ട് ഒരു ഒരു മടങ്ങി പോക്ക്. നിസ്സഹായതയുടെയും നിർവികാരതയുടേയും അങ്ങേയറ്റം അവിടെയാണ്. ചെയ്യുന്ന, അല്ല. ചെയ്ത തൊഴിലിനോടുള്ള മുഴുവൻ കൂറും വിശ്വാസവും പുലർത്തി, ഇനി ഈ വിഴുപ്പ് ചുമക്കേണ്ടതില്ലെന്ന യാഥാർത്ഥ്യത്തിൽ ആഹ്ലാദിച്ച് ഒരു മരണം. അതാണ് അവസാനം. പക്ഷേ അവിടെ ബാക്കിനിൽക്കുന്ന രണ്ട് ധ്രുവങ്ങളുണ്ട്.

ഒന്ന്, കേട്ടു പരിചയം മാത്രമുള്ള ഒരു വാക്ക് ‘സ്നേഹം.’ രണ്ട്, ജീവിതത്തിൽ കെട്ടിയാടാൻ പറ്റാതെ പോയ ഒരു വേഷം ‘കാമുകി.’

അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പുറത്തേക്കെറിഞ്ഞു.

കണ്ണുകളടച്ച് കിടക്കുന്നതിനിടയിൽ അവൾ ഒരു സ്വപ്നം കണ്ടു. സ്വപ്ന മയക്കത്തിൽ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു, സ്വപ്നം കണ്ട് തീരും മുന്നേ പുറത്തുനിന്ന് എന്തോ ഒരു ശബ്ദം കേട്ടു.

‘ഇതാണ് വീട് സാധാരണ കസ്റ്റമേഴ്സ് ഇവിടെ വരാറില്ല, ഇനി നിങ്ങൾ നേരിട്ട് ആയിക്കൊള്ളു.’

കാമഭ്രാന്തന്മാർ ഇവിടെയും.! അവളുടെ മുഖം കോപം കൊണ്ട് ചുവന്നു.

പുറത്തുനിന്ന് ആരോ വാതിലിൽ മുട്ടി. അവൾ കതകു തുറന്ന്, വലിയ കണ്ണുകൾ കൊണ്ട് പുറത്തു നിൽക്കുന്ന ആളെ തുറിച്ചുനോക്കി.

‘കുറച്ചു നേരമായി ഞാൻ ഹോട്ടലിൽ കാത്തിരിക്കുന്നു, കാണാതായപ്പോൾ അന്വേഷിച്ചിട്ട് പോകാമെന്ന് കരുതി വന്നതാണ്.’ അയാൾ സൗമ്യമായി പറഞ്ഞു. കാത്തിരിക്കാൻ മനസ്സുള്ള പുരുഷനോ..! അവൾ അയാളെ അടിമുടി നോക്കി.

നീണ്ടുമെലിഞ്ഞ ഒരു യുവാവ്. അലസമായി കിടക്കുന്ന നന്നേ വലുതല്ലാത്ത തലമുടി, എല്ലാത്തിനുമുപരി കാണികൾക്ക് മുന്നിൽ ആദ്യമായി വേദിയിൽ കയറുന്ന കുട്ടിയുടെ നിഷ്കളങ്കത അയാളുടെ കണ്ണിൽ പ്രകടമായിരുന്നു. തന്നെക്കാൾ ഒന്നു രണ്ടു വയസ്സ് പ്രായം കാണും ഈ പ്രായത്തിൽ ഉള്ള ഒരാൾ വരുന്നത് ഇതാദ്യമാണ്.

അവൾ പുറത്തേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ നോക്കി, അവളുടെ കണ്ണുകളെ പിന്തുടർന്ന് അയാളും. ഒരു നിമിഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അയാൾ തല കുനിച്ചു. അവൾ ഒന്നും മിണ്ടാതെ വാതുക്കൽ നിന്നു.

അയാൾ നിർബന്ധിക്കുന്നില്ല, മുഖത്ത് ഒരു തരിപോലും ദേഷ്യമോ അമർഷമോ ഇല്ല, കണ്ണുകളിൽ നിർവികാരത മാത്രം. ഒരു നിമിഷം മറ്റെന്തോ ഓർത്ത് അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.

അല്പം മടിച്ചു കൊണ്ട് അയാൾ അകത്തു കയറി.

‘ഇത് അവസാനമാണ്, മടുത്ത ജീവിതത്തെ മരണത്തിനു വിട്ടു കൊടുക്കലാണ്, അവസാനമായി കാമം സ്വീകരിക്കേണ്ടത് ഇയാളിൽ നിന്നാവണം.’

ഇരുവരും കട്ടിലിലേക്ക് ഇരുന്നു. അയാൾ ചോദിച്ചു

‘‘പേരെന്താ...!’’

അവളൊന്നു ഞെട്ടി. പേരിനൊക്കെ ഇവിടെ എന്ത് പ്രസക്തി.!

‘മരിയ’ അവൾ പറഞ്ഞു.

‘ഞാൻ ക്ലീറ്റസ്.’

‘മരിയാ.. ജനലുകളൊന്നു തുറന്നിടാമോ?’

അവൾ അയാളെ സംശയത്തോടെ നോക്കി, എന്നിട്ട് ചോദിച്ചു.

‘മറ വേണ്ടെന്നാണോ.’

ചുണ്ടിൽ ഒരു ചെറിയ ചിരി വിടർത്തി അയാൾ പറഞ്ഞു. ‘സ്നേഹിക്കപെടാനും സ്നേഹിക്കാനും എന്തിനാണ് മരിയ മറ.’ ജനൽ പാളികൾ തുറക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.

അയാൾ അവളെ അരികിൽ ഇരുത്തി, കണ്ണുകളിൽ ഇമവെട്ടാതെ നോക്കിനിന്നു. എത്ര പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും കണ്ണുകൾ നീർ ചൊരിഞ്ഞു. അയാൾ മൃദുവായ് കവിളിൽ തലോടി, എന്നിട്ട് ചോദിച്ചു.

‘മരിയ ഞാൻ നിന്നിലലിയട്ടെ. നിന്നെ അറിയട്ടെ..’

ജീവിതത്തിൽ ആദ്യമായി ഒരു പുരുഷൻ തന്നെ ഒന്നു തൊടാൻ അനുവാദം ചോദിക്കുന്നു. അവൾ അല്പം മുൻപ് കണ്ട സ്വപ്നം ഓർത്തു.

ഒരു നിമിഷത്തിനിപ്പുറം സംഭവിക്കാവുന്ന യാഥാർത്ഥ്യമായിരുന്നു അതെന്ന് അവൾ തിരിച്ചറിഞ്ഞു.

വീണ്ടും മിഴി അനുസരണക്കേട് കാട്ടി. അയാൾ വീണ്ടും ചോദിച്ചു

‘‘മരിയാ നിന്റെ അധരങ്ങളിൽ  ഗാഢമായി ഞാനൊന്ന് ചുംബിച്ചു കൊള്ളട്ടെ.’’

മുഴുവൻ പുരുഷമൃഗങ്ങളോടുള്ള വെറുപ്പ് ഒരൊറ്റ ചോദ്യത്തിൽ ഇല്ലാതെയായി. മറുപടിയായി അയാളുടെ ചൂടു നെറ്റിയിൽ അവൾ ഉമ്മ വച്ചു. അധരങ്ങൾ തമ്മിൽ ചേർത്ത് രണ്ടുപേരും മണിക്കൂറുകളോളം ചുംബിച്ചു. പുറത്ത് മഴ പെയ്തു , മഴ കുളിരിൽ ഇരുവരും ഒരു പുതപ്പിനടിയിൽ സംഗമിച്ചു.

ക്ലീറ്റസ് പറഞ്ഞു

‘ഞാൻ ആദ്യമായി തൊട്ട പെണ്ണും, എന്റെ ആദ്യ കാമുകിയും നീയാണ് മരിയ.’ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. മരിയ ക്ലീറ്റസിനെ തുരുതുരാ ചുംബിച്ചു. അയാളും. കുറച്ചുനേരം അവർ വെറുതെ ചേർന്നു കിടന്നു. സകലതും മറന്നു സ്നേഹം കൊണ്ടും കാമം കൊണ്ടും അയാൾ അവളെ കീഴ്പ്പെടുത്തി. അവളുടെ കൈകൾ ചുണ്ടോടു ചേർത്ത് ഉമ്മ വെച്ച് അയാൾ ചോദിച്ചു. 

‘പറയു നിന്റെ പേര് എന്താണ്..’

‘മരിയ ക്ലീറ്റസ്.’ അവൾ പറഞ്ഞു.

അയാൾ അവളുടെ മാറിടത്തിൽ തലചായ്ച്ച് കൈ തടത്തിൽ ഒരിക്കൽ കൂടി ചുംബിച്ചു. ഇപ്പോൾ ഈ നിമിഷം, ഈ അസുലഭ മുഹൂർത്തത്തിൽ അലിഞ്ഞില്ലാതാവണമെന്ന് തോന്നി അവൾക്ക്. ദൂരെ മരച്ചില്ലയിൽ ഇണചേർന്ന രണ്ട് കുരുവികളെ അവൾ കണ്ടു. അനന്തമായി സ്നേഹിക്കപ്പെട്ട , കാമിക്കപ്പെട്ട സംതൃപ്തിയിൽ അലിഞ്ഞ് ഇണക്കുരുവികളിൽ ഒന്ന് ചിറകുവിടർത്തി ദൂരെ കാണാത്തിടത്തേക്ക് പറന്നകന്നു..!

English Summary: Maria Cleetus, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;