ADVERTISEMENT

അഞ്ച് പെൺകുട്ടിയാണ് അടുത്തടുത്ത മൂന്നു ദിവസങ്ങളിലായി ഭർതൃ- ഭർതൃ വീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്നത്. ഈ അഞ്ചു കേസുകളിലും പൊതുവായി ഉള്ള പ്രത്യേകത ഈ അഞ്ചുപേരും ഭർതൃവീട്ടിൽ മറ്റു കുടുംബങ്ങൾക്കൊപ്പം തന്നെ താമസിക്കുന്നവരാണ് എന്നതാണ്. പല അനുഭവങ്ങൾ കേൾക്കുന്നതിൽ നിന്നും മനസ്സിലാവുന്നത് ഇപ്പോഴും ഒരുപാടു കുട്ടികൾ ഭർതൃ വീട്ടുകാരുടെ മെന്റൽ ടോർച്ചറിങ് അനുഭവിക്കുന്നുണ്ട് എന്ന് തന്നെയാണ്. ഒരു മകൻ അവന്റെ ഭാര്യയെ വിഷമിപ്പിക്കുമ്പോൾ അല്ലെങ്കിൽ വേദനിപ്പിക്കുമ്പോൾ അതിനെ എതിർക്കാതെ അല്ലെങ്കിൽ പറഞ്ഞു തിരുത്താതെ പകരം മനസ്സുകൊണ്ട് അത്യാനന്ദം കണ്ടെത്തുന്ന തരത്തിൽ ആ ടോർച്ചറിങ്ങിനു ചൂട്ടുകാട്ടികളാവുകയാണു ഭർതൃവീട്ടുകാർ  എന്ന് പറയുമ്പോൾ ഒരുപക്ഷേ പല മുഖങ്ങളും ഇരുണ്ടേക്കാം. അങ്ങനെയല്ലാത്തവരും ഉണ്ട്, ഇല്ലെന്നു പറയുന്നില്ല. എങ്കിലും നല്ലൊരു ശതമാനവും അത്തരക്കാരാണ് എന്നതാണ് സത്യം.

 

മാറേണ്ടത് നമ്മുടെ ആ സിസ്റ്റം തന്നെയാണ്. അതാണീ സംഭവങ്ങളെല്ലാം പറഞ്ഞു വയ്ക്കുന്നത്. വിവാഹ ശേഷം ഒരു പെൺകുട്ടി ചെന്ന് കയറുന്നത് ഭർതൃ വീട് എന്ന് പറയുന്ന, അവൾക്കു മൊത്തത്തിൽ അപരിചിതമായ ഒരു കോക്കസിലേക്കാണ് ! കോക്കസ് എന്ന് ഞാൻ മനഃപൂർവം പറഞ്ഞതാണ്. കാരണം ആ വീട്ടിൽ അവളുടെ ഭർത്താവും അവന്റെ പേരെന്റ്സും അവന്റെ സിബിലിങ്ങ്സും ആണല്ലോ ഉണ്ടാവുക. എന്ത് പ്രശ്നങ്ങളിലും ഈ പറഞ്ഞ ആളുകൾ ഒറ്റക്കെട്ടാവുകയും അവൾ ഒറ്റപ്പെടുകയും ആണ് സാധാരണ സംഭവിക്കുക. മിക്ക കേസിലും ഈ പ്രശ്നത്തിന്റെ തുടക്കങ്ങൾ ഭാര്യ ഭർതൃ ബന്ധം അത്ര ദൃഡമാവുന്നതിനും മുൻപാവാനും സാധ്യതയുണ്ട് . അവിടെയാണ് വീട്ടുകാർ സ്കോർ ചെയ്യുന്നതും മകനിൽ അവരുടെ പിടി മുറുക്കുന്നതും.

 

‘‘ഓ മോളെ അമ്മയും ഇതൊക്കെ സഹിച്ചതാ, ഇപ്പൊ ഇതാ മോളുടെ വീട്. അവൻ മോളുടെ ഭർത്താവാ. ഇങ്ങനെ എല്ലാമൊന്നും വിളിച്ചു വീട്ടിൽ പറയല്ലേ മോശവാ. നീ വേണം നിന്റെ ഭർത്താവിന്റെ മാനം കാക്കാൻ. ഇങ്ങനൊക്കെ ഉണ്ടാവും ആദ്യം .നമ്മള് പെണ്ണുങ്ങളല്ലേ മോളെ നമ്മളങ്ങ സഹിക്കണം കേട്ടോ’’ പ്ലിങ് ! അങ്ങനെ ആദ്യത്തെ ഡോസ് ആന്റി റിയാക്ഷൻ വാക്‌സിൻ അവിടെ ഇൻജെക്ട് ചെയ്തു. അടുത്തത് ആ പെൺകുട്ടി സഹിക്കുന്ന മാനസിക പിരിമുറുക്കങ്ങളൊന്നും തന്നെ വീട്ടിൽ പറയാതെ വിലക്കാനുള്ള ബാക് ഡോർ ഉപദേശങ്ങൾ ഫ്രീ ആയി നല്കാൻ സന്നദ്ധരായ ഉപദേശക വൃന്ദത്തിന്റെ ഡിവൈസിങ് സെഷൻസ് കൂടി കഴിയുമ്പോ ബൂസ്റ്റർ ഡോസ് കൂടിയായി. ഫലമെന്താ പെൺകുട്ടി മെന്റലി ഫ്ലാറ്റ് ! വിവാഹ ജീവിതത്തിന്റെ തുടക്കം പലർക്കും ഇങ്ങനെയൊക്കെയാണെന്നത് പരസ്യമായ രഹസ്യമാണ് .

 

ഇനി  ഭർത്താവും ഭാര്യയും തമ്മിൽ ഒരു കെമിസ്ട്രി രൂപപ്പെടുന്നത് തന്നെ അവരുടെ വിവാഹ ശേഷമുള്ള തൊട്ടടുത്ത ദിനങ്ങളിലൂടെയാണ്. അതിനു വേണ്ടിയാണു പല നാട്ടിലും വിരുന്നുകളെന്നോ ഹണിമൂണെന്നോ ഒക്കെ പറഞ്ഞുള്ള കലാപരിപാടികൾ ഉണ്ടാക്കി വച്ചിരിക്കുന്നത്. എന്നാൽ ആ സമയങ്ങളിൽ പോലും ഈ ദമ്പതികൾക്കൊരു സ്വകാര്യത കൊടുക്കാൻ തയ്യാറാവാത്ത ആളുകളുണ്ടെന്നുള്ളതാണ് സത്യം. സത്യത്തിൽ വിവാഹശേഷം കുറഞ്ഞത് ഒന്ന് രണ്ടു മാസങ്ങളെങ്കിലും ദമ്പതികൾ മാത്രമുള്ള ഒരിടത്തു താമസിക്കുന്നതാവും ഉചിതം. അതിനു ശേഷവും പറ്റുമെങ്കിൽ അതാണ് നല്ലത്, കാരണം അല്പമകലം ഉചിതമെന്നല്ലേ? അങ്ങനെ വരുമ്പോൾ പല പ്രശ്നങ്ങൾക്കും ശമനം വന്നേക്കും. പരസ്പരം അവരവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും പരസ്പരമുള്ള ബന്ധം ആഴമുള്ളവനും, സർവോപരി കുറവുകൾ വേഗത്തിൽ മനസ്സിലാക്കാനും ഇത്തരം സ്വകാര്യ വേളകൾ സഹായകമാണ്. അല്ലാതെ ‘‘അവനിങ്ങനെയാണെന്നു’’ പറഞ്ഞു മനസ്സിലാക്കാൻ അമ്മായി അമ്മ അല്ലെങ്കിൽ പെങ്ങൾ വേണം എന്നില്ല .!

 

അടുത്തത് ‘‘അമ്മക്കുഞ്ഞന്മാ’’രെക്കുറിച്ചാണ് ! എന്തിനും ഏതിനും അമ്മയോടും അച്ഛനോടും ഉപദേശം ചോദിക്കുന്ന അത്തരക്കാർക്ക് സ്വന്തം മക്കളെ കെട്ടിച്ചു കൊടുത്താൽ പിന്നെ ഇരുന്നു മോങ്ങാനേ സമയം കാണൂ പെൺവീട്ടുകാർക്ക് . സ്വന്തം രക്ഷാകർത്തകളോടും ഭാര്യയോടുമുള്ള കടമകൾ ഒരേപോലെ പാലിക്കാൻ പുരുഷന്മാർക്ക് കഴിയണം. അല്ലെങ്കിൽ അവിടെയും പുറം തള്ളപ്പെടേണ്ടി വരുന്നത് പാവം പെൺകുട്ടികളാവും . 

 

തുറന്നു ചിന്തിച്ചാൽ നമ്മുടെ നാട്ടിലെ കോൺസെപ്റ്റിൽ സമൂല മാറ്റം ആവശ്യമാണ്. വിവാഹ ശേഷം പെൺകുട്ടി അവൾക്കു സുരക്ഷിതമായ ഇടത്തു വേണം താമസിക്കാൻ. അല്ലാതെ ഭർതൃ വീട് ജയിൽ ആണേലും അവിടെ കടിച്ചു തൂങ്ങാൻ പറയുന്നത് ലോജിക് അല്ലല്ലോ? ഒപ്പം പ്രശ്നക്കാരികളായ മരുമകളെങ്കിൽ അവൾ  സ്വന്തം വീട്ടിൽ താമസിച്ചോട്ടെ എന്ന് വിചാരിക്കുന്നത് തന്നെയാവും ചെക്കന്റെ വീട്ടുകാർക്കും സമാധാനം. ഇന്നതേ പാടുള്ളു എന്നൊന്നും ഇനി ചിന്തിക്കേണ്ടതില്ല. അല്ല ഈ അറേൻജ്‌ഡ്‌ മാരേജ് തന്നെ മാറ്റണം എന്നാണ് എന്റെ പക്ഷം.

 

എന്റെ കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനമായി തോന്നിയ ഒന്ന് , വിവാഹ ശേഷം രണ്ടു വീട്ടുകാർക്കും തുല്യ പങ്കാളിത്തം മാത്രം നൽകിയാൽ ഈ വക പ്രശ്നങ്ങളിൽ കുറെ ഒക്കെ പരിഹാരമായേക്കും എന്നാണ്. പിന്നെ ഈ വിവാഹമെന്നൊക്കെ പറയുന്നത് കച്ചവടമല്ലല്ലോ, വാങ്ങുന്നത് കമ്മോഡിറ്റിയുമല്ല ! ആ നിലയ്ക്ക് ഇങ്ങോട്ടുള്ള സമീപനം തന്നെ തിരിച്ചു പ്രതീക്ഷിയ്ക്കുന്നൊരു കാലം വിദൂരമാവാൻ ഇടയില്ല. ഇടയില്ല എന്നല്ല , പാടില്ല ! കാരണം പെൺകുട്ടികളെ തവിടു കൊടുത്തു മേടിക്കുന്നതൊന്നുമല്ലല്ലോ. നിങ്ങളുടെ മകനെ പോലെ തന്നെ മറ്റൊരു കുടുംബം  വളർത്തി വലുതാക്കിയ ഒരു സ്വപ്നത്തിന്റെ നിറമുണ്ട് അവളിലും ... മൈൻഡ് ഇറ്റ് !!!

 

എന്ന് , 

ഒരു പെൺകുട്ടിയുടെയും ആണ്കുട്ടിയുടെയും അമ്മ !

 

English Summary: Married women who end lives at their husband's home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com