ADVERTISEMENT

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്.

മാരകമായ വൈറസ് മനുഷ്യരാശിയുടെ മരണനിരക്ക് കൂട്ടുകയും അനുബന്ധ രോഗങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു. മനുഷ്യർ ഉണ്ടായതു മുതൽ മഹാമാരികളും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തോൽപ്പിച്ച ചരിത്രമേ മനുഷ്യർക്ക് പറയാനുള്ളൂ. മനുഷ്യസമൂഹം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയൊക്കെ വെല്ലുവിളിച്ചാണ് കോവിഡ് നിലയുറപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ഗുണവിശേഷം ആയ ബന്ധങ്ങൾ സൂക്ഷിക്കുന്ന സ്വഭാവത്തിന് കൊവിഡ് കാര്യമായ ക്ഷതം ഏൽപ്പിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മയുടെ വിജയത്തിലാണ് മഹാമാരിയുടെ പരാജയം.

 

സാമൂഹികജീവിതത്തെ പടിക്ക് പുറത്തു നിർത്തി സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിയ ജീവിതങ്ങൾ, ചുറ്റുവട്ടത്തുമുള്ള സ്നേഹ ബന്ധങ്ങളെ ചുരുക്കി കളഞ്ഞു. ശാരീരിക അകലങ്ങൾ പുനർ നിർവചിച്ച ബന്ധങ്ങൾ വീട്ടിനുള്ളിലേക്ക്, അവനവന്റെ ഉള്ളിലേക്ക് ഒതുക്കപ്പെട്ടത് കോവിഡ് കാലത്ത് ബന്ധങ്ങളും, വ്യക്തിത്വവും  രൂപപ്പെടുന്നതിന് വിഘാതമായി.

 

ശരീരത്തിന്റെ പ്രതിരോധശക്തിക്ക് കോട്ടം തട്ടുന്ന ബന്ധങ്ങളോട് മനുഷ്യൻ വിമുഖത കാട്ടാൻ തുടങ്ങിയതോടെ കോവിഡിന് മുമ്പുള്ള ജീവിതത്തിലേക്ക് തിരിച്ചു നടത്തം എപ്പോൾ ഉണ്ടാകുമെന്ന് ആകുലത വ്യാപകമായി ജനങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച ചുറ്റളവിൽ ഉള്ള രോഗികളും, ഏതു നിമിഷം രോഗികളാകാവുന്നവരും ദൃശ്യവും അദൃശ്യവുമായ നിബന്ധനകളാൽ വേർതിരിക്കപ്പെടുകയും അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നത് കോവിഡ്  കാലത്തെ ബന്ധങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

 

ഒഴുക്ക് നിലച്ച ജീവിതങ്ങൾ, വൈകാരിക സംഘർഷത്തിൽ പെട്ട് ചിതറിത്തെറിച്ചു ഉണർവിന്റെയും ഉറക്കത്തിന്റെയും നിശ്വാസങ്ങൾക്കിടയിൽ ബന്ധങ്ങൾ സൂക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ആരോഗ്യ സാമ്രാജ്യത്തിൽ നിന്ന് അനാരോഗ്യത്തിന്റെ ഭൂമികയിലേക്ക് തന്റേതല്ലാത്ത കാരണത്താൽ വഴുതിവീഴുന്നവർ ഏറെയാണ്. അവരൊക്കെ പുതിയ ബന്ധങ്ങളെ തിരഞ്ഞെടുക്കുമ്പോഴും പഴയത് നില നിർത്തുമ്പോഴും സ്വീകരിക്കുന്ന കരുതലാണ് ഭാവി ബന്ധങ്ങളുടെ ഭാഗധേയം നിർണയിക്കുക.

 

കരുത്തർ ഏതുനിമിഷവും കോവിഡ് കാലത്ത് ദുർബലരാകാം. അതുകൊണ്ടുതന്നെ ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരും പുലർത്തുന്ന ജാഗ്രതയിലാണ് ഭാവി ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കുക. നിർബാധം ഒഴുകുന്ന ചുറ്റുമുള്ള സാമൂഹ്യജീവിതത്തെ ദൂരെ നിന്ന് നോക്കി എങ്ങനെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാമെന്ന് ചിന്തിക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. രോഗത്തെ നിസ്സാര വൽക്കരിച്ച് പൊതുവിടങ്ങളിൽ ബന്ധങ്ങൾ നിലനിർത്താൻ അഭിരമിക്കരുത് എന്നാണ് കാലത്തിന് പറയാനുള്ളത്.

 

കോവിഡ് കാലത്ത് വ്യക്തികളുടെ സ്വഭാവത്തിനും വ്യക്തിത്വത്തിനും ഉണ്ടായ മാറ്റങ്ങൾ ബന്ധങ്ങളിലും വ്യാപരിച്ചിട്ടുണ്ട്. ആരോഗ്യ, സാമ്പത്തിക, മാനസിക തലങ്ങളിൽ വൈവിധ്യമാർന്ന സങ്കീർണതകളാണ് ആധുനിക സമൂഹം നേരിടുന്നത്. വീടകങ്ങളുമായി സമരസപ്പെടുന്നതിനോടൊപ്പം പുറംലോകത്തിലെ അതിജീവനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഭാവി മനുഷ്യബന്ധങ്ങൾ. ഏതൊരു പ്രശ്നത്തെയും സാധ്യതയാക്കുന്ന മനുഷ്യന്റെ കഴിവ്, ഉയർത്തെഴുന്നേൽക്കാനുള്ള ആഗ്രഹം, എന്നിവ ബന്ധങ്ങളുടെ തുടർച്ചക്കും പുതിയതിനെ ഉണ്ടാകുന്നതിനും കാരണമാകും.

 

എല്ലാ വികസന പരിപ്രേക്ഷ്യത്തിന്റെയും കേന്ദ്രബിന്ദുവായ മനുഷ്യൻ കോവിഡ് കാലത്ത് ബന്ധിതനായിരിക്കുന്നു. ഇതിൽ നിന്ന് മോചിതനാകാനുള്ള ഉൽക്കടമായ ആഗ്രഹത്തിന് കോവ്ഡ് മൂന്നാം തരംഗം കാരണം ആകാതിരിക്കാൻ നടപടി സ്വീകരിച്ച് മനുഷ്യരുടെ ഇടയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുവാൻ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

 

ഇന്ത്യയിൽ ഏതാണ്ട് 28 കോടി ജനങ്ങൾക്ക് മാത്രമേ കൊവിഡ് വാക്സിൻ ഒന്നാം ഡോസ് നൽകിയിട്ടുള്ളൂ എന്ന വസ്തുത വലിയ രീതിയിൽ മനുഷ്യബന്ധങ്ങളുടെ സാമൂഹിക ജൈവികത പൂർണ്ണ അർത്ഥത്തിൽ ഉണ്ടാകുന്നതിന് തടസ്സമാണ്.

 

കോവിഡാനന്തര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ സുതാര്യതയിൽ ഊന്നി അടിസ്ഥാനമായ നയങ്ങൾ രൂപപ്പെടുത്തണം. നവീനമായ ആശയങ്ങളും ചടുലമായ നീക്കങ്ങളും പുതുമകൾ നിറഞ്ഞ, കാലാനുസൃതമായ കാര്യങ്ങളും ചെയ്താൽ ബന്ധങ്ങൾ പഴയതുപോലെ ആകും എന്ന് തീർച്ചയാണ്. ജനങ്ങളുടെ മുൻഗണനകളിൽ മാറ്റംവന്നിട്ടുണ്ട്.സാമൂഹിക അകലം മനുഷ്യരിൽ സൃഷ്ടിച്ചിട്ടുള്ള പുതിയ പാഠഭേദങ്ങൾ പഠന വിഷയം ആക്കണം. ആഗോളതലത്തിൽ നടത്തിയ സർവ്വേയിൽ 91 ശതമാനം ജനങ്ങളും മുമ്പത്തെ പോലുള്ള ഒത്തുചേരലിനെ അനുകൂലിക്കുന്നില്ല എന്നത് ഭാവിയിലെ സാമൂഹ്യബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമായി അവശേഷിക്കും. സാമൂഹിക ജീവിത ക്രമങ്ങളുടെ ഭാഗമായ എല്ലാ കാര്യങ്ങളും ഇന്ന് മനുഷ്യന്  അനുഭവേദ്യമാകുന്നില്ല. സാമൂഹിക ജീവിയായ മനുഷ്യൻ പൊതു ഇടങ്ങളിൽ നിന്ന് പിൻവലിയുമ്പോൾ അവിടേക്ക് പുതുതായി വന്ന സാങ്കേതിക സംവിധാനങ്ങൾ മനുഷ്യന്റെ മുൻഗണനാക്രമത്തിലും ബന്ധത്തിലും എത്രത്തോളം മാറ്റം വരുത്തിയിട്ടുണ്ട് എന്ന് പരിശോധിക്കണം .മനുഷ്യന്റെ സ്വഭാവം, അഭിരുചി,ചിന്തകൾ എന്നിവ മാറുന്നു എന്നതാണ് അനുഭവം.

 

മനുഷ്യ ജീവിത ക്രമത്തിൽ സ്വാഭാവികമായും അസ്വാഭാവികമായും നടക്കുന്ന പല പ്രവർത്തനങ്ങളും ജീവിതത്തിൽ അടയാളപ്പെടുത്തലുകൾ നടത്താറുണ്ട്. സ്വയം സുരക്ഷിതമാക്കുക എന്ന വാക്യം അന്വർത്ഥമാക്കുമ്പോഴും സാമൂഹിക ചുറ്റുവട്ടത്തെ സർഗ്ഗാത്മകതയോട് അകലം പാലിച്ച് എത്രനാൾ മുന്നോട്ടു പോകാൻ സാധിക്കും. വീടുകളിൽ അടക്കം ആറടി അകലം പാലിക്കണമെന്ന നിബന്ധനയും, മനുഷ്യസഹജമായ ജീവിത താള ക്രമത്തെ  മാറ്റിമറിച്ച കോവിഡ്-19 ഉയർത്തിയ ഭീഷണി നേരിട്ട് സാമൂഹിക അടിത്തറ ഇളകാതെ മനുഷ്യബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കേണ്ടതുണ്ട്.

 

മനുഷ്യന്റെ പ്രധാന സവിശേഷതകളായ സേവന മനസ്കത, അഭിമാനബോധം, സ്വകാര്യത, ആത്മവിശ്വാസം എന്നിവയിൽ കോവിഡ് ഉണ്ടാക്കിയ മാറ്റം ഭാവി ബന്ധങ്ങളിൽ പ്രകടമാകും. കടുത്ത നിയന്ത്രണങ്ങളും ഒറ്റപ്പെടലും ജനങ്ങളിൽ ഉണ്ടാക്കിയ പ്രയാസങ്ങൾ മനുഷ്യന്റെ സന്തോഷങ്ങളുടെ അതിർവരമ്പുകൾ നിശ്ചയിച്ചു. വൈറസിനെതിരെയാണ് പോരാട്ടം,അല്ലാതെ മനുഷ്യർക്കെതിരെയല്ല. വെർച്വൽ ലോകത്തെ ഏകാന്തത പരിഹരിക്കുവാൻ വിവേചനമില്ലാത്ത സമീപനം ജനങ്ങൾ പ്രതീക്ഷിക്കുന്നു.ഒരു മനുഷ്യന്റെ പ്രവർത്തനംകൊണ്ട് മറ്റൊരു മനുഷ്യന് ഉപദ്രവം ഉണ്ടാകരുതെന്ന സാമൂഹിക നിയമത്തിന് പ്രചുര പ്രചാരണം  ലഭിച്ച സാഹചര്യത്തിൽ,വീടുകൾ ലോകത്തെ കീഴടക്കുന്ന സന്ദർഭത്തിൽ, വീടകങ്ങളിലെ സാമൂഹികബന്ധങ്ങൾ ഉന്നതനിലവാരമുള്ളതാ ക്കുവാനും, മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്ന സ്ഥലമല്ലാതാക്കുവാനുമുള്ള കരുതൽ ആവശ്യമാണ്.

 

പരസ്പരം അംഗീകരിച്ചും, വിവരങ്ങൾ കൈമാറിയും, ആശയങ്ങൾ പങ്കുവെച്ചും, പുഷ്കലമാകണം കുടുംബബന്ധങ്ങൾ. ഇതിനിടയിൽ വില്ലനായി കോവിഡ് മാറാതിരിക്കാനുള്ള സകല മുൻകരുതലുകളും സ്വീകരിക്കേണ്ടതായിട്ടുണ്ട്.

 

മനുഷ്യജീവിതത്തിലെ സന്തോഷങ്ങളെ മങ്ങലേൽപ്പിച്ചു കോവിഡ് കാലം, അതിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മുഹൂർത്തങ്ങളും ഉണ്ട് , ആശയവിനിമയത്തിലൂടെ മാത്രം ബന്ധങ്ങൾ നില നിർത്താനുള്ള മനുഷ്യന്റെ കഴിവ് യാന്ത്രികമായോ എന്നത് വരും ദിവസങ്ങളിലെ ബന്ധങ്ങളിലെ ഊഷ്മളത തെളിയിക്കുന്നതാണ്. മനുഷ്യ ഗുണങ്ങളിൽ സഹാനുഭൂതി വളരുകയും പ്രകൃതിയെ ബുദ്ധിമുട്ടിക്കുന്ന ഘടകങ്ങൾ കുറയുകയും യാത്രകൾ ഇല്ലാതാകുകയും, ജോലിയുടെ ഘടനതന്നെ പുനർനിർണയിക്കുകയും ചെയ്ത കൊവിഡ് കാലം മനുഷ്യർ ദേശങ്ങൾക്കനുസരിച് വ്യത്യസ്തമായാണ് അനുഭവിച്ചത്. മനുഷ്യന്റെ ഏറ്റവും വലിയ സാമൂഹിക ജീവിതത്തിന് അപരിഹാരമായ രീതിയിൽ വിള്ളൽ കോവിഡ് ഉണ്ടാക്കിയെങ്കിലും ,മനുഷ്യസഹജമായ സഹാനുഭൂതി, രചനാത്മകത, സർഗ്ഗാത്മകത, ശക്തമായ പഠനം, ചിന്തകൾ കൈമാറൽ, എന്നീ ഗുണങ്ങൾക്ക് യാതൊരു കുറവും വന്നില്ല എന്നത് കോവിഡിന് മനുഷ്യനെ തോൽപ്പിക്കാൻ സാധിക്കുകയില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു.

 

സീസക്ക് തന്റെ പാൻഡെമിക് എന്ന പുസ്തകത്തിൽ പറഞ്ഞതുപോലെ ‘‘പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുമ്പോഴാണ് അവരുടെ സാന്നിധ്യം, പ്രാധാന്യം, വ്യക്തിത്വത്തിന്റെ മാറ്റങ്ങൾ, വ്യത്യാസങ്ങൾ എന്നിവ അനുഭവവേദ്യമാകുന്നത്.’’

 

ഈ തത്വം ഉൾക്കൊണ്ട് കൊണ്ട്‌ , DRDO വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന്  2DG പൊടി രൂപത്തിൽ ഉള്ളത് പൂർണമായും പുറത്തിറങ്ങുന്നത് വരെയും ,മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭിക്കുന്നത് വരെയും മനുഷ്യൻ അവന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിന് മുൻഗണന നൽകുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാനും പുതിയ ബന്ധങ്ങൾ ഉണ്ടാക്കുവാനും അനുസ്യൂതമായ ഇടപെടൽ മനുഷ്യരാശി നടത്തേണ്ടതായിട്ടുണ്ട്.

 

English Summary: Social distancing during pandemic affects human relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com