ADVERTISEMENT

മരുഭൂമിയിലെ മാലാഖമാർ (കഥ)

‘‘ ഇനി എത്രപേർ കാണും ? ’’

‘‘ പത്തിൽ കൂടുതൽ ഉണ്ടാകില്ല ചേച്ചീ ’’

‘‘ എന്നാ നീ പോയി വല്ലതും കഴിക്കൂ ’’

‘‘ ചേച്ചി പൊയ്ക്കോളൂ’’

‘‘ അതെന്താ നിനക്ക് വിശപ്പില്ലേ ? നേരത്തെ വലിയ ചാട്ടമായിരുന്നല്ലോ ’’

‘‘ അതല്ല ചേച്ചീ , ടെസ്റ്റ് ചെയ്യാൻ വന്നവരുടെ ലൈനിൽ അയാളുണ്ട് ’’

‘‘ ആര് ? ’’

‘‘ സജീവ് ... ’’

‘‘ അതിനെന്താ, നീ പോയി കഴിക്ക് ... വേണ്ടായെന്നാൽ വേണ്ടാ എന്ന് തന്നെയാ, ഒന്ന് കണ്ടാൽ അലിഞ്ഞില്ലാതാകുന്ന ദേഷ്യവും അനുഭവങ്ങളും ഒന്നുമല്ലോല്ലോ എനിക്കുള്ളത് ... നീ ചെല്ല് , പോയി കഴിക്ക് .’’

 

കോവിഡ് ടെസ്റ്റ് ക്ലിനിക്കിലെ പരിശോധനാ മുറിയിലിരുന്ന് സജ്‌നയും ശ്രീദേവിയും വീണുകിട്ടിയ ഇടവേളയിൽ സംസാരിച്ചു.

കോവിഡ് പ്രതിരോധ മാസ്കുകളുടെ ആവരണങ്ങൾക്കിടയിലൂടെ സജ്‌ന ശ്രീദേവി ചേച്ചിയുടെ മനസ്സ് വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു .

 

സജ്‌ന എഴുന്നേറ്റ് ഭക്ഷണം കഴിക്കുവാൻ വേണ്ടി പുറത്തേക്ക് പോയി.

ലൈനിൽ നിന്നും മൂന്നാമത് വന്നയാളെ ഒറ്റനോട്ടത്തിൽ തന്നെ ശ്രീദേവി തിരിച്ചറിഞ്ഞു .

തിരിച്ചറിയാതിരിക്കാനുള്ള എല്ലാ അടയാളമാറ്റങ്ങളും ഉണ്ടായിട്ടും നിഷ്കളങ്കതയൊളിച്ചിപ്പ ക്രൂര മുഖത്തിലേക്ക് അവൾ രൂക്ഷമായി തന്നെ നോക്കി .

‘‘ ശ്രീ , ഞാൻ നാട്ടിൽ പോകുകയാണ് ’’ സ്വാബ് എടുക്കുന്നിതിനിടയ്ക്ക് അയാൾ പറഞ്ഞു.

‘‘ നല്ലത്, എന്താ ജോലി പോയോ ?’’

‘‘ ജോലി പോയിട്ട് ആറുമാസമായി, കടത്തിന് മേലെ കടമാണ്, ഇനി ഇവിടെ നിൽക്കാൻ പറ്റില്ല, അസുഖം ഇപ്പോൾ കൂടുതലാണ്.’’ അവൾ ജോലിയിൽ  മുഴുകിയതല്ലാതെ ഒന്നും പറഞ്ഞില്ല .

‘‘ ടിക്കറ്റിനുള്ള പൈസ ഒരാളോട് പറഞ്ഞിട്ടുണ്ട്, അത് കിട്ടിയാൽ അടുത്ത ദിവസം തന്നെ പോകും .... അതിന്ന് മുൻപ് എനിക്ക് മോളെ ഒരിക്കൽ കൂടി കാണണം ’’

‘‘നോക്കൂ, ഞാനിപ്പോ തിരക്കിലാണ്, തൽക്കാലം മോളെ കാണാതെ പോകുന്നതാണ് അവൾക്കും താങ്കൾക്കും നല്ലത്... ഇപ്പോൾ പോകൂ ... ഞാൻ സമയം കിട്ടിയാൽ വിളിക്കാം. ’’

 

അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അയേൺ ചെയ്തിട്ടില്ലാത്ത ഷർട്ടും ജീൻസുമാണ് വേഷം .

മുഷിഞ്ഞ മാസ്ക്കൂരിയപ്പോൾ ഷേവ് ചെയ്യാത്ത മുഖത്തെ താടി രോമങ്ങൾ കൂടുതൽ നരച്ചിരിക്കുന്നു. കൺ തടങ്ങളിൽ കറുപ്പ് കൂടുതൽ പരന്നിരിക്കുന്നു.

‘‘ ചേച്ചി, അയാൾ പോയോ ? ’’ ഭക്ഷണം കഴിക്കാൻ പോയ സജ്‌ന തിരികെ വന്നിരിക്കുന്നു .

‘‘ ഉം ’’ ഉത്തരം ഒരു മൂളലിൽ ഒതുക്കി .

‘‘ ചേച്ചിയറിഞ്ഞോ ? അയാൾ ലിവർ സിറോസിന് വന്ന് രണ്ടു മാസത്തോളം ആശുപത്രിയിൽ ആയിരുന്നത്രേ, ഇക്കയാണ് പറഞ്ഞത്, എന്നിട്ട് അവരുടെ സംഘട ഇന്ത്യൻ എംബസി വഴി ആശുപത്രി ബില്ലൊക്കെ അടച്ചാണത്രെ അയാളെ ഇറക്കിയത് ...’’

 

‘‘ അറിഞ്ഞില്ല’’ സജ്നയോട് ഒറ്റവാക്കിൽ ഉത്തരമൊതുക്കി അവൾ ജോലിയിൽ മുഴുകി .

രണ്ടു വർഷത്തിന് ശേഷമാണ് കാണുന്നത്. ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാൾ എങ്ങനെ ആവരുതായിരുന്നോ, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത രൂപത്തിൽ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത അസ്വസ്ഥത തോന്നി ...

 

‘‘സജ്‌നാ, നീ നിന്റെ ഷാഫിക്കാക് വിളിച്ച് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നാട്ടിലേക്കുള്ള ടിക്കറ്റിന് എത്രയാ എന്ന് ചോദിച്ചേ’’

‘‘ ആർക്കാ ചേച്ചി ?’’ സജ്നക്ക് ആകാംക്ഷ .

‘‘ അയാൾക്ക് തന്നെ , സ്നേഹം കൊണ്ടോ കരുണ കൊണ്ടോ മനസ്സലിവ് കൊണ്ടോ ഒന്നുമല്ല ... ഇനിയും അയാൾ ഇവിടെ നിന്നാൽ ഓരോ സെന്റിമെൻസുമായി ഇനിയും വരും ... മോളെ കാണണം സംസാരിക്കണം എന്നൊക്കെ പറയും .. ഇപ്പോൾ വളരെ സന്തോഷത്തിലാ ഞാനും മോളും കഴിയുന്നേ .. വെറുതെ ഒരു ശല്യമായി അയാളെ കണ്മുന്നിൽ കാണാൻ ഇനിയും ആഗ്രഹമില്ല’’

‘‘ ശരി ചേച്ചി , ഞാൻ ഇക്കാക് വിളിക്കട്ടെ.’’

 

********    ********     *********     *********    

 

‘‘ ചേച്ചീ ബീഫിൽ നേന്ത്ര കായ ഇടല്ലേ കേട്ടോ ... പ്ലീസ്’’ ഷാഫി അടുക്കളയിലേക്ക് കയറി വന്നു.

 

സജ്നയും ശ്രീദേവിയും വ്യാഴാഴ്ച്ച രാത്രിയുടെ ഭക്ഷണാഘോഷങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .

‘‘ ഹ ഹ , ഞാൻ മുൻപേ നേന്ത്ര കായ എടുത്തു മാറ്റി വെച്ച് ’’ സജ്‌ന ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .

‘‘ അതാണല്ലേ ഫ്രിഡ്ജിൽ കാണാതിരുന്നത് ? ഞാൻ കരുതി ലുലുവിൽ നിന്നും എടുക്കാൻ മറന്നതാണെന്ന് ’’ ശ്രീദേവി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .

 

‘‘ ചേച്ചി ഫ്‌ളാറ്റ് ഏതാണ് നോക്കേണ്ടത് ? ’’ ഷാഫി ചോദിച്ചു 

‘‘ ഏതായാലും നമ്മുക്ക് അടുത്തടുത്ത് കിട്ടുന്നത് നോക്കിയാൽ മതി , ഇല്ലേൽ വീണ്ടും ഞാനും മോളും  ഒറ്റപ്പെടും ’’ ശ്രീ പറഞ്ഞു .

‘‘ എവിടെയാണെങ്കിലും നമ്മൾ ഒരുമിച്ചു തന്നെയല്ലേ ചേച്ചീസേ’’ സജ്‌ന ശ്രീദേവിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു .

 

മിനിസ്ട്രിയുടെ വക താമസ സൗകര്യത്തിനുള്ള സംവിധാനം കിട്ടാൻ പോകുകയാണ്, മോളുടെ പേരിൽ ഇനി വല്ലതും സേവ് ചെയ്തു തുടങ്ങണം .

അമ്മവീടിന്റെ അടുത്ത് കുറച്ചു സ്ഥലം വാങ്ങണം, അവിടെ കൃഷി ചെയ്യണം .

‘‘ എന്താ ആലോചിക്കുന്നേ ചേച്ചി ,’’ സജ്‌നയുടെ ചോദ്യം കേട്ട് ശ്രീദേവി ചിന്തകളിൽ നിന്നും ഉണർന്നു .

 

‘‘ ഏയ് ഒന്നുമില്ല, ന്റെ അമ്മവീട് ഷൊറണൂരാ, അവിടെ തറവാട് വക സ്ഥലം കൊടുക്കാനുണ്ട്, അത് എനിക്ക് വാങ്ങണമെന്നാണ് ആഗ്രഹം, കുറച്ച് കാശൊക്കെ ആയാൽ അവിടെ കൃഷി ചെയ്യണം, നീ IELTS ഒക്കെ കിട്ടി യൂറോപ്പിലൊക്കെ പോയി എന്നെങ്കിലും തിരികെ വരുമ്പോൾ ഞാൻ കൃഷിയും ഹോംസ്റ്റേ യുമൊക്കെയായി നാട്ടിൽ കാണും ’’ ശ്രീദേവി ചിരിച്ചു കൊണ്ട് പറഞ്ഞു .

എല്ലാവരും ചിരിച്ചു .

 

‘‘ മമ്മീ എനിക്ക് വിശക്കുന്നു , ഫ്രഞ്ച് ഫ്രെയ്സ് ഉണ്ടാക്കി തരൂ’’ അത്രയും നേരം മൊബൈലിൽ കളിക്കുകയായിരുന്നു തനുമോൾ അവരുടെ അടുത്തേക്ക് ഓടി വന്നു . 

‘‘ മോളെ , സജ്‌ന ആന്റി നല്ല ബീഫുകറിയും നെയ്ച്ചോറും ഉണ്ടാക്കിയിട്ടുണ്ട്, മോൾക്ക് അത് തരാം’’ ശ്രീദേവി തനുമോളോട് പറഞ്ഞു .

‘‘ വേണ്ട , എനിക്ക് ഫ്രഞ്ച് ഫ്രെയ്സ മതി’’ അവൾ ചിണുങ്ങി .

‘‘ ഞാൻ ഇപ്പോൾ ഉണ്ടാക്കാം ചേച്ചി , ഇനി അവളെ കരയിക്കേണ്ട’’ സജ്‌ന ഇടപെട്ടു .

‘‘ മറ്റേ രണ്ടു പേര് എവിടെയാ’’ സജ്‌ന ചോദിച്ചു .

‘‘ മനുവും സൈഫും കളിക്കുവാ, അവർ എന്നെ കൂട്ടുന്നില്ല’’ തനു മോൾ പറഞ്ഞു .

‘‘ ഇക്കമാരോട് അടിയുണ്ടാക്കാതെ അവരുടെ കൂടെ പോയി കളിക്ക് ’’

ശ്രീദേവി മകളെ സജ്നയുടെയും ഷാഫിയുടെയും മക്കളുടെ അടുത്തേക്ക് പറഞ്ഞു വിട്ടു .

അവർക്ക് രണ്ട് ആൺകുട്ടികളാണ്. തനുമോളെക്കാൾ മൂത്തതാണ് ഇരുവരും. നല്ല സ്നേഹമുള്ള മക്കൾ .

 

‘‘ തൈര് സാലഡ് ആരാ ഉണ്ടാക്കിയേ , അടിപൊളിയാണല്ലോ’’ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷാഫി ചോദിച്ചു .

‘‘ നീ തന്നെ ഉണ്ടാക്കിയ സാധനതിനെ നീ തന്നെ പൊക്കിപ്പറയല്ലേ മോനെ’’ ശ്രീ ദേവി ചിരിച്ചു കൊണ്ട് കളിയാക്കി .

 

കഥകളും താമാശകളും കൊണ്ട് വ്യാഴാഴ്ച രാത്രിയിലെ ഭക്ഷണ പരമ്പര മനോഹരമാക്കി .

കൈകഴുകി ടെലിവിഷൻ കാഴ്ചകളിലേക്ക് ഇരിക്കാൻ നേരം ഷാഫി പറഞ്ഞു തുടങ്ങി .

‘‘ചേച്ചി , എനിക്കൊരു കാര്യം പറയാനുണ്ട് ’’ എന്താണ് എന്ന അർത്ഥത്തിൽ ശ്രീദേവി ഷാഫിയുടെ മുഖത്തേക്ക് നോക്കി .

‘‘ സജീവേട്ടൻ ഇന്ന് എന്നെ കാണാൻ വന്നിരുന്നു’’ ഷാഫി പറഞ്ഞു തുടങ്ങി. ശ്രീവേദി മൗനം പാലിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .

‘‘ അയാൾ നാട്ടിൽ പോകുകയാണ് , തുടർ ചികിത്സക്കാ പോകുന്നത്, ഇനി ഇവിടേക്ക് തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ല, അയാൾക്ക് തനുമോളെ കാണണം എന്നുണ്ട് ’’ ഷാഫി അല്പം ആശങ്കയോടെ പറഞ്ഞു .

 

ശ്രീദേവി മറുപടിയൊന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി ... പിന്നീട് തിരികെ വന്നതേയില്ല .

 

‘‘ നിങ്ങളെന്തിനാ ഇപ്പൊ പറയാൻ പോയേ, ചേച്ചിക്ക് വിഷമമായി കാണും’’ സജ്‌ന ഷാഫിയോട് ചോദിച്ചു .

‘‘അയാൾ എല്ലാം നഷ്ടപ്പെട്ട് നടക്കുകയാണ്, അയാൾക്ക് മോളെ കാണിച്ചു കൊടുത്തില്ലെങ്കിൽ ഇവിടേക്ക് കയറി വരും, ഒരാഴ്ചക്കുള്ളിൽ അയാൾ നാട്ടിൽ പോകും ... ഇനി ഇവർ തമ്മിൽ  ജീവിതത്തിൽ കാണാനേ പോകുന്നില്ല എന്നാണ് അയാളുടെ രൂപം കണ്ടപ്പോൾ എനിക്ക് തോന്നിയത് ... മോളെ അയാളൊന്ന് കണ്ടോട്ടെ എന്നാണ് എന്റെ അഭിപ്രായം’’ ഷാഫിയുടെ മറുപടി കേട്ടപ്പോൾ സജ്‌നക്കും അതേ അഭിപ്രായം തന്നെ ഉള്ളതായി തോന്നി . 

 

‘‘എന്തായാലും ചേച്ചി ഇന്ന് മുഴുവൻ ചിന്തിക്കട്ടെ, നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ പോയി  കിടന്നോ ’’ ഷാഫി സജ്നയോട് പറഞ്ഞു.

‘‘ എന്നെ ഉറക്കിയിട്ട് ഇങ്ങക്ക് എന്താ പരിപാടി ‘’’

‘‘ ഞങ്ങളുടെ കോളേജ് ഓൾഡ് സ്റ്റുഡന്റസ് സൂം മീറ്റ് ഉണ്ട് ’’ ഷാഫി പറഞ്ഞു.

‘‘ ഈ പാതിരാക്കോ ? ’’

‘‘ ഇപ്പോഴാ എല്ലാവരെയും ഒരുമിച്ചു കിട്ടുകയുള്ളൂ’’

‘‘ ഓൾഡ് മീറ്റിൽ പഴേ കിഴവിമാരും കാണുമല്ലോ അല്ലെ ’’

‘‘ നീ പോടീ ... ’’ ഷാഫിയെ ഒറ്റയ്ക്ക് വിട്ട് സജ്‌ന മുറിയിലേക്ക് നടന്നു .

 

*********     **********    **********     ********

 

ഉറക്കം നഷ്ടപെട്ടിട്ട് നാളുകൾ ഏറെയായല്ലോ, ശ്രീദേവി എഴുന്നേറ്റ് വെള്ളം എടുത്തു കുടിച്ചു.

ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പുതപ്പിൽ നിന്നും വെളിയിലേക്ക് വന്ന തനുമോൾ എസി യുടെ തണുപ്പിൽ വല്ലാതെ ചുരുണ്ടു പോയത് പോലെ തോന്നി. എസി ഓഫ് ചെയ്തശേഷം ഫാൻ ഓൺ ചെയ്തു. നാളെയും മറ്റന്നാളും അവധി ദിവസമാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് , മോളെ പരീക്ഷക്ക് വേണ്ടി തയ്യാറെടുപ്പിക്കണം, അവളുടെ ഡാൻസ് ക്ലാസിന്റെ ഫീസ് ടീച്ചറെ ഏൽപ്പിക്കണം, ഒരാഴ്ചത്തേക്കുള്ള യൂണിഫോം റെഡിയാക്കി വെക്കണം .... അങ്ങനെയങ്ങനെ നീണ്ടുപോകുന്ന നിരവധി ജോലികൾ ...

 

പത്തുവർഷം തികയുന്നു ഗൾഫിൽ എത്തിയിട്ട് . സജീവുമായി വിവാഹം കഴിയുന്നതും വിസിറ്റ് വിസയിൽ വരുന്നതും  MOH എക്സാം എഴുതുന്നതും ജോലി തേടിയുള്ള യാത്രകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു .

 

അന്നൊക്കെ എന്ത് രസമായിരുന്നു, പ്രൈവറ്റ് ക്ലിനിക്കിൽ ജോലി ലഭിച്ചപ്പോൾ ആദ്യമായി സാലറി കിട്ടിയപ്പോൾ മോളെ ഗർഭം ധരിച്ചപ്പോൾ .... സന്തോഷത്തിന്റെ നാല് വർഷങ്ങൾ. സജീവിന്റെ പുതിയ സുഹൃത്തുക്കളും മദ്യപാനവും തന്നെയാണ് സന്തോഷകരമായ ജീവിതത്തിന്റെ താളം തെറ്റിച്ചത്.

ആദ്യമൊക്കെ രഹസ്യമായിട്ടായിരുന്നെങ്കിൽ പിന്നീട് മദ്യപിച്ച് എന്നും ബോധമില്ലാത്ത ഫ്ലാറ്റിലേക്ക് വരാൻ തുടങ്ങി, മകളുടെ മുന്നിൽ വെച്ച് വഴക്കിടാൻ തുടങ്ങി, ജോലിക്ക് കൃത്യമായി പോകാതെയായി, റൂമിലിരുന്ന് തന്നെ മദ്യപിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടുകാരെ അറിയിച്ചത്.

സജീവിന്റെ കീഴിലുള്ള ഫാമിലി വിസയിൽ ആയത് കൊണ്ട് ഗവൺമെന്റ് ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങളെ അയാൾ നിരുത്സാഹപ്പെടുത്തി. തനിക്ക് ലഭിക്കുന്ന ശമ്പളം പോലും മദ്യപിക്കാൻ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ഫാമിലി വിസയിൽ നിന്നും തൊഴിൽ വിസയിലേക്കുള്ള മാറ്റത്തെ കുറിച്ച് ചിന്തിച്ചത്.

 

അപ്പോഴാണ് മാലാഖയെ പോലെ സുഹൃത്ത് സജ്നയും അവളുടെ ഭർത്താവ് ഷാഫിയും മുന്നിൽ വന്നത്. അവർ വഴി  സജീവ്  അറിയാതെ മിനിസ്ട്രിയിൽ ജോലിക്ക് ട്രൈ ചെയ്തു. ഇവാലുവേഷനും മറ്റും കഴിഞ്ഞതോടെ ആത്മവിശ്വാസം കൂടി. സജീവിനെ ജോലിയിൽ നിന്നും തരം താഴ്ത്തി, മദ്യപിക്കാതെ ഒരുനിമിഷം പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അയാളുടെ മാനസിക നില മാറി.

 

ഒരുദിവസം മദ്യപിച്ച് ബഹമുണ്ടാക്കി ഉറങ്ങി കിടക്കുകയായിരുന്ന മോളെ എടുത്ത് തറയിലേക്ക് എറിഞ്ഞു. മോളുടെ പല്ലും ചുണ്ടും പൊട്ടി ചോര വന്നു. അന്ന് രാത്രി അയാളുടെ ഫ്‌ളാറ്റിൽ നിന്നും ഇറങ്ങി പോന്നതാണ്. സുഹൃത്ത് സജ്‌നയുടെ ഫ്‌ളാറ്റിൽ താൽക്കാലികമായി താമസിക്കാൻ തുടങ്ങി.

അയാൾ അന്വേഷിച്ചു വന്നതേയില്ല, മിനിസ്ട്രിയിൽ ജോലി കിട്ടിയതും അയാളുടെ ഫാമിലി വിസയിൽ നിന്നും മാറിയതും ഷാഫിയുടെ സഹായം കൊണ്ടായിരുന്നു.

 

നീണ്ട രണ്ടു വർഷങ്ങൾ അയാൾ കാണാൻ ശ്രമിച്ചപ്പോഴൊക്കെ അയാൾക്ക് വഴങ്ങി കൊടുക്കാതെ ഒറ്റയ്ക്ക് നിന്നു. ബന്ധുക്കളും സുഹൃത്തുക്കളും അവസാന സാധ്യതകളെ പറ്റി ആരാഞ്ഞപ്പോൾ ഇനിയൊരു സാധ്യതയും ഇല്ലാത്ത തരത്തിൽ അറുത്തു മുറിച്ചു മറുപടി പറഞ്ഞു .

 

മദ്യപിച്ചു കടത്തിണ്ണയിൽ കിടന്ന് മരിച്ച അച്ഛന്റെ മുഖം ഇന്നും ഓർമയിൽ ഉണ്ട്, അച്ഛൻ വഴക്കിടുമ്പോഴെല്ലാം പ്രതികരിക്കാനാവാതെ കരഞ്ഞു തളർന്ന പാവം അമ്മയുടെ മുഖം ഇപ്പോഴും മറന്നിട്ടില്ല ... ആ അനുഭവം തനുമോൾക്ക് ഉണ്ടാകാൻ പാടില്ല.

 

ജോലിയും മകളുടെ പഠിപ്പും സജ്‌നയുടെയും ഫാമിലിയുടെയും കൂടെയുള്ള ഒഴിവുസമയങ്ങളിലെ ആഘോഷങ്ങളും രസകരമായിരുന്നു . സജീവ് കാണാൻ ശ്രമിച്ചപ്പോഴൊക്കെ അയാളിൽ നിന്നും മാറി നടന്നു . അയാളുടെ തൊഴിൽ നഷ്ടപ്പെട്ടതും അമിത മദ്യപാനം കാരണം അസുഖം വന്നതും ഷാഫി പറഞ്ഞറിഞ്ഞു .

 

ഇന്നേക്ക് രണ്ടു വർഷം കഴിയുന്നു അയാളെ നേരിൽ കണ്ടിട്ട്. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു .

ഫ്‌ളാറ്റിന്റെ  ബാൽക്കണിയിലേക്കുള്ള ചില്ലു ജാലകം തുറന്ന് അവൾ പുറത്തേക്ക് നോക്കി. ഇരുട്ടും ശൂന്യതയും ഇനിയും അവശേഷിക്കുന്നുണ്ട്, പ്രഭാതത്തിന് ഇനിയും സമയമുണ്ട് .

 

ഫ്‌ളാറ്റിന് താഴെയുള്ള നിരത്തിലൂടെ വാഹനങ്ങൾ ചലിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും അണയാത്ത തെരുവ് വിളക്കിന്റെ മഞ്ഞ നിറം. നക്ഷത്രങ്ങളിലാത്ത ആകാശം, ഒരു തവണ കൂടി അയാൾക്ക് മോളെ കാണിക്കണം, അയാൾ കാണട്ടെ .

രണ്ടു ദിവസം കഴിഞ്ഞാൽ പോകേണ്ടതല്ലേ ?

ഇനിയൊരിക്കലും കാണാരുതെന്നും പറയണം ... ജീവിതം ഒന്നേയുള്ളൂ, അതങ്ങിനെ മറ്റുള്ളവർക്ക് തട്ടികളിക്കാനോ എല്ലാ വിഷമങ്ങളും സഹിച്ച് മറ്റൊരാളുടെ കുത്തഴിഞ്ഞ ജീവിതത്തിന് തണല് പിടിക്കാനോ ഉള്ളതല്ല . ചില്ലു ജാലകമടച്ച് അവൾ തിരികെ ബെഡിലേക്ക് വന്നു കിടന്നു .

 

********     ********     ********    ********

 

‘‘ അയാൾക്ക് ടിക്കറ്റിന്റെ കാശ്‌കൊടുത്താൽ അത് കൊണ്ട് വീണ്ടും മദ്യപിക്കും, ഏറ്റവും അടുത്ത ദിവസം ടിക്കറ്റ് എടുത്ത് കൊടുക്കുന്നതാണ് നല്ലത്’’ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ശ്രീദേവി പറഞ്ഞു.

‘‘ ചേച്ചി, ഞാനൊരു കാര്യം ചെയ്യാം, ഞങ്ങളുടെ സംഘടനവഴി എടുത്തതാണ് ടിക്കെറ്റ് എന്ന് പറഞ്ഞു കൊടുക്കാം, അതാകുമ്പോൾ ഞങ്ങളുടെ ആളുകളെ കാണുമ്പോൾ പിന്നെ തരികിട കളിക്കാൻ ആള് നിൽക്കില്ല’’

ഭക്ഷണം കഴിച്ചശേഷം കൈകൾ വാഷ്‌ചെയ്‌ത്‌ പുറത്തേക്കിറങ്ങുമ്പോൾ ഷാഫി പറഞ്ഞു .

‘‘ചേച്ചി , ഒരു കാര്യം കൂടി. മോളെ അയാളെ കാണിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എപ്പോ വേണം’’ ഷാഫി ചോദിച്ചു .

‘‘ ഇന്ന് വൈകുന്നേരം നോക്കാം, അക്കാമിയ ബീച്ചിന്റെ അവിടെ വരാൻ പറഞ്ഞാൽ മതി ’’ അല്പം ആലോചിച്ച ശേഷം അവർ മറുപടി പറഞ്ഞു .

 

*******    *******    *******    ********

 

മഞ്ഞുകാലം യാത്ര പറഞ്ഞു പിരിയുകയാണ്. കടലിടുക്കുകളിൽ നിന്നും തണുത്ത കാറ്റ് മറ്റൊരു ദിക്കിലേക്ക് ആഞ്ഞു വീശി വസന്തം യാത്രചോദിക്കുന്നു. കടൽ തീരത്തെ മണൽ തിട്ടുകളും ഗുൽമോഹറും ഇളകിയാടി അസ്വസ്ഥമാക്കുന്നുണ്ട്. കുട്ടികളുടെ കളിസ്ഥലത്ത് തനുമോളും സജ്നയുടെ മക്കളും കളിയാഘോഷിക്കുകയാണ്. സജ്‌ന മൊബൈലിൽ അവരുടെ സന്തോഷങ്ങൾ പകർത്തിയെടുക്കുന്നു. അല്പം കഴിഞ്ഞപ്പോൾ അക്കാമിയ കടപ്പുറത്തെ ടൈൽ വിളിച്ച നടപ്പാതയിലൂടെ ഷാഫി നടന്നു വന്നു. കൂടെ അയാളുമുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങളും കാറ്റിൽ ഇപ്പോൾ പറന്നു പോകും എന്ന അവസ്ഥയുമായി സജീവും. ആ കാഴ്ചകളിലേക്ക് അധികം നേരം നോക്കി നിന്നില്ല, കടലും ആകാശവും ചേരുന്ന നരച്ച കാഴ്ചയിലേക്ക് വെറുതെ നോക്കി നിന്നു .

 

‘‘ ചേച്ചി ’’ പിറകിൽ നിന്നും ഷാഫി വിളിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ ഷാഫി സജ്നയുടെ അടുത്തേക്ക് നടന്നു നീങ്ങി കഴിഞ്ഞിരുന്നു. സജീവ് ഒന്നും പറയാതെ നിൽക്കുകയാണ്, അയാളുടെ പ്രകാശം കെട്ട കണ്ണുകൾ കുഞ്ഞിനെ തിരയുകയാണെന്ന് തോന്നി. മുഖത്ത് വലിഞ്ഞു നിന്നിരുന്ന മുഷിഞ്ഞ മാസ്ക് ഊരിയെടുത്ത് അയാൾ പോക്കറ്റിൽ വെച്ചു .

‘‘ നാളെ രാത്രി പോകും’’ അയാൾ പറഞ്ഞു തുടങ്ങി .

‘‘ തിരികെ വിളിക്കാനോ ശല്ല്യം ചെയ്യാനോ വന്നതല്ല, പോകും മുൻപ് മോളെ കാണണം, ദാ, ഈ നിമിഷവും ഞാൻ കുടിച്ചിട്ട് തന്നെയാണ് വന്നിരിക്കുന്നത് .... താൻ ആഗ്രഹിക്കും പോലെ ഇനി നേരിൽ കാണില്ല ... എന്നോട് ക്ഷമിക്കുകയൊന്നും വേണ്ട, എന്നോടുള്ള ദേഷ്യം നിനക്ക് ഒറ്റയ്ക്ക് മോളെ വളർത്താനുള്ള ആവേശമാവട്ടെ ... ’’ അയാൾ തുടർന്നു കൊണ്ടേയിരുന്നു. അല്പം കഴിയുമ്പോഴേക്കും തനു മോൾ അവർക്കിടയിലേക്ക് വന്നു.

 

‘‘മോളെ, എന്നെ അറിയാമോ’’ അയാൾ പോക്കറ്റിൽ നിന്നും ചെറിയ മിട്ടായി പാക്കറ്റ് എടുത്ത് അവൾക്ക് നീട്ടി. അവൾ അമ്മയെ നോക്കി മടിച്ചു മടിച്ചു അത് വാങ്ങി... അയാൾ അവളെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ അവൾ കുതറികൊണ്ട് കൂട്ടുകാരുമൊത്തുള്ള കളിയിലേക്ക് തന്നെ ഓടിപോയി .

 

ശ്രീവേദിയും സജീവും പരസ്പരം നോക്കാതെയും ഒന്നും പറയാനില്ലാതെയും വീണ്ടും അവിടെ അൽപനേരം നിന്നു. ഒടുവിൽ അയാൾ വിതുമ്പും പോലെ പറഞ്ഞു.

‘‘ ഞാൻ പോകട്ടെ.. ഇനി നമ്മൾ കാണില്ല ... മോളെ നന്നായി വളർത്തണം ...’’

അയാൾ തിരിഞ്ഞു നടന്നു. നോക്കരുത് എന്ന് മനസ്സ് പറഞ്ഞിട്ടും അവൾ അയാൾ നടന്ന വഴിയിലേക്ക് നോക്കി നിന്നു .

 

കടൽ തീരത്തെ കാറ്റിൽ അയാൾ നിലത്തേക്ക് വീണുപോകുമോ എന്ന് അവൾക്ക് ആശങ്കയുണ്ടായി .

മെല്ലെ മെല്ലെ അയാൾ കടൽ തീരത്തെ തിരക്കുകളിൽ അലിഞ്ഞില്ലാതായി. അവ്യക്തമായ ഒരു നോവ് മനസ്സിലെവിടെയോ അവശേഷിക്കുന്നുണ്ട് .. അവൾ കുട്ടികളുടെ അടുത്തേക്ക് നടന്നു. മോളെ എടുത്ത് ടൈലുകൾ പാകിയ കടൽ കരയിലെ നടപ്പാതയിലൂടെ നടന്നു .

സജ്‌ന ശ്രീവേദിയെ ചേർന്ന് നടന്നു .... 

‘‘ എനിക്കൊരു ചായ കുടിക്കണം ’’ ശ്രീദേവി പറഞ്ഞു.

‘‘ ഇക്കാ പോകാം’’ സജ്‌ന ഷാഫിയെ വിളിച്ചു. അക്കാമിയ കടലിലേക്ക് സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. മഞ്ഞു കാലത്തെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന കാറ്റ് അസ്വസ്ഥമാക്കി കൊണ്ടേയിരുന്നു. ഇനി കത്തുന്ന വേനലാണ് വരാനുള്ളത്. എങ്കിലും വസന്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതം. ശ്രീദേവിയും തനുമോളും ആ നല്ല വസന്തത്തിനായുള്ള കാത്തിരിപ്പിലാണ്... മരുഭൂമിയിൽ പെയ്യുന്ന വസന്തത്തിനായുള്ള കാത്തിരിപ്പ്.

 

English Summary: Marubhoomiyile Malaghamar, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com