കളറിളകിപ്പോയ നിക്കറും കളർ മുക്കിയ ഷർട്ടും; കളർ മുക്കി ശരിയാക്കാൻ പറ്റാത്ത ജീവിതവും

colourilakipoya-nikkarum-colurmukkiya-shirtum-short-story-by-salu-abdul-kareem
Representative Image. Photo Credit : Guitarfoto / Shutterstock.com
SHARE

കളറിളകിപ്പോയ നിക്കറും കളർ മുക്കിയ ഷർട്ടും (കഥ)

ഓരോ മഴ കനക്കുന്നതും,നോക്കുമ്പോൾ. ഉമ്മ പണ്ട് കുത്തിപ്പിഴിഞ്ഞ കരിനീല നിക്കറ് ഓർമ്മവരും.അതിൽ നിറയെ ചായം ഇളകുമായിരുന്നു,

‘ചായം ഇളകുന്നതെന്തും ശത്രുവാണ്.കൂടെ ഒട്ടിപ്പിടിക്കാൻ വരുന്നവരെയൊക്കെ അവൻ ചതിച്ചു കളയും...’ എന്ന് ഉമ്മ പറയും.

പക്ഷേ ഞാനങ്ങനെ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്, തനി നിറം ആദ്യമേ കാണിക്കുന്നവർ ഗുണം ഉള്ളവരാണെന്നാണ്.

വെട്ടിത്തുറന്ന് ഉള്ള കാര്യം പറഞ്ഞാണ് ആ നിക്കർ എന്റെ ജീവിതത്തിലേക്ക് വന്നത്. അതിനാൽ തന്നെ എത്ര ചായം ഇളകിയിട്ടും  വസ്ത്രങ്ങൾ ഇട്ട് വെക്കുന്ന കുട്ടയിൽ നിന്നും ആ തന്റേടിയെ ഞാൻ വലിച്ച് മേലോട്ട് കയറ്റും. ചെളിയിലും, പാടത്തും, പറമ്പിലും,എന്റെ പച്ചയായ ജീവിതത്തിലും ഒട്ടി നിൽക്കാൻ അതിനാൽ തന്നെ ആ നിക്കറിനായി.

വലുതായപ്പോൾ പ്രണയിനിയെ കാണാൻ പോകുമ്പോൾ കളർ മുക്കി ഇട്ടിരുന്ന ഒരു ചുവന്ന ഷർട്ട്‌ എന്റെ പക്കൽ ഉണ്ടായിരുന്നു.

അഞ്ചു രൂപയുടെ കളർ പൊടി വാങ്ങി ചൂടുള്ള വെള്ളത്തിൽ ഉപ്പും ചേർത്ത് ആ ഷർട്ടിന്റെ തിരുമോന്ത ഞാനങ്ങു വെളുപ്പിക്കും.

കളർ പോവാത്ത ജീൻസും വലിച്ച് കേറ്റി കളർ മുക്കിയ ഷർട്ടും ഇട്ട് വ്യാജ ഐഡന്റിറ്റിയിൽ ഞാൻ ഉപ്പാടെ ബുള്ളറ്റിൽ, അവളുടെ മുമ്പിൽ അവതരിക്കും.

അവളുടെ കളറുള്ള ചിരി കണ്ടാൽ പിന്നെയും അതേ കളർ പൊടി നൂറ് പാക്കറ്റ് വാങ്ങാനുള്ള ഊർജ്ജം കിട്ടും.

കാണാൻ വരുമ്പോൾ ആ ഷർട്ട്‌ ഇടണം എന്ന് തന്നെയായിരുന്നു അവൾ കൂടുതലും പറഞ്ഞിരുന്നത്. 

മുക്കിയെടുക്കേണ്ടതിന്റെയും, കുത്തിക്കലക്കേണ്ടതിന്റെയും ബുദ്ധിമുട്ടൊക്കെ അവളുടെ ചിരിക്ക് വേണ്ടിയാണല്ലോ എന്ന സമാധാനത്തിൽ  ഞാൻ അങ്ങനെ കളറായി അവളെ പ്രണയിച്ചു പോന്നു.

വേറെ ഷർട്ട്‌ ഇല്ലാണ്ടായിരുന്നില്ല ഷർട്ടിന്റെ എണ്ണം കുറവായിരുന്നു,ആഴ്ചയിൽ സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രണ്ട് നേരം വെച്ച് എന്റെ പോക്കിന്റെ തൂക്കമൊപ്പിക്കാൻ ഈ കളർമുക്കി ഷർട്ടിന്റെ വേഷം അന്നത്തെ ജീവിതത്തിൽ നിർണായകമായി.

പ്രണയിനിയുടെ മുഖം വാടുന്നത് ഏത് കാമുകന്റെയും ഉറക്കം കെടുത്തും, ഞാനും ആ കാര്യത്തിൽ വിപരീതമായിരുന്നില്ല.

ജീവിതത്തിന്റെ നിറങ്ങൾ തേഞ്ഞുരഞ്ഞ് തന്നെയാണ് മുന്നോട്ട് പോയത്, അവളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും ഇടി വെട്ടും പേമാരിയും ഉണ്ടായി പല നിറങ്ങൾ കുത്തിയൊഴുകി ഒലിച്ച് നശിച്ച് പോയി.

എല്ലാതും കളർ മുക്കി ശരിയാക്കാൻ പറ്റിയതായിരുന്നില്ല.പണ്ട് ഉമ്മ പറഞ്ഞത് പോലെ ചിലത് ചിലതിനോട് ചേരാൻ വാശി പിടിക്കുന്നത് ഇളകി പിടിക്കുന്ന കുപ്പായത്തിലെയോ നിക്കറിലെയോ കറ പോലെയാവും.കണ്ടാൽ ചേർച്ച ഇല്ലാത്ത ശത്രുക്കളാണെന്ന് തോന്നും.

മഴ കുത്തിയൊലിച്ച് പെയ്യുമ്പോൾ ആകാശത്തിലെ കാർമേഘത്തിലെ നിറം മായുന്നത് നോക്കും, അത്‌ മെല്ലേ തെളിഞ്ഞ് നിറമുള്ള ചിരി ചിരിച്ച് സൂര്യൻ തെളിഞ്ഞ് വരും.

ഒരാൾ ചേരാതാവുമ്പോൾ മറ്റേയാൾ മാറി നിൽക്കേണ്ടതിലെ ഭംഗി അങ്ങിനെയാണ് തിരിച്ചറിഞ്ഞത്.

നിറം മങ്ങി വെണ്ണീറായി ആ ഷർട്ട്‌ ഇപ്പോളും എന്റെ വീടിന്റെ മൂലയ്ക്ക് എങ്ങോ ഉണ്ട്. 

ഏത് നിറം മുക്കിയാലും അതിനിപ്പോൾ ചേരുമെന്ന് ഇടയ്ക്കെപ്പോളോ കണ്ടപ്പോൾ എനിക്ക് തോന്നി.

കുറേ അനുഭവിച്ച് മുക്കിലായ ചില മനുഷ്യരെ പോലെ.ഏത് തരം സന്തോഷമായാലും മതി അവർക്ക് പെട്ടെന്ന് നിറം വെക്കാൻ.

ജീവിതം പക്ഷേ ഇങ്ങനെയൊക്കെ തന്നെ വേണം, കഴിഞ്ഞ ജീവിതത്തിലെ നിറങ്ങൾ എണ്ണിയെടുക്കുമ്പോൾ ഞങ്ങൾ തമ്മിൽ കണ്ട് മുട്ടിയത് ഓർക്കുമ്പോൾ ചുവന്ന കളറിൽ മുങ്ങിയ എന്റെ ഹൃദയം ബുള്ളറ്റിനെ പോലെ പട പടാ മിടിക്കും.

ഒരു വ്യാജന്റെ ചിരി അപ്പോൾ എന്റെ ചുണ്ടിൽ പരക്കും.,ഇല്ലാത്ത നിറങ്ങളുള്ള എന്റെ ജീവിതം അഭിനയിച്ച് ഫലിപ്പിച്ച് അവളുടെ ചിരികൾ ഏറ്റു വാങ്ങിയതിന്റെ ചിരി.ജീവിതം ഇനിയും നിറങ്ങൾ മുക്കാനുള്ള നെട്ടോട്ടത്തിലാണ്, തേഞ്ഞും, നരച്ചും പിന്നെയും നിറം പിടിപ്പിച്ചും തന്നെയാണല്ലോ ജീവിതം മുന്നോട്ടു പോകേണ്ടത്.

Content Summary : Writers Blog - Colourilakipoya Nikkarum Colurmukkiya shirtum, short story by Salu Abdul Kareem

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;