ആഘോഷങ്ങളും സന്തോഷങ്ങളും ഓർമകളിൽ മാത്രം, ഇത് പ്രവാസി ജീവിതം

young-man-using-phone
Representative Image. Photo Credit: Marjan Apostolovic / Shutterstock.com
SHARE

പെരുന്നാളമ്പിളി (കഥ)

ഈ സുബ്ഹിക്ക് തന്നെ ഉമ്മ എന്തിനാ വിളിക്കുന്നതെന്നോർത്തു പിച്ചും പേയും പറഞ്ഞു കണ്ണ് തുറക്കാൻ ശ്രമിക്കുകയായിരുന്നു ഷമീർ. പെട്ടെന്നാണവനോർത്തത്, അള്ളാഹ്... ഇന്ന് പെരുന്നാളാണ്. അവന്റെ എല്ലാ ഉറക്കവും പമ്പ കടന്നു. സന്തോഷം കൊണ്ട് തുള്ളിചാടണമെന്നു തോന്നിപ്പോയി. നോമ്പ് 12 നു തന്നെ ടൗണിൽ പോയെടുത്ത റെഡിമേഡ് ഷർട്ടും ജീൻസും ഇന്നിടാം. ഇതിനിടെ തന്നെ പല രാത്രികളിലും ഒച്ചയനക്കമൊന്നുമുണ്ടാക്കാതെ ആ പുതുവസ്ത്രങ്ങളിട്ടു കണ്ണാടിക്കു മുന്നിൽ പല കസർത്തും കാണിച്ചു കഴിഞ്ഞിരുന്നു അവൻ. പക്ഷേ, ആ അരങ്ങേറ്റനാൾ, അതിന്നാണ്.

പതിവിനു വിപരീതമായി പുലർച്ചെ 4 മണിക്ക് തന്നെ എല്ലാ വീടുകളും പ്രഭാപൂരിതമായിരുന്നു. കിടക്കയിൽ നിന്നും എഴുന്നേറ്റു നടക്കുമ്പോൾ വലിയുപ്പയും വലിയുമ്മയും എല്ലാരും എണീറ്റിരിക്കുന്നു. എല്ലാരുടെ മുഖത്തും ഒരു പുഞ്ചിരിയും സന്തോഷവുമൊക്കെ നിറഞ്ഞിരിക്കുന്നു. അവന്റെ കുഞ്ഞു പെങ്ങളൂട്ടി എണീറ്റിട്ടില്ല. ഉമ്മയാണെങ്കിൽ അടുക്കളയിൽ ഓടി നടന്ന് ഓരോ പണികൾ ചെയ്യുന്നുണ്ടായിരുന്നു. വലിയുപ്പ സുബ്ഹി നിസ്കരിക്കാൻ പള്ളിയിൽ പോകാനായി തന്റെ ടോർച്ചും തോർത്തുമൊക്കെയായി തയാറായി നീട്ടി വിളിച്ചു. ‘‘ഷമീറേ, ബേം ബരുന്നുണ്ടോ ഇയ്യ്‌?’’ അത് കേട്ട ഉടനെ അവൻ കുളിമുറിയിലേക്ക് ഓടിപ്പോയി, പല്ലും തേച്ചു മുഖവും കഴുകി വന്നു. ‘‘നീ ഇതുവരെ കുളിച്ചില്ലേ?’’ എന്ന വലിയുപ്പന്റെ ചോദ്യത്തിന് വലിയുമ്മ ആണ് മറുപടി പറഞ്ഞത്, ‘‘ഇനീപ്പം ഏതായാലും പള്ളീൽന്നു വന്നിട്ട് കുളിക്കാം’’ 

എന്നും സുബ്ഹിക്ക് പോവാൻ മടി ആണേലും പെരുന്നാളിന്റെ അന്നത്തെ സുബ്ഹിക്ക് പോവാൻ വല്ലാത്തൊരു ഉത്സാഹം ആണ്. പള്ളിയിൽ വരുന്ന എല്ലാരുടെ മുഖവും പ്രകാശപൂരിതമായിരിക്കും അന്ന്. നിസ്കാരത്തിനു 10 മിനിട്ടു മുൻപേ അവർ പള്ളിയിലെത്തി. മൈക്കിൽ തക്ബീർ ധ്വനികൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്. അവൻ പെട്ടെന്ന് വുളുവെടുത്തു ഓടിച്ചെന്നു മൈക്കിന് തൊട്ടരികിലിരിക്കുന്ന കുട്ടിസംഘത്തിലൊരു ഇരിപ്പിടം ഒപ്പിച്ചു. കുട്ടികളെല്ലാരും മൈക്കിനോട് പരമാവധി മുഖം ചേർത്ത് തക്ബീർ ചൊല്ലാൻ ശ്രമിക്കും. നാട്ടിലെല്ലാവരും തന്റെ ശബ്ദം കേൾക്കണമെന്ന മോഹമാണത്. തക്ബീറിന്റെ കൃത്യമായ ഇടവേളകൾക്കിടയിൽ കുട്ടികൾക്ക് അത്ര വശമില്ലാത്ത ചില തക്ബീർ ധ്വനികൾ ഉറക്കെ ചൊല്ലാൻ നീളൻ താടിയുള്ള ആ പള്ളിക്കാരണവർ ഇടയ്ക്കു മൈക്കിന് മുന്നിലേക്ക് കയറും. കാലങ്ങളായി അതു അദ്ദേഹത്തിന്റെ അവകാശവും കടമയുമെന്ന മട്ടിലാണ് അദ്ദേഹം അത് ചെയ്യുന്നത്. പക്ഷേ, ആ ഒരു വേറിട്ട ശബ്ദം ഈ കലപിലാ തക്ബീർ ധ്വനികൾക്കിടയിൽ വരുമ്പോഴുണ്ടാകുന്ന താളലയഭേദം ഒന്ന് വേറെ തന്നെയാണ്.

നിസ്കാരം കഴിഞ്ഞപ്പോൾ ഷമീർ പെട്ടെന്ന് തന്നെ എഴുന്നേറ്റു പള്ളിയുടെ പുറത്തേക്കുള്ള വഴിയിൽ വലിയുപ്പയെയും കാത്തു നിൽപ്പായി. എന്നത്തേയും പോലെ തന്റെ ചങ്ങാതിമാരോട് കിസ്സ പറയാനൊന്നും നിൽക്കാതെ വലിയുപ്പയും പെട്ടെന്ന് തന്നെ പുറത്തെത്തി. വീട്ടിൽ വന്നു കയറുമ്പോഴേക്ക് ഒരുപാട് നല്ല മണങ്ങൾ ഇടകലർന്നു വരാൻ തുടങ്ങിയിരിക്കുന്നു. അത്തറിന്റെയും നെയ്യിന്റെയും പുതുവസ്ത്രത്തിന്റെയും കുന്തിരിക്കത്തിന്റെയും, അങ്ങനെ എന്തെല്ലാമോ മണങ്ങൾ ...! ‘‘ഷമീറേ, ചായയും കടിയും എടുത്തുവെച്ചുക്ക്, ഇനി ഏതായാലും അത് കുടിച്ചിട്ട് കുളിക്കാം’’ ഉമ്മ വിളിച്ചു പറഞ്ഞു. ‘‘വേണ്ടുമ്മ ,ഞാൻ കുളിച്ചു ബന്നിട്ടു തിന്നോളാം’’ എന്നും പറഞ്ഞു ഷമീർ മുറിയിൽ നിന്നും കുളിമുറിയിലേക്കോടി. എന്നാൽ പോകുന്ന വഴിയിൽ തീന്മേശയിൽ നിരത്തി വെച്ച വാഴക്കടയും സമ്മൂസയും കോഴിയടയും ചട്ടിപ്പത്തിരിയുമെല്ലാം ഒരുമിച്ചു കണ്ടപ്പോൾ താനെങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയവന്...!

വിറകടുപ്പിൽ ചൂടാക്കിയ വെള്ളം ഉമ്മ കുളിമുറിയിൽ കൊണ്ട് വെച്ചിട്ടുണ്ടായിരുന്നു. അത് പച്ചവെള്ളമൊഴിച്ചു ചൂടാറ്റുമ്പോൾ തന്നെ ഒരു ബക്കറ്റ് വെള്ളം ഒരു 3 ബക്കറ്റ് വെള്ളമാകും. അവൻ കുളി കഴിഞ്ഞു വരുമ്പോഴേക്ക് ഉമ്മ അനിയത്തിക്കുട്ടിയെ എണീപ്പിച്ചു കുളിമുറിയിലേക്ക് കൊണ്ട് പോകുന്നുണ്ടായിരുന്നു. അവൻ നേരെ പോയി ചായയും കുടിച്ചു വസ്ത്രം മാറാൻ പോയി. താൻ പലവുരു അരമണിക്കൂറും ഒരു മണിക്കൂറുമെടുത്തു ആസ്വദിച്ചു ധരിച്ചിരുന്ന ആ പുതുവസ്ത്രം അവനന്നു രണ്ടു മിനിറ്റിൽ ധരിച്ചു. പിന്നെ അത്തറും പൗഡറും സ്പ്രേയും എല്ലാം തലങ്ങും വിലങ്ങും പൂശി. ഒന്നിനും ഒരു കുറവ് വരണ്ട. ഇതിനിടയിൽ ഗൾഫിൽ നിന്ന് വാപ്പ ‘‘ഈദ് മുബാറക്’’ പറയാൻ വേണ്ടി ലാൻഡ്‌ഫോണിൽ വിളിച്ചു. അവിടെ സുബ്ഹി ആകുന്നതേ ഉള്ളുവത്രേ, എന്നിട്ടും കുറെ നേരം ക്യൂ നിന്നിട്ടാണ് ഒന്ന് കാർഡ് ഇട്ടു വിളിക്കാൻ പറ്റിയതെന്ന് ബാപ്പ പറഞ്ഞു.

പെരുന്നാൾ നിസ്കാരത്തിനുള്ള സമയം അടുത്തുകൊണ്ടേയിരിക്കുന്നു. പിന്നെ, എല്ലാ പെരുന്നാളിനും മുടങ്ങാതെ വീട്ടിൽ നിന്ന് ചെയ്യുന്ന ഒരു പതിവ്, സലാം നൽകലായിരുന്നു. വീട്ടിലെ എല്ലാവരും പരസ്പരം സലാം നൽകുകയും കുട്ടികൾക്ക് സലാമിന്റെ കൂടെ മുത്തവും ‘‘പെരുന്നാൾ പൈസ’’ യും കിട്ടും. പലപ്പോഴും ഈ ‘‘പെരുന്നാൾ പൈസ’’ നല്ല പുത്തൻ കറൻസി നോട്ടുകളായിരിക്കും. മുതിർന്നവർ, അതിനായി ബാങ്കിലോ മറ്റോ പോയി അത്തരം പുത്തൻ നോട്ടുകൾ സംഘടിപ്പിച്ചിട്ടുണ്ടാകും. തനിക്കു എല്ലാരിൽ നിന്നും കിട്ടിയ പുത്തൻനോട്ടുകൾ ഷമീർ ആരും കാണാതെ ഒന്ന് മണത്തുനോക്കി നിർവൃതി പൂണ്ടു.

വലിയുപ്പയും ഷമീറും പള്ളിയിലെത്തി. മൈക്കിലൂടെയുള്ള തക്ബീർ ധ്വനികൾ സുബ്ഹിക്ക് കേട്ടതിലും എത്രയോ ഉച്ചത്തിലായിരിക്കുന്നു. പള്ളിയിൽ ആളുകൾ നിറഞ്ഞിരിക്കുന്നു... എന്നാലും അവർ പള്ളിയിൽ അകത്തേക്ക് കയറി ഏറെക്കുറെ മുന്നിലായി സ്ഥാനം പിടിച്ചു. നിസ്കാരശേഷം എണ്ണമറ്റ ഹസ്തദാനങ്ങൾക്കും ആലിംഗനങ്ങൾക്കുമൊടുവിൽ അവർ വീട്ടിലെത്തി. അപ്പോഴേക്കും ഉമ്മ പെട്ടെന്ന് തന്നെ ‘‘നാസ്തക്കുള്ള വിഭവങ്ങൾ എടുത്തു വെക്കാൻ തുടങ്ങി. ഉമ്മ ഇത്ര പെട്ടെന്ന് ഇതെല്ലാം എങ്ങനെ ഒരുക്കുന്നുവെന്നു അവൻ ഒരു നിമിഷം അത്ഭുതപ്പെട്ടു. നിസ്കാരം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്ക് വെയിൽ മൂത്തു വരുന്നേ ഉള്ളൂ.. എന്നാൽ, ഉമ്മ ഈ കാണുന്ന സകലഗുലാബി പണിയും തീർത്ത് പുതിയൊരു മാക്സിയുമിട്ടിതാ ചിരിച്ചു നിൽക്കുന്നു. പെരുന്നാളിന്റെ നാസ്ത സ്പെഷ്യൽ ആണ്.. പൂരിയും തേങ്ങാപ്പാലൊഴിച്ച സ്റ്റൂവും തലച്ചോർ പൊരിച്ചതും ‘ബാഴക്ക ബെരിയതും’ , അങ്ങനെ സ്ഥിരം മെനുവിൽ ഇല്ലാത്ത എല്ലാ വിഭവങ്ങളുമുണ്ടാവും. 

ഇനി ബന്ധുവീടുകളിലേക്കുള്ള സന്ദർശനമാണ്. പോകേണ്ട എല്ലാ വീടുകളും വലിയുമ്മ ഒന്ന് കൂടി ഓർമിപ്പിച്ചു. എല്ലാ മൂത്താപ്പമാർ, എളാപ്പമാർ, അമ്മായിമാർ, അയൽവാസികൾ, അങ്ങനെ എല്ലായിടത്തും പോണം. എല്ലായിടത്തു നിന്നും മിട്ടായി കിട്ടും. ചിലയിടങ്ങളിൽ നിന്നൊക്കെ ‘പെരുന്നാൾ പൈസ’യും കിട്ടും. എല്ലാ വീടും കയറിയിറങ്ങുമ്പോഴേക്കും ഉച്ച തിരിയും. എല്ലാം കഴിഞ്ഞു ഉമ്മാ ന്റെ ബിരിയാണിയും തിന്ന് ഒരുറക്കം. അതാണ് മുൻവർഷങ്ങളിലെ പതിവ്..! ഏതായാലും ഇപ്രാവശ്യം കുറെ പെരുന്നാൾ പൈസ കിട്ടണേ എന്ന് മനസ്സിൽ പ്രാർഥിച്ചു കൊണ്ട് അവൻ അനിയത്തിക്കുട്ടിയുടെ കൈയും പിടിച്ചു പുറത്തേക്കിറങ്ങാനൊരുങ്ങി..

പെട്ടെന്ന് അവന്റെ മൊബൈൽ ശബ്‌ദിച്ചു. മൊബൈലോ, ഇതിപ്പോ എവിടുന്നു വന്നു? ഇനിയിപ്പോ സുഹൃത്തുക്കളോ ബന്ധുക്കളോ പെരുന്നാളാശംസ പറയാൻ വിളിക്കുന്നതാണോ... അല്ല, ആരുമല്ല.. അവൻ കണ്ണ് തുറന്നു ഫോണിൽ നോക്കി. അവന്റെ സൂപ്പർവൈസർ ആണ്. ഇന്നലെ രാത്രി 12 മണിവരെ സ്റ്റോക്ക് ചെയ്ത സാധനങ്ങളിൽ 1 - 2 ഐറ്റം വിട്ടുപോയിട്ടുണ്ടത്രെ.. ഡ്യൂട്ടിക്ക് കേറിയാലുടനെ അത് ആദ്യം ചെയ്യണമെന്ന് പറയാൻ വിളിച്ചതാ.......

ഉറക്കത്തിൽ നിന്ന് ചിരിച്ചെഴുന്നേൽക്കുന്ന പെരുന്നാളുകളും ദിവസങ്ങളും ഷമീറിന് അപ്രാപ്യമായിട്ടു കുറച്ചു കാലമായി. അതൊക്കെ അവനിന്നു തന്റെ ഭൂതകാലവും സ്വപ്നലോകവും മാത്രമാണ്. അതെ, അവനിന്നൊരു പ്രവാസിയാണ്....! എന്തായാലും പെരുന്നാളായിട്ടു വീട്ടിലേക്കൊന്നു വീഡിയോകാൾ ചെയ്യാം. ഭാര്യയുടെ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് 8 വയസ്സുകാരനായ മകനാണ്. ഷമീറിന്റെ ഈദ് മുബാറക്കിന് മറുപടിയായി അവൻ പറഞ്ഞു : ‘‘ഉപ്പച്ചീ, ഞങ്ങൾ പള്ളിയിൽ പോകാനുള്ള തിരക്കിലാണ്, ഉമ്മ അടുക്കളേൽ ആണ് .. ഉപ്പച്ചി പിന്നെ വിളിക്കീൻ...’’

Content Summary: Perunnalambili, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA