ഒരു നിമിഷം കണ്ണടച്ചാൽ പൊലിഞ്ഞു പോകുമായിരുന്ന ജീവൻ രക്ഷിച്ചെടുത്ത കഥ

indian-railway
Representative Image. Photo Credit : Abhishek Bagrodia / Shutterstock.com
SHARE

എട്ടു വർഷങ്ങൾക്കു മുൻപ്, ഒരു ആഗസ്റ്റ് 20 നു ഉണ്ടായ അനുഭവം, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു റെയിൽവെ സുഹൃത്ത് പങ്കുവച്ചത് ഞാനിവിടെ ഓർമിക്കുകയാണ്. വായനക്കാർക്കു വേണ്ടി ഞാൻ അദ്ദേഹത്തെ, ഈശ്വരന്റെ പേരിട്ടു വിളിക്കുന്നു. ‘വിഷ്ണു.’

2013 ആഗസ്റ്റ് 20 നാണ് ഈ കുറിപ്പിനാധാരമായ സംഭവം നടക്കുന്നത്. വായനയുടെ വ്യക്തതയ്ക്കു വേണ്ടി രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ആദ്യഭാഗം വിഷ്ണുവിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് സുഭാഷ് പറഞ്ഞതാണ്. രണ്ടാം ഭാഗം വിഷ്ണുവും.

ഒന്ന്.

സുഭാഷ് ബാംഗ്ലൂരു നിന്നും തൃശൂർക്ക് ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിൽ ആഗസ്റ്റ് 19 ശനിയാഴ്ച രാത്രിയിൽ യാത്ര ആരംഭിക്കുന്നു. മുൻകൂട്ടി റിസേർവ് ചെയ്യാൻ സാധിക്കാഞ്ഞതിനാൽ ലോക്കൽ കമ്പാർട്ടുമെന്റിലാണ് യാത്ര. അസാമാന്യ തിരക്ക്. ഇരിക്കാൻ പോയിട്ട് സ്വസ്ഥമായി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. ഇരുന്നും നിലത്തു കിടന്നും ഉറങ്ങുന്നവർ. സ്ഥലമുള്ളിടത്തെല്ലാം സാധനസാമഗ്രികൾ തിരുകി വച്ചിരിക്കുന്നു

ശുചി മുറികൾക്കും പുറത്തേക്കുള്ള വാതിലുകൾക്കും ഇടയിൽ കുറച്ചു സ്ഥലം കിട്ടിയതിൽ, നിന്നും ഇരുന്നും രാത്രി മുഴുവൻ കഴിച്ചുകൂട്ടി. ഇതിനിടയിൽ സംസാരിച്ചിരിക്കാൻ ഒരു സുഹൃത്തിനെ കിട്ടി. ബാംഗ്ലൂരിൽ ജോലിയുള്ള എറണാകുളം സ്വദേശി. ഏകദേശം മുപ്പത്തഞ്ചിനടുത്ത് പ്രായം തോന്നും. ശാന്തൻ. സൗമ്യൻ. ശരിയായ ഉറക്കവും ഭക്ഷണവും കിട്ടാതിരുന്നതിനാൽ ആ യുവാവ് വളരെ ക്ഷീണിതനായി തോന്നിച്ചു.

വണ്ടി ഒറ്റപ്പാലം വിട്ടിട്ട് ഏറെ നേരമായി. ഞായറാഴ്ച രാവിലെ എട്ടു മണിയോടടുക്കുന്നു. തനിക്കിറങ്ങാറായതിന്റെ ആശ്വാസത്തിലാണ് സുഭാഷ്. ഇനി ഇരുപത്തിയഞ്ചു മിനുറ്റിന്റെ യാത്ര മാത്രം.

വടക്കാഞ്ചേരി അടുക്കുമ്പോൾ എറണാകുളത്ത് ഇറങ്ങേണ്ട സുഹൃത്ത്  ഇടതുവശത്തുള്ള വാതിൽപ്പടിയിൽ ഇരിക്കുകയാണ്. കൈവശമുള്ള ഒരേ ഒരു വലിയ ബാഗ് മടിയിൽ വച്ചിട്ടുണ്ട്. വാതിൽ ശക്തിയായി അടഞ്ഞ് പലപ്പോഴും അപകടം നടക്കുന്നതു മുൻകൂട്ടിക്കണ്ട് വാതിലടഞ്ഞു പോകാതെ കാലുകൊണ്ടമർത്തി സുഭാഷ് നിന്നു. 

വണ്ടി അസാമാന്യ വേഗതയിൽ ഓടുകയാണ്. ഒരു നിമിഷം!  യുവാവ് മുന്നോട്ട് ആഞ്ഞു വീണു. അയാൾ ഇരുന്നിടം ശൂന്യം. പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ കടന്ന് വണ്ടി മുന്നോട്ടു കുതിച്ചു. 

രണ്ട്.

വിഷ്ണുവിന് സുഭാഷിന്റെ ഫോൺ കിട്ടുമ്പോൾ സമയം രാവിലെ 8.15. യുവാവ് വീണിരിക്കുന്നത് മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനും ഇടയിലാണ് എന്നു സംഭാഷണത്തിൽ നിന്നും മനസിലായി. ഇടതുവശത്ത് പാടശേഖരങ്ങളാണ്. അവിടെ ജനവാസമില്ല. അതിനാൽത്തന്നെ ആരെങ്കിലും കണ്ടിട്ട്  രക്ഷിക്കാനുള്ള സാധ്യത തുലോം കുറവ്. മാത്രവുമല്ല, ഏറ്റവും അവസാനത്തെ ബോഗി ആയിരുന്നതിനാൽ യാത്രക്കാർ കാണാനും സാധ്യതയില്ല. തൃശൂരിൽ ഇറങ്ങുമ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കാൻ സുഭാഷിനെ പറഞ്ഞേൽപ്പിച്ചു. പിന്നെ പരിചയമുള്ള ഒരു ആർപിഎഫ് പൊലീസുകാരനെ വിളിച്ച് പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചു. എന്നാൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ആ ഉദ്യോഗസ്ഥന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘‘ഞാൻ ഇവിടില്ല. എന്നെ വിളിച്ച വിവരം നീ ആരോടും പറയരുത്.’’ അപ്പോഴേക്കും സുഭാഷിന്റെ ഫോൺ വീണ്ടും വന്നു. തൃശൂർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. പക്ഷേ വലിയ പ്രതീക്ഷ വേണ്ട. ‘നോക്കട്ടെ’ എന്ന ഉഴപ്പൻ മറുപടി.

കാത്തിരിക്കാൻ സമയമില്ല. ഉടനെ എന്തെങ്കിലും ചെയ്യണം. പൂങ്കുന്നത്തെ ലേഡി സ്റ്റേഷൻ മാസ്റ്റർ അനീമ കുജൂർ എന്ന ഒറീസക്കാരിയെ പരിചയമുണ്ടെന്ന കാര്യമോർത്ത് വിളിച്ചു. ഭാഷ പ്രശ്നമാണെങ്കിലും നല്ല പ്രതികരണമായിരുന്നു. കൂടാതെ മുളങ്കുന്നത്തുകാവിലെ സ്റ്റേഷൻ മാസ്റ്റർ കെ.ഒ. രാജൻ സാറിനെയും വിവരം ധരിപ്പിച്ചു. പിന്നീട് കാര്യങ്ങൾ ദ്രുതഗതിയിൽ നടന്നു. യുവാവ് വീണ സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തതാണ് കാര്യങ്ങൾ ഏറ്റവും എളുപ്പമാക്കിയത്. നന്മ നിറഞ്ഞ കുറെ ഉദ്യോഗസ്ഥരുടെ പ്രയത്നഫലമായി അയാളെ കണ്ടെത്തുമ്പോൾ തലയിൽ നീളത്തിലും ആഴത്തിലും മുറിവുണ്ടായിരുന്നു. ബാഗ് നെഞ്ചോടു ചേർത്തു പിടിച്ചിരുന്നതിനാൽ മറ്റു മുറിവുകൾ സാരമുള്ളവയായിരുന്നില്ല. അധികം രക്തം വാർന്നു പോകുന്നതിനു മുൻപ് വൈദ്യസഹായം നൽകാനായി. പാളത്തിനു താഴെയായി പാടത്തിനരുകിൽ കിടന്നിരുന്ന അദ്ദേഹത്തെ കാൽനടക്കാരാരും കാണുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാനുള്ള സാധ്യത തീരെ ഉണ്ടായിരുന്നില്ല. റെയിൽവെ ഉദ്യോഗസ്ഥരുടെയും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സ്റ്റേറ്റ് പൊലീസിന്റെയും നല്ലവരായ കുറെ നാട്ടുകാരുടെയും പ്രയത്നത്തിൽ ഒരു ജീവൻ രക്ഷിക്കാനായി. തലയിൽ12 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു എന്ന് പിന്നീടറിഞ്ഞു.

ഒരു നിമിഷം കണ്ണടച്ചിരുന്നെങ്കിൽ പൊലിഞ്ഞു പോകുമായിരുന്ന ആ ജീവൻ രക്ഷിച്ചെടുത്ത ചാരിതാർഥ്യത്തിനിടയിൽ അതിനു പ്രചോദനമായ മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞു. മുംബൈയിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ ആയിരുന്നു, രാഷ്ട്രപതിയുടെ അവാർഡ്‌ ജേതാവായിരുന്ന വിഷ്ണുവിന്റെ പിതാവ്. അദ്ദേഹം മുംബൈ വിടി സ്റ്റേഷനിൽ നിന്നും മുള്ളണ്ട് എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ സിയോണിനും കുർളയ്ക്കും ഇടയിൽ വച്ച് ട്രയിനിൽ നിന്നും അപസ്മാരം ബാധിച്ച് വീഴുകയായിരുന്നു. തലയ്ക്കേറ്റ മുറിവിൽ നിന്നും രക്തം വാർന്നു കിടന്ന്, മണിക്കൂറുകൾ കഴിഞ്ഞ് അദ്ദേഹത്തെ കണ്ടെടുക്കുമ്പോഴേക്കും വൈകിപ്പോയിരുന്നു. അന്ന് വിഷ്ണുവിന് അഞ്ചു വയസ്സ്.  

പൂങ്കുന്നം അപകടത്തിനു ശേഷം ആ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞില്ല. കൂടുതലായി അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നതാണു സത്യം. ജീവിതത്തിരക്കുകൾക്കിടയിലും ഇടയ്ക്കൊക്കെ ഈ സംഭവം ഓർമ വരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എറണാകുളം സ്വദേശി എന്നതിൽക്കവിഞ്ഞ്, കൃത്യമായ സ്ഥലം പോലും സുഭാഷ് ചോദിച്ചറിഞ്ഞിരുന്നില്ല. എന്തായാലും അപകടത്തെത്തുടർന്ന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ ആ യുവാവ് സുഖമായിരിക്കുന്നു എന്നു വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം.

തക്ക സമയത്തു വിവരം കൈമാറിയതിന് വിഷ്ണുവിന് പ്രത്യേക അഭിനന്ദനങ്ങൾ. 

Content Summary: Memoir written by Subi Susan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA