‘അപ്പോൾ ഇന്നലെ രാത്രി എന്നോട് സംസാരിച്ചത് ഗന്ധർവൻ ആയിരുന്നോ?’

beautiful-mysterious-woman
Representative Image. Photo Credit : Dasha Muller ​/ Shutterstock.com
SHARE

മഴയുള്ള രാത്രി പുലർന്നപ്പോൾ (കഥ)

രാത്രി മുഴുവൻ കാറ്റും മഴയുമായിരുന്നു... കൂടെ ഇടിയും മിന്നലും!. ശക്തമായ കാറ്റിൽ, തൊടിയിൽ ഏതൊക്കെയോ മരം വീണു എന്നാ തോന്നുന്നേ. എപ്പോഴോ പോയ കറൻറ്റ്‌ ഇതുവരെ വന്നിട്ടില്ല. രാത്രിയിലെ കാറ്റിൽ എവിടെയെങ്കിലും പോസ്റ്റ് വീണുകാണും. മൊബൈലിന്റെ ചാർജ് തീർന്നു സ്വിച്ചഡ്ഓഫ് ആയി. ഇന്നലെ താൻ എപ്പോഴാ ഉറങ്ങിയത്, എന്ന് കമ്പളി പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടു കൊണ്ട് അവൾ ഓർത്തു. ‘‘അവൻ എപ്പോഴാ ഫോൺ  വെച്ചത്? വഴക്കിട്ടാ വെച്ചത്. എന്തിനാ  വഴക്കിട്ടത്?’’ കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ, കറന്റ് പോയ സമയത്ത്, ഒറ്റയ്ക്ക് കിടന്ന് ഉറങ്ങുന്ന എന്നെ ഫോണിൽ കൂടി ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞു പേടിപ്പിക്കാൻ അവന് എങ്ങനെ കഴിയുന്നു? അതും അമ്മയുടെയും അച്ഛന്റേം  മുറിയിൽ നിന്ന് മാറി ഒറ്റയ്ക്ക് കിടന്നു തുടങ്ങിട്ട്, ഒരു മാസം പോലുമായിട്ടില്ല .... ദുഷ്ടൻ.. കോളജ്‌ ഉണ്ടായിരുന്നെങ്കിൽ കൊന്നേനെ ഞാൻ അവനെ, ഓൺലൈനായിട്ട് കൊല്ലാൻ പറ്റില്ലല്ലോ.!... അവൾ ഒരു ചെറു പുഞ്ചിരിയോടെ ഓർത്തു. ഇനി ശരിക്കും അവൻ പറഞ്ഞതൊക്കെ സത്യമായിരുക്കുമോ? എന്തായാലും നേരം വെളുത്തല്ലോ, ഇനി ധൈര്യമായിട്ടു തൊടിയിൽ പോയി നോക്കാം...

അടുക്കളയിൽ നിന്ന് ആവിപറക്കുന്ന ഒരു കട്ടൻകാപ്പിയുമായി അവൾ ഉമ്മറത്തേക്ക് വന്നു. മഴ പൂർണ്ണമായും മാറിയിട്ടില്ല. ചെറുതായി ചാറുന്നുണ്ട്..  ഈറൻ മാറാതെ നനഞ്ഞു കുളിച്ചു നിൽക്കുന്ന പ്രകൃതി... കാറ്റിൽ ഇതളുകൾ അറ്റുപോയ ഒരു റോസാപ്പൂവ്, വേദനയോടെ അവളെ നോക്കി... മുറ്റം നിറയെ വെള്ളം നിറഞ്ഞു കവിഞ്ഞു... മുറ്റത്തു കെട്ടിനിൽക്കുന്ന വെള്ളം ഒഴുകി പോകാൻ അച്ഛൻ തൂമ്പകൊണ്ടു ചാലു കീറുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിൽ കടലാസ് കപ്പലുകൾ ഉണ്ടാക്കി ഒഴുക്കിവിടാൻ അവളുടെ മനസ്സ് തുടിച്ചു. ഇല്ലാ, അതിനൊന്നും ഇപ്പോൾ സമയമില്ല !!.. അവൻ. അവൻ രാത്രിയിൽ പറഞ്ഞത് ശരിയാണോ എന്ന് നോക്കണം... 

‘‘ഇന്നലെ കാറ്റിലും മഴയിലും നമ്മുടെ വല്ല  തെങ്ങോ കവുങ്ങോ ഒടിഞ്ഞോ?’’ ഉമ്മറത്തേക്ക് വന്ന അമ്മ അച്ഛനോട് ചോദിച്ചു... ചോദ്യം കേട്ട അച്ഛൻ പുച്ഛത്തോടെ അമ്മയെ നോക്കി. ‘തെങ്ങോ കവുങ്ങോ ആയിരുന്നേൽ എത്ര നന്നായിരുന്നു!!.’ അച്ഛൻ തുടർന്നു.. ‘ഞാൻ എന്റെ ജീവിതത്തിലിങ്ങനെ ഒരു കാറ്റും മഴയും കണ്ടിട്ടില്ല; ഇന്നലത്തെ കാറ്റിൽ ഒടിഞ്ഞത് നമ്മുടെ മുത്തശ്ശിപ്പാലയുടെ ഒരു കൊമ്പാ!.’ എവിടേയോ ഒരു കൊള്ളിയാൻ മിന്നി; പക്ഷേ ഇടി വെട്ടിയത് അവളുടെ ഇടനെഞ്ചിലായിരുന്നു. ‘‘പാലയുടെ കൊമ്പ് ഒടിഞ്ഞിരിക്കുന്നു!. അപ്പോൾ അവൻ ഇന്നലെ രാത്രിയിൽ പറഞ്ഞത് സത്യമായിരുന്നോ? അങ്ങനെയെങ്കിൽ അവൻ അത് എങ്ങനെ അറിഞ്ഞു? അതും, മറ്റേതോ നാട്ടിലിരുന്ന് ഇവിടുത്തെ കാര്യങ്ങൾ... ഇനി അവൻ ......!!..’’

അവൾ കയ്യിലിരുന്ന കട്ടൻ കാപ്പി അരമതിലിൽ വെച്ച് തെല്ലു ഭയത്തോടെ തൊടിയിലേക്കിറങ്ങി. അങ്ങ് തൊടിയുടെ വടക്കുപടിഞ്ഞാറേ മൂലയിൽ പ്രൗഢിയോടെ വളർന്നുനിൽക്കുന്ന മുത്തശ്ശിപ്പാല, ഇതിലും വലിയ പെരുമഴ താൻ കണ്ടതാണ് എന്നഭാവത്തിൽ നിവർന്നു നിൽക്കുന്നു!. അവൾ പാലയുടെ ചുവട്ടിലേക്ക് ആ മഴവെള്ളത്തിൽ കൂടി നടന്നു നീങ്ങി. ചാറ്റൽ മഴയിൽ അവൾ നനഞ്ഞു... ‘‘കുട എടുത്തോണ്ട് പോ പെണ്ണേ’’ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവൾ അത് കേട്ടതായി ഭാവിച്ചില്ല... ഒരു പക്ഷേ അത്ഭുതം കൊണ്ട് മരവിച്ചുപോയ അവളുടെ കാതുകൾക്ക് അത് കേൾക്കാൻ കഴിയുമായിരുന്നില്ല. അവളുടെ കാലുകൾ എന്തോ ഒരു കാന്തശക്തിയുടെ ആകർഷണം പോലെ മുന്നോട്ടു ചലിച്ചു...

പാലയുടെ ഒരു വലിയകൊമ്പ്  അവിടെ ഒടിഞ്ഞു കിടന്നിരുന്നു. ‘അന്തേവാസി ഇല്ലാത്ത മരത്തിൽ നിന്നാണത്രെ മഴയിൽ ശിഖരങ്ങൾ ഒടിയുക’ എന്ന് അവൻ ഇന്നലെ പറഞ്ഞിരുന്നു! അവൾ ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ നിന്ന് ഭീതിയോടെ മുകളിലേക്ക് നോക്കി. കൊമ്പൊടിഞ്ഞ ഭാഗത്ത് അവളുടെ കണ്ണുകൾ ഉടക്കി. എന്താ അവിടെ ഒരു ചുവപ്പു നിറം ! ചോര പൊടിയുന്നുണ്ടോ? അവളുടെ മനസ്സിൽ നിറയെ ഭയം നിറഞ്ഞു. എങ്കിലും അവൾ കൈ മുന്നിലേക്ക് നീട്ടി.... പെട്ടന്ന് ഒരു തുള്ളി ചോര അവളുടെ കൈപ്പത്തിയിൽ വന്നു വീണു... ഉള്ളു നിറയെ ഭയത്തോടെ അവൾ ആ ചോരത്തുള്ളിയിലേക്കു നോക്കി. എന്താണ് സംഭവിച്ചത് എന്ന് അവൾക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ചോരത്തുള്ളിക്ക് പകരം അവളുടെ കൈവെള്ളയിൽ ഉണ്ടായിരുന്നത് മറ്റൊന്നാണ് !. മഴയിൽ നനഞ്ഞു തിളങ്ങുന്ന ചുടു ചോര നിറത്തിൽ ഒരു ‘മഞ്ചാടിക്കുരു!’

അവളുടെ കണ്ണുകൾക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്ങനെയാണ് ഒരു ചോരത്തുള്ളി മഞ്ചാടിക്കുരുവായി മാറിയത്? അതോ അത് ശരിക്കും മഞ്ചാടിക്കുരുവായിരുന്നോ? ആരെങ്കിലും പാലയുടെ മുകളിൽ നിന്ന് തന്റെ കൈകളിലേക്ക് എറിഞ്ഞു തന്നതാണോ? ഒരു നിമിഷംകൊണ്ട് ഒരായിരം ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി. ഇനി ശരിക്കും അവൻ ഇന്നലെ രാത്രിയിൽ പറഞ്ഞതുപോലെ പാലയുടെ മുകളിൽ ഗന്ധർവ്വൻ താമസിക്കുന്നുണ്ടോ? ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു. പൊടിന്നനെ ഒരു കാറ്റു വീശിയടിച്ചു. ആ കാറ്റിൽ മറ്റൊരു മഞ്ചാടിക്കുരു അവളുടെ കാൽക്കൽ വന്നു വീണു!!!. ഒരു നിമിഷം, അവളാ ചാറ്റമഴയിൽ മരവിച്ചു നിന്ന് പോയി. അവളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു!.

അവൾ അത്ഭുതത്തോടെ, ആകാശം മുട്ടെ വളർന്നു നിൽക്കുന്ന പാലയിലേക്കു നോക്കി. അതിന്റെ ഏതു ശിഖരത്തിലാണ് ഗന്ധർവ്വൻ ഇരിക്കുന്നതെന്നു അവൾ ചിന്തിച്ചു. മഴ കനത്തു.... അവൾ ആ രണ്ടു മഞ്ചാടിക്കുരുവും കൈയിൽ പൊത്തി പിടിച്ചു വീട്ടിലേക്കു നടന്നു. അവളുടെ മനസ്സിൽ സംശയങ്ങൾ വീണ്ടും ബാക്കിയായിരുന്നു... ‘അപ്പോൾ പാലയുടെ കൊമ്പു ഒടിഞ്ഞപ്പോൾ അന്തേവാസിയായ ഗന്ധർവൻ എവിടെയായിരുന്നു?’ ഞെട്ടലോടെ അവൾ രാത്രിയിൽ അവൻ ചോദിച്ച ചോദ്യമോർത്തു. ‘മാനായും മറുതയായും കാറ്റായും  ചിത്രശലഭമായും നിമിഷാർഥം കൊണ്ട്  മാറാൻ കഴിയുന്ന ഗഗനസഞ്ചാരിയായ ഗന്ധർവ്വന് നിന്റെ പ്രിയസുഹൃത്തായി മാറാനും, നിന്നോട് ഈ രാത്രിയിൽ ഇങ്ങനെ സല്ലപിക്കാനും, എത്ര എളുപ്പം സാധിക്കുമെന്ന് അറിയാമോ?’ അവൾക്കു വീണ്ടും സംശയങ്ങൾ ബാക്കിയായി... ‘അപ്പോൾ അവൻ പറഞ്ഞത് പോലെ അവനൊരു ഗാന്ധർവനാണോ?  ഇന്നലത്തെ കോരിച്ചൊരിയുന്ന മഴയുള്ള, മകരമഞ്ഞിന്റെ കുളിരുള്ള രാത്രിയിൽ എന്റെ കമ്പിളിപ്പുതപ്പിനുള്ളിൽ എന്നോടൊപ്പം അവനുണ്ടായിരുന്നൊ?’ ഓർത്തിട്ടു വട്ടാകുന്നു!!.. ആരെങ്കിലും ഒന്ന് പറഞ്ഞുതന്നെങ്കിൽ എന്ന് അവളോർത്തു. പൊടുന്നനെ അവളെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട്, മഴവെള്ളത്തിൽ ഒഴുകിവന്ന ഒരിലയിൽ, അതാ ഒരു മഞ്ചാടിക്കുരു കൂടെ !.

Content Summary: Mazhayulla rathri pularnnapol, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA