ADVERTISEMENT

നുണക്കുഴിയെ പ്രണയിച്ച കള്ളകാമുകൻ (കഥ)

‘മതി കളിച്ചത് എന്റെ ഫോൺ തന്നേ...’ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി സ്റ്റെപ്പ് കയറുമ്പോൾ, കുറുമ്പുകാരിയായ നന്ദൂട്ടി മോൾ, ‘രണ്ട് ദിവസമായി അച്ചായിക്കും ഫോണിൽ പണി കൂടുന്നുണ്ട്...’ ഫോൺ വാങ്ങിയതിലുള്ള നീരസം ഉപദേശത്തിൽ ഒതുക്കിയ നന്ദൂട്ടിയോട് ‘പോടി ചട്ടമ്പി’ എന്നു പറഞ്ഞ് കൂടെ ചെറിയൊരു ചിരിയും പാസ്സാക്കി ബാൽക്കെണിയിൽ ചെന്നിരിക്കുമ്പോൾ കൈവിരൽ ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു.. ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ ചേർന്നുണ്ടാക്കിയ വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്ന ഈ തിടുക്കത്തിലുള്ള തോണ്ടൽ... കൂട്ടുകാരെ കാണുവാനുള്ള കൗതുകത്തിലുപരി, ഒരുതരം അഭിനിവേശമായി മാറിയോ? എന്തോ? ... ദേ മമ്മാലി, ഭയങ്കര തടിയും വച്ച് ആളാകെ മാറീലോ, തിരുവസ്ത്രത്തിലിരിക്കുന്ന ലിസ്സ സൂക്ഷിച്ച് നോക്കി, ഒരു മാറ്റവും ഇല്ലാട്ടോ.. ദാണ്ടേ, സിനോബി.... തോണ്ടുന്നതിനൊപ്പം കയറി വരുന്ന സഹപാഠികളുടെ കുടുംബ ഫോട്ടോകൾ കണ്ട് ആസ്വദിക്കെ, പെട്ടെന്ന്, ആകമാനം ഒരു  നിശ്ചലാവസ്ഥ. തോണ്ടൽ നിലച്ചു.... ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ വശ്യമനോഹര ചിരിയുമായി  നില്ക്കുന്ന ആ ശാലീന സുന്ദരിയല്ലേ, എന്റെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെടുത്തിയത് ... ഈ കണ്ണുകൾക്ക് ഇത്രമാത്രം കാന്തിക ശക്തിയുണ്ടായിരുന്നോ ?.

 

ശൂന്യത തളം കെട്ടിയ  മനസ്സുമായി, നഷ്ടപ്പെടലിന്റെ നൊമ്പരവുമായി... ചാരുകസേരയിൽ ചാഞ്ഞ് അങ്ങനെ കിടക്കുമ്പോൾ, ബഹളങ്ങളില്ലാതെ വന്ന മന്ദമാരുതൻ തഴുകി തഴുകി സാവധാനം എന്നെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്  ആനയിച്ചു... അറയിൽ ഒന്നിൽ താഴിട്ട് പൂട്ടി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു എന്റെ നിശബ്ദ പ്രണയം... വിശ്രമമില്ലാത്ത ജീവിത ഓട്ടത്തിനിടയിൽ വന്ന് മൂടിയ മാറാല വകഞ്ഞ് മാറ്റി അറ തുറന്നപ്പോൾ ,,, ഹൊ !! പലവിധ വർണ്ണങ്ങളാൽ  പ്രണയമങ്ങനെ തിളങ്ങി നിൽക്കുന്നു .... അല്പം പോലും മങ്ങലേൽക്കാതെ,,,,, എന്ത് മാത്രം ചായങ്ങൾ ചാലിച്ചിട്ടായിരിക്കണം.. അതെ,

മുഷിഞ്ഞ് മങ്ങിയ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ  ചാലിച്ചെടുത്ത ചായങ്ങളാൽ പ്രണയത്തിന്റെ മനോഹര ചിത്രങ്ങൾ വരച്ച്, കനവിന് കൂട്ടായി എത്രയെത്ര രാത്രികളിൽ ആരോരുമറിയാതെ പുൽകി പുണർന്ന്  പോയിരിക്കുന്നു ഈ പ്രണയിനി .... നുണക്കുഴി വിരിയുന്ന ചിരിയുമായി..... മിന്നിതിളങ്ങി മിന്നാമിന്നു കണക്കെ പാറി പറക്കുമ്പോൾ ....... മനം നിറയെ അനുരാഗത്തിൻ മഴവിൽകൊട്ടാരം കെട്ടുന്നത് പ്രണയിനി പോലുമറിഞ്ഞിരുന്നില്ല... നയനങ്ങളിൽ മധുരം വിളമ്പുവാൻ ..., ഹൃദയത്തിൽ പ്രതിഷ്ഠിച്ച റോസാപുഷ്പം തേടി  രാവിലെ ക്ലാസ്സ്മുറിയിലേക്കു ശരവേഗത്തിൽ പായുന്ന കാമുകനെയാരും തിരിച്ചറിഞ്ഞിരുന്നില്ല...  കൂട്ടുക്കാരികളുമായി ഇതളുകൾ കിലുക്കി സല്ലപിച്ചോണ്ടിരിക്കുന്ന പ്രണയിനിയെ കാണുന്നമാത്രയിൽ,  ഉള്ളത്തിൽ താരക കൂട്ടം മിന്നിതിളങ്ങുന്നതും ആരും കണ്ടിരുന്നില്ല....

 

സാറിന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിന്ന് പതറിയപ്പോൾ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ ഉത്തരം പറഞ്ഞ് കൊടുത്തതും , ശകാരത്താൽ,  മിഴികളിൽ പൊടിഞ്ഞ കണ്ണീർ കണങ്ങൾ എന്റെ അധരങ്ങളാൽ ഒപ്പിയെടുത്തതും    ആരാരും കണ്ടിരുന്നില്ല. ...  ആ മനോഹര റോസാപുഷ്പത്തിൽ, ചിരിയെ ആശ്രയിച്ച് വിരിയുന്ന നുണക്കുഴികൾക്കായി  പാത്തും പതുങ്ങിയും കൊതിയൂറും കണ്ണുകളുമായിട്ടിരിക്കുന്ന കള്ളകാമുകനെയാരും തിരിച്ചറിഞ്ഞിരുന്നില്ല.... 

 

ജനലഴികൾക്കിടയിലൂടെ ഒഴുകിയെത്തിയ പടിഞ്ഞാറൻ കാറ്റിനോട്, അനുസരണയില്ലാതെ കുസൃതി കാണിച്ചോണ്ടിരുന്ന മുടിയിഴകൾ മാടിയൊതുക്കി കുസൃതിപ്പെണ്ണായി കിന്നാരം പറയുന്നത് കണ്ടപ്പോൾ, കാറ്റായി..., ഇതളുകൾ തഴുകി,പ്രണയത്തിൻ പരിമളമേകി  ഇറുങ്ങനെ പുണർന്ന് പ്രണയിനിയിലേക്ക്  അലിഞ്ഞു ചേരുവാൻ എന്റെ ഉള്ളം തുടിച്ചിരുന്നത് ആരുമറിഞ്ഞിരുന്നില്ല ....

 

‘‘ദേ ഇതില് ഉപ്പുമില്ല ഒരു തേങ്ങയുമില്ല ഇങ്ങേര് എന്തോന്നാ വാങ്ങിയേക്കുന്നേ?... അല്ലേലും താഴേന്ന്... പ്രണയത്തിന്റെ നൂറ് മേനി വിളയുന്ന വിത്ത് വാരി വിതറിയാലും ഒരു നാമ്പു പോലും കിളിർക്കാത്ത പിള്ളേരുടെ അമ്മ... ഓർമകളിൽ നിന്ന് ഉണർത്താൻ പോന്നതായിരുന്നു താഴേന്നുള്ള കുറ്റപ്പെടുത്തലുകളുടെ നീണ്ട ചിലമ്പലുകൾ... ഇനി വാങ്ങി വരുന്നതുവരെ നിലയ്ക്കാത്ത ചിലയ്ക്കലായിരിക്കും. ഓട്ടം നിലച്ച മൊബൈലിലേക്ക് കണ്ണുകളെത്തിയപ്പോൾ, ഇല്ല ഒരിക്കൽ പോലും ഈ തിളക്കമാർന്ന കണ്ണുകളിൽ നോക്കി  പ്രണയം പറയാൻ ധൈര്യം പോരായിരുന്നു.... എപ്പോഴും ആ സുന്ദരവദനങ്ങളിൽ നുണക്കുഴി കാണുവാൻ കൊതിച്ചതിനാൽ. ആ സുന്ദരമായ ഇതളുകൾ മങ്ങലേൽക്കാതിരിക്കാൻ കള്ളനെ പോലെ മറഞ്ഞിരുന്നു. ഓർമകളുടെ അനുഭൂതിയിൽ നിന്ന് വലിച്ച് താഴേക്കിടാൻ  കെൽപുള്ളതായി ബലപ്പെട്ടു തുടങ്ങി താഴേന്നുള്ള കലഹം... വേഗം അറ പൂട്ടി... സുരക്ഷിതമായ കൈകളിൽ നുണക്കുഴിയുമായി തിളങ്ങി നിൽക്കുന്ന പ്രണയിനി മനസ്സിനെ ആശ്വാസ തീരത്തിലെത്തിച്ചതിനാൽ,  ഇനി ആരാലും തുറക്കാത്ത വിധം താക്കോൽ വലിച്ചെറിഞ്ഞു... ഉള്ളത്തിൽ ആവോളം പ്രണയം കൊണ്ട് നടന്നിട്ടും ഇല്ല... കൊതിയാൽ തിരമാല പോലെ അലയടിക്കുന്ന മനസ്സിലേക്ക്, ഇല്ല ഒരിക്കലും ഒരിടത്ത് നിന്നും കൂട്ടിമുട്ടുവാൻ ഇടയില്ലാത്ത പ്രണയത്തിന്റെ മാസ്മര അനുഭൂതിയെ നിശബ്ദദമായി പ്രണയിച്ച്... ദാഹിച്ച മനസ്സുമായി ... ദാണ്ടേ , സമയം അതിക്രമിച്ചു.’ താഴത്തെ രംഗം കലുക്ഷിതമാകാതിരിക്കുവാൻ.. വണ്ടി സ്റ്റാർട്ട് കുടുംബനാഥന്റെ കോട്ട് വലിച്ച് വാരി എടുത്തിട്ടു. ജീവിത തിരക്കിലേക്ക് ...

 

Content Summary: Nunakkuzhiye Prenayicha Kalla Kamukan, Malayalam Short Story

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com