ADVERTISEMENT

ശരിയും തെറ്റും (കഥ)

 

അവളുടെ കുഞ്ഞു പിണക്കങ്ങൾക്ക് പുല്ലുവില കൽപിച്ചപ്പോൾ ദേഷ്യം ഭാവിച്ച് അവൾ മുഖം വക്രിച്ചപ്പോഴും ഒന്ന് തഴുകി പോലും അവളെ ആശ്വസിപ്പിക്കാൻ മെനക്കെടാതിരുന്നതെൻ പരാജയം മാത്രമായിരുന്നു.

 

എന്നിലൂടെ അവൾ ഒരു നല്ല കൂട്ടുകാരനെ തിരഞ്ഞപ്പോൾ ധാർഷ്ട്യക്കാരനായ മുൻകോപിയായ ഭർത്താവായി ഞാൻ ജ്വലിച്ച് നിന്നു.

 

അവളുടെ ഇഷ്ടങ്ങൾ ചോദിച്ചറിയാനും ശ്രമിച്ചില്ല ചോദിക്കാതെ അറിയാനും ശ്രമിച്ചില്ല. എന്റെ ഇഷ്ടക്കേടുകളുടെ കൂമ്പാരം അവൾക്ക് മേൽ ചൊരിഞ്ഞപ്പോഴും അവൾ കിണഞ്ഞു ശ്രമിച്ചു കൊണ്ടേ ഇരുന്നു, അവളുടെ താൽപര്യങ്ങൾ എനിക്ക് ബോധ്യപ്പെടുത്തി തരാൻ. അപ്പോഴും ഞാനത് മുഖവിലക്കെടുത്തില്ല. 

 

ഒരു നല്ല വാക്കോ നോക്കോ അവൾക്ക് സമ്മാനിക്കാനെനിക്ക് കഴിഞ്ഞിട്ടില്ല. കൂട്ടുകാരോട് ഞാൻ കളിച്ച് ചിരിച്ച് തമാശകൾ പങ്കുവെക്കുമ്പോഴും അവൾ പരിഭവിച്ചിരുന്നു. തന്നോടും മക്കളോടും ഇടയ്ക്കൊക്കെ ഇത് പോലെ പെരുമാറിക്കൂടെ എന്ന്. 

 

എനിക്കും മക്കൾക്കും കഴിക്കാൻ അവൾ പാകം ചെയ്ത് തന്നിരുന്ന ഭക്ഷണങ്ങളുടെ കുറ്റങ്ങൾ ഞാൻ എണ്ണി എണ്ണി പറയാറുണ്ടായിരുന്നു. കുറവുകൾ കണ്ട് പിടിക്കാൻ ഞാൻ മത്സരിച്ചിരുന്നു. 

 

അവൾ പറഞ്ഞ് വരുന്ന ഓരോ കാര്യങ്ങൾക്കും ഞാനോരോ കുറ്റങ്ങൾ കണ്ട് പിടിച്ചു കൊണ്ടേ ഇരുന്നു. പലപ്പോഴായി അവൾ അതിനെല്ലാം പരാതി പറഞ്ഞിരുന്നു.

 

അവളെ ഒന്ന് ഉറക്കെ ചിരിക്കാൻ പോലും ഞാൻ അനുവദിച്ചിരുന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം എന്റെ അനുമതിക്കായി കാത്ത് നിൽക്കണമെന്ന തത്വം അവളിൽ ഞാൻ അടിച്ചേൽപിച്ചു. 

 

അടക്കവും ഒതുക്കവുമുള്ള പെണ്ണായിരിക്കണം നീ എന്ന് ഓരോ നിമിഷവും അവളെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. പൊട്ടിത്തെറികളും അസഭ്യവർഷങ്ങളും അവളിലേക്ക് ഞാൻ പകർന്നു കൊണ്ടേ ഇരുന്നു. 

 

അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്ന ഭയവും സങ്കടവും ബോധപൂർവം ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇടയ്ക്കെപ്പോഴോ അവൾ മൊഴിഞ്ഞു, ഒരു ദിവസം ഞാനിതെല്ലാം ഇട്ടെറിഞ്ഞു പോകുമെന്ന്. അതിലും ഞാൻ വീണില്ല.

 

പതിയെ പതിയെ അവൾ പരിഭവം പറച്ചിൽ നിർത്തി. പിന്നെ ആവശ്യങ്ങളുടെ നിരയുടെ നീളവും കുറഞ്ഞു വന്നു. പിന്നീട് ആവശ്യങ്ങളേ പറയാതെയായി.  അതും കഴിഞ്ഞപ്പോൾ എനിക്ക് മുഖം തരാതെ നടക്കാൻ തുടങ്ങി അവൾ. ഒരു കട്ടിലിന് ഇരുവശവും കിടന്നിരുന്ന ഞങ്ങൾക്കിടയിലുള്ള അകലം അവൾ കൂട്ടി കൊണ്ട് വന്നു. സധൈര്യത്തോടെ അവളുടെ ദേഹത്ത് ഞാനുറപ്പിച്ച് വച്ചിരുന്ന ആധിപത്യം ഒരിക്കൽ എന്റെ കൈ തട്ടിത്തെറിപ്പിച്ച് അവൾ ഇല്ലാതാക്കി. 

 

കട്ടിലിൽ നിന്ന് തറയിലേക്ക് അവൾ ദ്രുതവേഗത്തിൽ സ്ഥാനചലനം നടത്തിയത് എന്നിൽ ആശ്ചര്യമുണർത്തിയെങ്കിലും ഞാൻ അതും കണ്ടില്ല എന്ന് നടിച്ചു. അവളുടെ അവഗണന പതിയെ എനിക്കും ഒരു വേദനയായി മാറി. എന്റെ പിന്നാലെ ഏട്ടാ എന്ന് വിളിച്ച് നടന്നവൾ ഒരക്ഷരവും മിണ്ടാതെ വഴിമാറി നടന്നപ്പോഴാണ് ഞാൻ എന്ത് തെറ്റാണവളോട് ചെയ്തത് എന്ന ചിന്ത മനസ്സിൽ ഉടലെടുത്തത്.

 

ആ ചിന്തകളാണ് ഞാൻ എത്രത്തോളം അധപതിച്ച ഭർത്താവായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കി തന്നത്. 

 

അടുത്ത ദിവസം അവളോടെല്ലാം ഏറ്റ് പറഞ്ഞ് പുതിയ ഒരു ജീവിതം ഇനി അവളോടൊത്ത് അവളാശിച്ച പോലെ തുടങ്ങാം എന്ന് കരുതിയ എന്നെ വരവേറ്റത് അവളുടെ ചേതനയറ്റ ശരീരമാണ്. ഓടിചെന്ന് അവളെ വാരിപുണർന്നപ്പോൾ അറിഞ്ഞതാണവളുടെ  മരവിച്ച ശരീരത്തിന്റെ തണുപ്പ്. ആ കൈവിരലുകളിൽ എന്റെ വിരലുകളാൽ ചേർത്ത് പിടിക്കാൻ ശ്രമിച്ചപ്പോഴും തോറ്റു പോയി ഞാൻ. ഒന്നാർത്ത് കരയാൻ പോലുമാവാതെ തൊണ്ടയിൽ കുരുങ്ങികിടക്കുകയാണെൻ ഗദ്ഗദം. 

 

ഒടുവിൽ അവളെ വെള്ള പുതപ്പിച്ച് കിടത്തിയപ്പോൾ ആ മുഖം എന്നോട് വിളിച്ച് ചോദിക്കുന്നത് പോലെ തോന്നി, “ഇപ്പോഴെങ്കിലും എനിക്ക് അടക്കവും ഒതുക്കവുമുണ്ടോ?”

 

Content Summary: Malayalam short story written Murshida Parveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com