ADVERTISEMENT

കൊറോണയും പ്രതീക്ഷകളും (കഥ)

 

ചെടിച്ചട്ടിയിൽ നിന്ന റോസാചെടിയിൽ നിറയെ മൊട്ടുകൾ ഉണ്ടായിരുന്നു. ചെടികൾ പരിരക്ഷിച്ചു കൊണ്ടിരുന്ന അമ്മച്ചി വിളിച്ചു പറഞ്ഞു.

‘ടിവി നിറുത്തി പോയിരുന്നു പഠിക്കടി’

 

ചെറുദേഷ്യത്തോടെയാണെങ്കിലും ഞാൻ ടി വി നിറുത്തി കസേരയിൽ കിടന്ന ന്യൂസ്പേപ്പറിലേക്ക് കണ്ണോടിച്ചു. സംസ്ഥാനത്ത് ആകെ പുതിയ കൊറോണ രോഗികളുടെ എണ്ണം 21000, ടി പി ർ 16 ശതമാനവും. വീടിനടുത്തുള്ള അമ്മാമ്മയുടെ കോവിഡ് ബാധിച്ചുള്ള മരണവും അതിൽ ആർക്കും പങ്കെടുക്കാൻ പറ്റാത്തതും, മക്കൾ പോലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതിനെ പറ്റിയും അമ്മ പറഞ്ഞത് ഞാൻ ഓർത്തു.

 

മുറിയിൽ കയറി വായിക്കാനുള്ള പുസ്തകങ്ങൾ എടുത്ത് വച്ചു ഞാൻ ജനലുകൾ തുറന്നിട്ടു, ജനലിലൂടെ പുറത്തേക്ക് നോക്കി. ലോക് ഡൗൺ സമയത്ത് അപ്പച്ചൻ നട്ട കപ്പയെല്ലാം നന്നായി വളർന്നിരിക്കുന്നു. ഞാനും അനിയത്തിയും കൂടി നട്ട ഇഞ്ചിയും മഞ്ഞളുമെല്ലാം നല്ല ഹരിതാഭമായിരിക്കുന്നു.

 

വീടിനു ചുറ്റുമുള്ള ഓരോ വസ്തുക്കളെയും ചെടികളെയും മരങ്ങളെയും പക്ഷികളെയും ജീവജാലങ്ങളെയും സൂഷ്മമായി നോക്കി കാണാനും ശ്രദ്ധിക്കാനും തുടങ്ങിയത് ഈ ലോക് ഡൗൺ സമയത്താണ്. അമ്മച്ചിയുടെ മുടികളിൽ ഒന്ന് രണ്ട് ഇഴകൾ നരച്ചതും ഞാൻ ശ്രദ്ധിച്ചു. ബിസിനസ് ആവശ്യങ്ങളുമായി എപ്പോഴും തിരക്കിലായിരുന്ന, വളരെ കുറച്ച് മാത്രം സംസാരിക്കുമായിരുന്ന അപ്പച്ചനും ഇക്കാലത്ത് വീട്ടിൽ ഞങ്ങളൊത്ത് കളിക്കാനും, പാട്ടുകൾ പാടാനും, അടുക്കളയിൽ അമ്മയെ സഹായിക്കാനും സമയം കണ്ടെത്തി. പക്ഷേ ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് എല്ലാരെപ്പോലെ അപ്പച്ചനും വേവലാതിപ്പെട്ടു.

 

കണ്ണുകൾ അടച്ചു കൊണ്ട് ഏകാഗ്രത കൊണ്ടുവരുന്നതിന് ശ്രമിച്ചപ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു മനോഹരഗാനം വളരെ കുറഞ്ഞ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു, പ്രത്യാശ നൽകുന്ന ഒരു ഗാനം -

 

‘ഒരു മഴയും തോരാതിരുന്നിട്ടില്ലാ

 ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

 ഒരു രാവും പുലരാതിരുന്നിട്ടില്ല

 ഒരു നോവും കുറയാതിരുന്നിട്ടില്ല

 

തിരമാലയിൽ ഈ ചെറുതോണിയിൽ

അമരത്തെന്നരികെ അവനുള്ളതാൽ’

 

സ്വപ്നങ്ങൾ നിറഞ്ഞ എന്റെ ഭാവി ജീവിതത്തെ മുന്നിൽ കണ്ട് ഉത്സാഹത്തോടെ ഞാൻ പഠിക്കാൻ തുടങ്ങി.

 

Content Summary: Coronayum Pretheekshakalum, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com