ADVERTISEMENT

ഗുണ കേവ് (കഥ)

‘‘സാർ അത് കൊഞ്ചം റിസ്ക്‌.’’ തലയിൽ കൈ ചൊറിഞ്ഞു കൊണ്ട് മുരുകൻ പറഞ്ഞു. ‘‘മുരുകണ്ണാ ഞങ്ങൾ ഇവിടെ വന്നത് ഒന്ന് എൻജോയ് ചെയ്യാനാണ്. അത് നടക്കുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ ഒരു അഡ്വെഞ്ചർ കൂടെ. ഒരുപാട് നാൾ ആയില്ലേ ഗുണ കേവ് അടഞ്ഞു കിടക്കുന്നു. പണ്ട് സിനിമയിൽ കണ്ടതാ. ഞങ്ങൾക്ക് അതിന്റെ അകത്ത് ഒന്ന് കേറണം. ഇന്നലെ വെള്ളമടിച്ചപ്പോൾ അണ്ണൻ തന്നെ അല്ലെ പറഞ്ഞത് ഞങ്ങളെ അതിന്റെ ഉള്ളിൽ കൊണ്ട് പോകാം എന്ന്. അതിൽ പോകാനുള്ള വേറെ വഴി അണ്ണന് അറിയാമെന്ന്. എന്നിട്ടിപ്പോൾ മാറ്റി പറയുന്നത് ശരിയല്ല.’’ വരുൺ 500ന്റെ ഒരു നോട്ട് എടുത്ത് മുരുകന്റെ പോക്കറ്റിൽ വെച്ച് കൊണ്ട് പറഞ്ഞു. 

 

‘‘സാർ അത് ശരി താൻ ആനാൽ, പോലീസ് തെരിഞ്ചാൽ കേസ് ആയിടും.’’ മുരുകൻ വെപ്രാളത്തോടെ എല്ലാവരെയും നോക്കി പറഞ്ഞു. മൊബൈലിൽ കുത്തി ഇരിക്കുകയായിരുന്ന ആഷിക് അയാളെ നോക്കാതെ പറഞ്ഞു. ‘‘കേസ് വല്ലതും വന്നാൽ ഞങ്ങൾ നോക്കിക്കൊള്ളാം. ചേട്ടന് കുഴപ്പം ഒന്നും ഉണ്ടാവില്ല പോരെ.’’ ‘‘സാർ അത്.’’  ‘‘ഇനി ഒന്നും ചേട്ടൻ പറയണ്ട. നമ്മൾ ഇന്ന് രാത്രി ഗുണ കേവിൽ കേറുന്നു.’’ വിനീത് തറപ്പിച്ചു മുരുകനോട് പറഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ മുരുകൻ ഹോം സ്റ്റേയിൽ നിന്നും നടന്നു. 

 

‘‘എടാ നീയൊക്കെ സീരിയസ് ആയി പറയുകയാണോ ഗുണ കേവിൽ പോകാമെന്ന്.’’ അജിത്തിന് ആകെ മൊത്തം ഒരു വെപ്രാളം ആയിരുന്നു. ‘‘അജിത്തേ നീ ഇങ്ങനെ പേടിക്കാതെ.നമുക്ക് വല്ലപ്പോഴും കിട്ടുന്ന അവസരം ആണ്.അത് യൂസ് ചെയ്യണം ബ്രോ. ബീ പ്രാക്ടിക്കൽ’’ അബു അജിത്തിന്റെ തോളിൽ തട്ടി പറഞ്ഞു. ‘‘ഡാ ഒരുപാട് പേർ ഗുഹയിൽ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെടാത്തവർ ഒന്നും തിരിച്ചു വന്നിട്ടുമില്ല. അതുമല്ല കൊല്ലങ്ങളായി അടഞ്ഞു കിടക്കുവല്ലേ. വല്ല മൃഗങ്ങളും അതിൽ ഉണ്ടാകും.’’ അജിത്തിന്റെ മുഖത്ത് ഭയത്തിന്റെ അലകൾ ആഞ്ഞടിച്ചു. ‘‘ഡാ നമുക്ക് ഒന്ന് പോയി നോക്കാം. നമ്മൾ ഇത്രയും പേർ ഇല്ലേ. പിന്നെ ഒരുപാട് റിസ്ക്‌ ആണേൽ തിരിച്ചു പോരാം’’

‘‘നമ്മൾ എത്ര റിസ്ക്‌ ആണേലും ഇന്ന് അതിന്റെ അകത്ത് കേറിയിട്ടേ തിരിച്ചു വരൂ. നിനക്ക് പേടി ആണേൽ നീ വരണ്ട’’

ഗ്ലാസിൽ ബാക്കിയുള്ള ലിക്വർ കഴിച്ചു കൊണ്ട് വരുൺ തീർത്തു പറഞ്ഞു.

 

ക്ലോക്കിലെ സൂചി നീങ്ങും തോറും അജിത്തിന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. വെള്ളമടിച്ചാൽ അവൻമാർ പറയുന്നത് എല്ലാം ചെയ്യാം. അത് എത്ര പേടിയുണ്ടെന്ന് പറഞ്ഞാലും അത് ഉറപ്പായും ചെയ്യും എന്ന് അജിത്തിന് അറിയാമായിരുന്നു. എങ്ങനേലും ഈ പോക്ക് ഒന്ന് തടയാൻ ഉളള വഴി കൂടെ ആണ് അജിത്ത് ആലോചിച്ചുകൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ ലഹരിയിൽ അവൻമാർ എല്ലാം ഉറക്കമാണ്. ഭയം അജിത്തിനെ പിടി കൂടിയത് കൊണ്ട് നേരം പോയതേ അറിഞ്ഞില്ല. സൂര്യൻ കൊടൈക്കനാലിന്റെ മലയിൽ എവിടെയോ താണു പോയിരുന്നു. മേഘങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന മൂടൽമഞ്ഞ് അവിടം മൊത്തം വ്യാപിച്ചു തുടങ്ങിയിരുന്നു. കാർമേഘം നിലാവിനെ മറച്ചു വെച്ചത് കൊണ്ട് ഇരുട്ടും പേടിപ്പെടുത്തുന്ന രൂപത്തിൽ തന്നെ ആയിരുന്നു. സ്വെറ്റർ പുതച്ചു കൊണ്ട് അജിത് വീടിന് വെളിയിൽ വന്നു. ചുറ്റും കാടാണ്. കുന്നിന്റെ താഴെ കൊടൈക്കനാൽ നഗരം വെളിച്ചത്താൽ തിളങ്ങി നിന്നു. അജിത് തണുത്ത് വിറച്ചു നിന്നപ്പോൾ ഗേറ്റ് തുറന്ന് മുരുകൻ വന്നു. അജിത്തിന്റെ ശ്വാസമെടുപ്പ് വേഗതയിൽ ആയി. മുരുകൻ അജിത്തിന്റെ അടുത്ത് വന്നു നിന്നു. എന്നിട്ട് ചിരിച്ചു. മുറുക്കാൻ പുരണ്ട പല്ലുകളിൽ രക്തം കെട്ടി നിക്കുന്ന പോലെ തോന്നിപ്പിക്കുന്നു. ‘‘പോലാമാ സാർ’’. മുരുകൻ പറഞ്ഞു.

‘‘മുരുകണ്ണാ അവൻ വരുന്നില്ല.നമുക്ക് പോകാം.’’ വണ്ടിയുടെ ഡോർ തുറന്ന് കൊണ്ട് വിനീത് പറഞ്ഞു. മുരുകൻ അജിത്തിനെ നോക്കി വീണ്ടും ചിരിച്ചു.

 

അജിത്തിന്റെ മനസിൽ രക്തം കുടിക്കാൻ നിക്കുന്ന യക്ഷിയെ പോലെ മുരുകൻ നടന്ന് പോകുന്നു. ഗേറ്റിന്റെ വെളിയിൽ പട്ടി ഓരിയിട്ടു. കൊടൈക്കനാൽ നഗരം മൊത്തത്തിൽ ഇരുട്ടിലായി. അജിത് പേടിച്ച് നിക്കുമ്പോൾ അബു വന്നു വിളിച്ചു. ‘‘ഡാ പൊട്ടാ കറന്റ്‌ പോയി. നീ വരുന്നുണ്ടോ. ഈ ഇരുട്ടത്ത് ഒറ്റക്ക് ഇരിക്കണ്ട. ഞങ്ങടെ കൂടെ വാ.’’ 

‘‘ഡാ ഞാൻ പറയുന്നത് കേൾക്ക്.എനിക്ക് എന്തോ നെഗറ്റീവ് വൈബ് ഫീൽ ചെയുന്നു. ഇന്ന് ഇനി എങ്ങും പോകണ്ട. നമുക്ക് ഇവിടെ നിക്കാം.’’

‘‘ഒന്ന് പോടാ അവിടുന്ന്. അതൊക്കെ നിന്റെ മനസിന്റെ തോന്നലാ. ടീവിയുടെ അവിടെ മെഴുകുതിരി വെച്ചിട്ടുണ്ട്. കത്തിച്ച് ആ കൊന്തയും എടുത്ത് പ്രാർത്ഥിച്ച് ഇരുന്നോ.’’ അബു നടന്ന് വണ്ടിയിൽ കയറി. ആഷിക് വണ്ടിയിൽ കേറുന്നതിന് മുന്നെ ഒന്നൂടെ ചോദിച്ചു. ‘‘ഡാ നീ വരുന്നില്ല എന്ന് ഉറപ്പാണോ’’.

‘‘ഡാ അവൻ ഇവിടെ നിക്കട്ടെ.നീ കേറ്.മുരുകണ്ണാ കേറ്. വിനീതെ വണ്ടി എട്’’. വരുൺ അജിത്തിനോട് പോയിട്ട് വരാം എന്ന് പറഞ്ഞു.

 

അവർ വണ്ടിയുമായി പോയപ്പോൾ റോഡിൽ ഉളള പട്ടികൾ കുരച്ചുകൊണ്ട് ആ കാറിന്റെ പിറകിൽ ഓടി. പെട്ടന്ന് അവിടെ കറന്റ്‌ വന്നു. അജിത് വീട്ടിലോട്ട് നോക്കി.ഗുണ കേവ് പോലെ അവരുടെ ഹോംസ്റ്റേ. വണ്ടി ഗുണ കേവിന്റെ അടുത്ത് നിന്നും കുറച്ച് ദൂരെ പാർക്ക്‌ ചെയ്തു.

 

‘‘സാർ ഒരു മൊബൈൽ ഫോൺ ടോർച്ച് ഓൺ പണ്ണിയാൽ പോതും.’’ വരുൺ മൊബൈൽ ടോർച്ച് ഓൺ ചെയ്തു മുന്നെ നടന്നു. വിനീത് വണ്ടി ലോക്ക് ചെയ്തു. ആഷിക് ചുറ്റിലും നോക്കി പുറകെ നടക്കാൻ തുടങ്ങി. മുരുകൻ അവരോട് പെട്ടന്ന് വരാൻ പറഞ്ഞു. യൂക്കാലി മരങ്ങൾക്കിടയിലൂടെ അവർ നടന്നു. ചീവീടുകളുടെ ശബ്ദം കേൾക്കാം. കാട്ടിൽ നിന്നും മറ്റു ചില ചെറിയ ഒച്ചകളും. മൂങ്ങ മൂളുന്നു. എവിടെയോ പട്ടികൾ ഓരിയിടുന്നു. ‘‘വരുണെ നമുക്ക് തിരിച്ചു പോയാലോ.’’ അബു നടത്തം നിർത്തി പറഞ്ഞു. ‘‘നീ വേണേൽ പൊയ്ക്കോ. ഞാൻ അകത്തു കേറി കണ്ടിട്ടേ വരുന്നുള്ളു.’’ നടത്തം നിർത്താതെ തന്നെ വരുൺ പറഞ്ഞു. ഒരുപാട് ചുവട് മുന്നോട്ട് വെച്ചപ്പോൾ മരത്തിൽ നിന്നും ഒരു ചില്ല ഒടിഞ്ഞ് വരുണിന്റെ അടുത്ത് വീണു. എല്ലാവരും പേടിച്ച് വിറച്ച് ഉച്ചത്തിൽ കൂവി. ‘‘സാർ സാർ മരം സാർ മരം. കത്താതെ സാർ.’’ ആഷിക് പുറകിൽ നിന്നും ഓടി മുന്നിൽ വന്നു. ‘‘ഡാ നമുക്ക് പോകാം. റിസ്ക്‌ ആണ്.’’ വിനീത് വണ്ടി കിടക്കുന്ന അങ്ങോട്ട്‌ നോക്കി. വണ്ടിയുടെ പുറകിൽ കൂടെ ഒരു രൂപം പോകുന്ന പോലെ അവന് തോന്നി. വിനീതിന്റെ തൊണ്ടയിൽ കൂടെ വെള്ളം ഇറങ്ങി. അവന് അത് എല്ലാവരോടും പറയണം എന്നുണ്ടായിരുന്നു. പക്ഷേ അവന്റെ നാവ് പൊങ്ങിയില്ല. ‘‘ഡാ നമുക്ക് പോകാം വരുണെ. ഇവിടെ എന്തോ സീൻ ഉണ്ട്. ആഷിക്കേ പറയെടാ.’’ കരിയില അനങ്ങുന്ന ശബ്ദം കെട്ട് വരുൺ ടോർച്ച് അങ്ങോട്ട് അടിച്ചു. എല്ലാവരുടെയും നെഞ്ചിടിപ്പ് കൂടി. ‘‘മുരുകണ്ണാ.’’ വരുൺ വിളിച്ചു. ‘‘മുരുകണ്ണാ’’  ആഷിക് വിളിച്ചു. വരുൺ ടോർച്ച് ചുറ്റുപാടും അടിച്ചു. മുരുകൻ അവിടെ എങ്ങും ഇല്ല. ‘‘വാ പോകാം. വാ പോകാം. ഡാ അയാൾ മുങ്ങി. വാ പോകാം.’’ അബു വെപ്രാളത്തിൽ പറഞ്ഞു. അവർ വണ്ടിയുടെ അങ്ങോട്ട് വേഗത്തിൽ നടക്കാൻ തുടങ്ങിയപ്പോൾ ഗുണ കേവിൽ നിന്നും നിലവിളികൾ ഉയർന്നു. അതിന്റെ ഇടയിൽ മുരുകൻ ചിരിക്കുന്ന ശബ്ദം കേട്ടു. അവർ എല്ലാം ഞെട്ടി. ‘‘വിനീതെ വണ്ടി എടുക്ക് ഡാ. വണ്ടി എടുക്ക് വിനീതെ.’’ വരുൺ ഉച്ചത്തിൽ അലറി. വിനീത് നിശ്ചലമായി തന്നെ നിന്നു. അവർ അവനെയും വലിച്ചു കൊണ്ട് വണ്ടിയുടെ അങ്ങോട്ട് ഓടി. വിനീതിന്റെ കയ്യിൽ നിന്നും വരുൺ താക്കോൽ വാങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വരുണിന്റെ കൈ വിറച്ചു. ‘‘ലൈറ്റ് ഓൺ ആക്ക്.’’ ആഷിക് വിളിച്ചു പറഞ്ഞു. വരുൺ ലൈറ്റ് ഓൺ ആക്കി.

 

നിശ്ചലം.

 

വണ്ടിയുടെ മുൻപിൽ മുരുകൻ വികൃത രൂപത്തിൽ നിൽക്കുന്നു. അയാളുടെ പുറകിൽ ഗുണ കേവിലെ ആത്മാക്കൾ എല്ലാം നിരന്നു നിൽക്കുന്നു. വിനീത് കാറിന്റെ പുറകിലോട്ട് നോക്കി. 

 

അജിത് മെഴുകുതിരി കത്തിച്ചു. എന്നിട്ട് മുട്ട് കുത്തി പ്രാർത്ഥിക്കാൻ തുടങ്ങി. അജിത്തന്റെ മനസിൽ എന്തോ വല്ലായ്മ ഒക്കെ തോന്നി. അവർക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്നുള്ള ചിന്ത അവനെ വേട്ടയാടാൻ തുടങ്ങി. പ്രാർത്ഥനയിൽ ശ്രദ്ധ ചെലുത്താൻ അവനെ കൊണ്ട് ആവുന്നില്ല. അവന്റെ തലക്കുള്ളിൽ ആയിരം ചീവീടുകൾ വന്ന് ഒരുമിച്ച് മൂളുന്നതു പോലെ. അവൻ കൈകൾ കൊണ്ട് കാത് പൊത്തി. വെപ്രാളപ്പെട്ട് കൊണ്ട് അവൻ വീട്ടിൽ നിന്നും ഓടി പുറത്തോട്ട് ഇറങ്ങി. പട്ടികളുടെ ഓരിയിടൽ കൂടിക്കൂടി വന്നു. വീടിന്റെ ഭിത്തിയിൽ ഉളള ഫോട്ടോകളും ക്ലോക്കും എല്ലാം തന്നെ ആണിയിൽ നിന്നും നിലത്ത് വീഴാൻ തുടങ്ങി. എല്ലാ ശബ്ദവും അജിത്തിന്റെ കർണ്ണത്തെ പൊട്ടിക്കുന്നതു പോലെ. അവൻ ചെവി പൊത്തി വീടിന്റെ വാതിൽക്കൽ മുട്ട് കുത്തി നിന്നു.

 

നിശബ്ദം.

 

അജിത് കാതിൽ നിന്നും കൈ എടുത്തു. അവന്റെ പുറകിൽ ആരോ ഉള്ളത് പോലെ അവന് തോന്നി. പേടിച്ചു വിറച്ച് കൊണ്ട് സർവ്വ ധൈര്യവുമെടുത്ത് അവൻ തിരിഞ്ഞു നോക്കി.പുറകിൽ ഗുണ കേവ്.അതിന്റെ ഉള്ളിൽ മുഖത്ത് രക്തം പടർന്ന ചിരിയുമായി മുരുകൻ. ഒരു കൂട്ടം ആത്മാക്കൾ അയാളുടെ പിന്നിൽ. കൂട്ടത്തിൽ അവന്റെ കൂട്ടുകാരും.

 

കൊടൈക്കനാൽ നഗരം വീണ്ടും ഇരുട്ടിലായി...

 

Content Summary: Guna Cave, Malayalam short story by Manu R

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com